വരകൾ വിഷയങ്ങൾ പലതരം
കാർട്ടൂണുകളിലെ തരംതിരിവ്
സോഷ്യലും സൈലന്റും
സാമൂഹിക, സാംസ്കാരിക, കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാർട്ടൂണുകളെ സോഷ്യൽ കാർട്ടൂണുകൾ എന്ന് വിളിക്കാം. വാക്കുകളുടെ സഹായമില്ലാതെ വരകളിലൂടെ നർമ്മസംഭവങ്ങൾ അവതരിപ്പിക്കുന്നതാണ് സൈലന്റ് കാർട്ടൂൺ. ഭാഷാ അതിർവരമ്പുകൾ കടന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും സ്വീകാര്യമായ ഒന്നാണ് സൈലന്റ് കാർട്ടൂൺ. വാക്കുകളുടെ സഹായമില്ലാതെ വരകളിലൂടെ ആശയം കൈമാറുക എന്നത് വേറിട്ട കഴിവ് തന്നെയാണ്. കാർട്ടൂണിന്റെ എല്ലാ വിഭാഗത്തിലും ഇത്തരം നിശ്ശബ്ദ കാർട്ടൂണുകൾ കാണാം. രാഷ്ട്രീയ കാർട്ടൂണും നീണ്ട കോമിക്സുകളും ഇത്തരത്തിൽ ഒട്ടേറെ വരയ്ക്കപ്പെട്ടിട്ടുണ്ട്.
കായികം, സിനിമ, ബിസിനസ്
കായികരംഗത്തെ രസകരമായ മുഹൂർത്തങ്ങൾ കാർട്ടൂണിനും വിഷയമാകാറുണ്ട്. ഓട്ടവും, ചാട്ടവും, നീന്തലും, ഫുട്ബോളും, ക്രിക്കറ്റും എന്നുവേണ്ട എല്ലാ കായികയിനങ്ങളിലും നർമ്മ മുഹൂർത്തങ്ങൾ ഉണ്ടാകും. അത് മനസ്സിലാക്കി വരയ്ക്കണമെങ്കിൽ കായികരംഗത്തെ കുറിച്ച് നല്ല അറിവുണ്ടാകണം. കായികരംഗത്തെ ഓരോ ഇനങ്ങളുടേയും നിയമങ്ങൾ വ്യത്യസ്തമായിരിക്കും. ഇത് വ്യക്തമായി അറിഞ്ഞാൽ മാത്രമേ ഒരാൾക്ക് നല്ലൊരു സ്പോർട്സ് കാർട്ടൂണിസ്റ്റാകാൻ സാധിക്കൂ. നമ്മുടെ വർത്തമാനപത്രങ്ങൾ ചിലതിൽ ഒളിമ്പിക്സ്, ദേശിയ ഗെയിംസ് തുടങ്ങിയ മേളകൾ നടക്കുന്ന അവസരത്തിൽ സ്പോർട്സ് കാർട്ടൂണുകൾ കൊടുക്കുന്ന പതിവുണ്ട്.
ജനകീയ കലാമാധ്യമമായ സിനിമാരംഗത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാർട്ടൂണുകളെ സിനിമാ കാർട്ടൂൺ എന്ന് വിളിക്കാം. മലയാളത്തിൽ പണ്ട് ടക്ക് ടക്ക്, കട്ട് കട്ട് എന്നീ സിനിമാ ഹാസ്യമാസികകൾ ഇറങ്ങിയിരുന്നു. ഇതിൽ സിനിമാ കാർട്ടൂണുകളായിരുന്നു പ്രധാനമായും പ്രസിദ്ധീകരിച്ചിരുന്നത്.
അതുപോലെ ശാസ്ത്രവിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന കാർട്ടൂണിസ്റ്റുകൾ നമുക്കിടയിലുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു ശാസ്ത്ര വിഷയമാണ്. മിക്ക കാർട്ടൂണിസ്റ്റുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്ന കാർട്ടൂണുകൾ വരച്ചിട്ടുണ്ട്.
