ദി ഫുട്ബോൾ ക്യാബിനറ്റ്
സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12
ലോകകപ്പ്>> ഡെസ്നി സുൽഹ്


തോറ്റു പോകാൻ മനസില്ലാത്തവർക്ക് പൊരുതി വിജയിക്കാൻ അവസാന നിമിഷവും സാധ്യതകൾ അവശേഷിപ്പിക്കുന്ന മാന്ത്രികതയാണ് കാൽപ്പന്തുകളിയുടെ വിസ്മയം. എല്ലാ മലയാളികളെയും പോലെ ഫുട്ബോൾ എനിക്കും ഇഷ്ടമാണ്. തിരക്കുകൾക്കിടയിലും ലോകകപ്പ് കാണുന്നതിന് സമയം കണ്ടെത്താറുണ്ട്.

സ്കൂൾ കാലഘട്ടത്തിൽ സ്കൂൾ ഗ്രൗണ്ടിലും പാടത്തുമൊക്കെ കൂട്ടുകാർക്കൊപ്പം കളിച്ചിരുന്നു. ഒരു പന്തിനു പുറമെ കൂട്ടമായുള്ള ഓട്ടമാണ്. കളി നിയമങ്ങൾ ഒന്നും ഞങ്ങൾക്ക് ബാധകമല്ല. ഓഫ് സൈഡ് ഇല്ല, പെനാൽറ്റിയോ ഫൗളോ ഇല്ല. എല്ലാവരും ചിലപ്പോൾ ഫോർവേഡ് ആകും, ചിലപ്പോൾ ബാക്കും. ഒരാൾ മാത്രമേ തുടർച്ചയായി ഒരു പൊസിഷനിൽ കാണൂ, അത് ഗോളിയാണ്. പ്രാദേശിക ക്ലബ് മത്സരം കാണുന്നതിനിടെ ആവേശം കയറി ഗോൾ പോസ്റ്റിനുപുറകിൽ പോയിനിന്ന് ഹൈഷോട്ടുകൾ മുഖത്തടിച്ച് പരിക്കേറ്റ ഓർമ്മയുണ്ട്.
എന്റെ പഞ്ചായത്തിൽ കുറച്ചു ക്ലബ്ബുകൾ അന്ന് സജീവമായിരുന്നു. കച്ചേരി ബ്രദേഴ്സ് ഫുട്ബോൾ ക്ലബ് ആയിരുന്നു വലിയ ടൂർണമെന്റുകൾ സംഘടിപ്പിച്ചിരുന്നത്. പ്രദേശത്തെ ചെറുപ്പക്കാരെല്ലാം ആ ക്ലബ്ബിന്റെ ഭാഗമായിരുന്നു. കെ.ബി.എഫ്.സി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ ഗ്രൗണ്ടിൽ കളി കാണുന്ന ആവേശക്കൂട്ടങ്ങൾ ഉണ്ടാക്കുന്ന ആരവമാണ് ആദ്യകാല ഫുട്ബോൾ ഓർമ്മകൾ. ഡ്രീംസ്, ടാഗോർ, ശോഭനാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തുടങ്ങി വേറെയും ക്ലബുകൾ നാട്ടിലുണ്ടായിരുന്നു. ആദ്യകാലത്ത് കാലിൽ പട്ടീസ് കെട്ടിയാണ് കളിച്ചിരുന്നത്. പിന്നീട് ബൂട്ട്സിലേക്ക് മാറി. അതൊക്കെ കഴിഞ്ഞ് ഫ്ളഡ്ലിറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി.
എന്നാൽ പുതിയ തലമുറ ആ പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല. അത്തരം ക്ലബുകൾക്ക് പതിയെ സജീവത നഷ്ടപ്പെട്ടു.
സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫുട്ബോൾ താരം സിനദിൻ സിദാൻ ആയിരുന്നു. പിന്നീട് എപ്പോഴോ സ്നേഹം മെസ്സിയോടായി. കഴിഞ്ഞ ലോകകപ്പിൽ മെസ്സിയെപ്പോലെ തന്നെ അമ്പരപ്പിച്ച പ്രകടനം കാഴ്ച്ചവെച്ച എംബാപ്പെയോടും ആരാധന തോന്നിയിരുന്നു. മെസ്സി ഗോളടിക്കണമെന്നും അർജന്റീന കപ്പെടുക്കണമെന്നും ആഗ്രഹിച്ചപ്പോൾ തന്നെ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തിന്റെയും ഫാനായി മാറി.
