വളരുന്ന കേരളം, തുടരുന്ന മുന്നേറ്റം
വളരുന്ന കേരളം തുടരുന്ന മുന്നേറ്റം
പിണറായി വിജയന്
മുഖ്യമന്ത്രി
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് അഭിമാന ദീപ്തമായ ഒരു വികാരമാണ് കേരളം. ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകള്‍ കൊണ്ടും ദശകങ്ങളായി നാം ആര്‍ജിച്ച ലോക നിലവാരത്തിലുള്ള നേട്ടങ്ങൾ കൊണ്ടുമൊക്കെ കേരളം വേറിട്ടു നിൽക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരത, ഉയർന്ന ജീവിത നിലവാരം, പൊതുജനാരോഗ്യ രംഗത്തെ മികവ്, ആയുര്‍ദൈര്‍ഘ്യം, മാതൃ-ശിശു മരണ നിരക്കിലെ കുറവ്, ക്ഷേമ പദ്ധതികള്‍, ലിംഗ സമത്വത്തിലെ മുന്നേറ്റം, അധികാര വികേന്ദ്രീകരണം, ആസൂത്രണത്തിലെ ജനപങ്കാളിത്തം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നമ്മുടേതായുണ്ട്. ഇതിനോടൊപ്പം ഭേദ ചിന്തകള്‍ക്കതീതമായ സാമൂഹികാവബോധം, മതനിരപേക്ഷത, വര്‍ഗീയ കലാപങ്ങളില്ലാത്ത സാമൂഹികാന്തരീക്ഷം എന്നിവയും നമ്മുടെ പ്രത്യേകതകളാണ്. കേരളത്തിന്റെ ഈ വേറിട്ടു നിൽക്കൽ ലോക ശ്രദ്ധയാകര്‍ഷിച്ച ഒന്നാണെന്നു നമുക്കറിയാം.
എന്നാൽ, 2016 ല്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങള്‍ ഇടിച്ചു നിരത്തപ്പെടു, വികസന പദ്ധതികളെല്ലാം തന്നെ മുടങ്ങിപ്പോകുന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്. ദേശീയപാത അതോറിറ്റിയും ഗെയിലുമെല്ലാം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിര്‍ത്തിവച്ച് മടങ്ങിപ്പോയ അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകുന്ന നടപടികളാണ് കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളത്തില്‍ ഒരു കാരണവശാലും നടക്കില്ലായെന്ന് കരുതിയ പല പദ്ധതികളും യാഥാര്‍ഥ്യമാക്കാന്‍ 2016 മുതല്‍ നടത്തിയ പരിശ്രമങ്ങൾക്കായെന്നത് അനിഷേധ്യ വസ്തുതയാണ്. ഗെയ്ല് പൈപ്പ്ലൈന്, ദേശീയപാതാ വികസനം, കൊച്ചി-ഇടമ പവര്‍ ഹൈവേ, പുതുവൈപ്പിന് എല്‍ പി ജി ടെര്‍മിനല്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാതം.
നമ്മുടെ പൊതു വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീ സൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയും ഒക്കെ വീണ്ടെടുത്തു. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനു കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് സര്‍ക്കാരിന് തുടര്‍ ഭരണം നല്കാന് കേരളത്തിലെ ജനങ്ങള്‍ തയ്യാറായത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ടു പോവുകയാണ് ഈ സര്‍ക്കാര്‍.
ഭരണത്തിന്റെ നാനാ തലങ്ങളില്‍ മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണിത്. പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനങ്ങൾ ഏതെല്ലാം, അവയില്‍ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകൾ പുറത്തിറക്കി ഒരു പുതിയ ജനാധിപത്യ മാതൃക തീര്‍ത്തു. വാതില്‍പ്പടി സേവനങ്ങള്‍ ലഭ്യമാക്കി. ആയിരത്തോളം സേവനങ്ങള്‍ ഓൺലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ നൽകുന്നതിന് കെ-സ്മാർട്ട് പോർട്ടലിനു രൂപം നല്കി. ഇ-ഓഫീസ് സംവിധാനങ്ങളെ കാര്യക്ഷമമാക്കി.
പി എസ് സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തി. 30,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തുന്ന പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്. കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവില്‍ സര്‍വീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചത്.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തിൽ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാൻ തയ്യാറെടുക്കുകയാണ് നാം. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിനും മെഷീന് ലേണിങ്ങിനും എല്ലാം മേല്‍ക്കൈ വരുന്ന കാലമാണിത്. 2050 ഓടെ ലോകത്തുണ്ടാകുന്ന 75 ശതമാനം തൊഴിലുകളും സ്റ്റെം അഥവാ സയന്‍സ് ടെക്നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക്സ് മേഖലകളില്‍ നിന്നായിരിക്കും എന്നാണ് വിദഗ്ധ അഭിപ്രായം. അതു മുന്നിൽ കണ്ടു കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ ജെന്‍-എ ഐ കോൺക്ലേവിന് കേരളം വേദിയായി. അന്തര്‍ ദേശീയ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോൺഫറൻസ് കേരളത്തില്‍ നടക്കുകയുണ്ടായി.
