ആദരവ് വിലക്കുകൾ തകർത്തവരോട്

സമകാലിക ജനപഥം 2026
ഏപ്രിൽ 1 പുസ്തകം 12 ലക്കം 9

mallika 1

കേരളത്തിലെ ക്ലാസ്സിക്കൽ കലാരൂപങ്ങൾ, അവയുടെ ചരിത്രം, പാരമ്പര്യം ഇതിനെയൊക്കെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

mallika3ക്ലാസ്സിക്കൽ, നാടൻ കലാരൂപങ്ങളുടെ കളിത്തൊട്ടിലാണ് കേരളം. നൃത്തം, സംഗീതം, നാടകം, ചിത്രകല എന്നിവയുടെ ഏറ്റവും സമ്പന്നമായ ശേഖരങ്ങൾ ഇവിടെയുണ്ട്. എന്റെ കാഴ്ചപ്പാടിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി മാത്രമേ ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കൂ. കഴിഞ്ഞ രണ്ടരവർഷമായി കേരള കലാമണ്ഡലത്തിന്റെ ചാൻസലർ എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ട്, ഇവിടുത്തെ കലകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആവേശകരമായ ഒരു അനുഭവമാണ്.

 കേരളത്തിലെ ക്ലാസ്സിക്കൽ കലാരൂപങ്ങൾ താങ്കളുടെ കലാജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

കലയുടെ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. അത് എന്റെ അമ്മയിലൂടെ മാത്രം പകർന്നു കിട്ടിയതല്ല. കഥകളി കലാകാരരും ചെണ്ട-മദ്ദളം കലാകാരരും ഒക്കെ ചുറ്റുമുള്ള ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. ചാത്തുണ്ണിപ്പണിക്കർ മുതൽ ആ കാലഘട്ടത്തിലെ മഹാരഥന്മാരായ സകല കലാകാരന്മാരും എനിക്ക് ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കലയിൽ മാത്രമല്ല, ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും കേരളത്തിന്റെ സ്വാധീനമുണ്ട്. ഞാൻ കഥകളിയോ മോഹിനിയാട്ടമോ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ചില വേഷങ്ങൾക്കായി മാത്രം അല്പം പഠിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിന്റെ തനിമ എന്റെ ഉള്ളിലുണ്ട്. എനിക്കിഷ്ടപ്പെട്ട നിറങ്ങളിലും വാസ്തുവിദ്യയിലും ഭക്ഷണത്തിലും, തീർച്ചയായും കലയിലും സാഹിത്യത്തിലും ആ കേരളീയത ഒഴുകുന്നുണ്ട്.

‘ദർപ്പണ’യിൽ കഥകളി ഒരു പഠനവിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. കോട്ടയ്ക്കൽ ശശിധരനെപ്പോലെയുള്ള കലാകാരന്മാർ അവിടെ അധ്യാപകരായിരുന്നു. ഒരു പഠനവിഷയമായി തിരഞ്ഞെടുക്കാൻ മാത്രം കഥകളിക്കുള്ള പ്രത്യേകതകൾ എന്തൊക്കെയാണ്?

