ഐ പാഡിലായ പ്രപഞ്ചം, പിടി തരാത്ത എഐ

unni2

ഈയിടെ അലമാരയിലെ സാധനങ്ങൾ അടുക്കിവെച്ചപ്പോൾ വളരെ പണ്ട് ഞാൻ വരച്ച ഒരു കാർട്ടൂൺ കണ്ടു. പഴക്കം കൊണ്ട് പൊടിഞ്ഞുതുടങ്ങിയ ഒന്ന്. ഒരു നിമിഷം കൊണ്ട് ഞാൻ 40 വർഷം പഴക്കമുള്ള ഒരു ഓർമ്മയിൽ ചെന്നുനിന്നു.എറണാകുളം കോൺവെ് ജംഗ്ഷനിലെ കളേഴ്സ് എന്ന കടയ്ക്കു മുന്നിൽ കാത്തുനിൽക്കുന്ന ഒരു കോളേജ് കുട്ടിയായി ഞാൻ മാറി. പലതരം പേനകളുടെയും പെൻസിലുകളുടെയും റബ്ബറുകളുടെയും ക്രയോൺസുകളുടെയും നടുവിലങ്ങനെ..
അക്കാലത്ത് പല വൈകുന്നേരങ്ങളിലും അവിടെ പോകുമായിരുന്നു. ആ കടയിലായിരുന്നു വരയ്ക്കാനുള്ള പുതിയ സാധനസാമഗ്രികൾ വന്നിരുന്നത്. ചിലതെല്ലാം വിദേശനിർമ്മിതവുമായിരുന്നു. നരസിംഹറാവു സർക്കാരിന്റെ ഉദാരവൽക്കരണത്തിനും മുൻപുള്ള കാലമായിരുന്നു. അന്ന് അതൊന്നും കേരളത്തിൽ വ്യാപകമായിരുന്നില്ല. ഞാൻ കാത്തു നിന്നിരുന്നത് കാർട്ടൂൺ വരയ്ക്കുമ്പോൾ ഉപയോഗിക്കുന്ന സ്‌ക്രീൻടോൺ വാങ്ങാൻ വേണ്ടിയായിരുന്നു. ഉള്ളിത്തൊലി പോലെ സുതാര്യമായ ഒരു കടലാസ്. അതിൽ കറുത്ത കുത്തുകളും ഒരു തരം മെഴുകും ഉണ്ടാകും. പേപ്പറിനു മുകളിൽ വച്ച് അതിൽ അമർത്തി ഉരസിയാൽ കുത്തുകൾ കടലാസിലേക്ക് പകരും. അന്നൊക്കെ പത്രത്തിൽ കണ്ടിരുന്ന പ്രമുഖരുടെ കാർട്ടൂണുകളിൽ അതുണ്ടായിരുന്നു. ഒ.വി. വിജയൻ, യേശുദാസൻ, ബി.എം. ഗഫൂർ… പലരും അത് ഉപയോഗിച്ചിരുന്നു. കാർട്ടൂണിൽ പിച്ചവയ്ക്കാൻ മാത്രം തുടങ്ങിയ എനിക്കാകട്ടെ, അതില്ലെങ്കിൽ കാർട്ടൂൺ അപൂർണ്ണമാണെന്ന് തോന്നിയിരുന്നു. അക്കാലത്ത് കാരിക്കാമുറിയിലെ കേരള കലാപീഠം കഴിഞ്ഞാൽ ഇത്തരം കടകളിലേക്കും പോയിരുന്നു. കലാധരൻ മാഷിന്റെ നേതൃത്വത്തിൽ കലാപ്രദർശനങ്ങളും ചർച്ചകളും പ്രഭാഷണങ്ങളുമായിരുന്നു കലാപീഠത്തിൽ. കളേഴ്സിലാകട്ടെ, വരച്ചു പേരെടുത്തവരൊക്കെ പെയിന്റിനെയും പേപ്പറിനെയും കുറിച്ചൊക്കെ കാര്യമായി പറയുന്നത് കേട്ട് അവർക്കൊക്കെ പുറകിൽ ഞാൻ നിന്നിരുന്നു.