പുതുവഴികളിൽ പുസ്തകലോകം

സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12

vayana1

 

 

 

 

 

ജൂൺ 19ന് മറ്റൊരു വായനാദിനം കൂടി കടന്നുപോകുമ്പോൾ വായനയേയും പുസ്തകങ്ങളേയും കുറിച്ച് ഗൗരവമായ ചർച്ചകൾ സജീവമാകുകയാണ്. പുതിയ കാലം പുതിയ വായന ആവശ്യപ്പെടുന്നുണ്ട്.

പുതിയകാല ജീവിത വേഗതയ്ക്കൊപ്പം കുതിക്കുമോ അതോ കിതച്ചുവീഴുമോ പുസ്തകങ്ങൾ എന്ന ചിന്ത ഏറെക്കാലം ചൂടുപിടിച്ചിരുന്നു. എന്നാൽ അത്തരം ആശങ്കകളെ അസ്ഥാനത്താക്കി സാങ്കേതിക വിദ്യയുടെ വികാസത്തിലും വായന തളിരിടുന്നതായാണ് അനുഭവം
വായനയ്ക്ക് പുതിയ മാധ്യമങ്ങൾ വരുന്നു, പുതിയ രൂപങ്ങൾ കൈവരുന്നു. വായനയുടെ ആഴവും പരപ്പും വർധിക്കുന്നു. വിരൽത്തുമ്പിൽ ഒരായിരം പുസ്തകങ്ങൾ ഓരോ നിമിഷവും ഒപ്പമുണ്ടാകുന്നു. ഒരു മനുഷ്യനും ഒരു നിമിഷവും തനിച്ചാവാതെ പുസ്തകങ്ങൾ കൂട്ടിരിക്കുന്ന പുത്തൻ അനുഭവങ്ങൾക്കാണ് കാലം സാക്ഷിയാകുന്നത്.

വായന മരിക്കുകയല്ല, പുതുവഴികളിൽ പുതുമയോടെ പൂത്തുതളിർക്കുകയാണെന്ന് എഴുത്തുകാരും സാക്ഷ്യം പറയുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ വായനാമാസാചരണം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ എഴുത്തുകാരുടെ ചില വായനാ നിരീക്ഷണങ്ങൾ…

പുസ്തകങ്ങൾ നിലനിൽക്കും
വായനയും
പി വി ഷാജികുമാർvayana2
സാങ്കേതികതയിൽ ഊന്നിനിന്നുകൊണ്ടുള്ള പരിണാമങ്ങൾ വായനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. പണ്ടൊക്കെ പുസ്തകങ്ങൾ വാങ്ങി വായിക്കുക, അല്ലെങ്കിൽ ലൈബ്രറികളിൽ നിന്നും എടുത്തു വായിക്കുക, അതുമല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും വാങ്ങി വായിക്കുക എന്നുള്ളതായിരുന്നു വായനയുടെ രീതി. അതായത് പുസ്തകങ്ങൾ തുറന്നു വായിക്കുക എന്ന വായനാരീതി. അതിപ്പോൾ വളരെയധികം മാറിയിരിക്കുന്നു. പുസ്തകങ്ങൾ ഇല്ലാതെ തന്നെ വായിക്കാനാകുന്ന ഇ-ബുക്കുകൾ വന്നു. ഓഡിയോ ബുക്കുകൾ വന്നു. അതിന്റെ ഒരു സുഖം എന്നു പറയുന്നത് നമുക്ക് ആയിരം ബുക്കുകൾ ഒന്നിച്ച് നമ്മുടെ ഐ-പാഡുകളിൽ അല്ലെങ്കിൽ മൊബൈലുകളിൽ കൂടെക്കൊണ്ടുനടക്കാനാകുന്നു എന്നതാണ്. വായനയുടെ ഒരു പോസിറ്റീവ് മാറ്റമായിട്ടാണ് ഞാനതിനെ കാണുന്നത്. ഇപ്പോൾ ആളുകൾ നടക്കാനിറങ്ങുമ്പോൾ ഒരു ഓഡിയോ ബുക്ക് ഹെഡ്സെറ്റിൽ പ്ലേ ചെയ്യുന്നു. അല്ലെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ കഥകളും കവിതകളും കേൾക്കുന്നു. ഇത് വളരെ ഇമോഷണൽ ആയി കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നു. ഇങ്ങനെയുള്ള ഒരുപാട് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വന്നു.
സമൂഹം സാങ്കേതികവിദ്യയെ വലിയ അളവിൽ ആശ്രയിക്കുന്നു. അതിനനുസരിച്ച് വായനയുടെ രീതി പുതുക്കപ്പെടുന്നത് വായനയെ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോകും എന്നുതന്നെയാണ് എന്റെ അഭിപ്രായം. അനിമേഷൻ, അല്ലെങ്കിൽ എഐയുടെ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വരുംകാലത്തിൽ ഇത്തരത്തിൽ എഐയുടെ സഹായത്തോടെ വായനയിൽ ഒരു വമ്പൻ മാറ്റം ഉണ്ടാകാവുന്നതാണ്. എന്നാൽ അത് പുസ്തകങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയില്ല.
ജീവിതത്തെ കുറച്ചുകൂടി വിശാലമായി നോക്കിക്കാണാനും പലതരം അനുഭവങ്ങളിലൂടെ മനുഷ്യനെ അടുത്തറിയാനും സഹായിക്കുന്ന ഉപാധി എന്ന നിലയിൽ വായന എന്നും ഇവിടെ നിലനിൽക്കും എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