യഥാർഥത്തിൽ 1949 മുതൽ തന്നെ അമ്മ (മൃണാളിനി സാരാഭായ്) കഥകളിയെ ഒരു കലാരൂപമെന്ന നിലയിൽ ദർപ്പണയിൽ ഉൾപ്പെടുത്തിയിരുന്നു. അന്ന് ഡൽഹിയിലെ കാണികൾ കഥകളിയുടെ വേഷവിധാനങ്ങളെയും ചമയങ്ങളെയും പരിഹസിച്ചത് അമ്മയ്ക്ക് വലിയ അപമാനമായി തോന്നി. ഇതിനെത്തുടർന്ന് ചാത്തുണ്ണി പ്പണിക്കരുടെ സഹായത്തോടെ കഥകളിയിലെ വേഷഭൂഷാദികൾ ഒഴിവാക്കി അമ്മ പരീക്ഷണാർഥം ‘മനുഷ്യ’ എന്നൊരു കലാരൂപം തയ്യാറാക്കി. അത് കുറച്ചുകാലം അവിടെ പഠിപ്പിച്ചിരുന്നു. എന്നാൽ ഗുജറാത്തി പുരുഷന്മാർക്ക് ഒന്നുകിൽ അതിനോട് വലിയ താൽപ്പര്യം തോന്നിയില്ല, അല്ലെങ്കിൽ അത് ചെയ്യാൻ ആവശ്യമായ ശാരീരികക്ഷമത അവർക്കില്ലായിരുന്നു. അതുകൊണ്ട് നൃത്തനാടകങ്ങൾക്കും മറ്റും ആവശ്യമായ രീതിയിൽ മാത്രമാണ് ഞങ്ങൾ ഞങ്ങളുടെ നർത്തകരെ അത് പഠിപ്പിച്ചത്; ഒരു കലാരൂപമെന്ന നിലയിൽ ഗൗരവകരമായി അത് അവിടെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും താളവാദ്യങ്ങളോടുള്ള താൽപ്പര്യം കാരണം മൂന്നുവർഷം മുമ്പ് ഞങ്ങൾ ഒരു വർഷത്തോളം ചെണ്ട പഠിച്ചിരുന്നു. 2018-ൽ ഞങ്ങളുടെ ആർട്ടിസ്റ്റിക് ഡയറക്ടർ യാദവൻ ചന്ദ്രൻ സംവിധാനം ചെയ്ത ‘മദർ റിവർ’ എന്ന നൃത്തശില്പത്തിൽ ഞാൻ ചെണ്ട ഉപയോഗിച്ചിട്ടുണ്ട്. 2018-ൽ ദർപ്പണയിലെ ‘നടറാണി’ തിയേറ്റർ വീണ്ടും തുറന്നത് ഈ പ്രകടനത്തോടെയായിരുന്നു.

ലോകപ്രശസ്തയായ ഒരു കലാകാരിയുടെ മകൾ എന്ന നിലയിൽ മൃണാളിനി സാരാഭായ് എന്ന വ്യക്തിയെ താങ്കൾ എങ്ങനെയാണ് ഓർമ്മിക്കുന്നത്? വ്യക്തിപരമായും കലാപരമായും അവർ താങ്കളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്തൊക്കെയാണ്?

എന്റെ ജീവിതത്തിൽ എല്ലാ മേഖലകളിലും പടർന്നുനിൽക്കുന്ന ഏറ്റവും വലിയ സ്വാധീനം അമ്മ തന്നെയാണ്. അമ്മ എന്ന നിലയിൽ ഞങ്ങളെ വളർത്തിയ രീതി, നർത്തകി എന്ന നിലയിലുള്ള കാഴ്ചപ്പാടുകൾ, കലയോടും സൗന്ദര്യബോധത്തോടുമുള്ള അവരുടെ നിലപാടുകൾ അമ്മയ്ക്ക് എല്ലാം ഒരു ‘സൗന്ദര്യാത്മക അനുഭവം’ (aesthetic experience) ആകണമായിരുന്നു. എല്ലാത്തിനും അതിന്റേതായ ഭംഗിയുണ്ടാകണമെന്നും, ഓരോന്നും പ്രകൃതിയുടെയും ഈ പ്രപഞ്ചത്തിന്റെയും ഭാഗമായിരിക്കണമെന്നും അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു.mallika2

