ചിരിവരയിലെ മലയാളി

ചിരിക്കുവാനുള്ള കഴിവ് മനുഷ്യർക്ക് മാത്രം ലഭിച്ചിട്ടുള്ള കഴിവാണ്. ചിരി ആരോഗ്യത്തിന് മികച്ചതാണെന്നും ഒറ്റമൂലിയാണെന്നും ആരോഗ്യ ശാസ്ത്രം തന്നെ പറയുന്നുണ്ട്. ചിരി മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്ന വസ്തു ആയിരുന്നെങ്കിൽ ഡോക്ടർമാർ ഏറ്റവും കൂടുതൽ നിർദ്ദേശിക്കുന്നത് ചിരി ടാബ്ലറ്റോ, സിറപ്പോ ആയിരുന്നേനെ. കുട്ടികളെ ചിരിപ്പിക്കുന്ന വിഷയങ്ങൾ യുവാക്കളേയും മുതിർന്ന പൗരൻമാരേയും ചിരിപ്പിച്ചു എന്ന് വരില്ല. നിസാര കാര്യത്തിന് കുട്ടികൾ ചിരിക്കും. യുവാക്കൾക്ക് ചിരിക്കുന്നതിന് മറ്റൊരു തലത്തിലുള്ള നർമ്മ സല്ലാപമോ, കാരണങ്ങളോ വേണം. ഒരാളുടെ മനോഭാവമാണ് ചിരിയെ നിയന്ത്രിക്കുന്ന ഘടകം. ഒട്ടേറെ ആളുകൾ ചിരിച്ച ഒരു തമാശ കേട്ട് ചിലപ്പോൾ മറ്റ് ചിലർ ചിരിച്ചെന്ന് വരില്ല. ചിരിക്കുവാനുള്ള കഴിവ് ഒരാളുടെ നർമ്മബോധത്തെ ആശ്രയിച്ചിരിക്കും. ഹാസ്യം, ഫലിതം, നർമ്മം, പരിഹാസം, നേരമ്പോക്ക് എന്നിങ്ങനെ ചിരിയുടെ ശാഖകൾ പലതാണ്.
രാജസദസുകളിലെ വിദൂഷകൻമാർ ചിരിപ്പിക്കുക എന്ന കർമ്മം നിർവ്വഹിക്കാൻ മാത്രം നിയോഗിക്കപ്പെട്ടവരാണ്. ചക്രവർത്തിമാരേയും, രാജാക്കൻമാരേയും വിദൂഷകന്, എന്തും പറയാം, കളിയാക്കാം. എന്നാൽ അത് തന്നെ ഒരു സാധാരണക്കാരൻ പറഞ്ഞാൽ തല കാണില്ല. വിദൂഷകൻ എന്ത് പറഞ്ഞാലും രാജാവിന്റെ കോപത്തിന് കാരണമാകാറില്ല. ദുഷ്യന്ത രാജാവിന്റെ വിദൂഷകൻ അദ്ദേഹത്തോട് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്. ഷെയ്ക്സ്പിയറുടെ ലീയർ രാജാവ് എന്ന നാടകത്തിൽ ലീയർ Who is it that can tell me who i am? എന്ന് ചോദിക്കുമ്പോൾ Lesar Shadow എന്നാണ് വിദൂഷകൻ മറുപടി പറയുന്നത്. രാജാവിന്റെ വ്യക്തിത്വം നശിച്ചു പോയെന്നും, താൻ അദ്ദേഹത്തിന്റെ നിഴലാണെന്നും രണ്ടർത്ഥം ഈ മറുപടിയിലുണ്ട്. കാർട്ടൂണിസ്റ്റുകളും ഇത്തരം വിദൂഷകൻമാരെ പോലെയാണ്. വിദൂഷകരുടെ സ്ഥാനം കാർട്ടൂണിസ്റ്റുകൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് വിമർശനം നേതാക്കൾ ആഗ്രഹിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ. അസഹിഷ്ണുത ഇന്ന് വ്യാപകമാണ്. അത് എല്ലാ വിഭാഗം ആളുകളിലും കാണാം.
ഒരു വ്യക്തിയുടെ സ്വാഭാവിക ഫോട്ടോ കണ്ടാൽ എല്ലാവരിലും ചിരി വരണമെന്നില്ല. എന്നാൽ അയാളുടെ ഹാസ്യ ചിത്രം കണ്ടാൽ ചിരി വരും. അത് കാരിക്കേച്ചറോ, കാർട്ടൂണോ ആകാം. അതുകൊണ്ട് തന്നെ ചിരിയുടെ ഉത്ഭവത്തിന് ചിത്രകലയും അതിേതായ സ്ഥാനം വഹിക്കുന്നുണ്ട്. അമേരിക്കൻ ഹാസ്യ ചിത്രകാരൻ തോമസ് നാസ്റ്റിന്റെ ഭാവനയിൽ രൂപം കൊണ്ടതാണ് ഇന്ന് നമ്മളൊക്കെ ക്രിസ്തുമസ് നാളുകളിൽ ചിത്രീകരിക്കുന്ന സാന്താക്ലോസ് എന്ന ക്രിസ്തുമസ് അപ്പൂപ്പൻ. ഓണനാളിൽ നമ്മൾ ചിത്രീകരിക്കുന്ന മഹാബലിയുടെ രൂപവും തീർച്ചയായും ഒരു ഹാസ്യ ചിത്രകാരൻ രൂപം കൊടുത്തത് തന്നെയാണ്. വല്ലിയ കുടവയറും, കപ്പടാ മീശയും, ഓലകുടയുമായി വരുന്ന മഹാബലിയുടെ രൂപം നമ്മളെ ചിരിപ്പിക്കുമോ…? കുടവയറനായ ക്രിസ്തുമസ് അപ്പൂപ്പന്റെ ചിത്രവും നമ്മെ ചിരിപ്പിക്കുന്നില്ല.
പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോക്ടർ മാത്യു വെല്ലൂർ കാർട്ടൂണിസ്റ്റുകളെ കുറിച്ച് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. ഒരു സംഭവത്തെപ്പറ്റി പത്ത് കാർട്ടൂണിസ്റ്റുകൾ പത്ത് തലത്തിലാകും ചിന്തിക്കുക. ഓരോരുത്തരും വ്യക്തിപരമായ വ്യത്യാസമുള്ളവരായിരിക്കും. ഒരു ഉദാഹരണം അദ്ദേഹം സൂചിപ്പിച്ചത് ഇങ്ങനെ. സർക്കസ്സ് ആരംഭിക്കുന്നത് ഒരു മാർച്ച് പാസ്റ്റ് എന്ന ആദ്യ രംഗത്തോടെയാണ്. നെറ്റിപ്പട്ടം കെട്ടിയ ആന സർവാംഗ സുന്ദരിയും അൽപ വസ്ത്ര ധാരിയുമായ ഒരു പെണ്ണിനെ തുമ്പിക്കൈയ്യിൽ ഇരുത്തിയാണ് സാധാരണ വരാറ്. സർക്കസ്സ് കാണുവാൻ വന്ന ഒരാൾ തൊട്ടടുത്തിരുന്ന സുഹ്യത്തിനോട് ചോദിക്കുകയാണ്. എടോ ആ ആനയെ കണ്ടോ…?? ആകർഷണീയതയുടെ മാസ്മര നിദ്രയിൽ നിന്ന് ഉണർന്ന സ്നേഹിതൻ അത്ഭുതം കൂറി. ങേ ആനയോ…? എവിടെ…?? പെണ്ണിനെ ശ്രദ്ധിച്ച അയാൾ ആനയെ കണ്ടില്ല. ഇവിടെ ഒരു കാർട്ടൂണിസ്റ്റായിരുന്നെങ്കിൽ ആനയെ ഒരു രാഷ്ട്രീയ പാർട്ടിയായും, പെണ്ണിനെ അവരുടെ വനിതാ നേതാവായും മറ്റും ചിന്തിച്ചേനേ. സർക്കസ്സ് കൂടാരത്തിൽ വേറേയും കാർട്ടൂണിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിൽ അവർ മറ്റ് പല രീതിയിൽ ഇതിനെ കണ്ടേനേ… പലതരം വഴികളിലൂടെ ജനങ്ങളെ ചിരിപ്പിക്കാം. പല തരത്തിൽ ജനങ്ങൾ ചിരിക്കുന്നു. ചിരിയുടെ ഉത്ഭവത്തിന് കാരണമാകുന്ന ചിരിവരകളുടെ പിന്നിലെ വ്യക്തികളേയും അതിന്റെ വികാസവും കുറിച്ചിടട്ടെ.
മലയാളികൾ കാർട്ടൂൺ രംഗത്ത്
ഇന്ത്യൻ കാർട്ടൂണിന്റെ ചരിത്രത്തിൽ മലയാളി കാർട്ടൂണിസ്റ്റുകൾ തല ഉയർത്തി തന്നെയാണ് നിൽക്കുന്നത്. ദേശീയ തലത്തിൽ മലയാളികളായ കാർട്ടൂണിസ്റ്റുകൾക്ക് വിശേഷമായ സ്വീകാര്യതയുണ്ട്. ദേശീയ തലത്തിലെ പ്രധാന കാർട്ടൂണിസ്റ്റുകളിൽ പകുതി പേരും മലയാളികൾ തന്നെയാണ് എന്ന് അഭിമാനത്തോടെ പറയാം. മലയാളിക്ക് കാർട്ടൂൺ എന്ന കല വളരെ പരിചിതമാണ്. കേരളം കേരവൃക്ഷങ്ങളുടെ നാടെന്ന പോലെ കാർട്ടൂണിസ്റ്റുകളുടേയും നാടാണ് എന്നും പറയാറുണ്ട്. കാർട്ടൂണിസ്റ്റ് ശങ്കർ ദേശിയ തലത്തിൽ പാകിയ അടിത്തറയാണ് ഈ നേട്ടത്തിലേയ്ക്ക് മലയാളികളെ എത്തിച്ചത്.
എന്നാൽ നൂറ് വർഷം മുൻപ് അതായിരുന്നില്ല സ്ഥിതി. ഹാസ്യ ചിത്രം, വിനോദ ചിത്രം എന്നീ പേരുകളിലാണ് വളരെ കാലം കാർട്ടൂൺ വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയിലേയ്ക്ക് വിനോദ ചിത്രങ്ങൾ ആദ്യം കൊണ്ടു വന്നത്. ടിവിയും, റേഡിയോയും ഇല്ലാതിരുന്ന കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും, പട്ടാളക്കാർക്കും വിനോദത്തിനായിട്ടാണ് പഞ്ച് മാസിക എത്തിച്ചിരുന്നത്. പഞ്ച് മാസികയിലൂടെ ഇന്ത്യയിൽ അവർ ഹാസ്യ ചിത്രങ്ങളെ പരിചയപ്പെടുത്തി. ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും പടയാളികൾക്കുമായി ഇന്ത്യയിലെ വിവിധ ഭാഷകളിൽ പഞ്ച് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിൽ പഞ്ച് പ്രസിദ്ധീകരിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിൽ പഞ്ചിന്റെ ചുവട് പിടിച്ച് ഹാസ്യ ചിത്രരചന നടന്നിരുന്നെങ്കിലും ലക്ഷണമൊത്ത ഇന്ത്യൻ ശൈലിയിലുള്ള കാർട്ടൂണുകൾക്ക് കേരളമാണ് തുടക്കം കുറിച്ചത്. അതിന് കാരണമായത് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ഈ രംഗത്തെ സംഭാവനകളാണെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഡേവിഡ് ലോയുടെ രചനാശൈലി ആദ്യകാലത്ത് ശങ്കറിനേയും സ്വാധീനിച്ചിരുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്.
മലയാളത്തിൽ കാർട്ടൂണിന്റെ തുടക്കം
ആദ്യ മലയാള കാർട്ടൂൺ രചിച്ചതിന്റെ പശ്ചാത്തലം ഒന്നാം ലോകമഹായുദ്ധമായിരുന്നു. 1906ൽ ചെന്നെയിൽ നിന്ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യ’ എന്ന രാഷ്ട്രീയ തമിഴ് വാരികയുടെ പത്രാധിപരായി പ്രശസ്ത കവി സുബ്രഹ്മണ്യ ഭാരതി നിയമിതനായതോടെയാണ് തെക്കേ ഇന്ത്യയിൽ സ്വദേശികൾ വരച്ച കാർട്ടൂണുകൾ പ്രചരിക്കാൻ തുടങ്ങിയത്. 1919 ഒക്ടോബർ മാസം വിദൂഷകന്റെ അഞ്ചാം ലക്കത്തിൽ ആദ്യമായി കേരളത്തിൽ ‘മഹാക്ഷാമദേവത’ എന്ന പേരിൽ ഒരു ഹാസ്യ ചിത്രം അച്ചടിച്ച് വരുന്നത് തമിഴ് വാരികകളുടെ ചുവട് പിടിച്ചു തന്നെയാണ്. ലക്ഷണമൊത്ത ഒരു കാർട്ടൂൺ വിദൂഷകനിൽ പി എസ് ഗോവിന്ദപിള്ള വരച്ചത് ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ഉണ്ടായ പട്ടിണി വിഷയമാക്കിയാണ്. കേരളത്തിൽ ചിത്രങ്ങൾ അച്ചടിക്കുന്ന വിദ്യ പ്രചാരമില്ലാത്ത കാലത്തായിരുന്നു വിദൂഷകൻ ഒരു ഹാസ്യ ചിത്രവുമായി ഇറങ്ങിയത്.
