വീണ്ടെടുക്കേണ്ട നാടകതട്ടകങ്ങൾ

സമകാലിക ജനപഥം 2026
മാർച്ച് 1 പുസ്തകം 12 ലക്കം 8

raja1

 

 

 

 

 

 raja8പ്രാക്തനകാലം മുതൽക്ക് മനുഷ്യജീവിതത്തോട് ഉൾച്ചേർന്ന് നിലനിൽക്കുകയും കാലാകാലങ്ങളിൽ വളർച്ചപ്രാപിക്കുകയുംചെയ്ത നാട്യവഴക്കത്തിന് വർത്തമാനകാലത്തും പ്രസക്തി ഏറെയാണെന്നതിൽ സംശയമില്ല. ആദികാലത്ത് സഹജീവികളോടുള്ള ആശയോപാധി എന്ന നിലയിൽ വർത്തിച്ച ശരീരഭാഷ പിൽക്കാലത്ത് ആസ്വാദനം ലക്ഷ്യമാക്കിയ ഒരു ശുദ്ധകല എന്ന നിലയിൽ സംസ്‌കൃതീകരിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള നാടകത്തിന്റെ ചരിത്രപ്രാരംഭം ഇങ്ങനെതന്നെയാണ്. ഇന്ത്യയിലെ അതിദീർഘമായ നാടകചരിത്രത്തിലും ഏറ്റവും പ്രാധാന്യത്തോടെ അടയാളപ്പെട്ടതാണ് കേരളത്തിലെ നാടകപശ്ചാത്തലം. ക്ലാസിക്കൽ തിയേറ്ററായ കൂടിയാട്ടം വിശ്വനാടകവേദിയിൽ ശ്രദ്ധേയമായ ഒന്നാണ്. ഈ ക്ലാസിക്കൽ പാരമ്പര്യത്തിനപ്പുറത്ത്, ട്രൈബൽ-നാടോടി-അനുഷ്ഠാനവഴക്കങ്ങളിൽപ്പെട്ട ഒട്ടേറെ നാടകരൂപങ്ങൾ ഇപ്പറഞ്ഞ പഴക്കംചെന്ന പാരമ്പര്യത്തിലുൾക്കൊണ്ടിരിക്കുന്നു.

