സാഫോയുടെ പിൻഗാമികൾ

സമകാലിക ജനപഥം 2026
ഏപ്രിൽ 1 പുസ്തകം 12 ലക്കം 9

safo4 1

safo10

 

 

 

 

 

 

 

‘ഞാൻ മരിച്ചാൽ
എന്റെ മാംസവും എല്ലുകളും
എറിഞ്ഞുകളയരുത്
അവ അടുക്കി വയ്ക്കുക
അവയുടെ ഗന്ധത്തിലൂടെ
ലോകമറിയട്ടെ
ഭൂമിയിലെ ജീവിതത്തിന്റെ
വിലയെന്തായിരുന്നുവെന്ന്
എല്ലാം കഴിയുമ്പോൾ
സ്നേഹത്തിന്റെ
വിലയെന്തായിരുന്നുവെന്ന്’

-മാധവിക്കുട്ടി

ഈ വരികളിൽ സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യവും സ്വാതന്ത്യത്തിന്റെ കനലുകളും ജ്വലിക്കുന്നു. സ്ത്രീയുടെ സർഗ്ഗാത്മകതയും അതിന്റെ ആവിഷ്‌കാരവും സ്വാതന്ത്ര്യത്തോടെ പൊതുമണ്ഡലത്തിന്റെ വ്യവഹാരമാകുന്നതിൽ പല പ്രതിബന്ധങ്ങളും നിലനിന്നിരുന്നു. സ്ത്രൈണകാമനകൾ പലപ്പോഴും പാരതന്ത്ര്യത്തിന്റെ ചങ്ങലകളെ തകർത്തുകൊണ്ടാണ് വിനിമയം സാധ്യമാക്കിയത്. ലോകസാഹിത്യത്തിന്റെയും ദൃശ്യാവിഷ്‌കാരങ്ങളുടെയും ചരിത്രത്തിൽ ഇരുപതാം നൂറ്റണ്ടിനു മുമ്പ് ചുരുക്കം ചില പേരുകളേ ഉണ്ടായിരുന്നുള്ളൂ. ബി.സി. 630-570 കാലത്ത് ഗ്രീസിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സാഫോ എന്ന കവയിത്രിയെക്കുറിച്ചുള്ള ചരിത്രപാഠങ്ങളിൽ അവർ ആത്മഹത്യചെയ്താണ് ലോകം വെടിഞ്ഞത് എന്ന പാഠം പ്രസിദ്ധമാണ്. പ്ലേറ്റോ ആ കവയിത്രിയെ പത്താമത്തെ മ്യൂസ് എന്നു വിശേഷിപ്പിച്ചിരുന്നു. ഗ്രീക്ക് പുരാണപ്രകാരം കാവ്യ – കലാദേവതമാരായി ഒൻപതു മ്യൂസുകൾ ഉണ്ട്. ആ ശ്രേണിയിലാണ് സാഫോയെ അദ്ദേഹം ഉൾപ്പെടുത്തിയത്. പതിനായിരത്തോളം ഭാവഗീതങ്ങൾ അവർ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ഒട്ടുമിക്കവാറും രചനകൾ നശിപ്പിക്കപ്പെടുക യാണുണ്ടായത്. ആ കവിതകളിലെ പ്രണയത്തിന്റെ സ്വതന്ത്രാവിഷ്‌കാരങ്ങൾ യാഥാസ്ഥിതിക സമൂഹത്തിന് അഹിതമായി മാറിയതായി ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം. ഇത് ഒരു സാഫോയുടെ മാത്രം പ്രത്യേകതയല്ല. കവിതയെഴുതുന്ന-നാടകം എഴുതുന്ന പാടുന്ന-അഭിനയിക്കുന്ന സ്ത്രീകളേക്കാൾ കുലാംഗനകളായും ഗൃഹദേവതമാരായും ജീവിക്കുന്ന സ്ത്രീകൾക്കായിരുന്നു പ്രാധാന്യം ലഭിച്ചത്. എങ്കിലും സാഹിത്യചരിത്രത്തിൽ സ്ത്രീകളുടെ സാന്നിധ്യം നിലനിൽക്കുന്നുണ്ട്. ജീവിതത്തെ ഒരു സാഹസികകൃത്യമായി കൊണ്ടുപോയവരായിരുന്നു അന്നത്തെ എഴുത്തുകാരികൾ.