നാട്ടിൽ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയിൽ മനുഷ്യരെ തന്റെ കുന്തത്തിൽ കോർത്തിറക്കിയിരിക്കുന്നു. വലത്തേ കൈയിൽ ജീവന് വേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യൻ ജീവനായി പിടയുന്നു. കാൽ ചുവട്ടിലും മനുഷ്യർ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥൻ ഭീകരനായ അസുര രൂപത്തോട് എന്തോ നിർദേശിക്കുന്നുണ്ട്. ക്ഷാമകാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തിൽ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു. ‘മഹാക്ഷാമദേവത’ എന്ന തലക്കെട്ടോടെ വിദൂഷകനിൽ വന്ന ആദ്യ കാർട്ടൂണിന് എത്ര ശക്തമായ ആശയമാണ് ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞത്.
അനീതികൾക്ക് എതിരെ അക്ഷരങ്ങളും വരയും ആയുധമാക്കി പൊരുതിയതിന് ബ്രിട്ടീഷുകാർ നാടുകടത്തിയ പ്രതിഭയായിരുന്നു മലയാളത്തിന്റെ ആദ്യ കാർട്ടൂണിസ്റ്റ് പി എസ് ഗോവിന്ദപിള്ള. ആദ്യ മലയാള കാർട്ടൂണിസ്റ്റിനെ കാലാപാനിയിലേയ്ക്ക് നാടു കടത്തിയ ചരിത്രം മാധ്യമചരിത്രത്തിലെ പുതിയ അധ്യായമാകുന്നു. മാധ്യമ പ്രവർത്തനം കാരണം നാടുകടത്തപ്പെട്ട ഏക മലയാള മാധ്യമ പ്രവർത്തകനായിരുന്നു സ്വദേശാഭിമാനി എന്ന ചരിത്രം തിരുത്തേണ്ടിയിരിക്കുന്നു. സ്വദേശാഭിമാനിയെ തിരുവിതാംകൂറിൽ നിന്ന് മലബാറിലേയ്ക്കാണ് നാട് കടത്തിയത്. പക്ഷെ കാർട്ടൂൺ വരച്ചതിന് പി എസ് ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാർ നാട് കടത്തിയത് ആമൻസിലെ കാലാപാനിയിലേയ്ക്കാണ്.
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകൻ മാസികയിലാണ് മലയാളത്തിലെ ആദ്യ കാർട്ടൂൺ ‘മഹാക്ഷാമദേവത’ പ്രസിദ്ധീകരിച്ചതെന്ന് കാർട്ടൂണിസ്റ്റ് സുകുമാർ വർഷങ്ങളായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. ആദ്യ കാർട്ടൂൺ ‘മഹാക്ഷാമദേവത ‘വരച്ചത് പി. എസ് ഗോവിന്ദപിള്ളയാണെന്ന് വളരെ വൈകിയാണ് കണ്ടെത്തിയത്. മലയാള കാർട്ടൂണിന്റെ ശതാബ്ദി വർഷമായ 2019 ജനുവരിയിൽ ആദ്യ മലയാള കാർട്ടൂണിസ്റ്റിന്റെ ചിത്രവും ലഭിച്ചു എന്നത് മലയാള കാർട്ടൂൺ ലോകത്തിന് അഭിമാനമാണ്.
1919ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ലക്ഷണമൊത്ത കാർട്ടൂൺ എന്ന് പറയുമ്പോൾ അതിനും 68 കൊല്ലം മുമ്പ് 1851ൽ ഹെർമൻ ഗുണ്ടർട്ട് എഴുതിയ പുസ്തകത്തിൽ കാർട്ടൂൺ വന്നിട്ടുണ്ടെന്ന് ചിലർ ചൂണ്ടികാണിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ജെഹന്നസ് ഇവാൻജലി സ്ത ഗോസ്നറുടെ (1773 1858) Herz Buchlein എന്ന ജർമൻ ഗ്രന്ഥത്തിന് ഗുണ്ടർട്ട് നിർവഹിച്ച പരിഭാഷയാണ് ‘മാനുഷഹൃദയം’. ഈ ഗ്രന്ഥത്തിന് 1849 മുതൽ പതിപ്പുകളുണ്ടായിരുന്നിരിക്കണം. ഡോ സ്കറിയാ സക്കറിയ പ്രസിദ്ധീകരിച്ചത് 1851ലെ പതിപ്പാണ്.
മാനുഷഹൃദയത്തിനുവേണ്ടിയുള്ള ചിത്രങ്ങൾ വരയ്ക്കാൻ 1846ൽ ജർമനിയിൽ വിശ്രമത്തിന് പോയ ഹെർമൻ ഗുണ്ടർട്ട് അവിടെ ബത്തേലിയൂസ് എന്നൊരു ചിത്രകാരനെ ഏൽപ്പിച്ചിരുന്നതായി ഗുണ്ടർട്ടിന്റെ തന്നെ കത്തുകളിൽ കാണുന്നു. ചിത്രകാരനെ കൊണ്ട് പത്ത് ചിത്രങ്ങൾ മാനുഷഹ്യദയം എന്ന പുസ്തകത്തിനായി വരപ്പിച്ചു.
കാർട്ടൂണിന് സമാനമായ രണ്ട് ചിത്രങ്ങൾ ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കും. ദുഷ്ടന്റെ മരണവും പാപത്തിൻ കൂലിയും എന്ന തലക്കെട്ടിലും ദൈവഭക്തന്റെ മരണവും എന്ന തലക്കെട്ടിലും വരച്ച രണ്ട് ചിത്രങ്ങൾക്കാണ് കാർട്ടൂണിനോട് കൂടുതൽ സാമ്യം ഉള്ളത്. അക്കാലത്ത് തുടക്കം കുറിച്ച യൂറോപ്യൻ കാർട്ടൂൺ ശൈലിയോട് വളരെ അടുത്ത് നിൽക്കുന്നതാണ് ഈ രണ്ട് ചിത്രങ്ങളും. ചിത്രത്തിലെ പിശാചിന്റെ കാര്യത്തിൽ കമ്മറ്റിയിലെ ചിലർക്ക് വിയോജിപ്പുണ്ടായതായി ഗുണ്ടർട്ട് ഒരു കത്തിൽ പരാമർശിക്കുന്നുണ്ട്.