ഇന്ന് നാം ഏറ്റവും കൂടുതൽ ശീലജ്ഞാനത്തിലൂടെ ആർജിച്ചെടുത്തിരിക്കുന്ന ‘പ്രൊസീനിയം’ നാടകവഴക്കത്തിന് നൂറ്റിയൻപത് വർഷത്തിനപ്പുറത്താണ് തുടക്കമിട്ടതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. യൂറോപ്യൻ റിയലിസത്തിന്റെ അനുരണനങ്ങളാണ് ഇവയെന്നതും തിരിച്ചറിയാവുന്നതാണ്. ‘മലയാള നാടകം നമ്മുടെ പ്രാചീനരംഗകലകളുടെ അനുക്രമമായ വികാസത്തിന്റെ ഫലമോ അവയുടെ സമുചിതഘടകങ്ങൾ സംശ്ലേഷിച്ചതുകൊണ്ടുൽഭവിച്ച ഒന്നോ അല്ല. അത് അനുകരണമായി കടന്നുവന്ന ഒരു പ്രസ്ഥാനമാണ്’ എന്ന് ജി.ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നത് ഇവിടെ സ്മരണീയമാണ്. നാടകത്തെ ഒരു തൊഴിലായി സ്വീകരിച്ചുകൊണ്ട്, ആ കലയിൽ നിരന്തരം വ്യാപരിക്കുകയും അതിലധിഷ്ഠിതമായി ജീവിതം നയിക്കുകയുംചെയ്ത മനുഷ്യക്കൂട്ടായ്മയുടെ സംഘങ്ങൾ ഇവിടെയുണ്ടാവുകയും അവ ഒത്തുചേർന്ന് ഒരു പ്രസ്ഥാനമായി വളരുകയുംചെയ്തത്, കേരളത്തെ സംബന്ധിച്ചിടത്തോളം തമിഴ് സംഗീതനാടകങ്ങളിലൂടെയാണ്. കല്യാണരാമയ്യർ സെറ്റ്, രാമുഡു സെറ്റ്, ശാമി അയ്യർ സെറ്റ്, ബബ്ബലൻ കുട്ടീശ്വരൻ സെറ്റ് തുടങ്ങിയ സംഘങ്ങൾ അവതരിപ്പിച്ച ‘കോവിലൻ ചരിതം,’ ‘നല്ല തങ്കാൾ ചരിതം’, ‘ഗുലേബക്കാവലി’, ‘അല്ലി അർജുന’, ‘പാർസി ലതാംഗി’ തുടങ്ങിയ ചരിത്രപശ്ചാത്തലമുള്ള നാടകാവതരണങ്ങൾ കേരളക്കരയിൽ സൃഷ്ടിച്ച ചലനങ്ങളുടെ തിളക്കത്തിലാണ് ടി.സി. അച്യുതമേനോൻ ‘സംഗീതനൈഷധ’വും എരുവയിൽ ചക്രപാണി വാര്യർ ‘സംഗീതഹരിശ്ചന്ദ്ര’വും കെ.സി.കേശവപിള്ള ‘സദാരാമ’യുമൊക്കെ എഴുതിയതെന്നത് നിസ്തർക്കമാണ്. തുടർന്നിങ്ങോട്ട് സംസ്‌കൃതരൂപകങ്ങളുടെയും ആംഗലേയനാടകങ്ങളുടെയും പരിഭാഷകളുണ്ടായി. കേവലം കഥപറച്ചിലിനപ്പുറം, സാമൂഹ്യവിഷയങ്ങളെ അധികരിച്ചുള്ള മലയാളനാടകങ്ങളുടെ പ്രാരംഭമായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ‘ചന്ദ്രിക’യെയും കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ‘എബ്രായിക്കുട്ടി’യെയും പി.കെ.കൊച്ചീപ്പൻ തരകന്റെ ‘മറിയാമ്മ നാടക’ത്തെയും കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ‘കല്യാണിനാടക’ത്തെയും കണക്കാക്കാവുന്നതാണ്. ‘തമിഴ് സംഗീതനാടകക്കാർ കേരളത്തിൽ തുടരെ വന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ആ നാടകങ്ങളിൽനിന്ന് പ്രേരണ ലഭിച്ച പല എഴുത്തുകാരും മലയാളസംഗീതനാടകങ്ങൾ രചിച്ചുവെങ്കിലും സാഹിത്യഗുണവും സംഗീതഭംഗിയും സമ്മേളിച്ചിട്ടുള്ള ‘സദാരാമ’ മാത്രമേ പരിപൂർണവിജയം നേടിയിട്ടുള്ളൂ’ എന്നാണ് എൻ.കൃഷ്ണപിള്ള പ്രസ്താവിച്ചിട്ടുള്ളത്.

raja3

 

 

 

 

 

 

 

സാമൂഹിക പ്രശ്നങ്ങൾ
പ്രമേയമാകുന്നു
കുമാരനാശാന്റെ ‘കരുണ’യ്ക്ക് സ്വാമി ബ്രഹ്‌മവ്രതൻ നാടകരൂപം കൊടുത്തത് 1930-ലാണ്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും ഓച്ചിറ വേലുക്കുട്ടിയുംചേർന്ന് അത് രംഗത്തവതരിപ്പിച്ചത് പ്രാധാന്യത്തോടെ നിലനിൽക്കുന്നു. ഇതേ വർഷംതന്നെയാണ് ചരിത്രപ്രാധാന്യം നേടിയ മറ്റൊരു നാടകം പ്രസിദ്ധീകൃതമായത്; വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്.’ അക്കാലത്തെ ഒരു ‘ആറ്റംബോംബ്’ ആയിട്ടാണ് കേളപ്പൻ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. പാശ്ചാത്യ സാഹിത്യത്തിന്റെയും ആംഗലേയസാഹിത്യത്തിന്റെയും കൈപ്പിടിയിൽനിന്ന് സ്വതന്ത്രമായി, നമ്മുടെ സാമൂഹിക പ്രശ്‌നങ്ങളെ പ്രമേയമായി സ്വീകരിക്കുകയും നാടകമെന്ന മഹാപ്രസ്ഥാനത്തിലൂടെ അവയെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലുള്ള നാടകസംരംഭങ്ങളുടെ തുടക്കം 1930-കൾ മുതൽക്കാണുണ്ടായത്.

