സ്വന്തം ശബ്ദത്തെ തേടി

animation2

ഈ വർഷം കുറച്ച് യാത്രകൾ ഉണ്ടായി. സാഗ്രെബിൽ സ്‌ക്രീനിങുകൾ, റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ജ്യൂറിയായി ചില ദിവസങ്ങൾ, പിന്നെ ജപ്പാനിലെ ഡിജികോൺ. എല്ലായിടത്തും സിനിമകൾ കാണുകയും, ആളുകളെ കാണുകയും ചെയ്തു. പക്ഷേ അതിനിടയിൽ എവിടെയോ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. പുതിയത് ഒന്നുമല്ല. കുറെ വർഷങ്ങളായി ഉള്ളിൽ ഉണ്ടായിരുന്ന ഒരു തോന്നൽ. ഇപ്പോഴാണ് അത് കുറച്ച് വ്യക്തമാകുന്നത്.

animation1ഏഷ്യയിലെ യുവ അനിമേറ്റർമാരെ നോക്കുമ്പോൾ, ഒരു പാറ്റേൺ കാണാം. നമ്മൾ എല്ലാവരും, അറിയാതെ, പാശ്ചാത്യ ഫെസ്റ്റിവൽ സിനിമകളെ പോലെ സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അമൂർത്തതയും ആത്മനിരീക്ഷണവും, സിസ്റ്റത്തെ കുറച്ച് അകലത്തിൽ നിന്ന് നോക്കി ഒരു ചെറുപരിഹാസവും.. അതിൽ തെറ്റൊന്നുമില്ല. അവയിൽ പലതും അതിശയകരമാണ്. നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും. പക്ഷേ ഒരു ചോദ്യം. സ്വത്വം? അത് നമ്മുടെ ശബ്ദമാണോ? ഇന്ത്യയിൽ ഈ വിഷയം കുറച്ച് കൂടുതൽ കഠിനമാണ്. ജപ്പാനും ചൈനയും അവരുടെ സംസ്‌കാരത്തെ പിടിച്ചുനിർത്തി വളർന്നു. നമ്മൾ മാത്രം, ‘ലോക്കൽ’ എന്നത് ഒരു ബലം എന്ന് കാണാൻ തയ്യാറല്ല മിഥോളജി ആയാൽ മാത്രം ഒഴികെ. അതിലും പലപ്പോഴും, ഓതന്റിക് = ചീപ്പ് എന്നൊരു തെറ്റിധാരണ. ഒരു ഇന്ത്യൻ സിനിമയെന്ന് കേട്ടാൽ തന്നെ, ”ലൗഡ് ആയിരിക്കും”, ”റോ ആയിരിക്കും”,”സോഫിസ്റ്റിക്കേഷൻ കുറവായിരിക്കും” എന്ന് മുൻകൂട്ടി തീരുമാനിച്ചിരിക്കും.

എന്തിനാണ് അങ്ങനെ? നമ്മുടെ സന്ദർഭത്തിൽ നിന്നുപറയുന്നത് നമ്മെ പിന്നിലേക്ക് വലിക്കുന്നുവോ? ഓതന്റിക് എന്ന് പറഞ്ഞാൽ തട്ടിപ്പല്ല. ലോക്കൽ എന്ന് പറഞ്ഞാൽ ലോ ക്വാളിറ്റിയല്ല. ഇന്ത്യൻ കഥകൾ ലോകത്തോട് സംസാരിക്കാൻ കഴിയില്ല എന്നതും തെറ്റാണ്. പാശ്ചാത്യലോകം ഒരു നൂറ്റാണ്ടായി അനിമേഷനോട് കൂടെ വളർന്നു. നമ്മൾ ഇപ്പോഴും അത് സിനിമയാണെന്ന് അംഗീകരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ്, ‘ആർട്ട്’ ആകാൻ ശ്രമിക്കുന്ന പല സിനിമകളും, അവ്യക്തമായും അല്പം അകന്നതായും ഒന്നുകിൽ വിശദീകരണം വേണ്ടതായും മാറുന്നത്. കാഴ്ചകൾ കൊണ്ട് പറയേണ്ടത് വോയ്സ്ഓവറിൽ പറഞ്ഞ് തീർക്കുന്ന പ്രവണത.