2006-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് താരം സിനദിൻ സിദാൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയെ നെഞ്ചിൽ തലകൊണ്ട് ഇടിച്ച് ചുവപ്പുകാർഡ് കണ്ടു പുറത്തുപോകുന്ന നിമിഷം എത്രയോ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തി. ഏറെ ആരാധിച്ച ഒരാൾ കരിയറിലെ സുപ്രധാന മത്സരത്തിൽനിന്ന് പുറത്തുപോകുന്ന നിമിഷം. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാനും അത് കണ്ടത്.
കേരളം ഫുട്ബോൾ പ്രേമികളുടെ നാടാണ്. ഒരുപക്ഷേ ലോകകപ്പ് നേടുന്ന ഏതു നാടിനേക്കാളും ആരാധകർ അവർക്ക് കേരളത്തിന്റെ മുക്കിലും മൂലയിലും കാണും. ഇന്ത്യ ലോകകപ്പ് കളിക്കുന്ന കാലം ഉണ്ടായാൽ ഉറപ്പായും അതിൽ പ്രധാന കളിക്കാർ കേരളത്തിൽ നിന്നുമാകും, അങ്ങനെ ആകണം എന്നാണ് കായിക വകുപ്പിന്റെ താൽപര്യം.
കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആഹ്ലാദിക്കാനുള്ള അവസരവും ഇത്തവണ ബജറ്റിൽ സർക്കാർ നൽകി. മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം ആരംഭിക്കുമെന്ന പ്രഖ്യാപനം കേരള യുവതയുടെ ഫുട്ബോൾപ്രേമത്തിന് സർക്കാർ നൽകുന്ന അംഗീകാരം കൂടിയാണ്.


ഞങ്ങൾ മലപ്പുറത്തുകാർക്ക് ജീവിതത്തിന്റെ ഭാഗമാണ് ഫുട്ബോൾ. പണ്ട് നാട്ടിൽ ഏറ്റവും കൂടുതൽ കളിച്ചിരുന്നത് സെവൻസ് ആയിരുന്നു.
നാട്ടിലെ ഗ്രൗണ്ടുകളിലും പാടങ്ങളിലുമാണ് ചെറുപ്പക്കാരുടെ ഫുട്ബോൾ ജീവിതം മുഴുവനും. പഠിപ്പ് മതിയാക്കി കച്ചവടത്തിലും രാഷ്ട്രീയത്തിലും ഇറങ്ങിയ ശേഷവും ഫുട്ബോൾ കൂടെത്തന്നെയുണ്ടായിരുന്നു. 1988-ൽ മലപ്പുറം എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതുവരെ കളി തുടർന്നു. അന്ന് നാട്ടിൽ ധാരാളം ഫുട്ബോൾ ക്ലബ്ബുകൾ ഉണ്ടായിരുന്നു യുവൻസ് സ്പോർട്സ് ക്ലബ്, ലക്കി സ്റ്റാർ സ്പോർട്സ് ക്ലബ്, നവോദയ ക്ലബ് തുടങ്ങിയവ. ക്ലബ്ബുകളിലേറെയും വായനശാലകളോടനുബന്ധിച്ച് പ്രവർത്തിച്ചു. ലോക്കൽ ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ വലിയ വാശിയോടെയും ആവേശത്തോടെയും ജനങ്ങൾ കൊണ്ടാടി.
മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്കൂളിലെ ക്യാപ്റ്റനായി ഹീറോയാവാൻ കഴിഞ്ഞത് ഇന്നും ആവേശത്തോടെയാണ് ഓർക്കുന്നത്. അധ്യാപകരുടെ പ്രോത്സാഹനവും കേരളീയരും തമിഴരും ആന്ധ്രക്കാരുമൊക്കെ ഉൾപ്പെട്ട ഉഷാറുള്ള ടീമുകളും ത്രസിപ്പിക്കുന്ന ഓർമയായി ഇന്നുമുണ്ട്. ബ്രസീൽ ആയിരുന്നു ആദ്യകാലത്തെ പ്രിയ ടീം. ഇപ്പോഴത് ഫ്രാൻസായി. ഖത്തർ വേൾഡ് കപ്പ് നേരിട്ട് കാണാൻ കഴിഞ്ഞത് എന്നിലെ ഫുട്ബോൾപ്രേമിക്ക് ലഭിക്കാവുന്ന ഏറ്റവും ധന്യമായ അനുഭവമായിരുന്നു. അർജന്റീന, പോർച്ചുഗൽ, ആഫ്രിക്കൻ ടീമുകളുടെ സൗന്ദര്യം എല്ലാം ഹൃദയത്തോട് ചേർന്നുനിന്നു. ജോഹാൻ ക്രൈഫ്, വാൻ ബാസ്റ്റൻ, ഗുള്ളിറ്റ്, പെലെ, മെസ്സി, ബെക്കാം തുടങ്ങിയവരും ഇന്ത്യയിൽ നിന്ന് മക്കൻ സിങ്, ബൈചുങ് ബൂട്ടിയ, ഐ.എം. വിജയൻ തുടങ്ങിയവരും എന്നെ ആകർഷിച്ച താരങ്ങളാണ്. എംബാപ്പെ പോലുള്ള യുവതാരങ്ങൾ വന്നപ്പോൾ ലോകം വീണ്ടും ഫുട്ബോളിന്റെ മാന്ത്രിക വശ്യതയിലായി. പഴയകാലത്ത് ടൈറ്റാനിയം, കോഴിക്കോട് പ്രീമിയർ ടയേഴ്സ്, ജി.വി. രാജ തുടങ്ങിയ മികച്ച ടീമുകൾ നമുക്ക് ഉണ്ടായിരുന്നു.
ഫുട്ബോൾ ഒന്നര മണിക്കൂറിന്റെ വെറും കളി മാത്രമല്ല, വിനോദവും ലഹരിയും ഐക്യത്തിന്റെ ഭാഷയുമാണ്. കുട്ടികൾ വീണ്ടും ഫുട്ബോൾ കളിക്കണം. ക്ലബ്ബുകൾ പഴയതു പോലെ തിരിച്ചുവരണം. അതാണ് ഈ ലോകകപ്പ് വേളയിൽ ആഗ്രഹിക്കുന്നത്.


ഫുട്ബോൾ എനിക്ക് വെറുമൊരു കളി മാത്രമല്ല, ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച മനോഹരമായ ഒരനുഭവമാണ്. കുട്ടിക്കാലത്തെ മൈതാനങ്ങളിലെ കളിയാവേശത്തിൽ നിന്നാണ് ഫുട്ബോളിനോടുള്ള എന്റെ ഇഷ്ടം തുടങ്ങുന്നത്. അർജന്റീനയാണ് എന്റെ പ്രിയപ്പെട്ട ടീം. കളിക്കളത്തിൽ വിസ്മയങ്ങൾ തീർക്കുന്ന ലയണൽ മെസ്സിയുടെ മാസ്മരിക പ്രകടനങ്ങൾ എന്നും വലിയ കൗതുകത്തോടെയാണ് ഞാൻ ആസ്വദിക്കാറുള്ളത്. ഇത്തവണ മെസ്സിയുടെ കരുത്തിൽ അർജന്റീന തന്നെ ലോകകപ്പിൽ മുത്തമിടട്ടെ എന്നാണ് എന്റെ ആഗ്രഹം.
എങ്കിലും, ലോക ഫുട്ബോളിലെ മറ്റൊരു ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഒരു ലോകകപ്പ് തീർച്ചയായും അർഹിക്കുന്നുണ്ട്. ഒപ്പം ഫ്രഞ്ച് താരം എംബാപ്പെയുടെ അതിശയിപ്പിക്കുന്ന വേഗതയെക്കുറിച്ചും പറയാതിരിക്കാനാവില്ല. കളിക്കളത്തിലെ ഈ പോരാട്ടവീര്യം ലോകമെമ്പാടുമുള്ള കായികപ്രേമികൾക്കിടയിൽ ഒരുമയുടെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം പകരട്ടെ എന്ന് ആശംസിക്കുന്നു.