raja4

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെയും സംഗീതനാടകങ്ങൾ കേരളക്കരയിൽ നിറഞ്ഞുനിന്നു. ആ പശ്ചാത്തലത്തിലാണ് തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ 1952-ൽ വരുന്നത്. 1940-കളിൽ എൻ. കൃഷ്ണപിള്ള ‘പ്രശ്‌നനാടക’ങ്ങളുടെ സ്വഭാവപ്രത്യേകതകളോടുകൂടി ഒട്ടേറെ നാടകങ്ങൾ രചിക്കുകയുണ്ടായി. ‘ഭഗ്നഭവനം’ (1942), ‘കന്യക’ (1944), ‘ബലാബലം’ (1945) തുടങ്ങിയ നാടകങ്ങൾ അവയിൽ ശ്രദ്ധേയങ്ങളാണ്. 1944-ൽ ‘സമത്വവാദി’ എന്ന നാടകത്തിന്റെ രചനയിലൂടെ പുളിമാന പരമേശ്വരൻ പിള്ള വ്യത്യസ്തമായൊരു ഭാവുകത്വം സൃഷ്ടിച്ചു. സി.ജെ.തോമസിന്റെ ‘അവൻ വീണ്ടും വരുന്നു’ (1949) എന്ന നാടകവും ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കെ.ദാമോദരന്റെ ‘പാട്ടബാക്കി’യിൽ സമഷ്ടിവാദത്തിന്റെ പശ്ചാത്തലം ദർശിതമാണെങ്കിലും തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ബഹുജനപ്രസ്ഥാനങ്ങളുടെ വളർച്ചയുടെയും മുന്നേറ്റത്തിന്റെയും കാലഘട്ടത്തിലുണ്ടായി, പ്രേക്ഷകസ്വീകാര്യത കൈവരിച്ച ഒന്നാണ്.

നാടകസംഘങ്ങൾ
ദീർഘകാലം നീണ്ടുനിന്നില്ലെങ്കിലും ‘മലബാർ കേന്ദ്രകലാസമിതി’യുടെ പ്രവർത്തനം അമെച്വർ നാടകപ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. ഇതിലൂടെ വളർന്നുവന്ന കെ.ടി.മുഹമ്മദ് പിൽക്കാലത്ത് പൊതുധാരാനാടകവേദിക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. 1960-കളിലാണ് നാടകസാഹിത്യത്തിലും വേദിയിലും തികച്ചും വ്യത്യസ്തവും അർഥവത്തുമായ നൂതനസങ്കൽപങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നത്. 1967-ൽ തുടക്കം കുറിച്ച ‘കളരിപ്രസ്ഥാനം’ അതിൽ സവിശേഷമായ ഒന്നാണ്. അപ്പോഴും പൊതുവേദികളിൽ കെ.പി.എ.സിയും കാളിദാസകലാകേന്ദ്രവും ഗീഥാ ആർട്‌സ് ക്ലബ്ബും കലാനിലയവും കേരളാ തീയേറ്റേഴ്‌സുമൊക്കെ ജനശ്രദ്ധ നേടിക്കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. വാണിജ്യനാടകവേദി വളർച്ചപ്രാപിച്ച കാലഘട്ടമാണ് 1960-കൾ. നാടകരചനയ്ക്കപ്പുറം, രംഗപ്രസാധനത്തിന്റെ മേഖലയിൽ നവീനചിന്തകളും പരിശ്രമങ്ങളുമുണ്ടായത് ഇക്കാലഘട്ടത്തിലാണ്.

