മികവിൽ കേരളപോലീസ്
സമകാലിക ജനപഥം 2026
ഫെബ്രുവരി 1 പുസ്തകം 12 ലക്കം 7

കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പോലീസ് സേന. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള ഊർജസ്വലരായ ചെറുപ്പക്കാർ നിറഞ്ഞ സേന രാജ്യത്തെ ഏറ്റവും മികവ് പുലർത്തുന്ന പോലീസ് സേനകളിൽ ഒന്നാണെന്നതിൽ സംശയമില്ല. നിരവധി ബി.ടെക് ബിരുദധാരികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ കാവൽക്കാരായി സേനയിലുണ്ട്. എം.ബി.എ, എം.സി.എ തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുളളവരാണ് ഇന്ന് സേനയിൽ അധികവും. സാങ്കേതികമേഖലയിൽ കഴിവും യോഗ്യതയുമുളള വനിതകൾ ഉൾപ്പെടെയുളള സേനാംഗങ്ങൾ സമൂഹത്തിൽ വർധിച്ചുവരുന്ന നിരവധിയായ തട്ടിപ്പുകൾ തടയാൻ സേനയെ പ്രാപ്തരാക്കുന്നു. ഡിജിറ്റൽസാങ്കേതികവിദ്യയുടെ പൊതുവായ വളർച്ച ആ മേഖലയിലെ ആസൂത്രിതമായ തട്ടിപ്പുകളും വർധിപ്പിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു കാവൽസേന നമുക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ നിലവിലെ വിദ്യാസമ്പന്നമായ പോലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കൃത്യമായ ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുളള പൊതുജനസേവനം, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുളള മികവ്, ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും ജൈവവൈവിധ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം എന്നിവയ്ക്ക് നൽകുന്ന പരിഗണന കേരളാ പോലീസ് സേനയുടെ പ്രത്യേകതയാണ്. ഇന്ത്യൻ പോലീസ്ഫെഡറേഷന്റെ 2021ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്. ഓവറോൾ വിഭാഗത്തിൽ നാലാംസ്ഥാനത്തും.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. ഡാർക്ക് വെബ്ബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗികവ്യാപാരം, മയക്കുമരുന്ന് കച്ചവടം, ആയുധവ്യാപാരം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ കണ്ടെത്താനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്താനും നിതാന്ത ജാഗ്രതയോടെ കേരളാ പോലീസിന്റെ സൈബർവിഭാഗം നിലകൊളളുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി ധാരണാപത്രത്തിൽ സൈബർഡോം ഒപ്പിട്ടു.
കുട്ടികൾക്കും വനിതകൾക്കും സമ്പൂർണ്ണ സുരക്ഷയൊരുക്കുന്ന നിരവധി പദ്ധതികൾ കേരളാ പോലീസ് നടപ്പിലാക്കുന്നു. 24 മണിക്കൂറും വനിതാ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടുന്ന പട്രോളിങ് സംഘങ്ങൾ റോഡിൽ സർവസജ്ജരാണ്. പ്രകൃതിസൗഹൃദ ഹോവർ പട്രോളിങ് സംവിധാനവും കൊച്ചി സിറ്റി പോലീസ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് രൂപീകരിച്ച് നടപ്പിലാക്കി വരുന്നു. പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ, സിറ്റിസൺ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ നിലവിൽവന്നു. എല്ലാ പോലീസ് ജില്ലകൾക്കും പ്രത്യേക വെബ്സൈറ്റ് സംവിധാനം ഏർപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലബോറട്ടറികൾ സ്ഥാപിതമായി.
ടോക് ടു കേരളാ പോലീസ്
സൈബർഡോം പുറത്തിറക്കിയ പുതിയ സംരംഭമാണ് കേരളാ പോലീസ് അസിസ്റ്റന്റ് ചാറ്റ്ബോട്ട് സർവീസ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് സിറ്റി പോലീസാണ് പദ്ധതി നടപ്പിലാക്കിയത്. ഇന്റർനെറ്റ് സൗകര്യമുളള മൊബൈൽ ഫോണുകളിലൂടെ പൊതുജനങ്ങൾക്ക് അതിവേഗം സേവനങ്ങൾ ലഭ്യമാകുന്നതാണ് പദ്ധതി.