safo5സ്വന്തം പേരിനുപകരം പുരുഷനാമം സ്വീകരിച്ചുകൊണ്ട് സ്ത്രീകൾ എഴുതിയിരുന്ന കാലവും നമ്മൾ കടന്നു പോന്നിരിക്കുന്നു ‘മിൽ ഓൺ ദി ഫ്ളോസ്’ പോലെയുള്ള പ്രസിദ്ധമായ നോവൽ എഴുതിയ മേരി ആൻ ഇവാൻസ് നോവൽ എഴുതിയിരുന്നത് ജോർജ് എലിയറ്റ് എന്ന തൂലി കാനാമത്തിലാണ്. ഈ പുരുഷനാമധാരണം പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യദശകത്തിലാണ് എഴുത്തിടത്തിൽ അവർ സ്വീകരിച്ചത്. നമ്മുടെ സുഗതകുമാരി പോലും ആദ്യകാലത്ത് ശ്രീകുമാർ എന്ന പേരിലാണ് എഴുതിയിരുന്നത്. സ്വന്തം പേരിൽ എഴുതാൻ എൻ.വി.കൃഷ്ണവാര്യർ സുഗതകുമാരിയോട് സ്നേഹപൂർവം നിർദേശിച്ച കാര്യവും നമുക്കറിയാവുന്നതാണ്. സ്വർഗാത്മകതയുടെ ആവിഷ്ക്കാരം എന്നത് സ്വതന്ത്രമായ ഒരു പ്രക്രിയയാണ്. കാമനകളും സ്വപ്നങ്ങളും ഉന്മാദങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമൊക്കെ സ്വതന്ത്രമായി ആവിഷ്‌ക്കരിക്കപ്പെടുമ്പോൾ അതതുകാലത്തെ സാമൂഹ്യപാഠങ്ങളോടും സ്ഥാപനനിർമ്മിതികളോടുമുള്ള പുനർവായനകളും നിഷേധങ്ങളുമൊക്കെയും കൂടിച്ചേർന്നുവരും.

safo6സ്ത്രീകളെ രണ്ടാംതരം പൗരന്മാരായോ വാർപ്പു രൂപ നിർമ്മിതികളായോ മാത്രം പരിഗണിക്കുന്ന സാമൂഹ്യഘടനകളിൽ ഇത്തരം സ്വതന്ത്രാവിഷ്‌കാരങ്ങളെ അംഗീകരിക്കാൻ പ്രയാസമാണ്. അപ്പോൾ ആവിഷ്‌കാരകർതൃത്വത്തിന് നിരോധനങ്ങളും (വിലക്കുകളും) വക്രീകരണങ്ങളും പുറത്താക്കലുകളുമൊക്കെ നേരിടേണ്ടിവരുന്നു. എഴുത്ത്, അഭിനയം തുടങ്ങിയ ഏതുവിധം ആവിഷ്‌ക്കാരങ്ങളിലും ഇത് സംഭവിക്കുന്നു. അഭിനയം പോലുള്ള കാര്യങ്ങളിൽ വീടു വിട്ടിറങ്ങിയുള്ള ജീവിതവും രാത്രിയാത്രകളും ഒക്കെ ആവശ്യമായി വരുന്നു. കുലീനമായ സ്ത്രീ സങ്കൽപനങ്ങളുടെ നിരാകരണം സംഭവിക്കേണ്ടി വരുന്നതിനാൽ നടിമാർക്ക് വലിയ എതിർപ്പുകളെയും ഭ്രഷ്ടുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഫ്യൂഡൽ മൂല്യങ്ങളും സ്വാതന്ത്ര്യത്തെ നിരന്തരം പരിമിതപ്പെടുത്തുന്ന സദാചാര പരികൽപനകളും യാഥാസ്ഥിതിക മതമൂല്യങ്ങളും ജാതിവിവേചനങ്ങളുമൊക്കെ കലാവിഷ്‌കാരത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തിലെ ആദ്യസിനിമയിലെ നായികയ്ക്ക് നാടുവിട്ടുപോകേണ്ടി വന്നു എന്നത് ഈ സന്ദർഭത്തിൽ ഓർക്കുകയാണ്. ജാതീയത, ലിംഗവിവേചനം, ഫ്യൂഡൽ മൂല്യങ്ങൾ എന്നിവയൊക്കെ ഇതിനു പിന്നിലുണ്ട്. സ്ത്രീകൾ എഴുതിത്തുടങ്ങുമ്പോൾ എഴുത്തിൽ ചോദ്യങ്ങൾ ഉയർന്നുവരും. ബൗദ്ധികത, ലൈംഗിക പാഠങ്ങൾ, മതപരമായ ഹൈറാർക്കി, ജാതീയത, വംശീയത എന്നിവയുടെയൊക്കെ പ്രതിപാഠങ്ങൾ എഴുത്തിടത്തിന്റെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നു. ആയതിനാൽ സ്വാഭാവികമായും ഒരു സ്ത്രീ എഴുതുക എന്നുവച്ചാൽ നിഷേധിയാവുക എന്നതിലേയ്ക്ക് പലപ്പോഴും ചെന്നെത്തുന്നു.