2025 ല്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാനായി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുകയാണ്. വ്യവസായ സൗഹൃദ സൂചികയില്‍ ടോപ് അച്ചീവര്‍ പദവി നേടി കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്സ്പോർട്ട് പ്രൊമോഷന് കൗൺസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂർത്തിയാക്കിയിട്ടുണ്ട്. അതിലൂടെ അഞ്ച് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നമ്മുടെ സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് വിലയിരുത്തിയത്. അതിലൂടെ ഇതുവരെ മൂന്നര ലക്ഷത്തിലേറെ സംരംഭങ്ങള്‍ ആരംഭിക്കാനും 22,500 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഏഴര ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു. സ്റ്റാർട്ടപ്പ് മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. പുതുതായി ആരംഭിച്ച സ്റ്റാർട്ടപ്പുകളിലൂടെ 62,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് നമ്മുടെ ഐ ടി കയറ്റുമതി 34,000 കോടി രൂപയില്‍ നിന്ന് 90,000 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്. ദേശീയപാതാ വികസനം പൂര്‍ത്തീകരണത്തോട് അടുക്കുന്നു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇടമൺ-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കി. കാസർഗോടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍. ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിൽ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡി പി ആര് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ എയര്‍സ്ട്രിപ്പിനും 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വ്യവസായ രംഗത്ത് നാം നടത്തുന്ന സുപ്രധാനമായ ഒരു ചുവടുവെപ്പാണ് കൊച്ചി-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പാലക്കാട് 1,710 ഏക്കര്‍ ഭൂമിയില്‍ 3,806 കോടി രൂപയുടെ ഒരു വ്യവസായ സ്മാർട്ട് സിറ്റി വിഭാവനം ചെയ്തിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽസ്, ഹൈടെക് വ്യവായങ്ങൾ, ടെക്സ്റ്റൈല്‍സ്, ഫുഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകള്‍ക്കു പ്രാധാന്യം കൊടുക്കുന്നതാകും ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. കേരളത്തെ കാർബൺ ന്യൂട്രലാക്കാന്‍ ഉപകരിക്കുന്നതും 200 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നതുമായ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുകയാണ്. അവയവ മാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സെന്റര്‍ ഓഫ് എക്സലൻസ് ഇന്‍ മൈക്രോബയോംസ് സ്ഥാപിക്കുകയാണ്. ആരോഗ്യ രംഗത്തെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്ന ഈ കേന്ദ്രത്തിനായി 10 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്പാദനം, മെഡിക്കല്‍ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിയുന്ന കേരള മെഡിക്കല്‍ ടെക്നോളജി കൺസോർഷ്യം യാഥാര്‍ഥ്യമാവുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ന്യൂട്രാസ്യൂട്ടിക്കൽസിലെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുകയാണ്. ആദ്യ ഘട്ടത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വൈദ്യുത വാഹനങ്ങളിലെ ഘടകങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി ഒരു ഇ വി കൺസോർഷ്യം രൂപീകരിക്കുകയാണ്. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയ്റോസ്പേസ് ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് കേരള സ്പേസ് പാര്‍ക്ക് ആരംഭിക്കുകയാണ്..
ശാസ്ത്ര സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയുന്ന നാല് സയന്‍സ് പാര്‍ക്കുകള്‍ 1,000 കോടി രൂപാ മുതല്‍ മുടക്കില്‍ സ്ഥാപിക്കുന്നു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. റിന്യൂവബിള്‍ എനര്‍ജി, നെറ്റ് സീറോ എമിഷന്‍, നാനോ ടെക്നോളജി, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ജീനോമിക് സ്റ്റഡീസ്, ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, മെഷീന് ലേണിങ്, ബിഗ് ഡേറ്റാ സയന്‍സസ്, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ് എന്നിങ്ങനെ അതി നൂതന മേഖലകളിലെ 30 മികവിന്റെ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെമ്പാടും ഒരുങ്ങുന്നത്.
ക്ഷേമമേഖലയിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനായി പ്രതിവര്‍ഷം 11,000 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ക്കായി 2011 മുതല്‍ 2016 വരെ ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് 72,000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍.