 

 

 

 

 

 

 

 

 

 

 

 

പുതിയ കാലം, പുതിയ വായന
വി ഷിനിലാൽ
vayana3സാങ്കേതികവിദ്യ വികസിച്ചതിനനുസരിച്ച് വായനയുടെ രീതികളിലും മാറ്റമുണ്ടായി. താളിയോലയിൽ നിന്നും കടലാസിലേക്കെത്താൻ നൂറ്റാണ്ടുകൾ എടുത്തു. എന്നാൽ ഡിജിറ്റൽ യുഗം മാറ്റത്തിന്റെ വേഗതയ്ക്ക് നിയന്ത്രണമില്ലാതാക്കി.
ഡിജിറ്റൽ യുഗത്തിന്റെ വരവോടെ വായനയുടെ സ്വഭാവത്തിലും രീതികളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അച്ചടി പുസ്തകങ്ങൾക്കൊപ്പം ഇ-ബുക്കുകൾ, ഓൺലൈൻ ലേഖനങ്ങൾ, ബ്ലോഗുകൾ, ഓഡിയോ ബുക്കുകൾ എന്നിവയും ഇന്ന് വായനയുടെ ഭാഗമായിരിക്കുന്നു. വ്യക്തിപരമായി ഇതെല്ലാം ഉപയോഗപ്പെടുത്തുന്ന ആളാണ് ഞാൻ.
വിവരങ്ങളുടെ അമിതലഭ്യത പുതിയ തലമുറയ്ക്ക് അറിവിന്റെ വിശാല ലോകം തുറന്നുകൊടുക്കുന്നു. ഒപ്പം ആഴത്തിലുള്ള വായനയും വിമർശനാത്മക ചിന്തയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. പുതിയകാല വായന വെറും വിവരശേഖരണമല്ല; വിവിധ കാഴ്ചപ്പാടുകളെ മനസ്സിലാക്കാനും സൃഷ്ടിപരമായ ചിന്ത വളർത്താനുമുള്ള ഒരു പ്രക്രിയ കൂടിയാണ്.
അതിനാൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഗുണമേന്മയുള്ള വായനാശീലം വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രധാന വെല്ലുവിളിയും ആവശ്യകതയുമാണ്.
വായന സാമൂഹിക
അനുഭവം കൂടിയാകുന്നു
ഷാഹിന ഇ കെ
vayana4അക്ഷരങ്ങളെ, തൊട്ട്, മണത്ത്, കണ്ട്, വായിക്കുന്നതിന്റെ ജൈവികതയിൽ നിന്നും മാറുവാൻ മടിയുള്ളത് കാരണം വായനയുടെ ആധുനിക സംവിധാനങ്ങൾ ആയ ഓഡിയോ ബുക്സ്, ഇ-ബുക്സ് പോലുള്ളവ എന്റെ വായനയിൽ അത്ര സജീവമല്ല. അതേസമയം അപ്രാപ്യമായ പല പല പുസ്തകങ്ങളും ചുരുങ്ങിയ ചെലവിൽ കൈയിൽ എത്തിച്ചിട്ടുണ്ട് ഇ-ബുക്ക് സംവിധാനവും കിൻഡിലും ഒക്കെ.
കൈയിൽ കിട്ടുന്നതെല്ലാം വായിച്ചിരുന്ന, സമയം ധാരാളവും പുസ്തകങ്ങൾ കുറവുമായിരുന്ന കാലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വായനാ ശൈലി, സമയം കുറവും പുസ്തകങ്ങളുടെ ബാഹുല്യവും ഉള്ള പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്.