മലയാള ചെറുകഥാചരിത്രത്തിൽ സ്ത്രീകർതൃത്വം കൊണ്ട് ശ്രദ്ധേയമാണ് ‘തലച്ചോറില്ലാത്ത സ്ത്രീകൾ’ എന്ന കഥ. ഏതാണ്ട് 110 വർഷം മുമ്പ് എം.സരസ്വതിഭായി എഴുതിയ ഈ ആദ്യകാല കഥ പ്രശ്‌നവൽക്കരിക്കുന്നത് സ്ത്രീകളുടെ ബൗദ്ധികതയെയും സർഗാത്മകതയെയും കുറിച്ചുള്ള സ്ഥാപനവൽക്കരിക്കപ്പെട്ട അറിവിനെയാണ്. സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ബുദ്ധി കുറവാണ് എന്ന പഠിപ്പിക്കലിന് പഴഞ്ചൊല്ല് മുതൽ ഉദാഹരണങ്ങളുണ്ട്. അത്തരം സ്ഥാപന സ്വഭാവിയായ അറിവിനെയാണ് സരസ്വതിഭായ് ചോദ്യം ചെയ്തത്. പിന്നീട് ഈ ചോദ്യം ചെയ്യൽ കെ.സരസ്വതിയമ്മയുടെ ‘പെൺബുദ്ധി’ എന്ന കഥയിലുണ്ട്. ബൗദ്ധികത, പ്രണയം, സർഗാത്മകത, സദാചാരനിർമ്മിതികൾ, സ്റ്റീരിയോടൈപ്പ്, ആത്മീയത തുടങ്ങി എന്തും സ്ത്രീ എഴുതുമ്പോൾ/സർഗാത്മക ഇടപെടലുകൾ നടത്തുമ്പോൾ പൊളിച്ചെഴുതപ്പെടുന്നു എന്നു മാത്രമല്ല, ലൈംഗികമായ ജനാധിപത്യ പാഠങ്ങളുടെയും പാരിസ്ഥിതികമായ പുതുബോധ്യങ്ങളുടെയും മതപരവും മതേതരവുമായ വിശാല ആത്മീയതയുടെയും ശ്രേണീബദ്ധമല്ലാത്ത അധികാരഘടനകളുടെയും വ്യാജകാൽപനിക പാഠങ്ങളോടുള്ള വിയോജിപ്പുകളുടെയും പുത്തൻ ആവിഷ്‌കാരങ്ങളുടേയും പുതുനിർമ്മിതികൾക്കായുള്ള തീവ്രവാഞ്ഛ സ്ത്രീകളുടെ സർഗ്ഗാത്മക കർതൃത്വം മുന്നോട്ടുവയ്ക്കുന്നു.