നമ്മുടെ Tokri, Fisherwoman & Tuk-Tuk, What’s Your Brown Number, Kandittund! ചിത്രങ്ങളൊക്കെ ഇന്ത്യയിൽ അല്ലെങ്കിൽ ഏഷ്യൻ പ്രേക്ഷകർ കാണുമ്പോൾ, ആളുകൾ ഉടൻ അതുമായി കണക്റ്റ് ചെയ്യും, സ്വീകരിക്കും. അവർക്കത് മനസ്സിലാകും. അവയുടെ നർമ്മം, ഇഴയടുപ്പം, വൈകാരികത എല്ലാം. പക്ഷേ അതേ സിനിമകൾ പാശ്ചാത്യ ഫെസ്റ്റിവലുകളിൽ അത്ര ശക്തമായി മുഴങ്ങിക്കേൾക്കാറില്ല. അപ്പോൾ നമ്മൾ ചോദിക്കും.”മികവ് പോരായ്മകൊണ്ടാണോ?” പക്ഷേ കാര്യം വേറെയാണ്. കല സർവസാധാരണമാകാം. പക്ഷേ ശബ്ദം. അതല്ല. നമ്മുടെ കഥകളിൽ ഉള്ള സബ്ടെക്സ്റ്റ്, നമ്മുടെ ജീവിതത്തിൽ നിന്ന് വരുന്ന സൂചനകൾ, അവർക്കറിയില്ല. അതിനാൽ, നമ്മൾ തകർന്നതായി കാണിക്കുന്ന സിനിമകൾ, അല്ലെങ്കിൽ ‘ഇന്ത്യ’യെ അവർ (പാശ്ചാത്യ ജൂറി അംഗങ്ങൾ) കരുതുന്ന രീതിയിൽ കാണിക്കുന്ന സിനിമകൾ, അവയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. മറ്റെല്ലാം, അവർക്കു വളരെ ‘സിംപിൾ’.

ശൈലി എവിടെ
നിന്നാണ് വരുന്നത്
ഓരോ കലാശൈലിയും ഒരു സ്ഥലത്ത് നിന്നാണ് വരുന്നത്. സൗകര്യവും പരിമിതിയും ചേർന്നാണ് അത് രൂപപ്പെടുന്നത്. നമ്മുടെ ഫോക് ആർട്ട്, അത് ഒരു കോംപ്രമൈസ് അല്ല. അത് ഒരു ഉത്തരമാണ്.