ശങ്കർ എന്ന ഇതിഹാസം പി. എസ് ഗോവിന്ദപിള്ളയ്ക്ക് ശേഷം കാർട്ടൂണിനെ മലയാളിക്ക് കൂടുതൽ പരിചയപ്പെടുത്തിയത് ശങ്കറാണ്. 1902 ജൂലൈ 31ന് പ്രശസ്തമായ വൈക്കത്തു കുറുപ്പൻമാരുടെ ശാഖയിൽപ്പെട്ട കായംകുളം പള്ളിപ്പാട്ടുകാരൻ കേശവപിള്ളയുടേയും ഇല്ലിക്കുളം തറവാടിലെ കൊച്ചു കുഞ്ഞമ്മയുടേയും (കൊച്ചൂഞ്ഞമ്മ) ഏക മകനായിരുന്നു ഇല്ലിക്കുളത്ത് കേശവപിള്ള ശങ്കരപിള്ള എന്ന ശങ്കർ. ഈ കുട്ടിയാണ് പിന്നീട് ലോക പ്രശസ്തനായി മാറിയ ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവെന്നറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് ശങ്കർ. തിരുവനന്തപുരത്തെ കോളേജ് പഠനകാലത്ത് കാർട്ടൂൺ വരച്ച് തുടങ്ങിയപ്പോഴാണ് ശങ്കർ എന്ന് അദ്ദേഹം സ്വയം പേര് മാറ്റിയത്.
25ാം വയസിൽ തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് സയൻസിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് 1927ൽ ബി എ ബിരുദം നേടിയശേഷം നിയമ പഠനത്തിനായി ബോംബയിൽ എത്തിയ ശങ്കറാണ് ഇന്ത്യൻ കാർട്ടൂണിന് പ്രചാരവും ശൈലിയും സമ്മാനിച്ചത്.
ഡേവിഡ് ലോ പോലുള്ള വിദേശ കാർട്ടൂണിസ്റ്റുകളുടെ ശൈലി പിന്തുടർന്നാണെങ്കിലും സ്വന്തം ശൈലി ശങ്കർ വികസിപ്പിച്ചു. പിൽക്കാലത്ത് ശങ്കറിന്റെ ശൈലിയിൽ ഇന്ത്യൻ കാർട്ടൂൺ രംഗം വളർന്നു. ശങ്കർ സ്ക്കൂൾ പഠനകാലത്ത് കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളി എന്ന പത്രത്തിലും, മലയാള രാജ്യം വാരികയിലും കാർട്ടൂണുകളും കാരിക്കേച്ചറും വരച്ച് പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ കാർട്ടൂണും, കാരിക്കേച്ചറും വരച്ചിരുന്നു. (അന്ന് ഒരു പക്ഷെ അങ്ങനെ വിശേഷിപ്പിച്ചിരിക്കില്ല). മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കാരിക്കേച്ചർ ശങ്കർ മലയാള നാടിൽ വരച്ച ഇ വി ക്യഷ്ണപിള്ളയുടെ വിശ്വരൂപം എന്ന ചിത്രമാണ്.
കാർട്ടൂണിസ്റ്റ് ശങ്കർ കൊല്ലം, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചിരുന്ന പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ തിരുവനന്തപുരത്ത് പഠിക്കുന്ന അവസരത്തിൽ വരച്ച് തുടങ്ങിയിരുന്നു. മലബാറിൽ സഞ്ജയന്റെ നേത്യത്വത്തിൽ ഹാസ്യസാഹിത്യത്തിന് പ്രചാരം ഉണ്ടാക്കുകയും, കാർട്ടൂണുകൾ വായനക്കാരിലെത്തിക്കുകയും ഉണ്ടായി. അദ്ദേഹത്തിന്റെ സഞ്ജയനും, വിശ്വരൂപവും കാർട്ടൂണിന്റെ പ്രചരണത്തിന് വലിയ പങ്കാണ് വഹിച്ചത്. എം ഭാസ്ക്കരൻ മലബാറിലും, കെ എസ് പിള്ളയും, ജോൺ മാത്യുവും തിരുവിതാംകൂർ കൊച്ചി പ്രദേശത്തും കാർട്ടൂൺ കലയുടെ മുഖ്യ പ്രചാരകരായി. തുടർന്ന് കുട്ടി, ശിവറാം, അബു, മലയാറ്റൂർ രാമക്യഷ്ണൻ, റ്റോംസ്, തോമസ്, ഒ വി വിജയൻ, സുകുമാർ, രാഘവൻ നായർ, കേരള വർമ്മ, മന്ത്രി, ശങ്കരൻകുട്ടി, എഎസ്സ് തുടങ്ങിയവർ മലയാള കാർട്ടൂൺ രംഗം ഏറ്റെടുത്തു.
തുടർന്ന് കാർട്ടൂണിസ്റ്റ് യേശുദാസന്റെയും ബി എം ഗഫൂറിേയും തലമുറയാണ് കാർട്ടൂണുകളുടെ വസന്തകാലത്തേയ്ക്ക് എത്തിച്ചത്. നാഥൻ, വേണു, സീരി, ജി സോമനാഥൻ, പി വി കൃഷ്ണൻ, തുടങ്ങിയവരും അവരോടൊപ്പം ഉണ്ടായിരുന്നു. 1970, 80 കാലത്ത് ഒട്ടേറെ കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ ഇവരുടെ നേത്യത്വത്തിൽ ഇറങ്ങിയത് കാർട്ടൂണിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കാരണമായി.