ഡ്രോൺ ഫോറൻസിക് ലാബ്
ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ നിലവിൽവന്നു. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷത കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ്വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസ്സിലാക്കുക, പ്രവർത്തന ചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ലാബിലെ പ്രവർത്തനങ്ങൾ. സേനയുടെ വിവിധ ആവശ്യങ്ങൾക്കായി പുതിയതരം ഡ്രോണുകൾ നിർമ്മിക്കുന്നത് ഡ്രോൺ ഗവേഷണ കേന്ദ്രത്തിലായിരിക്കും.
ഡാർക്ക് വെ ബ്ബിലെ നിഗൂഢതകൾ നീക്കുന്നതിനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനുമായി ഹാക്ക് പി സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് Grapnel 1.0. ഡാർക്ക് വെബ്ബിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടുപിടിക്കാൻ വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ്വെയർ രാജ്യത്തിനുതന്നെ അഭിമാനമാണ്.
ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് ഇരയായ കുട്ടികളെ ജീവിതത്തിൽ തിരികെ എത്തിക്കുന്നതിനായി നടപ്പാക്കുന്ന ‘കൂട്ട്’ സൈബർ സുരക്ഷ പദ്ധതിയിൽ ഓൺലൈൻ ചതിക്കുഴികൾ മനസ്സിലാക്കാനും അപകടങ്ങൾ ഒഴിവാക്കാനും പരിശീലനം നൽകുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് ‘ആൽകോ സ്കാൻ വാൻ’ നിലവിൽവന്നു. ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ടുപോകാതെ ഈ വാനിൽവെച്ച്തന്നെ വേഗത്തിൽ ഫലം അറിയാൻ സാധിക്കും.
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ പദ്ധതിക്ക് രൂപംനൽകി. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമായി കേരളാ പോലീസ് സൈബർഡോം വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ മൊബൈൽ ആന്റി ഡ്രോൺ വെഹിക്കിളാണ് ഈഗിൾ ഐ. പേപ്പർരഹിത പോലീസ് ഓഫീസ് എന്ന ലക്ഷ്യത്തിലേക്ക് കേരളാ പോലീസിനെ ഒരു പടികൂടി മുന്നോട്ടുകൊണ്ടുപോകുന്നതിനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് മി-കോപ്സ്.

വനിതാ സ്വയംപ്രതിരോധ പദ്ധതി
അതിക്രമങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിർഭയ പദ്ധതിയിൽപ്പെടുത്തി രൂപംനൽകിയതാണ് വനിതാ സ്വയംപ്രതിരോധപദ്ധതി. പ്രതിരോധമുറയിൽ താൽപര്യമുളള സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായാണ് പരിശീലനം നൽകുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് എക്കണോമിക് ഒഫെൻസസ് വിങ്ങ് പ്രവർത്തനം ആരംഭിച്ചു. വിദ്യാർഥികളെ മൊബൈൽ ആസക്തിയിൽ നിന്നും മുക്തരാക്കുന്നതിന് ആറ് നഗരങ്ങളിൽ ആരംഭിച്ച ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇരകൾക്ക് അതിവേഗ നീതി ലഭ്യമാക്കുന്നതിനും സംസ്ഥാന വനിതാസെല്ലിന് കീഴിൽ വുമൺ സേഫ്റ്റി ഡിവിഷൻ ആരംഭിച്ചു.
വനിതാ ബറ്റാലിയൻ
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള എല്ലാത്തരം അതിക്രമങ്ങളും തടയുന്നതിനും വനിതാപ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വനിതാ ബറ്റാലിയൻ 2018 ൽ നിലവിൽവന്നു. ആദ്യ ബാച്ചിൽ 578 പേർ പരിശീലനം പൂർത്തിയാക്കി. ഇവരിൽ 44 പേർ കമാൻഡോ പരിശീലനം നേടി സംസ്ഥാനത്ത് ആദ്യമായി ഒരു വനിതാ കമാൻഡോ വിങ്ങ് ആരംഭിച്ചു.
ഹോപ്പ്
വിവിധ കാരണങ്ങളാൽ പഠനം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന 18 വയസ്സിന് താഴെയുളള കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി ആരംഭിച്ച പഠനപദ്ധതിയാണ് ഹോപ്പ്.
കവചം
ദുർബലവിഭാഗത്തിൽപ്പെട്ട കുട്ടികൾ ശാരീരിക-ലൈംഗിക പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരയാകുന്നത് തടയാൻ രൂപവൽക്കരിച്ച പദ്ധതിയാണ് കവചം.