അപ്പോൾത്തന്നെ കലാനിരൂപകൻ എം.രാമചന്ദ്രനെ വിളിച്ച് കളേഴ്സ് നടത്തിയിരുന്ന സണ്ണിയുടെ നമ്പർ വാങ്ങി. മൊബൈലിൽ പല വിശേഷങ്ങളും പറയുന്നതിനൊപ്പം പഴയ കാര്യങ്ങളും സണ്ണി പറഞ്ഞു. ക്യാംലിൻ കമ്പനിയുടെ വിതരണക്കാരനായിരുന്ന പിതാവ് ജോസഫിനെ പിൻപറ്റിയാണ് സണ്ണി കളേഴ്സിലെത്തിയത്. 2006 വരെ കളേഴ്സ് ഉണ്ടായിരുന്നു. ”അത് വേറൊരു കാലമായിരുന്നല്ലോ.അത്തരം ഓർമ്മകളും ബന്ധങ്ങളും ഒരുപാടുണ്ട്. അന്നത്തെ ആ സ്‌ക്രീൻടോൺ ഇപ്പോൾ നിങ്ങളൊക്കെ വരയ്ക്കുന്ന ഐ പാഡിൽ ഉണ്ടല്ലോ..ഇല്ലേ..”
അതു ഞാൻ ശ്രദ്ധിച്ചിരുന്നില്ല! അതു മാത്രമല്ലല്ലോ,പല ഡിസൈനുകളിലുളള സ്‌ക്രീൻ ടോണുകൾ ഉൾപ്പടെയുള്ള സങ്കേതങ്ങൾ ഐ പാഡിൽ ഉണ്ട്. ആലോചിച്ചു നോക്കുമ്പോൾ ഇക്കണ്ട കാലത്തിനിടെ എത്ര ദൂരം നമ്മൾ താണ്ടിയിരിക്കുന്നു എന്ന് അത്ഭുതം തോന്നും.
കാലം മായ്ച്ച നെറ്റ് കഫെ
പത്തുപതിനഞ്ചു വർഷം മുൻപ് നടന്ന ഒരു കാര്യം ഓർമ്മ വന്നു.ഒരു ഹിമാലയൻ യാത്രയിലായിരുന്നു ഞാൻ. ഋഷികേശിൽ തങ്ങിയ ഒരു ദിവസം ഒരു കാർട്ടൂണിന്റെ ആശയം തോന്നി. ബാഗിലെ പേപ്പറെടുത്ത് ഉടൻ വരച്ചു തീർത്തു. അത് സ്‌കാൻ ചെയ്യാൻ ഇന്റർനെറ്റ് കഫെ നോക്കിയിറങ്ങി. എത്ര തിരഞ്ഞിട്ടും ഒന്നു പോലും കണ്ടില്ല. കഴിഞ്ഞ തവണ വന്നപ്പോൾ നിരവധി നെറ്റ് കഫെകൾ കണ്ടതാണ്. മൂന്നു വർഷത്തിനിടെ ഒന്നൊഴിയാതെ എല്ലാം കാലം മായ്ച്ചുകളഞ്ഞിരിക്കുന്നു. എല്ലാവരുടെയും പോക്കറ്റിൽ കയറിയ സ്മാർട്ട് ഫോണിൽ ഒരു ലോകം തന്നെയുള്ളപ്പോൾ നെറ്റ് കഫെയ്ക്ക് എന്തു പ്രസക്തി!
ഒരു നാടകത്തിന്റെ ദൃശ്യങ്ങൾക്കിടയിൽ ലൈറ്റ് അണച്ച് രംഗപടം മാറുന്നത് പോലെ എല്ലാമെല്ലാം മാറി മറിയുന്നു. ഓർമ്മയിൽ നിന്നും മിന്നൽ പോലെ ഞാൻ തിരിച്ച് എത്തി. മുന്നിലെ മോണിറ്ററിൽ എ ഐ ചിത്രം റെഡിയാക്കിയിട്ടുണ്ട്.