ജീവിതം തന്ന മറുപടി. അത് ‘ലോവർ ഫോം’ എന്ന് പറയുന്നത്, കല എന്താണെന്ന് തന്നെ മനസ്സിലാക്കാത്തതിനാലാണ്. പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത്? ജ്യൂറിയെ ബോധ്യപ്പെടുത്താൻ സിനിമകൾ ഉണ്ടാക്കുന്നു. അതിൽ നമ്മൾ നഷ്ടപ്പെടുത്തുന്നത് അംഗീകാരം അല്ല. നമ്മുടെ ശബ്ദം. നമ്മുടെ സത്യം. നമ്മുടെ തനതിടം (belonging.) ഏഷ്യയിൽ എല്ലാം ഉണ്ട്. ഭാഷ. ആചാരം. നിറങ്ങൾ. ഭക്ഷണം. വികാരങ്ങൾ. പക്ഷേ പല വിദ്യാർഥി സിനിമകളിലും, ഇത് ഒന്നും കാണുന്നില്ല. സംഗീതം പാശ്ചാത്യം. ഡിസൈൻ യൂറോപ്യൻ. പക്ഷെ വികാരം അമർത്തപ്പെടുന്നു (muted). ജപ്പാൻ ഇത് ഒരിക്കലും അനുവദിച്ചില്ല. അവർ എല്ലായിടത്തുനിന്നും എല്ലാ ചേരുവകളും എടുത്തു, പക്ഷേ അവരുടെ ആത്മാവ് വിട്ടില്ല. ചൈനയും അതുപോലെ. പക്ഷേ ഏഷ്യൻ രാജ്യങ്ങളിലെ യുവ അനിമേറ്റർമാർ ഇപ്പോൾ, പാശ്ചാത്യ റഫറൻസ് ആണ് പരിഷ്‌കാരം എന്ന് കരുതുന്നു. സത്യത്തിൽ പ്രശ്നം ഇതാണ്. അംഗീകാരം നമ്മളിൽ (പ്രേക്ഷകർ) നിന്ന് വരുന്നില്ല. ഫെസ്റ്റിവലുകൾ എന്താണ് ആഘോഷിക്കുന്നത്, അതാണ് നമ്മൾ പിന്തുടരുന്നത്. അതിനൊപ്പം, നമ്മൾ ചിന്തിക്കുന്ന പ്രേക്ഷകർ മാറുന്നു. ദൂരെയുള്ള ജ്യൂറികൾക്കായി നമ്മൾ സിനിമകൾ ഉണ്ടാക്കുന്നു. ഇത് ദേശീയതാവാദം അല്ല. ലളിതമായ കാര്യമാണ്. വിവർത്തനം ചെയ്യേണ്ടതില്ലാത്ത ഒരു ഭാഷയിൽ സംസാരിക്കുക. നമ്മൾ സ്വപ്നം കാണുന്ന ഭാഷയിൽ. നമ്മൾ യൂറോപ്പിനെയോ അമേരിക്കയെയോ പിന്തുടർന്നാൽ, നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടും. നമ്മുടെ ചുറ്റുമുള്ള ‘കുഴപ്പത്തിൽ’ (Chaos) ഉള്ള സൗന്ദര്യം കാണാനുള്ള കഴിവും. ഇന്ന് ലോകം ”കൊണ്ടെന്റ് ” (content) ) കൊണ്ട് നിറഞ്ഞിരിക്കുന്നു. വ്യത്യസ്തമാകാനുള്ള ഏക മാർഗം നമ്മളാകുകയാണ്. ലോകത്തിന് വേണ്ടത്, പാശ്ചാത്യസിനിമകളുടെ പകർപ്പല്ല. ഏഷ്യയുടെ താളം ഉള്ള സിനിമകൾ. ഇന്ത്യയുടെ നർമ്മം, വികാരം, മാനവികതയുള്ള സിനിമകൾ. ഓസ്‌കാർ ജ്യൂറി മനസ്സിലാക്കുമോ ഇല്ലയോ എന്നതല്ല, ഈ സിനിമകൾ അവർക്കായല്ല. നമ്മൾ ആഴത്തിൽ അനുഭവിക്കുന്ന ഭാഷയിൽ പറയേണ്ട കഥകളാകണം.

അനിമേഷൻ
വരകൾക്ക് ജീവൻ നൽകുന്ന കലയാണ് അനിമേഷൻ. അഥവാ വരകളെ ചലിപ്പിക്കുന്ന കലാവിഭാഗമാണ് അനിമേഷൻ. കഥയ്ക്കനുസരിച്ച് വരയ്ക്കുന്ന നിരവധി കാർട്ടൂൺ ചിത്രങ്ങൾ ക്രമമായും, തുടർച്ചയായും ഉൾക്കൊള്ളിച്ച് ചലനങ്ങളെ ചിത്രങ്ങളാക്കി, ഒരു സെക്കന്റിൽ  24 ഫ്രെയിമുകൾ നമ്മുടെ കൺമുന്നിലൂടെ കടത്തിവിടുമ്പോൾ നമ്മളിൽ ചലനമെന്ന തോന്നൽ സ്യഷ്ടിക്കപ്പെടുന്നു. അതാണ് അനിമേഷൻ ചലച്ചിത്രം. അനിമേഷൻ കാർട്ടൂൺ ചലനചിത്രങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് ഇപ്പോൾ നേർകാഴ്ച്ചയാണ്. ആദ്യ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ആധുനിക കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അനിമേഷൻ രംഗത്തെ ലളിതവത്കരിച്ചിരിക്കുന്നു.
ആർട്ടിഫിഷൽ ഇലിജൻസിന്റെ വരവോടുകൂടി അനിമേഷൻ രംഗത്ത് വരെ വലിയ മാറ്റം വന്നിരിക്കുന്നു. മാസങ്ങൾ എടുത്തു ചെയ്യുന്ന അനിമേഷൻ ജോലികൾ നിമിഷ നേരം കൊണ്ട് ചെയ്യുന്നത് അത്ഭുതത്തോടെ നാം നോക്കിക്കാണുന്നു. 

 

Spread the love