പണം, പോക്കുവരവ് വിഷയമാക്കി വരയ്ക്കപ്പെടുന്ന കാർട്ടൂണുകൾ ബിസിനസ് കാർട്ടൂണുകളാണ്. ബജറ്റിന്റെ ദിവസം മാത്രം മുഖ്യധാരാകാർട്ടൂണിസ്റ്റുകൾ ബിസിനസ് കാർട്ടൂണുകൾ വരയ്ക്കുക പതിവാണ്. മാധ്യമങ്ങൾ ബിസിനസ് കാർട്ടൂണുകൾക്ക് വോട്ട് ഓൺ അക്കൗണ്ട് ദിവസവും ബജറ്റ് ദിവസവും വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ഇക്കണോമിക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, ബിസിനസ് സ്റ്റാന്റേഡ്, ദി ഹിന്ദു ബിസിനസ് ലൈൻ, ഫിനാൻഷ്യൽ ക്രോണിക്കിൾ, മിന്റ് തുടങ്ങിയ പ്രധാന ബിസിനസ് പത്രങ്ങളിലെല്ലാം ബിസിനസ് കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നു.
പരസ്യങ്ങളും കാർട്ടൂണും
കേരളത്തിൽ കാർട്ടൂൺ ശാഖയ്ക്ക് പ്രചാരം ലഭിക്കും മുമ്പുതന്നെ പരസ്യങ്ങളിൽ വ്യാപകമായി കാർട്ടൂണുകൾ ഉൾക്കൊള്ളിച്ചിരുന്നതായി കാണാം. വിദൂഷകൻ മാസികയും തമാശയും സഞ്ജയനും അവരുടെ സ്വന്തം പരസ്യങ്ങളിൽ കാർട്ടൂണുകളാണ് ഉപയോഗിച്ചത്. ചായപ്പൊടിയും സിഗററ്റും ബീഡിയും ഹെൽത്ത് പൗഡറുകളും എന്തിനേറെ ബാങ്കുകൾ പോലും കാർട്ടൂൺ പരസ്യത്തിന്റെ ആനുകൂല്യങ്ങൾ നേടി. രസകരമായ ചെറിയ തമാശകളിലൂടെ ഓരോരുത്തരും അവരവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിലെത്തിക്കാൻ കാർട്ടൂണുകൾ ആയുധമാക്കി. ആദ്യകാലങ്ങളിൽ രാഷ്ട്രീയ കാർട്ടൂണുകളേക്കാൾ കൂടുതൽ പരസ്യ കാർട്ടൂണുകളായിരുന്നു വന്നിരുന്നത്.
1946 ഡിസംബർ 14ന് ഗുജറാത്തിലെ ആനന്ദിൽ പോൾസൻസ് കോഫി ആൻഡ് ബട്ടറിന് ബദലായി തുടങ്ങിയതാണ് അമുൽ. പോൾസൻസ് കോഫി ആൻഡ് ബട്ടറിന്റെ പരസ്യങ്ങളിൽ സ്ഥിരമായി വന്നിരുന്ന പോൾസൻസ് ബട്ടർ ഗേളിന് മറുപടി എന്നോണം ആരംഭിച്ചതാണ് അമുൽ ഗേൾ എന്ന പ്രശസ്തമായ പരസ്യ കഥാപാത്രം. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രം എന്ന ലോക റെക്കോഡും അമുൽ ഗേളിന് സ്വന്തം.
സ്ട്രിപ്പ് കാർട്ടൂൺ
ഒന്നിലേറെ കോളങ്ങളുള്ള കാർട്ടൂണുകളെയാണ് സ്ട്രിപ്പ് കാർട്ടൂണുകൾ എന്ന് പറയുന്നത്. ഒറ്റവരിയിൽ നിൽക്കുന്ന സ്ട്രിപ്പ് കാർട്ടൂണുകൾ കുറഞ്ഞ സ്ഥലത്ത് വലിയ കഥപറയുന്നു എന്നതാണ് പ്രത്യേകത. വരയും കമന്റുകളും ഇടകലർന്നിരിക്കുന്നതിനാൽ പറയേണ്ട പല കാര്യങ്ങളും വരയിലൂടെ വായനക്കാരിലേക്ക് എത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സിൻഡിക്കേറ്റ് ചെയ്തിട്ടുള്ളത് സ്ട്രിപ്പ് കാർട്ടൂണുകളാണ്. ഇന്നും പത്രങ്ങളിൽ സിൻഡിക്കേറ്റ് ചെയ്യപ്പെടുന്ന സ്ട്രിപ്പ് കാർട്ടൂണുകൾ പ്രസിദ്ധീകരിച്ച് വരുന്നു.