മാലാഖ പദ്ധതി
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് മാലാഖ എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾക്ക് രൂപം നൽകി.
പോൽ-ആപ്പ്
പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനം.
112 പരിഷ്കരിച്ച സേവനങ്ങൾപരിഷ്കരിച്ച 112 സേവനങ്ങൾക്ക് (Next Generation Emergency Response Support System 112) പോലീസ് ആസ്ഥാനത്ത് തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തരസേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112. പുതിയ വേർഷൻ ഇ.ആർ.എസ്.എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവുവരുത്താൻ കഴിയും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തനരഹിതമായതോ ആയ നമ്പരുകളിൽ നിന്നുപോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം.
മൊബൈൽഫോണുകളിൽനിന്നും ലാൻഡ് ഫോണിൽനിന്നും സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽആപ്പിലെ SoS വഴിയും സേവനം പ്രയോജനപ്പെടുത്താം.
1930 സൈബർ ക്രൈം ഹെൽപ് ലൈൻ
ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാണെ് തിരിച്ചറിഞ്ഞതോടെയാണ് അതിനെ ചെറുക്കാൻ 1930 എന്ന സൈബർ ക്രൈം ഹെൽപ് ലൈൻ ആരംഭിച്ചത്. 2024 ഏപ്രിൽവരെ ഈ നമ്പറിലേക്ക് 13,239 പരാതികളാണ് ലഭിച്ചത്. ആകെ 197.62 കോടിരൂപയുടെ തട്ടിപ്പാണ് നഷ്ടപ്പെട്ടതായി കണക്കാക്കിയത്. അതിൽ 29.49 കോടിരൂപ വീണ്ടെടുക്കാനായി. തട്ടിപ്പുമായി ബന്ധപ്പെട്ട 10,094 ബാങ്ക് അക്കൗണ്ടുകളും 7290 സിം കാർഡുകളും 10,418 ഉപകരണങ്ങളും 7,126 വെബ്സൈറ്റുകളും 3,900 സാമൂഹ്യമാധ്യമ പ്രൊഫൈലുകളും 476 മൊബൈൽ ആപ്ലിക്കേഷനുകളും നിർവീര്യമാക്കാനും സൈബർ പോലീസിന് കഴിഞ്ഞു.
![]() 155260 സൈബർ ഫൈനാൻഷ്യൽ
ഫ്രോഡ്-കോൾസെന്റർ
ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെ തിരെ പരാതി നൽകുന്നതിനുളള കേരളാ പോലീസിന്റെ കോൾ സെന്റർ സംവിധാനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നിലവിൽവന്നു. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം.
112 പിങ്ക് പോലീസ്
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് പിങ്ക് പോലീസ്. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും പ്രവർത്തനം. വനിതാ ഉദ്യോഗസ്ഥർ മാത്രമുളള പട്രോളിങ് സംഘങ്ങളാണ് പിങ്ക് പോലീസ്. 112 എന്ന നമ്പരിൽ വിളിച്ചാൽ പിങ്ക് പോലീസിന്റെ സഹായം ലഭിക്കും.
ചിരി 9497900200
മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി രൂപംനൽകിയ പദ്ധതിയാണ് ചിരി. കുട്ടികൾക്കും രക്ഷിതാക്കൾക്കും 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിൽ വിളിച്ച് സഹായം ആവശ്യപ്പെടാം.
|
ഡീപ്പ് ഫേക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫെയ്ക വീഡിയോ നിർമ്മിച്ച് പണം തട്ടിയെടുത്ത രാജ്യത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും തട്ടിപ്പ് സംഘത്തെ പിടികൂടി. നഷ്ടപ്പെട്ട തുക മുഴുവൻ വീണ്ടെടുക്കാനുമായി. സൈബർതട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിദേശസംഘങ്ങളെയും ഇക്കാലയളവിൽ പിടികൂടാനായി. തൃശ്ശൂരിൽ വിദേശസംഘങ്ങൾക്കായി സിം ആക്ടിവേറ്റ് ചെയ്ത് നൽകുന്ന പ്രതിയെയും, ഈ സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിവന്ന കമ്പോഡിയൻ സംഘത്തിലെ പ്രധാനിയേയും അറസ്റ്റ് ചെയ്യാനായി.