ലോകം ഒന്നാകെ ഒരൊറ്റ പന്തിലേക്ക് ചുരുക്കാൻ ഫുട്ബോൾ എന്ന മാന്ത്രികക്കളിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ടീം ബ്രസീലാണ്. അവരുടെ മനോഹരമായ ‘സാംബ’ ശൈലിയും കളിക്കളത്തിലെ വീര്യവുമാണ് എന്നെ എക്കാലത്തും ബ്രസീലിന്റെ ആരാധികയാക്കിയത്. ഫുട്ബോൾ ലോകത്തെ മറ്റ് പ്രഗൽഭരായ കായികതാരങ്ങളോടെല്ലാം വലിയ ഇഷ്ടമുണ്ടെങ്കിലും കാനറിപ്പടയുടെ സൂപ്പർ താരം നെയ്മറുടെ മാസ്മരിക പ്രകടനങ്ങൾ കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ലോകകപ്പിൽ മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ചവെച്ചിട്ടുള്ളത്. പരിക്കിന്റെ ചെറിയ ആശങ്കകൾക്കും വിരാമമിട്ട് നിർണ്ണായക മത്സരത്തിൽ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തി. ദി ലാസ്റ്റ് ഡാൻസിന് ശേഷം കണ്ണീരോടെ മടങ്ങുന്ന നെയ്മർ ഒരു വേദനക്കാഴ്ച്ചയാണ്. അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനങ്ങൾ പുൽമൈതാനങ്ങൾ എന്നുമോർക്കും.


ഫുട്ബോളിലെ സൗന്ദര്യമാണ് അർജന്റീന ടീം. ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത ഒരു ടീമിന്റെയും പ്രകടനത്തെയും വിലകുറച്ചു കാണുന്നില്ല. എന്നാൽ തികഞ്ഞ അർജന്റീന ആരാധകനായ തനിക്ക് തന്റെ ടീം കപ്പ് ഉയർത്തണമെന്നാണ് ആഗ്രഹം. ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തെ ലോകകപ്പിൽ ടീം കാഴ്ചവെയ്ക്കുന്നത്. ലോകകപ്പ് ഫുട്ബോളിൽ ലയണൽ മെസ്സി തകർത്താടുകയാണ്. ടീമിന്റെ ജയങ്ങളിലെല്ലാം നിർണായകപങ്കാണ് മെസ്സിക്കുള്ളത്.
ഫുട്ബോളിലെ വന്യമായ സൗന്ദര്യമുള്ള നല്ല മത്സരങ്ങളെ ഹൃദയംകൊണ്ട് സ്വീകരിക്കുന്നവരാണ് മലയാളികൾ. അതുപോലെ ഒന്നായിരുന്നു അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള മത്സരം. കേപ് വെർദെയുടെ ഗോൾ കീപ്പർ വൊസീഞ്ഞയുടെ പ്രകടനവും സമാനതകളില്ലാത്തതാണ്. അർജന്റീനയുമായുള്ള മത്സരത്തിൽ അവർ നടത്തിയ ചെറുത്തുനിൽപ്പ് ഈ ലോകകപ്പിലെ ഏറ്റവും വലിയ മനോഹാരിതയാണ്. ഒരു പക്ഷേ എക്കാലത്തേയും മനോഹരമായ മത്സരങ്ങളിലൊന്ന്.


ലോകകപ്പ് ഫുട്ബോൾ ഒരു കായികമത്സരം മാത്രമല്ല; ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരെ ഒരേ വികാരത്തിൽ ബന്ധിപ്പിക്കുന്ന അപൂർവമായൊരു ആഘോഷമാണ്. കേരളവും പ്രായഭേദമന്യേ എന്നും ഈ ആഘോഷത്തിന്റെ ഭാഗമായി മാറുന്നു.
ഫുട്ബോൾ ലോകത്തിന്റെ അഭിമാന ശക്തികളിലൊന്നായ അർജന്റീനയാണ് എന്റെ ഇഷ്ട ടീം . ഇഷ്ടതാരം, സ്വാഭാവികമായും ഫുട്ബോൾ ലോകത്തിന്റെ അതുല്യ പ്രതിഭയായ ലയണൽ മെസ്സിയും. അദ്ദേഹത്തിന്റെ കളിമികവും വിനയവും നേതൃപാടവവും എന്നും എന്നെ ആകർഷിച്ചിട്ടുണ്ട്.