safo7എഴുത്തിൽ മാത്രമല്ല, എല്ലാ സർഗാത്മക ആവിഷ്‌കാരങ്ങളിലും സ്ത്രീകൾ ഇത്തരത്തിൽ സമൂഹത്തോട് കലഹിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യകാലങ്ങളിൽ നാടകങ്ങളിൽ സ്ത്രീവേഷം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. കരുണയിലെ വാസവദത്തയായും മറ്റും അഭിനയിച്ചത് പ്രസിദ്ധ നടനായ ഓച്ചിറ വേലുക്കുട്ടിയായിരുന്നല്ലോ. പിന്നീടാണ് സ്ത്രീകൾ തന്നെ സ്ത്രീവേഷം ചെയ്തു തുടങ്ങിയത്. എന്നാലത് സമൂഹത്തിന് അനഭിമതവും കേരളത്തിന്റെ കുലീന നാട്യങ്ങൾക്ക് ചേരാത്തതുമായിരുന്നു. അതുകൊണ്ടാണ് ആദ്യകാല നടിമാരെ ഏറ്റവും ധീരരായ കലാകാരരായി കരുതുന്നത്. കെ.പി.എ.സി.യുടെ ആദ്യകാല നടിമാർ, ഗായികമാർ, നിലമ്പൂർ ആയിഷയെ പോലുള്ള അഭിനേത്രിമാർ, ഒക്കെ യാഥാസ്ഥിക സമൂഹത്തിന്റെ വെല്ലുവിളികൾ നേരിട്ടവരാണ്. എല്ലാവിധ കല്ലേറുകളെയും നേരിടാൻ സന്നദ്ധമായി നാടകരംഗത്തേക്ക് വന്നവരാണവർ.

ശരീരം സദാചാരം

ഇന്ത്യൻ സിനിമയിലും ആദ്യകാലത്ത് അഭിനേതാക്കളായുണ്ടായിരുന്നത് നൃത്തശാലകളിലും മറ്റും ഉണ്ടായിരുന്ന നർത്തകികളായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ നിന്നാണ് അഭിനയം ജോലിയായി തിരഞ്ഞെടുക്കുന്ന ചെറുപ്പക്കാരിലേക്ക് നാം എത്തിച്ചേർന്നത്. ഇപ്പോഴും നടിയുടെ ശരീരത്തെക്കുറിച്ച് ഒരുപാട് സദാചാര സങ്കൽപങ്ങൾ നിലനിൽക്കുന്നുണ്ട്. എഴുത്തുകാരികളെ പലപ്പോഴും അഭിസാരി കകൾ എന്നു വിളിച്ചിട്ടുണ്ട്. എഴുത്തിനകത്ത് അവർ ആവിഷ്‌കരി ക്കുന്ന ലോകം യാഥാസ്ഥിതികമായ കുടുംബ-മത-രാഷ്ട്രീയ ബോധ്യങ്ങളെ ചോദ്യം ചെയ്യുന്നത് കൊണ്ടും പലപ്പോഴും വിവാഹ ബാഹ്യമായിട്ടുള്ള ഒരു ലോകത്തെ ചിത്രീകരിക്കുന്നത് കൊണ്ടുമാണ് അവരെ അഭിസാരികകൾ എന്ന് അഭിസംബോധന ചെയ്തത്. അതിനേക്കാൾ വലിയ ആക്രമണമായിരുന്നു സ്ത്രീകളായ അഭിനേതാക്കൾ നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെ അതിനെയെല്ലാം അഭിമുഖീകരിക്കുക എന്ന കഠിനയാഥാർഥ്യം എഴുത്തുകാരി കളേക്കാളധികം നേരിടേണ്ടിവന്നത് അഭിനേത്രികളായിരുന്നു. പഴയ ഗ്രീൻ റൂമുകളുടെ സുരക്ഷിതത്വമില്ലായ്മ, അവിടേക്കുള്ള തുറിച്ചുനോക്കുന്ന പ്രേക്ഷകരുടെ കണ്ണുകൾ, ആരാധകരുടേയും വിടന്മാരുമായവരുടെയും തുറിച്ചുനോട്ടങ്ങൾ എന്നിവയെല്ലാം അവർ നേരിടേണ്ടിവന്നു.