റിവ്യൂ കണ്ടോ ബെസ്റ്റ് സെല്ലർ പദവി കണ്ടോ പുസ്തകങ്ങൾ വായിക്കുന്ന പതിവ് പണ്ടും ഇപ്പോഴുമില്ല. ആഗ്രഹിക്കുന്ന പുസ്തകങ്ങൾ തേടിത്തിരഞ്ഞു വായിക്കാറുമുണ്ട്.
നന്നായി വായിക്കുന്ന, എഴുത്തുകാരും അല്ലാത്തവരും ആയ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ വായനയിൽ ചേർക്കാറുണ്ട്. സാമൂഹിക മാധ്യമങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, ഇവയും ശ്രദ്ധിക്കാറുണ്ട്. അവയെല്ലാം വായനയെ ഒരേകാന്ത പ്രവർത്തനത്തിൽ നിന്നും വായിച്ചവ ചർച്ച ചെയ്യുകയും പങ്കുവെക്കുകയും ചെയ്യുന്ന ഒരു സാമൂഹിക അനുഭവമായിക്കൂടി മാറ്റിക്കൊണ്ടിരിക്കുമ്പോൾ വായന കൂടുതൽ ജനാധിപത്യപരമായി മാറുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

vayana6

 

 

 

 

പൊതുവിൽ വായനയുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പലരും ദീർഘനേരം ഒരേയൊരു പുസ്തകത്തിൽ മുഴുകിയിരുന്ന വായനാശീലത്തിന് പകരം, പല സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ വേഗത്തിൽ വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന രീതിയെ ആശ്രയിക്കുന്നത് കൂടുതലാകുന്നുവെന്ന് കാണാം. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ ചെറു കുറിപ്പുകൾ, അനുഭവമെഴുത്ത്, സംഗ്രഹങ്ങൾ എന്നിവയ്ക്കും വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. വായിക്കാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ഓഡിയോ ബുക്കുകൾ പുതിയൊരു സാധ്യത തുറന്നുകൊടുത്തിട്ടുണ്ട്.

യുവ തലമുറയുടെ പുസ്തകങ്ങൾ എന്ന പേരിൽ ഒരു വിപുലമായ വിപണി തന്നെ സമീപകാലത്ത് സൃഷ്ടിക്കപെടുകയും, വിപുലമായ രീതിയിൽ മാർക്കറ്റ് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