അഗ്നിരക്ഷാസേന
2016 മുതൽ 2025 വരെ 251 കോടിയിലധികം രൂപയുടെ അത്യാധുനിക ഉപകരണങ്ങൾ.
റോബോട്ടിക് ഫയർ ഫൈറ്റിങ്ങ് വെഹിക്കിൾ, അണ്ടർ വാട്ടർ ഡ്രോൺ, ഫയർ ടെൻഡർ, ഫസ്റ്റ് റസ്പോൺസ് വെഹിക്കിൾ (FRV), അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ, ഫോം ടെൻഡർ, ട്രൂപ്പ് കാരിയർ, എമർജൻസി ടെൻഡർ, DCP ടെൻഡർ, വാട്ടർ ബൗസർ, ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളാൽ സുസജ്ജം
ഇടുങ്ങിയ വീഥികളിലെയും ബഹുനിലകെട്ടിടങ്ങളിലെയും വെല്ലുവിളികൾ നേരിടാൻ ടവർ മോണിറ്ററും ഏരിയൽ ലാഡർ പ്ലാറ്റ്ഫോമും
പുതിയ എട്ട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകൾ. ആകെ സ്റ്റേഷനുകളുടെ എണ്ണം 129
2019-ൽ സിവിൽ ഡിഫൻസ് സംവിധാനം രൂപീകരിച്ചു. പതിനായിരത്തോളം സിവിൽ ഡിഫൻസ് വളണ്ടിയർമാരും 4,500 ആപ്ദ മിത്ര വോളന്റിയർമാരും സേനയുടെ ഭാഗം.

ലോകനിലവാരത്തിലുള്ള ജലരക്ഷാ പരിശീലനത്തിനായി ഫോർട്ട് കൊച്ചിയിൽ ഐ.എ.ടി.ഡബ്ല്യു.ആർ (IATWR) സ്ഥാപിച്ചു.
ചരിത്രത്തിലാദ്യമായി 100 ഫയർവുമൺ തസ്തിക അനുവദിച്ച് നിയമനം നടത്തി. 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികയും സൃഷ്ടിച്ചു. 17 വനിതാ സേനാംഗങ്ങളെ തിരഞ്ഞെടുത്ത് സ്കൂബാ ഡൈവിങിൽ പരിശീലനം നൽകി ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സ്കൂബാ ഡൈവിങ് ടീം ആയ ‘GANNETS’ രൂപീകരിച്ചു.
വലിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായി ഐ.ടി.ബി.പി (ITBP), എൻ.ഡി.ആർ.എഫ് (NDRF) എന്നിവയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയ 31 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ (STF) നമ്മൾ സജ്ജമാക്കി.
ജയിൽ വകുപ്പ്
സംസ്ഥാനത്തെ ആകെ ജയിലുകളുടെ എണ്ണം 59 ആയി ഉയർത്തി. ശരാശരി അംഗീകൃതശേഷി 7823 ആയി വർധിപ്പിച്ചു. അഞ്ചിടത്ത് പുതിയ ജയിലുകളുടെ നിർമ്മാണം നടക്കുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക പാർപ്പിടസൗകര്യം ഒരുക്കി. ജയിലിൽ പ്രത്യേക പരിഗണന നൽകിവരുന്നു.
പവർ ഫെൻസിങ് സംവിധാനം, സിസിടിവി സംവിധാനം, ടെട്രാ കമ്മ്യൂണിക്കേഷൻ സംവിധാനം, ആധുനിക ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കി ജയിൽ സുരക്ഷ വർധിപ്പിച്ചു.
നൈപുണ്യ വികസന പരിപാടികൾ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ,
തൊഴിലധിഷ്ഠിത പരിശീലനം. ജയിലുകൾക്കുള്ളിൽ മാനസികാരോഗ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
കോടതി
ജുഡീഷ്യൽ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 9 ജില്ലകളിലായി 16 കെട്ടിടങ്ങളുടെ നിർമ്മാണ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
പെരുമ്പാവൂരിലെ ജുഡീഷ്യൽ ഓഫീസേഴ്സ് ക്വാർട്ടേഴ്സ്, ഒറ്റപ്പാലം കോടതി സമുച്ചയം, കൊടുങ്ങല്ലൂർ കോടതി സമുച്ചയം, വടക്കാഞ്ചേരി കോടതി സമുച്ചയം എന്നിവയ്ക്കായുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി.

112 പരിഷ്കരിച്ച സേവനങ്ങൾ