കീഴ്മേൽ മറിയുന്ന ലോകം
‘ഇന്നലെയോളം എന്തെന്നറിഞ്ഞില്ല, ഇനി നാളെയും എന്തെന്നറിഞ്ഞീല’ എന്ന് ജ്ഞാനപ്പാനയിൽ പൂന്താനം പാടിയത് ഇന്ന് കൂടുതൽ തെളിഞ്ഞു വരുന്നു. അനിശ്ചിതത്വമാണ് പുതിയ കാലത്തിന്റെ നെറ്റിയിൽ മുദ്രകുത്തിയിരിക്കുന്നത്. അത്രമേൽ ഇളകുന്ന ഒരു മണ്ണിലാണ് നാം നിൽക്കുന്നത് എന്നർഥം. അഞ്ചു വർഷം കഴിഞ്ഞാൽ ക്ലാസ് മുറികളും കോളേജുകളുമുണ്ടാകില്ല എന്നാണ് വിദഗ്ധരുടെ പ്രവചനം. പഠനം പൂർണ്ണമായും ഓൺലൈനാകുന്ന കാലം വിദൂരമല്ലത്രെ. ഒരു ഗംഭീര അനിമേഷൻ സിനിമയെടുക്കാൻ ഇന്ന് മിടുക്കനായ ഒരാൾ വിചാരിച്ചാൽ മതിയെന്നാണ് പ്രശസ്ത അനിമേറ്റർ സുരേഷ് ഏറിയാട്ട് കുറച്ചു മാസം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇന്നുള്ള ഉറപ്പുകൾ നാളെ ജലരേഖകളാണ്. അതിന്റെ അനുഭവസാക്ഷ്യങ്ങൾ എറണാകുളത്തെ മാധ്യമപ്രവർത്തനത്തിനിടയിൽ ഒരുപാട് കണ്ടിട്ടുണ്ട്.
കളി തുടങ്ങിയിട്ടേയുള്ളു
മനുഷ്യരുടെ ആയുസ്സും പ്രായഗണനയുമൊന്നും എഐയ്ക്ക് ബാധകമല്ല.അത് നേരെ തിരിച്ചാണു താനും. കാലം ചെല്ലുംതോറും നിർമ്മിത ബുദ്ധിക്ക് യൗവനവും ഊർജസ്വലതയും കൂടുന്നതേയുള്ളൂ. ചെറുപ്പത്തിലെ ചുറുചുറുക്കു മാത്രമല്ല വയോധികരുടെ അറിവും അനുഭവസമ്പത്തും അതിനുണ്ട്. ക്ഷീണമേയില്ല. വിശ്രമംവേണ്ട. ഒരു പോള കണ്ണടയ്ക്കേണ്ട. പ്രണയത്തിന്റെ കാല്പനികതയിൽ മയങ്ങില്ല. രതിയിൽ ഉന്മത്തനാവില്ല, സുഹൃത്തുക്കൾക്കോ കുടുംബത്തിനോ പ്രണയിക്കോ വേണ്ടി നേരം കളയില്ല. എല്ലാം കൊണ്ടും ഒരു അപൂർവ കോമ്പിനേഷൻ !