പരിണാമകാലം
കേരളത്തിലെ വികസ്വരനാടകവേദിക്ക് അനന്യസംഭാവനകൾ നൽകിയ സമ്പൂർണനാടകകാരനാണ് ജി.ശങ്കരപ്പിള്ള. കളിച്ച് തീർക്കേണ്ടതിനപ്പുറം, പഠിച്ച് പ്രയോഗിക്കേണ്ടതായ ഗൗരവകലയാണ് നാടകമെന്ന് കർമസാക്ഷ്യത്തിലൂടെ തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ശങ്കരപ്പിള്ളയുടെ ‘ഭരതവാക്യം’ (1972) ‘കറുത്തദൈവത്തെത്തേടി’ തുടങ്ങിയ നാടകങ്ങൾക്ക് അക്കാലം വരെ പൊതുവെ നിലനിന്നുപോന്ന യാഥാതഥ്യപ്രസ്ഥാനത്തിന്റെ കടമ്പകളെ പിഴുതെറിയാനും പുതിയ ഭാവുകത്വത്തിന് വഴിതുറക്കാനും സാധിച്ചു. സി.എൻ.ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങൾ (കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി) ഭാരതീയനാടകസാഹിത്യത്തിൽത്തന്നെ ശ്രദ്ധേയമായ ഉദാത്തരചനകളാണ്.

ചിന്താപരമായും പ്രയോഗപരമായും പുതിയ പരിണാമങ്ങളുടെ ദശകമാണ് 1970-കൾ. കൊളോണിയൽ സൗന്ദര്യവീക്ഷണങ്ങളുടെ പ്രഭാവം കേരളത്തിൽ ശക്തമായിത്തന്നെ നിലനിന്നപ്പോൾ കേരളത്തിന്റെ നാട്യസംസ്‌കൃതിയെ ഉപജീവിച്ച്, അതിന്റെ കാലോചിതമായ തുടർച്ചയായി ഒരു തിയേറ്ററും അവതരണസമ്പ്രദായവും രൂപപ്പെടുത്തേണ്ടതുണ്ടെന്ന ബോധ്യത്താൽ രചനയും രംഗാവതരണങ്ങളുമൊരുക്കി ശ്രദ്ധേയനായ നാടകകാരനാണ് കാവാലം നാരായണപ്പണിക്കർ. അദ്ദേഹത്തിന്റെ ‘അവനവൻ കടമ്പ’ (1976) ഇത്തരത്തിലുള്ള ലക്ഷണയുക്തമായ ഒരു നാടകമായിരുന്നു.raja5

നാടകം-സാഹിത്യവും വേദിയും

മലയാളനാടകപ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം സുവ്യക്തമാണ്. ഇവിടെ നാടകസാഹിത്യവും നാടകവേദിയും വ്യത്യസ്തധാരകളായാണ് വളർന്നുവന്നത്. ഇവ തമ്മിൽ സ്പഷ്ടമായ അകലമുണ്ടായിരുന്നുതാനും. നാടകത്തെ ഒരു സാഹിത്യരൂപമെന്ന നിലയിലാണ് പ്രാരംഭത്തിൽ പല എഴുത്തുകാരും കണക്കാക്കിയിരുന്നത്. അക്കാലത്ത് നമ്മുടെ നാടകത്തെ ഏറെയും സ്വാധീനിച്ചിരുന്നത് പാശ്ചാത്യനാടകദർശനങ്ങളും നാടകകൃതികളുമാണ്. പാശ്ചാത്യാനുകരണങ്ങളിൽ ആമഗ്നമായ നമ്മുടെ നാടകപ്രസ്ഥാനം ലോകമെമ്പാടുമുണ്ടായിട്ടുള്ള പ്രഖ്യാതമായ പ്രസ്ഥാനങ്ങളെയൊക്കെയും ഇവിടേക്ക് ആവാഹിച്ചിട്ടുണ്ട്. കഴിഞ്ഞ കാലത്തെ കേരളത്തിലെ ഭാഷാനാടകചരിത്രം പരിശോധിച്ചാൽ, വ്യത്യസ്തധാരകളിലൂടെയാണ് അത് കടന്നുപോയിട്ടുള്ളതെന്നും വികാസം പ്രാപിച്ചിട്ടുള്ള തെന്നും തിരിച്ചറിയാം.