2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ഉയർത്തിയ നിമിഷം ഓരോ ആരാധകന്റെയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ആ വിജയം ഒരു ടീമിന്റെ നേട്ടം മാത്രമായിരുന്നില്ല; ക്ഷമയുടെയും അധ്വാനത്തിന്റെയും കൂട്ടായ വിശ്വാസത്തിന്റെയും വിജയം കൂടിയായിരുന്നു.
2026-ലെ ലോകകപ്പ് ആര് ഉയർത്തും എന്ന കാത്തിരിപ്പിലാണ് ലോകം. ”വാമോസ് അർജന്റീന” എന്ന ആരവം ലോകമെമ്പാടും ഒരിക്കൽ കൂടി മുഴങ്ങുന്ന നിമിഷത്തിനായി, ഓരോ അർജന്റീന ആരാധകനെപ്പോലെയും ഞാനും ആവേശത്തോടെ കാത്തിരിക്കുകയാണ്.

ഫിഫ ഫുട്ബോൾ ലോകകപ്പ് കേരളത്തിൽ എന്നുമൊരു ജനകീയ ഉത്സവമാണ്. വിവിധ രാജ്യങ്ങളുടെ പതാകകൾ, ആരാധക കൂട്ടായ്മകൾ, മത്സരപ്രദർശനങ്ങൾ, ടീമുകളുടെ കൂറ്റൻ കട്ടൗട്ടുകൾ, ബാനറുകൾ, ഫാൻസ് റാലികൾ, കൂറ്റൻ എൽഇഡി സ്ക്രീനുകളിൽ തത്സമയ സംപ്രേക്ഷണം, കൂടാതെ സ്കൂൾ കുട്ടികൾക്കായി പത്തുലക്ഷം തൂഫാൻ ഗോളുകൾ പോലുള്ള തകർപ്പൻ ചുവടുകൾ! ഇത്തവണയും ലോകകപ്പിന് കേരളം ആവേശോജ്ജ്വല സ്വീകരണമാണ് നൽകിയിട്ടുള്ളത്. കായികയിനം എന്നതിലുപരി ജനമനസുകൾ ഒത്തുചേർന്ന ഒരു മഹാസംസ്കാരം കൂടിയാണ് ഫുട്ബോൾ. ലോകമാനവിക ഐക്യത്തിനും സാംസ്കാര വിനിമയത്തിനും ഒത്തൊരുമയ്ക്കും ഊർജമാകുന്നതാണ് വിശ്വ കാൽപ്പന്ത് മാമാങ്കം.
ആരാധകർ വിവിധമെങ്കിലും പലനാട്ടുകാർ ഒരുമിച്ചാഘോഷിക്കുന്ന സൗഹൃദവേദികളാണു ഗാലറികൾ. ബാല്യകൗമാരങ്ങളിലും കോളജ് കാമ്പസിലുമൊക്കെ ഫുട്ബോൾ ആവേശം എന്നെ വിടാതെ പിന്തുടർന്നിരുന്നു. ബ്രസീൽ ആണ് ഇഷ്ട ടീം. ഇഷ്ട കളിക്കാരൻ ലയണൽ മെസി. ഇത്തവണ കപ്പ് നേടാൻ കൂടുതൽ സാധ്യത ഫ്രാൻസിനാണ്.
2026 ലോകകപ്പ് നൽകുന്ന കിടിലൻ ത്രിൽ കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വളർത്താനുള്ള പ്രചോദനമായി മാറട്ടെ. ഗാലറികളിൽ എന്നും വിശ്വസാഹോദര്യത്തിന്റെ വിസിലടികൾ മുഴങ്ങട്ടെ.


പത്രം വായിച്ചു തുടങ്ങിയ കാലം മുതൽ സ്പോർട്സ് പേജിലെ ഫുട്ബോൾ വാർത്തകൾ ആണ് ആദ്യം വായിക്കുക. ഇന്നും അതിനൊരു മാറ്റവുമില്ല. ഫുട്ബോളിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ ഇഷ്ടം ബ്രസീലിനോടാണ്. അന്ന് കേട്ട പേരുകളിലൊന്ന് ലോകേതിഹാസം പെലെയുടേതാണ്.