നിരവധിപേരുടെ നോട്ടങ്ങളിൽ കീറിമുറിക്കപ്പെടുന്ന ശരീരത്തിന്റെ ലോകം ഇവരെല്ലാം അഭിമുഖീകരിച്ചിരുന്നു. ഇതൊന്നും ഒരു പുരുഷൻ തന്റെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരില്ല. റിഹേഴ്‌സലുകൾ പലപ്പോഴും രാത്രികളിലായിരിക്കും. വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരും. കൃത്യമായ ഒരു ജോലി സമയം ഇവർക്ക് പറയാനാകില്ല. സ്ത്രീകൾക്ക് യാഥാസ്ഥിതിക ലോകം അനുവദിച്ചു കൊടുത്ത ജോലിസമയമല്ല ഇവരുടേത്. സന്ധ്യയ്ക്ക് വീട്ടിൽ നിന്ന് പോവുകയും പുലർച്ചെ മടങ്ങി വരികയും ചെയ്യുന്നു. വേശ്യാവൃത്തിക്ക് പോയി വന്നവർ എന്ന തരത്തിൽ അവർ മുദ്രകുത്തപ്പെട്ട അക്കാലത്ത് നമ്മൾ വിചാരിക്കുന്നതിലുമപ്പുറമുള്ള കഷ്ടത അവർ നേരിടേണ്ടി വന്നിട്ടുണ്ട്. പലരും രക്തസാക്ഷികേെളാലെയാണ് കലാലോകത്ത് മുന്നോട്ടുവന്നത്. അവർ ഒരു യോദ്ധാക്കളുടെ സമൂഹമായിരുന്നു. ഒരു നടിക്ക്, ഒരു കലാകാരിക്ക്, അന്തസ്സ് എന്ന ഒന്നുണ്ടെന്ന് സ്ഥാപിക്കാൻ കേരള സമൂഹത്തിനു ഒരുപാട് തയ്യാറെടുപ്പ് വേണ്ടിവന്നു.
രാഷ്ട്രീയമേഖലയിലേക്കിറങ്ങുന്ന സ്ത്രീകൾക്കും അനുകൂലമായിരുന്നില്ല നമ്മുടെ സമൂഹം. ഇരുപതാം നൂറ്റാണ്ടിൽ നാം ആധുനിക കുടുംബഘടനയിലേക്ക് മാറുമ്പോൾ അടച്ചുപൂട്ടിയ ഘടനയിലുള്ള വിക്ടോറിയൻ സ്ത്രീ സദാചാര സങ്കല്പം കൂടി ഉണ്ടായിവന്നു. സ്ത്രീകൾ പുറത്തേക്ക് പോകുന്നത് തന്നെ പ്രശ്നമായ ഘട്ടത്തിലാണ് കലാരംഗത്തേക്ക് അവർ ഇറങ്ങുന്നത്. ഡൽഹിയിലെ നിർഭയ കേസിൽ പോലും എന്തിനാണ് ഒരു സ്ത്രീ രാത്രി സമയത്ത് ഒരു പുരുഷനൊപ്പം പുറത്തുപോയത് എന്നാണ് കേരളത്തിലെ ഒരു വിഭാഗം ആളുകൾ ചോദിച്ചത്. സർഗാത്മക പ്രകടനങ്ങൾക്കായി പുറത്തേക്ക് പോകുന്ന സ്ത്രീകളെല്ലാം ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇന്നും അതിനു മാറ്റമില്ല. ഏതാണ്ട് 14 വർഷം കഴിഞ്ഞിട്ടും നിർഭയ കേസിനെ സംബന്ധിച്ച ചർച്ചകളിൽ ഈ സദാചാര ചോദ്യശരങ്ങൾ ഉയരുന്നുണ്ട്.