2026ൽ ഇരുന്നുകൊണ്ട് കാലം ഓർത്തു നോക്കിയാൽ സ്വാതന്ത്ര്യാനന്തരകാലത്തെ കാർട്ടൂൺ കാലം കാർട്ടൂണിസ്റ്റുകൾക്ക് പാഠപുസ്തകമാണ്. ഇൻഡ്യൻ കാർട്ടൂണിന്റെ കുലപതി ശങ്കറിന്റെ കാലത്തെ കാർട്ടൂൺ രചനയുടെ രീതി സവിശേഷമായിരുന്നു. രാവിലെ മുതൽ നിരവധി പത്രങ്ങൾ വായിക്കും. പുസ്തകങ്ങൾ റഫർ ചെയ്യും. കിട്ടുന്ന പല ആശയങ്ങളിൽ മികച്ചത് വരയ്ക്കാൻ തിരഞ്ഞെടുക്കാം. വൈകുന്നേരം ആകുമ്പോഴേക്കും നല്ല ഒരു കാർട്ടൂൺ വരയ്ക്കും. ലളിതമായിരുന്ന ആ രചനാരീതി വർഷങ്ങൾക്കിപ്പുറം സ്മാർട്ട് ഫോണും സാമൂഹികമാധ്യമങ്ങളും വന്നതോടെ സങ്കീർണ്ണമായി. മനസ്സിൽ ആലോചിച്ച് ഉറപ്പിച്ച കാർട്ടൂൺ വൈകുന്നേരം ആകുമ്പോഴേക്കും മറ്റെവിടെയെങ്കിലും ഒക്കെ വന്നിട്ടുണ്ടാവും. ചിലപ്പോൾ നമ്മൾ ഫോൺ തുറക്കുമ്പോൾ തന്നെ കാണുന്നത് അതായിരിക്കും. അത് ചിലപ്പോൾ രാഷ്ട്രീയ ട്രോളുകളും ആകാം. രാഷ്ട്രീയം ജീവവായുവായ കേരളത്തിൽ രാഷ്ട്രീയഹാസ്യം ഏറ്റവും കൂടുതൽ ആസ്വദിക്കപ്പെടുന്നതാണല്ലോ. ഹാസ്യം സിനിമാരംഗങ്ങൾക്കൊപ്പം ചേർത്തുവച്ച് പറയുന്നവരാണ് ട്രോൾ ക്രിയേറ്റർമാർ. പലപ്പോഴും കാർട്ടൂണിസ്റ്റുകൾക്ക് സ്വപ്നം കാണാൻ കഴിയാത്ത രീതിയിലുള്ള അസംഖ്യം അനുയായികളും അവർക്കുണ്ട്. ലോകത്തിന്റെ ഏതോ കോണുകളിലിരുന്ന് ഇന്റർനെറ്റിലേക്ക് ട്രോളുകൾ എയ്തുവിടുന്ന നൂറുകണക്കിന് ആളുകളോടാണ് കാർട്ടൂണിസ്റ്റിന്റെ ഒറ്റയാൾ പോരാട്ടം. കേവലം ഒരു മനുഷ്യന്റെ ഭാവന കൊണ്ട് ലോകമെങ്ങുമുള്ള സഹൃദയരുടെ ഭാവനാവിലാസത്തിനെ നേരിടുക എന്ന ഭഗീരഥപ്രയത്നം തന്നെയാണത്.
തമാശ പറയുന്നവർക്ക് വരയ്ക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ കാർട്ടൂണിസ്റ്റുകളുടെ പണി പോയേനെ എന്ന് മുൻപൊക്കെ പറയാറുണ്ട്.ഇപ്പോഴിതാ ആ വഴിക്ക് കാലം തിരിയുകയാണോ എന്നു സംശയം തോന്നുന്നു. അവർക്ക് പറഞ്ഞുവരപ്പിക്കാൻ ഒരു പണിക്കാരൻ സ്വന്തമായി ഇപ്പോൾ ഉണ്ടായിരിക്കുന്നു.അവരുടെ ഭാവനകൾ വരയ്ക്കുന്ന നിർമ്മിത ബുദ്ധി. കൊച്ചി സർവകലാശാലയിൽ നിർമ്മിതബുദ്ധി സമ്മേളനത്തിനെത്തിയ ഫ്രഞ്ച് എഐ വിദഗ്ധൻ പറഞ്ഞത് ഓസ്ട്രേലിയയിൽ എഐ തയ്യാറാക്കുന്ന കോമിക്സ് പുറത്തിറങ്ങിയെന്നാണ്. കളി തുടങ്ങിയിട്ടേയുള്ളൂ എന്നു സാരം ! എങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്നു തന്നെയാണ് എന്റെ ചിന്ത. അചുംബിതമായ ഭാവനയും നർമ്മവും മനസിലുള്ള കാലത്തോളം കാർട്ടൂണിസ്റ്റായിരിക്കും ചിരിവരയുടെ അമരത്ത്.

 

Spread the love