മലയാളത്തിലെ പ്രശസ്തമായ സ്ട്രിപ്പ് കാർട്ടൂണുകൾ ശിവറാം വരച്ച കുഞ്ഞമ്മാനിൽ നിന്ന് തുടങ്ങുന്നു. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിലാണ് കുഞ്ഞമ്മാൻ എന്ന പേരിൽ സ്ട്രിപ്പ് കാർട്ടൂണുകൾ ശിവറാം ആദ്യം വരച്ചിരുന്നത്. പിന്നീട് ഇത് മാതൃഭൂമിയിൽ വരച്ചു. കാർട്ടൂണിസ്റ്റ് ചെല്ലന്റെ ലോലൻ, ബി.എം.ഗഫൂറിന്റെ കുട്ടന്റെ ലോകം തുടങ്ങിയ സ്ട്രിപ്പ് കാർട്ടൂണുകൾ പ്രശസ്തമായിരുന്നു. സ്ട്രിപ്പ് കാർട്ടൂണുകൾ പത്രങ്ങളിലും വാരികയിലും മാസികയിലും സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ട്.
കോമിക്സും
ഗ്രാഫിക് നോവലുകളും
ഒറ്റ കോളത്തിലെ സ്ട്രിപ്പുകൾ വാരികകളിൽ രണ്ട് കോളത്തിലേക്ക് പ്രവേശിച്ചു. അരപ്പേജിൽ നിന്ന് ഒരു പേജിലേക്ക് കാർട്ടൂൺ ചിത്രകഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ് കാർട്ടൂൺ കോമിക്കുകളായി മാറിയത്. സ്ട്രിപ്പ് കാർട്ടൂണുകൾ ഒരു നിരയിൽ ഒതുങ്ങുന്നതാണെങ്കിൽ കാർട്ടൂൺ ചിത്രകഥകൾക്ക് മൂന്നും നാലും നിരകൾ ഉണ്ടാകും. പല സ്ട്രിപ്പ് കാർട്ടൂണുകളും പിൽക്കാലത്ത് കാർട്ടൂൺ ചിത്രകഥകൾ അഥവാ കാർട്ടൂൺ കോമിക്കുകളായി രൂപമാറ്റം വന്നവയാണ്. മനോരമ ആഴ്ചപ്പതിപ്പിൽ ബോബനും മോളിയും കാർട്ടൂൺ കോമിക്സ് റ്റോംസ് മുപ്പതുവർഷം തുടർച്ചയായി വരച്ചു. ആഴ്ചപ്പതിപ്പിന്റെ അവസാനപേജ് ആദ്യം വായിക്കുന്ന ശീലമുണ്ടാക്കിയത് റ്റോംസാണ്. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചതും അവസാന പേജിലായിരുന്നു.
കാർട്ടൂൺ ചിത്രകഥകളുടെ മറ്റൊരു രൂപം തന്നെയാണ് ഗ്രാഫിക് നോവലുകൾ. സാഹിത്യത്തിൽ കഥകളും നോവലും പോലെയുള്ള വ്യത്യാസം മാത്രമേ ഇവിടേയും ഉള്ളൂ. ഒരു നീണ്ട കഥയെ അല്ലെങ്കിൽ നോവലിനെ വരകളുടെ സഹായത്താൽ വാക്കുകളും ചേർത്ത് അവതരിപ്പിക്കുന്നതാണ് ഗ്രാഫിക് നോവൽ എന്ന് ചുരുക്കി പറയാം. എഴുതേണ്ട പല കാര്യങ്ങളും ഇവിടെ ഗ്രാഫിക് നോവലിസ്റ്റ് വായനക്കാരെ വരച്ച് കാണിക്കുന്നു. 2001ന് ശേഷം മാത്രമാണ് ഗ്രാഫിക് നോവൽ എന്ന മേഖലയെ പുസ്തക ലോകം അംഗീകരിക്കാൻ തയ്യാറായിട്ടുള്ളൂ. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ താത്പര്യപൂർവം വായിക്കുന്നത് ഗ്രാഫിക് നോവലാണ്.
ജി.അരവിന്ദൻ രചിച്ച ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ 1963 മുതൽ 1971 വരെ തുടർച്ചയായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്ത് പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ (ഒരു പക്ഷെ ഇന്ത്യയിലെ തന്നെ) ആദ്യ ഗ്രാഫിക് നോവൽ ജി.അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും തന്നെയാണ്. സഗീർ ചന്ദ്രിക വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ഗൾഫുംപടി പി.ഒ. എന്നതും ഗ്രാഫിക് നോവലിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്.