പുസ്തകങ്ങൾ ധാരാളമായി വാങ്ങുകയും സമ്മാനങ്ങൾ ആയി നൽകപ്പെടുകയുമൊക്കെ ചെയ്യുന്ന സംസ്‌കാരവും ഇതിന്റെ ഭാഗമായി കൂടുതൽ പ്രചാരം നേടിയിരുന്നു. റാക്കുകളിൽ നിന്ന് റീലുകളിലേക്കും സ്റ്റാറ്റസുകളിലേക്കും പടർന്ന് പുസ്തകങ്ങൾ കൂടുതൽ ദൃശ്യമായിട്ടുണ്ട്. ഒപ്പം പുസ്തകത്താളുകളിൽ നിന്ന് സാഹിത്യോത്സവങ്ങളിലൂടെ എഴുത്തുകാരും വായനക്കാരും കൂടുതൽ കണക്ടഡ് ആയിട്ടുമുണ്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും ഒക്കെ അനാവശ്യ വിവരങ്ങൾ മനുഷ്യരുടെ തലച്ചോറിൽ നിറയ്ക്കുമ്പോളും പുസ്തകങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നവർ ആ ഇടം നഷ്ടമാവാതെ കാക്കുന്നുണ്ട്.
എഴുത്തിലെ കപടനാട്യങ്ങൾക്ക്
ഇനി സ്ഥാനമില്ല
കബനി സി
വിവർത്തക, ഡെപ്യൂട്ടി കളക്ടർ
കഴിഞ്ഞ വർഷം ഒരു ഡൽഹി യാത്രക്കിടയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകക്കടകളിലൊന്നായ കുൻസുമിലേക്കു പോകുന്നത്. നിരവധി നിലകളുള്ള ആ കെട്ടിടത്തിൽ ഓരോ പ്രധാന പ്രസാധകനും പുസ്തകങ്ങൾ നിരത്താനായി വിശാലമായ ഇടങ്ങളുണ്ട്. വരുന്നവർക്ക് വായിക്കാനും ഇരിക്കാനും സംസാരിക്കാനും സൗകര്യമുണ്ട്. പുസ്തകം വാങ്ങിയാൽ കിട്ടുന്ന കൂപ്പണുപയോഗിച്ചാൽ സൗജന്യമായി കാപ്പി കിട്ടും. അതും മൊത്തിക്കൊണ്ട് നിങ്ങൾക്കിഷ്ടമുള്ളത്രയും നേരം അവിടെയിരിക്കാം. ഇത്തരം നിരവധി പുസ്തകശാലകൾ ലോകമെമ്പാടുമുണ്ട്. അവയുടെ എണ്ണം, പ്രത്യേകിച്ചും കോവിഡിനു ശേഷം, കൂടിയിട്ടുമുണ്ട്. പുസ്തകവ്യവസായം വളരുക തന്നെയാണ്. ലോകമൊട്ടാകെ അതിന്റെ വളർച്ച 8 മുതൽ 9 ശതമാനം വരെയാണ്. ഇങ്ങനെ സംഭവിച്ചത് വായന കൂടിയതു കൊണ്ടൊന്നുമല്ല. എല്ലാക്കാലത്തും ന്യൂനപക്ഷത്തിന്റെ ഇഷ്ടമാണ് വായന. വായിക്കാനുള്ള പുസ്തകങ്ങൾക്കുള്ള സാമ്പത്തികശേഷിയില്ലാത്തവർ, അതിനുവേണ്ടി സമയം നീക്കിവെക്കാൻ കഴിയാത്തവർ-അങ്ങിനെയുള്ളവർക്കും ഇന്നു വായനയും പുസ്തകവും പ്രാപ്യമായി എന്നതാണ് ഇത്തരത്തിലുള്ള പുസ്തകവളർച്ചയ്ക്കു കാരണം. മുമ്പു വായനശാലകളിൽ പോയി പുസ്തകമെടുത്തു വായിച്ചിരുന്നവർ ഇന്ന് പുസ്തകം വാങ്ങി വായിക്കാനുള്ള അവസ്ഥയിലെത്തിയിട്ടുണ്ട്. സ്വാഭാവികമായും വായനയും പുസ്തകവും വളരും.vayana5