മലയാളിയായ കാർട്ടൂണിസ്റ്റ് ശങ്കർ സ്വന്തമായി 1948ൽ ഡൽഹിയിൽ നിന്ന് തുടങ്ങിയ ശങ്കേഴ്സ് വീക്ക്ലി അക്ഷരാർഥത്തിൽ കാർട്ടൂണിസ്റ്റുകളുടെ സർവകലാശാലയായി മാറുകയായിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യൻമാരായ ഒട്ടുമിക്ക പേരും പിൽക്കാലത്ത് പ്രശസ്ത കാർട്ടൂണിസ്റ്റുകളായി മാറിയതാണ് ചരിത്രം. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ പിന്നാലെ ഒട്ടേറെ കാർട്ടൂണിസ്റ്റുകൾ കേരളത്തിന് പുറത്തേയ്ക്ക് പോകുകയുണ്ടായി. അവരൊക്കെ തന്നെ ദേശിയതലത്തിൽ കാർട്ടൂൺ കലയെ ഉന്നതങ്ങളിലെത്തിച്ചു. ശങ്കറിന്റെ പിൻഗാമികളായി ദേശിയ തലത്തിൽ ശ്രദ്ധ നേടിയവർ ഒട്ടേറെ പേരുണ്ട്. സാമുവലും, കുട്ടിയും, കേരള വർമ്മയും, അബുവും, ഒ വി വിജയനും, ബി ജി വർമ്മയും, ഉമ്മനും, രവീന്ദ്രനും ഇക്കൂട്ടത്തിൽ പ്രധാനികളാണ്. കാർട്ടൂണിസ്റ്റ് യേശുദാസനും, ബി എം ഗഫൂറും കുറച്ച് നാൾ ശങ്കറിനൊപ്പം ശിഷ്യരായി ഡൽഹിയിൽ പ്രവർത്തിച്ചവരാണ്. ഇന്നും ദേശിയ കാർട്ടൂൺ രംഗത്തെ മലയാളികളുടെ മേൽക്കോയ്മ തുടരുകയാണ്.
അടിയന്തിരാവസ്ഥകാലത്താണ് ശങ്കേഴ്സ് വീക്ക്ലി നിർത്തുന്നത്. എന്നാൽ കേരളത്തിൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷം മലയാളത്തിൽ ശങ്കേഴ്സ് വീക്ക്ലിയുടെ ചുവട് പിടിച്ച് ഹാസ്യ മാസികകളുടെ എണ്ണത്തിൽ വർധനവുണ്ടായി. ആദിയും വിഷാദവും ഒഴിവാക്കാൻ ഹാസ്യത്തിന് കഴിയും. ജീവിത യാഥാർഥങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് മലയാളികൾക്ക് സമ്മാനിച്ച ഒട്ടേറെ ഹാസ്യമാസികകൾ നമുക്കുണ്ടായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ പലതും ഇന്ന് പ്രസിദ്ധീകരണം നിർത്തി. ദ്യശ്യമാധ്യമങ്ങളുടെ വരവ് അതിനൊരു കാരണമാണ്.
വിനോദഉപാധിയായി സിനിമയും ടെലിവിഷനും ജനങ്ങൾ സ്വീകരിച്ചു. ജനങ്ങൾക്ക് ഇഷ്ടമുള്ള തമാശകൾ മാത്രം നൽകുന്ന ഹാസ്യ പരിപാടികൾ ജനങ്ങളിലെ വായനാശീലം കുറയ്ക്കാൻ കാരണമായി. നമ്മളുടെ പ്രധാന ഹാസ്യമാസികളെ കുറിച്ച് ഓർക്കുന്നതും നന്നായിരിക്കും.
ഹാസ്യമാസികകൾ
കൊല്ലം പരവൂരിൽ നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകന് പിന്നാലെ ഒട്ടേറെ ഹാസ്യപ്രധാനമായ പ്രസിദ്ധീകരണങ്ങൾ മലയാളത്തിന് ലഭിച്ചു. കൊല്ലം തീരദേശത്ത് വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ച ചിരി എന്ന മാസിക എടുത്ത് പറയണം. തമാശ (1922), പാസാത് (1923), വികടൻ (1930), വിജയഭാനു (1933), പുഞ്ചിരി (1933), സഞ്ജയൻ (1936), വിശ്വരൂപം (1941), നാരദൻ (1941), സരസൻ (1944), നർമ്മദ (1947), വികടൻ (1948), യുവസരസൻ (1949), വികടകേസരി (1952), വിശ്വരൂപം (1953 മലയാറ്റൂർ രാമക്യഷ്ണൻ), വിനോദ ശബ്ദം, രസികൻ (1964), അസാധു (1973 യേശുദാസൻ), കട്ട് കട്ട്, ടക്ക് ടക്ക്, പാക്കനാർ (വെട്ടൂർ രാമൻ നായർ), നിറമാല (1975 ബി എം ഗഫൂർ), കാർട്ടൂൺ (1980), സാധു (1983 യേശുദാസൻ), ഹാസ്യകൈരളി (വെട്ടൂരിന്റെ പാക്കനാർ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ തന്നെ കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടർന്ന് കുങ്കുമം തുടങ്ങിയതാണ് ഹാസ്യ കൈരളി. അത് ഇന്നും പ്രസിദ്ധീകരിക്കുന്നുണ്ട്), പാര (സി ആർ ഓമനകുട്ടൻ), ചിരി വീണ്ടും ചിരി (1987 സുബ്ബയ്യാപ്പിള്ള), റ്റോംസ് കോമിക്സ് (റ്റോംസ് പബ്ലിക്കേഷൻസ്), മനോരമ കോമിക്സ് (മലയാള മനോരമ), മന്ത്രി, കാർട്ടൂൺ, ചിരിച്ചെപ്പ്, തമാശ (രചന കാർട്ടൂൺ ആൻറ് വിഷ്വൽ മീഡിയ), ദി വിറ്റ്നസ് ( മധു ഓമല്ലൂർ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്) തുടങ്ങിയവയാണ് കേരളത്തിൽ പിന്നീട് ഇറങ്ങിയ പ്രമുഖ ഹാസ്യ പ്രസിദ്ധീകരണങ്ങൾ. മാത്യഭൂമി പത്രം നർമ്മഭൂമി എന്ന പേരിൽ പത്രത്തോടൊപ്പം കുറച്ച് നാൾ കാർട്ടൂൺ ഹാസ്യ സപ്ലിമെ് ഇറക്കിയിരുന്നു.