നാടകവുമായി ബന്ധപ്പെട്ട് രചന, രംഗപ്രയോഗം, അഭിനയം, ആസ്വാദനം തുടങ്ങിയ മേഖലകളെക്കുറിച്ച് ശാസ്ത്രീയമായ വിശകലനങ്ങളുടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്തത്ര നാടകരചനകളും രംഗാവതരണങ്ങളും ഇവിടെയുണ്ടായി. വൈവിധ്യമാർന്ന പ്രശ്‌നങ്ങളും പ്രമേയങ്ങളും അവയ്ക്ക് പശ്ചാത്തലമായി. ഈയൊരു ഭൂമികയിലാണ് വർത്തമാനകാലത്തെ നാടകവേദി നൂതനമായ പ്രയോഗവഴക്കങ്ങളുമായി നിലനിൽക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററിലെ പരിവർത്തനങ്ങളോട് സമരസപ്പെട്ടുകൊണ്ട് മലയാളത്തിലും പരിണാമങ്ങളുണ്ടാകുന്നു. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് സാമാന്യജനതയുമായി അവയ്ക്കുള്ള ബന്ധം ഏതു രീതിയിലാണെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

raja6

ഗ്രാമങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും കടന്നുചെല്ലുമ്പോൾ മാത്രമേ നാടകത്തിനുവേണ്ടിയുള്ള ബോധപൂർമായ പരിശ്രമങ്ങൾ അവയുടെ പരിപൂർണതയിലെത്തുകയുള്ളൂ. പരീക്ഷണങ്ങൾക്കുവേണ്ടിയുള്ള തട്ടകം മാത്രമായി നമ്മുടെ അരങ്ങുകൾ വഴിമാറിപ്പോയാൽ മനുഷ്യപുരോഗതിക്ക് അവകൊണ്ട് പ്രയോജനം കൈവരാതെപോകും. പ്രാചീനകലാരൂപമായ നാടകം ഏതൊരു ദേശത്തിലെയും മനുഷ്യന്റെ ആദിമൂലകമായ ചില നൈസർഗികതകളിൽനിന്ന് ഉയർന്നുവന്ന ഒരു സംവേദനോപാധിയാണ്. മനുഷ്യന്റെ ബാഹ്യജീവിതപ്രക്രിയകളോടൊപ്പം തന്നെ ആന്തരികജീവിത ചോദനകളും ക്രിയാപ്രാമുഖ്യമുള്ള നാടകകലയിലൂടെ ആവിഷ്‌കൃതമാകുന്നു. മനുഷ്യജീവിതവുമായി അഭേദ്യമാംവണ്ണം ബന്ധപ്പെട്ടിരിക്കുന്ന നാട്യകലയ്ക്ക് പിൽക്കാലത്ത് വന്നിട്ടുള്ള പരിണതികൾ ഒട്ടേറെയാണെന്നിരിക്കിലും ഇക്കാലത്തെ പരിണാമപ്രക്രിയകളിൽ അതിനുണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥാനമാറ്റങ്ങൾ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. മനുഷ്യജീവിതവുമായി നാടകകലയ്ക്കുള്ള ഗാഢബന്ധത്തിന്റെ ശക്തിയിലും പ്രസക്തിയിലും ഇക്കാലത്ത് ദുർബലതയുള്ളതായി തിരിച്ചറിയാവുന്നതാണ്.raja7