തൊണ്ണൂറുകളിൽ എല്ലാവരും കരുതിയിരുന്നത് അച്ചടിപ്പുസ്തകങ്ങൾക്കു പകരം ഇ-ബുക്കുകൾ വ്യാപകമായി പ്രചരിക്കുമെന്നാണ്. എന്നാൽ ഒരു സാങ്കേതികവിദ്യ എന്ന നിലയിൽ അതു പരാജയപ്പെടുകയാണുണ്ടായത്. അതുപോലെത്തന്നെയാണ് ഇപ്പോൾ പുസ്തക വിപണിയുടെ നാലോ അഞ്ചോ ശതമാനമുള്ള ഓഡിയോ ബുക്കുകളും. അവകാശികൾക്കും കയറിനും വരെ ഓഡിയോ പതിപ്പുകളിറങ്ങിയിട്ടുണ്ടെങ്കിലും വായനയുടെ സംസ്‌ക്കാരമുള്ള, പ്രീ ഇൻഫോംഡ് ആയിട്ടുള്ള പഴയ വായനക്കാർ തന്നെയാണ് ഇവിടെയും പ്രധാന ഗുണഭോക്താക്കൾ. പുതിയ തലമുറ ഇ-പുസ്തകങ്ങളോ ഓഡിയോ പുസ്തകങ്ങളോ സ്വീകരിച്ചില്ല. കിൻഡിൽ തുടങ്ങിയ ഇ-ബുക്ക് സങ്കേതങ്ങൾ ഒരു കൗതുകമെന്നതിലപ്പുറം വികസിച്ചതുമില്ല.

പണ്ടത്തെ പോലെ ഇന്ന് ജീവിതവും എഴുത്തും വെവ്വേറെ മാറ്റിനിർത്താനാകില്ല. അങ്ങനെ അതിർവരമ്പുകളിട്ട എഴുത്ത് അതിജീവിക്കില്ല. എഴുത്തുകാർ അജ്ഞാതലോകത്തിരുന്ന് എഴുതുന്ന രീതി അവസാനിച്ചു കഴിഞ്ഞു. ഒരാൾ ഏത് അറിയാതീരത്തിരുന്നുപോലും ഒരു പുസ്തകമെഴുതിക്കഴിഞ്ഞാൽ അയാളെക്കുറിച്ച് എല്ലാമറിയാനാകും. പുതിയ തലമുറയെ ഒരു തരത്തിലും കബളിപ്പിക്കാനാകില്ല. പുതുതലമുറയെ കുറിച്ചുള്ള മുൻധാരണകൾ വെച്ചെഴുതുന്ന പുസ്തകങ്ങൾ സ്വീകരിക്കപ്പെടാറുമില്ല. പുതിയ തലമുറയ്ക്ക് പുതിയ തരം എഴുത്താണു വേണ്ടത്. അതിനു പൂർണ്ണമായ ആത്മാർഥതയും സത്യസന്ധതയും സമഗ്രതയും എഴുത്തിൽ വേണം. പുതിയ തലമുറയ്ക്കു വേണ്ടത് നൊസ്റ്റാൾജിയയല്ല, ഭാവിയെ കുറിച്ചുള്ള കാര്യങ്ങളും വർത്തമാനത്തെ കുറിച്ചുള്ള കാര്യങ്ങളുമാണ്. ഏറ്റവും പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നവയും ഏറ്റവും നന്നായി അവതരിപ്പിക്കുന്നവയുമായ പുസ്തകങ്ങൾ പുതുതലമുറ വായിക്കും. അവർക്ക് അത്ര പരിചിതമല്ലാത്ത ഋഗ്വേദസൂക്തങ്ങളും ജി ശങ്കരക്കുറുപ്പിന്റെ കവിതകളെല്ലാമടങ്ങിയ എൻ.മോഹനന്റെ ‘ഒരിക്കൽ’ എന്ന പ്രണയക്കുറിപ്പ് ചർച്ചയായത് അതിലെ എഴുത്തിന്റെ നേരുകൊണ്ടാണ്. എഴുത്തിലെ കപടനാട്യങ്ങൾ പടിക്കുപുറത്താക്കുന്നതാണ് പുതുതലമുറയുടെ വായനാരീതികൾ.

 

Spread the love