മാധവൻ നായരുടെ സരസനും, ആർട്ടിസ്റ്റ് രാഘവൻ നായരുടെ നർമ്മതയും, യേശുദാസന്റെ അസാധുവും മലയാളത്തിൽ കാർട്ടൂണിസ്റ്റുകളെ വളർത്തുന്നതിന് പ്രധാന പങ്ക് വഹിച്ചിരുന്നത് വിസ്മരിക്കാൻ സാധിക്കില്ല. മറ്റ് പ്രസിദ്ധീകരണങ്ങളും കാർട്ടൂണിേയും കാർട്ടൂണിസ്റ്റുകളുടേയും വളർച്ചയിൽ വഹിച്ച പങ്ക് സ്മരണീയമാണ്. കേരളത്തിലെ ഹാസ്യപ്രസിദ്ധീകരണങ്ങളുടെ പഴയ ലക്കങ്ങൾ മറിച്ചു നോക്കുകയാണെങ്കിൽ ചരിത്രം വായിക്കുന്ന സുഖം ലഭിക്കും. ഓരോ കാർട്ടൂണും അക്കാലത്തെ പ്രധാന സംഭവമാണല്ലോ വിവരിക്കുന്നത്. രാഷ്ട്രീയം പോലെ തന്നെ സിനിമയും ഒരു കാലത്ത് ആക്ഷേപഹാസ്യത്തിേയും കാർട്ടൂണുകളുടേയും പ്രധാന വിഷയമായിരുന്നു. സിനിമാ ഹാസ്യ മാസികയായ കട്ട് കട്ടും, ടക്ക് ടക്കും അതിന്റെ തെളിവുകളായി നമുക്ക്
മുന്നിലുണ്ട്.
മലയാളി മറന്നു പോയവർ
മലയാള കാർട്ടൂൺ ചരിത്രത്തിൽ ഇന്നുവരെ പരാമർശിക്കപ്പെടാതെ പോയ ഒരു അനുഗ്രഹീത കാർട്ടൂണിസ്റ്റിനെ ഇവിടെ ഓർക്കുവാൻ അവസരം ലഭിച്ചിരിക്കുകയാണ്. അദ്ദേഹം ജയകുമാർ എന്ന പേരിലാണ് കാർട്ടൂണുകൾ വരച്ചിരുന്നത് എന്നതുകൊണ്ടാണ് ആരും അദ്ദേഹത്തെ തിരിച്ചറിയാതെ പോയത് എന്ന് വേണം കരുതാൻ. കൊല്ലം എസ്.എൻ. കോളേജിലെ അധ്യാപകനായിരുന്ന പി. കെ. രാമകൃഷ്ണൻ ബി.എസ്.സി. ആണ് 1950 – 1960 കാലങ്ങളിൽ ജയകുമാർ എന്ന തൂലികാനാമത്തിൽ കാർട്ടൂണുകൾ വരച്ചിരുന്നത്. അമിട്ട് മാസികയുടെ കവർ ചിത്രങ്ങളായും ജനയുഗം വാരിയുടെ താളുകളിലും അദ്ദേഹത്തിന്റെ ഒട്ടേറെ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കാർട്ടൂണിസ്റ്റ് ശങ്കറെ കുറിച്ച് പറയുന്ന പോലെ തന്നെ, അതേ കാലഘട്ടത്തിൽ പ്രവർത്തിച്ച കൊല്ലം സ്വദേശിയായ കാർട്ടൂണിസ്റ്റ് വാസുവും, പി. കെ. രാമകൃഷ്ണനെ പോലെ ഓർമ്മിക്കപ്പെടേണ്ടതുണ്ട്. ഇരുവരും കൊല്ലം ജില്ലക്കാരും, കാർട്ടൂൺ ചരിത്രങ്ങളിൽ ഇടം നേടാത്തവരുമാണ്. മദ്രാസിൽ ജീവിത മാർഗം തേടി എത്തിയ വാസുവിലെ കാർട്ടൂണിസ്റ്റിനെ കണ്ടെത്തിയത് അന്ന് ഇന്ത്യൻ എകസ്പ്രസ്സിൽ പത്രാധിപരായിരുന്ന പോത്തൻ ജോസഫായിരുന്നു. മദ്രാസിൽ നിന്ന് ദില്ലിയിലേയ്ക്ക് മുഹമ്മദാലി ജിന്നയുടെ ഡോൺ എന്ന പത്രത്തിന്റെ പത്രാധിപരായി പോത്തൻ ജോസഫ് എത്തിയപ്പോൾ വാസുവിനേയും കൂടെ കൂട്ടി. വാസു അങ്ങിനെ ഡൽഹിയിൽ ഡോണിന്റെ കാർട്ടൂണിസ്റ്റായി. ഡൽഹിയോട് വളരെ നേരത്തേ വിടപറഞ്ഞത് കൊണ്ട് വാസു ഇന്ത്യൻ കാർട്ടൂൺ രംഗത്ത് ശ്രദ്ധേയമായില്ല. പിന്നീട് മദ്രാസിലിരുന്നു കൊണ്ട് നാഷ്ണൽ ഹെറാൾഡ്, പൈനീർ, ശങ്കേഴ്സ് വീക്കിലി, ദി ഹിന്ദു തുടങ്ങി വിവിധ പത്രങ്ങളിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചു. 1972ൽ കാർട്ടൂൺ രംഗത്തു നിന്ന് അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു.
പത്രത്താളുകളിലെ സുവർണകാലം
1940 തുകളുടെ പകുതിയോടെ മലയാള പത്രങ്ങൾ കാർട്ടൂണുകൾ കൂടുതലായി പ്രസിദ്ധീകരിച്ചു തുടങ്ങി. കെ എസ് പിള്ളയായിരുന്നു അക്കാലത്തെ പ്രമുഖ ഹാസ്യ ചിത്രകാരൻ. കോട്ടയമായിരുന്നു മാധ്യമങ്ങളുടെ പ്രധാന കേന്ദ്രം. സ്വരാജ് മോട്ടോഴ്സ് എന്ന ട്രാൻസ്പോർട്ട് സ്ഥാപനം നടത്തിയിരുന്ന കെ എൻ ശങ്കുണ്ണിപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള ദേശബന്ധുവായിരുന്നു ഏറ്റവും കൂടുതൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നത്. രസകരമായ ഒരു കാര്യം, ശങ്കുണ്ണിപ്പിള്ളയ്ക്ക് ഒരു രാഷ്ട്രീയ നേതാവിനോട് ആശയ പരമായി വിരോധമുണ്ടെങ്കിൽ കെ എസ് പിള്ളയ്ക്ക് ആശയം നൽകി നേതാവിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വലിയ കാർട്ടൂണുകൾ വരപ്പിക്കുമായിരുന്നു. കെ എസ് പിള്ളയുടെ പല കാർട്ടൂണുകൾക്ക് പിന്നിലും കെ എൻ ശങ്കുണ്ണിപിള്ളയുടെ ആശയ സംഭാവനയുണ്ട്. കാർട്ടൂണിനെ അത്രകണ്ട് സ്നേഹിച്ച പത്രമുതലാളിയായിരുന്നു ശങ്കുണ്ണിപിള്ള.