ഇന്ന് എന്റെ വസ്ത്രധാരണ രീതി മുതൽ, യന്ത്രനിർമ്മിതമായ വസ്തുക്കളേക്കാൾ കൈവേലകളോടുള്ള എന്റെ താല്പര്യം വരെ അത് വസ്ത്രമായാലും തറയിലെ ടൈലുകളായാലും അതിലൊക്കെ അമ്മയുടെ സ്വാധീനം പ്രകടമാണ്. അമ്മ വിട്ടുപിരിഞ്ഞ ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്ക് വളരെ
വിചിത്രമായ ഒരു അനുഭവം ഉണ്ടാകാറുണ്ട്. ഞാൻ സ്റ്റേജിൽ നിൽക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സ് പറയും, ‘എന്റെ ഈ വലതുകൈ എന്റേതല്ല, ഇത് അമ്മയുടെ കൈയാണ്’ എന്ന്. അത് വിചിത്രമെങ്കിലും എനിക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നാണ്. ദർപ്പണയിലെ ഓരോ ഇഷ്ടികയിലും, ഞങ്ങളിലോരോരുത്തരിലും അമ്മ ജീവിക്കുന്നു.

mallika5

ഇപ്പോൾ ഞങ്ങൾ കുട്ടികളെ വാർഷിക പരിപാടിക്കായി തയ്യാറെടുപ്പിക്കുകയാണ്. അമ്മയുടെ അവസാന നൃത്തശില്പമായ ‘ഡാൻസ് ഓഫ് ലൈഫ്’ അവർ പഠിക്കുകയും അവതരിപ്പി ക്കുകയും ചെയ്യുന്നു. വൈരുധ്യ മെന്നു പറയട്ടെ, കഴിഞ്ഞ 4500 വർഷത്തെ ഇന്ത്യൻ ശാസ്ത്ര ചരിത്രത്തെ ക്കുറിച്ചാണ് ആ നൃത്തശില്പം പറയുന്നത്. ഏപ്രിൽ 19ന് കുട്ടികൾ അത് അവതരിപ്പിക്കുമ്പോൾ, അവരിലൂടെയും ആ പൈതൃകം മുൻപോട്ട് പോവുകയാണ്. അമ്മയുടെ ചിന്തകളും സൗന്ദര്യബോധവും എവിടെ നിന്ന് ഉത്ഭവിച്ചു എന്ന് അവരെ പഠിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ, അമ്മയുടെ സ്വാധീനം എവിടെയും നിറഞ്ഞുനിൽക്കുന്നു.mallika6

 


താങ്കളുടെ നിരീക്ഷണത്തിൽ, കേരളത്തിന്റെ സ്വന്തം നൃത്തരൂപമായ മോഹിനിയാട്ടത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?

മോഹിനിയാട്ടം വളരെ ശാന്തവും ഹൃദ്യവുമായ ഒരു കലാരൂപമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അങ്ങേയറ്റം കാവ്യാത്മകവും മനോഹരമായ ലാളിത്യമുള്ളതുമാണ്. വ്യക്തിപരമായി പറഞ്ഞാൽ, ഞാൻ മോഹിനിയാട്ടം ഗൗരവപൂർവം അഭ്യസിച്ചിട്ടില്ല; കാരണം എന്റെ സ്വഭാവരീതികളുമായി അത് അത്രത്തോളം ഒത്തുപോകുന്ന ഒന്നല്ല.

കേരള കലാമണ്ഡലം കഥകളി കോഴ്‌സുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കഥകളി എന്ന കലാരംഗത്ത് ഇത് എന്ത് മാറ്റമാണ് ഉണ്ടാക്കുക? വർഷങ്ങളായി പുരുഷാധിപത്യമുള്ള ഈ കലാരൂപത്തിൽ, പരമ്പരാഗത ആസ്വാദകർ ഈ മാറ്റത്തെ എളുപ്പത്തിൽ സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ?mallika4