നാടകസാഹിത്യം (Dramatic literature) പ്രാധാന്യത്തോടെ കാണേണ്ടുന്ന ഒന്നാണ്. പക്ഷേ, അവാർഡു കൾക്കായി പങ്കെടുക്കുന്ന നാടകാതരണങ്ങളുടെ കൃതികൾ പലപ്പോഴും ഇതര സാഹിത്യകൃതികളുടെ നാടകീയാവിഷ്‌കാരങ്ങളാണെന്നതാണ് വാസ്തവം. അത്തരം രചനകൾക്ക് അവാർഡുകൾ ലഭിക്കുന്നുമുണ്ട്. ഒരു ആവിഷ്‌കാരം എന്ന നിലയിൽ ഇതരസാഹിത്യകൃതികളെ അരങ്ങിൽ അവതരിപ്പിക്കുന്നവ സ്വീകാര്യമാണ്. എന്നാൽ, സ്വതന്ത്രനാടകകൃതികളല്ലാത്തവയെ മത്സരവിഭാഗത്തിൽനിന്ന് മാറ്റിനിർത്തേണ്ടുന്നത് അവശ്യംവേണ്ട ഒന്നാണ് എന്നുകൂടി ഓർമ്മ പ്പെടുത്തട്ടെ. അത്തരത്തിൽ നല്ല നാടകകൃതികളാൽ അഥവാ, സ്വതന്ത്രരചനകളാൽ നമ്മുടെ നാടകമേഖല സമ്പന്നമാകട്ടെ.

സാഹിത്യരൂപത്തിൽ അധിഷ്ഠിതമാണ് നാടകം എന്ന രംഗകല. സാഹിത്യത്തെ അതിവർത്തിച്ചു കൊണ്ടുള്ള പുതുപരീക്ഷണങ്ങൾ ഇന്ന് ലോകനാടകവേദിയിൽ ഉണ്ടായിവരുന്നുണ്ട്. അതിനൊപ്പം, കേരളത്തിലും പുതുപരീക്ഷണങ്ങളുണ്ടാകുന്നു. നടന്മാരാൽ അരങ്ങിൽ രൂപാരോപിതമാകുന്നതാണ് നാടകകല എന്നതിനാൽ, രൂപനിർമിതികളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് പുതുനാടക പ്രർത്തകർ. ശരീരഭാഷാവ്യവഹാരമാണ് അരങ്ങിൽ നടക്കുന്നത് എന്ന തിരിച്ചറിവിൽ നാടകപ്രവർത്തകർ നവീനരൂപനിർമ്മിതികൾക്ക് അവതാരകരുടെ ശരീരം ഉപയോഗിക്കുമ്പോൾ, പലപ്പോഴും അർഥരഹിതമായ സർക്കസുകളായി അവ വഴിമാറിപ്പോകുന്നു.

ഉത്സവലഹരി പകരുന്ന ആഘോഷങ്ങൾക്കു പകരം, നാടകോത്സവങ്ങൾ ഗ്രാമങ്ങളിലേക്ക് വിന്യസിക്കട്ടെ. സാധാരണമനുഷ്യരിലേക്ക് പുതിയ ഭാവുകത്വ ങ്ങളോടെയുള്ള അർഥവത്തായ നാടകങ്ങൾ ഇറങ്ങിച്ചെല്ലട്ടെ. അതിലൂടെ ഗ്രാമങ്ങളിൽനിന്ന്, അവിടുത്തെ മനുഷ്യക്കൂട്ടായ്മയിൽനിന്ന്, ഉത്കൃഷ്ടമായ നല്ല നാടകങ്ങൾ ഉണ്ടാകട്ടെ. അതിനുള്ള പരിശ്രമങ്ങളാകട്ടെ ഇനിയുള്ള നാടകസംരംഭങ്ങൾ.

 

 

Spread the love