safo8ആൺ നോട്ടം എന്നതിനോട് ഏറ്റുമുട്ടാതെ സ്ത്രീകൾക്ക് സർഗാത്മക പ്രവർത്തനം സാധ്യമല്ല. യുദ്ധഭൂമി പോലെയായിരുന്നു പലപ്പോഴും അവരുടെ ജീവിതം. കുലീനതയുടെ, അരിസ്റ്റോക്രസിയുടെ, ഫ്യൂഡൽ സദാചാര ബോധത്തിന്റെ, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സ്ത്രീയുടെ പരിശുദ്ധിയെ സംബന്ധിച്ച പൊതുബോധത്തിന്റെ, സ്ഥാപനവൽക്കരിക്കപ്പെട്ട മൂല്യബോധ്യങ്ങളോട് പയറ്റിക്കൊണ്ട് മാത്രമേ നമുക്ക് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിലേക്ക് വരാൻ സാധിക്കുമായിരുന്നുള്ളൂ. അതിൽനിന്ന് കുറെയേറെ മാറ്റങ്ങൾ ഇന്നുണ്ടായിട്ടുണ്ട്. സ്ത്രീ നാടകവേദികൾ ഇന്നുണ്ട്. 90-കളിലുണ്ടായ സാമൂഹ്യ മാറ്റങ്ങൾ, പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമായി രൂപപ്പെട്ട നാടകവേദികൾ, ഇതൊക്കെ സാമൂഹ്യ ബോധ്യങ്ങളെ അഴിച്ചുപണിയുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇതിനു സമാന്തരമായി വീട്ടമ്മ എന്ന സങ്കൽപനം ശക്തിപ്പെടുകയും ചെയ്തു. പണ്ടുണ്ടായിരുന്ന ഒന്നല്ല അത്. വിദ്യാഭ്യാസമുള്ള, വീട് മാത്രം ഉത്തരവാദിത്തമുള്ള, ഉത്തമ സ്ത്രീ എന്നത് മധ്യവർഗത്തിന്റെ ഒരു ആവശ്യമായി വന്നു. അതിൽ നിന്ന് വ്യത്യസ്തമായി പിന്നീട് വനിതാസംരംഭകർ ഉയർന്നുവന്നു. കുടുംബ ബിസിനസ്സുകൾ ഏറ്റെടുക്കുന്ന സ്ത്രീകൾ വന്നു. അതും സ്വാതന്ത്ര്യത്തിന്റെയും സർഗാത്മകതയുടെയും ആവിഷ്‌കാരമാണ്. വസ്ത്ര, കയറ്റുമതി ബിസിനസ്സുകൾ യാഥാസ്ഥിതിക ബോധത്തെ പലപ്പോഴും ചോദ്യം ചെയ്തു. മാതൃദായക്രമ സമുദായങ്ങൾ പോലും പിന്നീട് ആണിന്റെ പേരിൽ അറിയപ്പെട്ടു. അമ്മയുടെ പേര് ചേർത്ത് അറിയപ്പെട്ടിരുന്ന സമൂഹങ്ങൾ നമുക്കുണ്ടായിരുന്നു. അത് മാറുകയും അച്ഛന്റെയും ഭർത്താവിന്റെ പേരിനുപിന്നിൽ അറിയപ്പെടുന്നതിൽ അഭിമാനിക്കുന്ന ഒരു തലമുറ ഉണ്ടാവുകയും ചെയ്തു. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ സമൂഹം രൂപാന്തരം ചെയ്യപ്പെട്ടു.

ഔദ്യോഗികമേഖലയിലും സർഗാത്മക മേഖലയിലും- അത് അഭിനയമാകാം. സംവിധാനമാകാം- കർതൃത്വ പദവിയിലേക്ക് സ്ത്രീകൾ വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന, അല്ലെങ്കിൽ അതിനെ കുത്സിത പ്രവൃത്തിയായി കണ്ടിരുന്ന ഭൂരിപക്ഷത്തിന്റെ ആൺ നോട്ടത്തിനെ പ്രശ്നവൽക്കരിച്ച് കൊണ്ടാണ് സ്ത്രീയുടെ പൊതുമണ്ഡലം വികസിച്ചു വന്നത്.

 

Spread the love