2016 മുതൽക്കിങ്ങോട്ട് ആകെ 3,57,898 പട്ടയങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികൾക്ക് ഈ സര്‍ക്കാര്‍ പട്ടയം നല്കി. തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചലില്‍ ഭൂമിക്കായി നടന്ന സമരം അവസാനിച്ചിരിക്കുകയാണ്. അതോടെ ഭൂരഹിതരായ പട്ടികവർഗക്കാരില്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറിയിരിക്കുകയാണ്. 2,730 പട്ടികവർഗ കുടുംബങ്ങള്‍ക്കായി 3,937 ഏക്കര്‍ ഭൂമിയാണ് വിവിധ പദ്ധതികളിലായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം നൽകിയിട്ടുള്ളത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ജനസംഖ്യാനുപാതത്തേക്കാള്‍ കൂടിയ തോതില്‍ അനുവദിക്കുകയാണ്.
ഭവന രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച ‘ലൈഫ് മിഷന്’ മുഖേന 2016നു ശേഷം 5,46,327 വീടുകള്‍ പൂർത്തീകരിച്ചിട്ടുണ്ട്. അവയില്‍ 1,41,000 ത്തിലധികം വീടുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തീകരിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി മുഖേന 5,300 ഓളം കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 468 ഫ്ളാറ്റുകളും കൈമാറി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ലൈഫ് മിഷന് വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിര്‍മ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടര വർഷം കൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിര്‍മ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഭിന്നശേഷിക്കാർക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നാല് ശതമാനം സംവരണം ഉറപ്പാക്കി.
2025 നവംബര്‍ ഒന്നോടു കൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ കണക്കെടുത്താല്‍ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള വിപണി ഇടപെടലിനു മാത്രമായി 14,000 കോടിയോളം രൂപയാണ് വിവിധ മാര്‍ഗങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ട 886 സ്ഥാപനങ്ങളില്‍ 683 എണ്ണവും പൂര്‍ത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കാണുന്നുവെന്നാണ് പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നാക് റാങ്കിങില്‍ എം ജി, കേരള സര്‍വകലാശാലകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിക്കുകയുണ്ടായി. കേരളത്തിലെ 18 കോളേജുകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളേജുകള്‍ക്ക് എ പ്ലസ് ഗ്രേഡും 53 കോളേജുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു. എന്‍ ഐ ആര് എഫ് റാങ്കിങിലെ രാജ്യത്തെ മികച്ച 200 കോളേജുകളില്‍ 42 എണ്ണവും കേരളത്തിലുള്ളവയാണ്.
ഭദ്രമായ ക്രമസമാധാന നിലയും വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത സമാധാനപൂര്‍ണ്ണമായ സാമൂഹിക ജീവിതവും ഉറപ്പാക്കാനായി. സംസ്ഥാനത്തിന്റെ വികസന പ്രതീക്ഷകള്‍ നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ തന്നെ രണ്ട് സര്‍ക്കാരുകളുടെ ഇതുവരെയുള്ള കാലയളവിലായി പല പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നമുക്ക് നേരിടേണ്ടി വന്നു. 2018-ലെ പ്രളയവും 2019 ലെ ഉരുൾപൊട്ടലും നിപയും കോവിഡും ഏറ്റവുമൊടുവില്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടലുമൊക്കെ കേരളത്തെ വിറങ്ങലിപ്പിക്കുകയും തീരാനോവ് നല്‍കുകയും ചെയ്തു. പക്ഷെ ഈ ദുരന്തങ്ങളില്‍ പകച്ചു നില്‍ക്കാതെ ഒരുമയോടെ പൊരുതിക്കയറാന്‍ നമുക്കു കഴിഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ഉരുൾപൊട്ടലിൽ അതിവേഗം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി. എട്ടു മാസമിപ്പുറം അതിജീവിതര്‍ക്കായി മാതൃക ടൗൺഷിപ്പിനു തറക്കല്ലിട്ട് പ്രവൃത്തി ആരംഭിക്കാനായി.
സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർധിച്ചു വരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഭൗതിക കാരണങ്ങള്‍ മാത്രമല്ല, സാമൂഹിക-മാനസിക കാരണങ്ങള്‍ കൂടി ലഹരി വ്യാപനത്തിന് പിന്നിലുണ്ട്. ലഹരി വിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നൽകുന്നത്. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് 2025 ഏപ്രിലില്‍ സമഗ്രമായ കര്‍മപദ്ധതി രൂപീകരിച്ചു.
നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാര്‍ഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകള്‍ സൃഷ്ടിക്കുക, മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണത്തുടര്‍ച്ച പത്താം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം. ആ ലക്ഷ്യത്തില്‍ നമുക്ക് ഒരേ മനസ്സോടെ നീങ്ങാം.
