ദുരന്തങ്ങൾ മുൻകൂട്ടിക്കാണാം, ചെറുക്കാം, അവസരമാക്കി മാറ്റാം
സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12

പ്രളയമുണ്ടായാലും ഉരുൾപൊട്ടലുണ്ടായാലും കടലാക്രമണമുണ്ടായാലും മഹാമാരി പടർന്നുപിടിച്ചാലും ദുരന്തം സംഭവിച്ചതിന് ശേഷം മാത്രം പ്രവർത്തിച്ചാൽ മതിയോ? ഏതൊരു ദുരന്ത കാലത്തും ഉയർന്നു കേൾക്കുന്ന ചോദ്യമാണിത്.
ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് അതിനെക്കുറിച്ച് പഠിക്കുന്നവരും, അപകടസാധ്യതകൾ തിരിച്ചറിയുന്നവരും, മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നവരും, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നവരും, ദുരന്താനന്തര പുനരധിവാസം വരെ ആസൂത്രണം ചെയ്യുന്നവരുമാണ് യഥാർഥ ദുരന്തനിവാരണ വിദഗ്ധർ.
ലോകം ഇന്ന് തേടുന്നത് ഇത്തരം പ്രൊഫഷണലുകളെയാണ് ഇത്തരം വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM) പ്രവർത്തിക്കുന്നത് ദുരന്ത നിവാരണ വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഐ.എൽ.ഡി.എം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദുരന്തനിവാരണം, ഭൂപരിപാലനം, നദീപരിപാലനം എന്നീ മേഖലകളിൽ ഗവേഷണത്തിന്റെയും പരിശീലനത്തിന്റെയും പ്രധാന കേന്ദ്രമാണ്. ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NIDM) പരിശീലന പങ്കാളിയായ ഈ സ്ഥാപനം ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർക്കും ഗവേഷകർക്കും പരിശീലനം നൽകി ശ്രദ്ധേയമായ സംഭാവനയാണ് നൽകിവരുന്നത്.
ഈ ദീർഘകാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തതും എ.ഐ.സി.ടി.ഇ അംഗീകാരം നേടിയതുമായ എംബിഎ ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന വ്യത്യസ്തമായ മാനേജ്മെന്റ് കോഴ്സ് ഐ.എൽ.ഡി.എം ആരംഭിച്ചത്.
ക്ലാസ് മുറികൾക്കപ്പുറത്തേക്കുള്ള പഠനം
ഈ കോഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത, പഠനം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. കേരളത്തിലെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ദുരന്തത്തിന്റെ ആഘാതവും പുനരധിവാസ പ്രവർത്തനങ്ങളും വിദ്യാർഥികൾ നേരിട്ട് പഠിച്ചു. ലക്ഷദ്വീപിൽ, ദ്വീപ് സമൂഹങ്ങളുടെ ദുരന്തസാധ്യതകളും ദുരന്തനിവാരണ പദ്ധതികളും വിലയിരുത്തി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടത്തിയ പഠനയാത്രകളിലൂടെ അവിടങ്ങളിലെ ദുരന്തസന്നദ്ധതാ സംവിധാനങ്ങൾ പരിചയപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നായ പ്രയാഗ് രാജ് മഹാകുംഭമേളയിൽ ജനക്കൂട്ട നിയന്ത്രണവും ദുരന്തനിവാരണ സംവിധാനങ്ങളും നേരിട്ട് മനസ്സിലാക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു.