ടിവിയിൽ ലൈവ് ഫുട്ബോളുകൾ തുടങ്ങിയ കാലത്ത് വീട്ടിൽ ടി വിയില്ലാതിരുന്നതിനാൽ അയൽപക്കത്തെ ചില വീടുകളിൽ പോയി ഫുട്ബോൾ കളി കണ്ടത് ഓർമ്മയിലുണ്ട്. റൊണാൾഡോയും റൊണാൾഡീന്യോയും റോബർട്ടോ കാർലോസുമൊക്കെ ഇഷ്ടതാരങ്ങൾ ആയിരുന്നു.
പൊതുപ്രവർത്തന രംഗത്തെത്തിയ ശേഷം ഫുട്ബോൾ ലൈവ് കാണൽ അപൂർവ്വമാണ്. രാത്രി വൈകിയുള്ള സമയങ്ങളിൽ വീട്ടിലുള്ളപ്പോൾ കളി കാണാൻ ശ്രമിക്കും. അതിന് കാരണം മകൻ ശ്രീകൃഷ്ണയാണ്. നല്ലൊരു ഫുട്ബോളറായ മകന്റെയും ഇഷ്ട ടീം ബ്രസീൽ തന്നെയാണ്. ഇപ്പോൾ നെയ്മർ ജൂനിയർ ആണ് ഇഷ്ടതാരമെങ്കിലും വിനീഷ്യസിന്റെ കളിയും ആസ്വദിക്കാറുണ്ട്.
രണ്ടു പതിറ്റാണ്ട് നീണ്ട വേൾഡ് കപ്പ് കിരീടമില്ലായ്മ എന്ന വരൾച്ചയ്ക്ക് ബ്രസീൽ ടീം മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. പുൽമൈതാനങ്ങളിൽ മഞ്ഞപ്പടയുടെ വസന്തം കാത്തിരിക്കുകയാണ് ഞാൻ. കാനറികൾ കപ്പേന്തുന്ന ലോകകപ്പാണ് സ്വപ്നം.


കാൽപ്പന്തുകളിയുടെ എല്ലാ ആവേശവും പേറിയിരുന്ന ബാല്യകൗമാരകാലങ്ങളുടെ തുടർച്ച തന്നെയാണ് 2026ൽ മറ്റൊരു ലോകകപ്പ് കണ്മുന്നിൽ നിറഞ്ഞുനിൽക്കുമ്പോൾ ഓർമ്മകളിലേക്ക് വരുന്നത്. ഓരോ ഗോളിലും ആവേശത്തോടെ ആഹ്ലാദിച്ചതും ഓരോ തോൽവിയിലും നിരാശപ്പെട്ടതും അടുത്ത മത്സരത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
വെറുമൊരു ടീമിനോടുള്ള പ്രണയമല്ല അർജന്റീനയോട് എനിക്കുള്ളത്. അർജന്റീനിയൻ താരങ്ങൾ നേടുന്ന ഓരോ ഗോളും നടത്തുന്ന ഓരോ ഡ്രിബിളും അവരുടെ കണ്ണീരും നിരാശയുമെല്ലാം പതിറ്റാണ്ടുകളായി എന്റെയും കൂടിയായിരുന്നു. മറഡോണയിലും ബാറ്റിസ്റ്റ്യൂട്ടയിലും ക്രെസ്പോയിലും റിക്വൽമിയിലും മരിയയിലും തോന്നിയ ആരാധന ലയണൽ മെസ്സിയിലേക്കുമെത്തി നിൽക്കുമ്പോൾ സംശയമേതുമില്ലാതെ ഉറപ്പിച്ചുപറയാൻ കഴിയും, ഏത് സൂപ്പർ ക്ലാസ്സിക്കോയെയും അതിജീവിക്കാൻ കഴിയുന്ന നിരയെയാണ് സ്കലോണി ഇക്കുറിയും കളത്തിലിറക്കിയിരിക്കുന്നത്.
അർജന്റീനിയൻ സ്വപ്നങ്ങളെ ഇടംകാലിൽ കൊരുത്ത് മെസ്സിയിറങ്ങുമ്പോൾ ഒരിക്കൽക്കൂടി ലോകം നീലക്കടലിലാഴും. ചരിത്രം ആവർത്തിക്കുമ്പോൾ വിജയിക്കുന്നത്, നല്ല ഫുട്ബോളിന്റെ അവകാശികൾ കൂടിയാണ്.
