ലഹരിക്കെതിരെ സന്ധിയില്ലാതെ കേരളം

സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

 

സ്വാതന്ത്ര്യദിനവും ഓണവും ഒരുമിച്ചെത്തുന്ന ഈ വേളയിൽ രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റങ്ങളിലൊന്നിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഈ സർക്കാർ അധികാരമേറ്റടുത്ത ആദ്യനാളുകളിൽ തന്നെ
പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഒരു സാധാരണ നിയമപാലന പരിപാടിക്കപ്പുറം സമഗ്ര സാമൂഹിക മുന്നേറ്റമായി മാറിയിരിക്കുകയാണ്. ലഹരിവസ്തുക്കളുടെ വ്യാപനത്തെ കേവലം നിയമ-സമാധാന പ്രശ്‌നമായി ചുരുക്കിക്കാണാനാവില്ല. അത് പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കുടുംബവ്യവസ്ഥ, സാമൂഹിക സുരക്ഷ, സാമ്പത്തിക ഉൽപാദനക്ഷമത, മനുഷ്യവിഭവശേഷി എന്നിവയെ ഒരേസമയം ബാധിക്കുന്ന ബഹുമുഖ പ്രതിസന്ധിയാണ്. ഈ യാഥാർഥ്യത്തെ ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്. എൻഫോഴ്സ്മെന്റ്, പ്രതിരോധം, ബോധവൽക്കരണം, ജനപങ്കാളിത്തം, ചികിത്സ, പുനരധിവാസം തുടങ്ങി വിവിധ തലങ്ങളിലുള്ള സാമൂഹിക ഇടപെടലാണ് ഈ ദൗത്യത്തിന്റെ അന്തഃസത്ത. മഹത്തായ ഈ ദൗത്യത്തിന് കരുത്തായി സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം ഒരു ലക്ഷത്തിലധികം തൂഫാൻ വാരിയേഴ്‌സാണ് ഇതിനോടകം സർക്കാരിനൊപ്പം അണിചേർന്നത്.

എന്നാൽ സന്നദ്ധ പ്രവർത്തകരുടെയോ സർക്കാർ സംവിധാനങ്ങളുടെയോ മാത്രം പ്രവർത്തനങ്ങളിൽ ലക്ഷ്യം കണ്ടെത്താ
വുന്ന ഒന്നല്ല ഈ പോരാട്ടം. സർക്കാരിന്റെ ഈ സന്ധിയില്ലാസമരത്തിൽ സമൂഹത്തിന്റെ കൂട്ടായ ജാഗ്രതയും ഓരോ വ്യക്തിയുടെയും ഇടപെടലും അനിവാര്യമാണെന്ന തിരിച്ചറിവ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്. രാജ്യം എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഈ ദൗത്യത്തിന് ഏറെ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യം രാഷ്ട്രീയ പരമാധികാരത്തിൽ മാത്രം ഒതുങ്ങുന്ന ആശയമല്ല;
ഭയത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ലഹരിയിൽ നിന്നും സാമൂഹികതിന്മകളിൽ നിന്നുമുള്ള മോചനവും കൂടിയാണ്. അനേകം മഹത് വ്യക്തിത്വങ്ങളുടെ ത്യാഗ ഫലമാണ് സ്വതന്ത്ര-ഇന്ത്യയുടെ പിറവി. ആ പോരാട്ടവീഥിയിൽ വെളിച്ചമായ ചിലരെയെങ്കിലും മനപ്പൂർവമായോ അല്ലാതെയോ ചരിത്രം രേഖപ്പെടുത്താതെ പോയിട്ടുണ്ട്. അതിൽ അനേകം ധീരവനിതകളുണ്ട്. അവരുടെ ത്യാഗങ്ങളും പോരാട്ടങ്ങളും ഏതൊക്കെയോ കാരണങ്ങളാൽ എഴുതപ്പെടാതെ പോയെങ്കിലും അവരും അവരുടെ സംഭാവനകളും ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അന്തരാത്മാവിൽ ഉൾചേർന്നിരിക്കുന്നു. വിസ്മൃതിയിലായ ആ ചരിത്രത്തെ വീണ്ടെടുക്കുക എന്നതും സ്വാതന്ത്ര്യത്തെ ആദരിക്കുന്നതിന്റെ ഭാഗമാണ്.

പുതിയ വികസനദർശനങ്ങളുമായി സർക്കാർ ആദ്യ നൂറുദിന പദ്ധതികൾക്ക് തുടക്കം കുറിച്ചത് അടുത്ത ദിവസങ്ങളിലാണ്. ഒക്ടോബർ ഒൻപത് വരെ നീളുന്ന നൂറുദിന പരിപാടികളിൽ പൊതുജീവിത സ്പർശിയായ 597 പദ്ധതികളാണ് നടപ്പിലാക്കുക. 100days.kerala.gov.in എന്ന പോർട്ടൽ വഴി ഈ പദ്ധതികളുടെ പുരോഗതി വിലയിരുത്തുവാൻ പൊതുജനങ്ങൾക്ക് അവസരമൊ രുക്കിയിട്ടുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണവും പടിവാതിൽക്കലെത്തിയിരിക്കുകയാണ്. ഓണം കൂടുതൽ വർണാഭമാക്കാൻ സർക്കാർ ഒട്ടേറെ ഇടപെടലുകൾ നടത്തിക്കഴിഞ്ഞു. ഇത്തരം ഒട്ടേറെ വിഷയങ്ങളും വിശേഷങ്ങളും ഈ ലക്കം സമകാലിക ജനപഥത്തിൽ വായിക്കാം. വായനക്കാർക്ക് സ്വാതന്ത്ര്യദിന -ഓണാശംസകൾ

സബിൻ സമീദ് ഐ എ എസ്
എഡിറ്റർ

 

Spread the love