ഇതിന് പുറമെ, അടുത്തിടെ സംഘടിപ്പിച്ച ശ്രീലങ്ക അന്തർദേശീയ അക്കാദമിക് എക്സ്പോഷർ പരിപാടി ഈ കോഴ്സിന്റെ മറ്റൊരു പ്രധാന നേട്ടമായി മാറി. ഈ സന്ദർശനത്തിൽ വിദ്യാർത്ഥികൾക്ക് ലോകാരോഗ്യ സംഘടന (WHO), വിവിധ ഐക്യരാഷ്ട്രസഭാ ഏജൻസികൾ, ശ്രീലങ്കൻ സർക്കാർ സ്ഥാപനങ്ങൾ, ഹ്യൂമാനിറ്റേറിയൻ സംഘടനകൾ എന്നിവയുമായി നേരിട്ട് സംവദിക്കാനും അന്തർദേശീയ തലത്തിലെ ദുരന്തനിവാരണ സംവിധാനങ്ങൾ പഠിക്കാനും അവസരം ലഭിച്ചു. ഭാവിയിലെ ഇന്റേൺഷിപ്പുകൾക്കും അക്കാദമിക് സഹകരണങ്ങൾക്കും പുതിയ സാധ്യതകൾക്കും ഈ സന്ദർശനം വഴിതുറന്നു.
ഈ ഫീൽഡ് പഠനങ്ങൾ സന്ദർശനങ്ങളിൽ അവസാനിക്കുന്നില്ല. വിദ്യാർഥികൾ തയ്യാറാക്കുന്ന പഠനറിപ്പോർട്ടുകൾ ഐഎസ്ബിഎൻ നമ്പറോടുകൂടി പ്രസിദ്ധീകരിച്ച് സർക്കാർ വകുപ്പുകൾക്ക് സമർപ്പിക്കുന്നതിലൂടെ, പഠനഫലങ്ങൾ നയരൂപീകരണത്തിനും ദുരന്തനിവാരണ ആസൂത്രണത്തിനും പ്രയോജനപ്പെടുന്നു.
ആധുനിക പഠനരീതിയും
മികച്ച സൗകര്യങ്ങളും
ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ഹ്യൂമാനിറ്റേറിയൻ ലോജിസ്റ്റിക്സ്, ജി.ഐ.എസ്., പൊതുജനാരോഗ്യം, എമർജൻസി മാനേജ്മെന്റ് തുടങ്ങിയ സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.
സ്മാർട്ട് ക്ലാസ് മുറികൾ, ജി.ഐ.എസ്. ലാബുകൾ, അത്യാധുനിക കമ്പ്യൂട്ടർ ലാബുകൾ, സമ്പന്നമായ ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, ഹൈസ്പീഡ് വൈ-ഫൈ, ഹോസ്റ്റൽ സൗകര്യം, കോൺഫറൻസ് ഹാളുകൾ, വിദ്യാർത്ഥി കൗൺസലിംഗ്, യോഗ-മെഡിറ്റേഷൻ സെന്റർ തുടങ്ങിയ മികച്ച പഠനാന്തരീക്ഷവും ഐ.എൽ.ഡി.എം ഒരുക്കിയിട്ടുണ്ട്.
തൊഴിലവസരങ്ങളുടെ
പുതിയ ലോകം
സർക്കാർ വകുപ്പുകൾക്ക് പുറമെ ഐക്യരാഷ്ട്രസഭാ ഏജൻസികൾ, അന്തർദേശീയ വികസന സംഘടനകൾ, സന്നദ്ധ സംഘടനകൾ, കോർപ്പറേറ്റ് സസ്റ്റെയിനബിലിറ്റി വിഭാഗങ്ങൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, കാലാവസ്ഥാ വ്യതിയാന പദ്ധതികൾ തുടങ്ങി നിരവധി മേഖലകളിൽ ദുരന്തനിവാരണ വിദഗ്ധർക്കുള്ള ആവശ്യകത വർധിച്ചുവരികയാണ്.
പ്രവേശനം ആരംഭിച്ചു
2026-27 അധ്യയന വർഷത്തേക്കുള്ള MBA in Disaster Management കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും CAT / CMAT / KMAT എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സാധുവായ സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം.
ഇത് ഒരു സാധാരണ എം.ബി.എ മാത്രമല്ല. സമൂഹത്തിന്റെ സുരക്ഷയ്ക്കും ഭാവിയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന ഒരു പഠനയാത്രയാണ്.