1940 തുകളുടെ അവസാനം ദേശുബന്ധുവിന്റെ ഭാഗമായി മാറിയിരുന്നെങ്കിലും മറ്റ് പ്രസിദ്ധീകരണങ്ങളായ മലയാള മനോരമ, ദീപിക, കേരളഭൂഷണം എന്നീ പത്രങ്ങളിലും കാർട്ടൂണുകൾ വരച്ച് നൽകിയിരുന്നു. വ്യത്യസ്ഥ ആശയമുള്ള പത്രങ്ങളാണ്
ദേശബന്ധുവും മലയാള മനോരമയും എന്നത് ശ്രദ്ദേയമാണ്. രണ്ട് പത്രങ്ങളിലും ഒരേ ദിവസം ഒരേ വിഷയത്തിൽ വ്യത്യസ്ഥ വീക്ഷണവുമായി കാർട്ടൂൺ വരച്ച ചരിത്രവും കെ എസ് പിള്ളയ്ക്കുണ്ട്.
മലബാറിൽ 1950 തുകളിലാണ് പത്രങ്ങളിൽ കാർട്ടൂൺ കൂടുതൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മാതൃഭൂമിയിൽ മുരളീധരൻ എന്ന വ്യക്തിയായിരുന്നു ആദ്യം രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചിരുന്നത്. പിന്നീട് തൃശ്ശൂർ എക്സ്പ്രസ്സിൽ സാമൂഹ്യ കാർട്ടൂണുകൾ വരച്ചിരുന്ന ശിവറാം മാതൃഭൂമിയിലെത്തി. മാതൃഭൂമിയിൽ ശിവറാമിന്റെ രാഷ്ട്രീയ കാർട്ടൂണുകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. കാർട്ടൂണിസ്റ്റ് തോമസ്, കേരളവർമ്മ, തുടങ്ങിയവർ ശിവറാമിന് പിന്നാലെ കാർട്ടൂൺ രചനകളുമായി രംഗത്ത് എത്തി. ഒ വി വിജയന്റെ രാഷ്ട്രീയ കാർട്ടൂണുകൾ മാതൃഭൂമിയിലാണ് ആദ്യം പ്രസിദ്ധീകരിച്ച് തുടങ്ങിയത്. അദ്ദേഹം ദേശിയ അന്തർ ദേശിയതലത്തിലും
പ്രശസ്തമായപ്പോഴും മാതൃഭൂമിയിൽ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചിരുന്നു. മലയാറ്റൂർ രാമകൃഷ്ണനും, എം ഭാസ്ക്കരനും, എ എസ്സും മാതൃഭൂമിയുടെ താളുകളിൽ എത്രയോ കാർട്ടൂണുകൾ വരച്ചിരിക്കുന്നു.
കേരള ചരിത്രത്തിൽ മലയാള കാർട്ടൂൺ ഒട്ടേറെ പ്രധാന രാഷ്ട്രീയ മുഹൂർത്തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ട മൂന്ന് മുഹൂർത്തങ്ങളാണ് ഇവിടെ പരിഗണിക്കുന്നത്. വിമോചന സമരം, അടിയന്തിരാവസ്ഥ, 2018ലെ പ്രളയം. വിമോചന സമരം, 1959ൽ മന്ത്രിസഭയുടെ പുറത്താക്കൽ തുടങ്ങിയ സംഭവ വികാസങ്ങൾ കാർട്ടൂണുകളിലും പ്രതിഫലിച്ചു. ദേശബന്ധുവും, ദീപികയും, മലയാള മനോരമയും എല്ലാം ഇക്കാലത്തെ കാർട്ടൂൺ യുദ്ധത്തിന്റെ ഭാഗമായിരുന്നു. കെ എസ് പിള്ള സർക്കാരിനെ വിമർശിക്കുന്ന കാർട്ടൂണുകൾ എല്ലാ പത്രങ്ങളിലും വരച്ച് നൽകി. കാർട്ടൂണിസ്റ്റ് യേശുദാസനെ കൊണ്ട് കാർട്ടൂണുകൾ വരപ്പിച്ച് ജനയുഗം പ്രതിരോധിച്ചു. യേശുദാസന്റെ കിട്ടുമ്മാവൻ എന്ന ബോക്സ് കാർട്ടൂൺ വിമോചന സമര കാലത്താണ് തുടക്കം കുറിച്ചത്. വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായും രൂക്ഷമായും വിമർശിച്ചായിരുന്നു കിട്ടുമ്മാവന്റെ തുടക്കം.
അടിയന്തരാവസ്ഥയായിരുന്നു കാർട്ടൂണിസ്റ്റുകളുടെ മറ്റൊരു നിർണ്ണായക ഘട്ടം. അടിയന്തരാവസ്ഥ കാലത്ത് കാർട്ടൂണിസ്റ്റുകൾ പലരും രാഷ്ട്രീയ കാർട്ടൂണുകൾ ഉപേക്ഷിച്ച് സാമൂഹ്യ കാർട്ടൂണുകൾ മാത്രം വരയ്ക്കാൻ തുടങ്ങി. ബി എം ഗഫൂർ മാതൃഭൂമിയിൽ സാമൂഹ്യ കാർട്ടൂണുകളുമായി രംഗപ്രവേശം ചെയ്തത് ഈ കാലത്താണ്. പിന്നീട് ബി എം ഗഫൂറിന്റെ ശക്തമായ വരകളുടേയും നർമ്മത്തിേയും രുചി മാതൃഭൂമി വായനക്കാർക്ക് ലഭിക്കുകയുണ്ടായി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച് ബി എം ഗഫൂർ ലളിതമായ ശൈലിയിലൂടെ വളരെ കാലം മാതൃഭൂമിയിൽ തുടർന്നു. അദ്ദേഹം ആരംഭിച്ച കുഞ്ഞമ്മാൻ എന്ന പോക്കറ്റ് കാർട്ടൂൺ ഏറ്റവും കൂടുതൽ വായനക്കാരുണ്ടായ പംക്തിയാണ്. അടിയന്തിരാവസ്ഥകാലത്ത് കാർട്ടൂൺ വരപ്പ് ഉപേക്ഷിച്ച രണ്ട് പ്രമുഖ കാർട്ടൂണിസ്റ്റുകളുണ്ട്. ആർ കെ ലക്ഷ്മണനും, ഒ വി വിജയനും. മിക്ക കാർട്ടൂണിസ്റ്റുകളും വരകളിൽ, വിമർശനങ്ങളിൽ മിതത്വം പാലിച്ചു.