പ്രകടനകലകളുടെ ലോകത്തോ ഏതെങ്കിലും തൊഴിൽമേഖലയ്ക്കോ ചേരാത്ത നിരവധി ജാതി-സമുദായ നിയമങ്ങൾ നിലവിലുണ്ട്. ഞാൻ കലാമണ്ഡലത്തിൽ ചാൻസലറായി ചുമതലയേറ്റപ്പോൾ ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന്, പഠനകാര്യത്തിൽ ലിംഗഭേദമോ ജാതിയോ മതമോ ഒരു തടസ്സമാകരുത് എന്ന് ഉറപ്പുവരുത്തുകയായിരുന്നു. കലാപാരമ്പര്യം അഭ്യസിക്കുന്നതിന്റെ പവിത്രതയിൽ ഞാൻ വിശ്വസിക്കുന്നു; എന്നാൽ പല കലാരൂപങ്ങളും അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രീയമായ അടിത്തറയോ കാലികപ്രസക്തിയോ ഇല്ലാത്ത പല കാര്യങ്ങളും കൂടെക്കൂട്ടിയിട്ടുണ്ട്. നിയമാവലിയിൽ അടിയുറച്ചു നിന്നുകൊണ്ടുതന്നെ, ആധുനികതയെ ഉൾക്കൊള്ളാനും ഈ വലിയ ലോകത്തിന്റെ ഭാഗമാകാനും നമുക്ക് കഴിയണം. ലിംഗപരമായ വിവേചനങ്ങൾ എല്ലായിടത്തും തകർന്നുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ പുരുഷാധിപത്യം അല്ലാതെ മറ്റൊന്നും തകരില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജാതിവ്യവസ്ഥയെപ്പോലെ തന്നെ പുരുഷാധിപത്യവും തകർക്കപ്പെടേണ്ടതാണ്.

തങ്ങളുടെ കലാമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കേരളത്തിലെ സ്ത്രീകളായ മുൻഗാമികളെ എങ്ങനെ വിലയിരുത്തുന്നു? സിനിമ മുതൽ നൃത്തം വരെ തങ്ങളുടേതായ ഇടം കണ്ടെത്താൻ അവർക്ക് കഠിനമായി പോരാടേണ്ടി വന്നു. ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് മാറ്റമാണ് കാണാനാകുന്നത്? ഇന്നത്തെ കാലത്ത് വനിതാ കലാകാരികൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?

എല്ലായിടത്തും വനിതാ കലാകാരികൾ തടസ്സങ്ങൾ ഭേദിക്കാനും മുൻഗാമികളായി മാറാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ, ഞാൻ നേരത്തെ സൂചിപ്പിച്ച ആ പുരുഷാധിപത്യ വ്യവസ്ഥയെ തകർക്കാൻ ഇന്നും നമുക്ക് പോരാടേണ്ടി വരുന്നുണ്ട്. കേരളത്തിൽ സിനിമാരംഗത്തെ സ്ത്രീകൾ അടുത്ത കാലത്തായി വലിയ പോരാട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ ചില യുദ്ധങ്ങൾ അവർ ജയിച്ചു, ചിലത് തോറ്റു. ലൈംഗിക പീഡന പരാതിയുമായി മുന്നോട്ടുവരാൻ ധൈര്യം കാണിച്ച സ്ത്രീക്ക് അർഹമായ നീതി ലഭിച്ചില്ല. ഇത് നമ്മുടെ കാലഘട്ടത്തിൽ എന്തുമാത്രം മാറ്റം വന്നു എന്നതിന്റെയും എത്ര കുറച്ചു മാറ്റമേ സംഭവിച്ചിട്ടുള്ളൂ എന്നതിന്റെയും പ്രതിഫലനമാണ്. തങ്ങൾ സ്നേഹിച്ച കലയെ ചേർത്തുപിടിക്കാനും പുതുതലമുറയ്ക്ക് വേണ്ടി വഴിതുറന്നു കൊടുക്കാനും സകല വിലക്കുകളെയും ലംഘിച്ച ലോകത്തെ എല്ലാ വനിതാ കലാകാരികളെയും ഞാൻ ആദരവോടെ സ്മരിക്കുന്നു.

Spread the love