2018 ൽ കേരളത്തെ വിറപ്പിച്ച പ്രളയം കാർട്ടൂണിസ്റ്റുകൾക്കും നിർണ്ണായകമായിരുന്നു. പ്രളയകാലത്ത് കാർട്ടൂണിസ്റ്റുകൾ കാർട്ടൂൺ വരച്ചു. അത് ചിരിപ്പിക്കുന്ന കാർട്ടൂണുകളായിരുന്നില്ല. ചിന്തിപ്പിക്കുന്ന, തെറ്റുകളെ ഓർമ്മപ്പെടുത്തുന്ന, നൻമയുടെ ചൂണ്ട് വിരലുകളായിരുന്നു കാർട്ടൂണുകൾ. പ്രളയാനന്തരം നവകേരളം സൃഷ്ടിക്കാൻ കേരളം ഒരുങ്ങിയപ്പോഴും കാർട്ടൂണിസ്റ്റുകൾ കാർട്ടൂണുകൾ വരച്ചു. പ്രളയത്തിനുശേഷം ലോകത്തെ ഞെട്ടിച്ച മഹാമാരി ആയിരുന്നു കോവിഡ്. കൊറോണ വൈറസ് ലോകമാകമാനം താണ്ഡവ നൃത്തം ആടിയപ്പോൾ കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും കൊറോണ ബോധവൽക്കരണ കാർട്ടൂണുകൾ വരയ്ക്കുകയുണ്ടായി. ജനങ്ങളിലേക്ക് വളരെ വേഗത്തിൽ ആശയങ്ങൾ സംവാദം ചെയ്യുവാനായി കാർട്ടൂണുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആയിരുന്നു കാർട്ടൂൺ മതിലുകൾ. കോവിഡിന്റെ കാലത്ത് കേരളത്തിൽ ശക്തമായ സാംസ്കാരിക പ്രവർത്തനം നടത്തിയത് കേരള കാർട്ടൂൺ അക്കാദമിയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലയിലും കാർട്ടൂൺ മതിലുകൾ കേരള സാമൂഹ്യ സുരക്ഷാമിഷനുമായി ചേർന്ന് അവർ തീർത്തു.
മാതൃഭാഷയായ മലയാളത്തിൽ നിന്ന് ദേശിയതലത്തിൽ പ്രശസ്തരായവർ പലരുണ്ട്. പക്ഷെ ഇന്ത്യയിൽ തന്നെ മറ്റൊരു ദേശത്ത്, മറ്റൊരു ഭാഷയിൽ കാർട്ടൂൺ വരച്ച് ആധിപത്യം സ്ഥാപിക്കുക എന്നത് ചെറിയ കാര്യമല്ല. 1951ൽ ആനന്ദബസാർ പത്രികാഗ്രൂപ്പിലെ പ്രസിദ്ധീകരണങ്ങളിൽ ബംഗാളി ഭാഷയിൽ കാർട്ടൂണുകൾ വരച്ചു തുടങ്ങിയ ഒറ്റപ്പാലത്തുകാരൻ കാർട്ടൂണിസ്റ്റ് കുട്ടി വർഷങ്ങളോളം അത് തുടർന്നു. പിന്നീട് ബംഗാളിലെ പല പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം കാർട്ടൂണുകൾ വരച്ചിരുന്നു. ബംഗാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും ജനപ്രീയ കാർട്ടൂണിസ്റ്റായിരുന്നു കുട്ടി. രസകരമായ ഒരു കാര്യം എന്തെന്നാൽ കുട്ടിക്ക് ബംഗാളി ഭാഷ അറിയുമായിരുന്നില്ല എന്നതാണ്. സമാനമായി തമിഴ്നാട്ടിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ പട്ടികയിൽ ഒന്നാം നിരയിൽ കോട്ടയം സ്വദേശി ഇ പി പീറ്ററുണ്ട്. തമിഴ് പത്രങ്ങളിൽ വർഷങ്ങളോളം പീറ്ററുടെ രാഷ്ട്രീയ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നു. പീറ്റർക്ക് നന്നായി തമിഴ് ഭാഷ വഴങ്ങുമായിരുന്നു എന്നത് കൂടുതൽ ഗുണകരമായിരുന്നു.
ആദ്യകാലങ്ങളിൽ ബ്രഷും മഷിയും ഉപയോഗിച്ചായിരുന്നു കാർട്ടൂണുകൾ വരച്ചിരുന്നത്. അത് പിന്നീട് കാലിയോഗ്രാഫി പേനയിലേക്കും മറ്റ് വിവിധ തരം പേനകളിലേക്കും വഴിമാറി. പിന്നീട് വന്ന തലമുറ പലതരത്തിലുള്ള സ്കെച്ച് പേനകളുടെ സാധ്യതകൾ പരീക്ഷിച്ചു. ടാബുകളുടെ വരവോടെ കാർട്ടൂണുകൾ വരയ്ക്കാൻ പേപ്പറും പേനയും വേണ്ടെന്ന നിലയായി. ഏത് തരത്തിലുള്ള ബ്രഷും, പേനയും കംമ്പ്യൂട്ടറിൽ തിരഞ്ഞെടുക്കാമെന്ന സ്ഥിതിയായി. ഫോട്ടോഷോപ്പ്, ഇല്ല്യൂസ്ട്രേറ്റർ സോഫ്റ്റ്വെയർ വരകളുടെ മിഴിവ് കൂട്ടി. ആദ്യം കംമ്പ്യൂട്ടറിൽ ഘടിപ്പിക്കുന്ന ടാബ്ലറ്റുകളാണ് വിപണിയിൽ ഉണ്ടായിരുന്നത്. പിന്നീട് ടാബ്ലറ്റ് മോണിറ്ററുകൾക്ക് അത് വഴിമാറി. ഇപ്പോൾ കൈയ്യിൽ കൊണ്ടു നടക്കുന്ന ടാബുകളും സ്റ്റെലസ് പേനകളും ഇറങ്ങിയതോടെ കാർട്ടൂണിസ്റ്റിന് ലോകത്തിന്റെ ഏത് മൂലയിലിരുന്നും വരയ്ക്കാവുന്ന സ്ഥിതി ഉണ്ടായി. ഇർനെറ്റ് കണക്ഷനും ഇതിൽ ലഭ്യമായതു കൊണ്ട്, വരയ്ക്കപ്പെടുന്ന ചിത്രം ഉടൻ തന്നെ ആർക്കും അയച്ചു കൊടുക്കുവാനും സാധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.
