മലയാറ്റൂർ പെരുമ

malayattoor1

മലയാള സാഹിത്യത്തിൽ മലയാറ്റൂർ വെട്ടിത്തുറന്ന പാത തനതായിരുന്നു. സാഹിത്യപ്രസ്ഥാനങ്ങളുടെ ആലഭാരങ്ങളൊന്നുമില്ലാത്ത രചനാശൈലിയും വൈവിധ്യമുള്ള പ്രമേയങ്ങളും മനുഷ്യജീവിതങ്ങളും കഥാപാത്രങ്ങളുമുള്ള മലയാറ്റൂർ നോവലുകൾ അന്നെന്ന പോലെ ഇന്നും വായനക്കാർക്കു പ്രിയമായി തുടരുന്നു.

ബഹുമുഖ പ്രതിഭയായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ കൈവയ്ക്കാത്ത മേഖലകൾ വിരളമായിരുന്നു. എഴുത്ത്, പത്രപ്രവർത്തനം, കാർട്ടൂൺ, ചലച്ചിത്രരംഗം, സിവിൽ സർവീസ് തുടങ്ങി എല്ലായിടത്തും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയിലെ പാലക്കാട് കൽപാത്തിയിലാണ് ജനനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കെ ആർ വിശ്വനാഥ അയ്യരുടെയും ജാനകി അമ്മാളിന്റെയും ആറു മക്കളിൽ ഒരാളായിരുന്നു. കുടുംബം പിന്നീട് ആലുവക്കടുത്ത തോട്ടുവയിൽ പെരിയാറിന്റെ തീരത്തേക്ക് മാറി. കേരളത്തിലെ വിവിധയിടങ്ങളിലായിരുന്ന സ്‌കൂൾ ജീവിതത്തിനു ശേഷം ആലുവ യു സി കോളേജിൽ ചേർന്നു. അവിടെ വെച്ചാണ് സ്വാത{´yസമരത്തിൽ പങ്കെടുക്കുന്നത്. പിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദമെടുത്ത അദ്ദേഹം നിയമബിരുദവും കരസ്ഥമാക്കി. അഭിഭാഷകനായി ജോലി ചെയ്യവെയാണ് പത്രപ്രവർത്തന രംഗത്തേക്കെത്തുന്നത്. ഫ്രീ പ്രസ് ജേർണലിൽ വിഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജിന് കീഴിൽ അസിസ്റ്റന്റ് എഡിറ്ററായി. എന്നാൽ തിരിച്ചുവന്ന അദ്ദേഹം വീണ്ടും വക്കീലായി. 1954ൽ തിരു കൊച്ചി നിയമസഭയിലേക്ക് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും പത്രപ്രവർത്തനരംഗത്തേക്ക്. ഫ്രീ പ്രസ് ജേർണലിൽ സബ് എഡിറ്ററായി. ഈ സമയമാണ് മലയാറ്റൂരിന്റെ എഴുത്തുജീവിതം നാമ്പിടുന്നത്. ഇക്കാലത്ത് ശങ്കേഴ്സ് വീക്കിലിക്കായി കാർട്ടൂണുകളും വരച്ചിരുന്നു. കേരളത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം മുനിസിപ്പൽ കമ്മിഷണർ പരീക്ഷ വിജയിച്ചെങ്കിലും രാഷ്ട്രീയബന്ധത്താൽ ജോലി ലഭിച്ചില്ല. സബ് മജിസ്‌ട്രേറ്റ് പരീക്ഷ പാസ്സായ അദ്ദേഹം തൊട്ടുപിന്നാലെ സിവിൽ സർവീസ് എന്ന കടമ്പ കടന്നു ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെത്തി. 1981ൽ എഴുത്തുജീവിതത്തിനായി സ്വയം വിരമിക്കുകയായിരുന്നു.

എഴുത്തുകാരൻ എന്ന നിലയിൽ ‘രാത്രി’ എന്ന ഡിറ്റക്റ്റീവ് കഥയുമായാണ് മലയാറ്റൂരിന്റെ രംഗപ്രവേശം. 1965ൽ വേരുകൾ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. രണ്ടു വർഷം കഴിഞ്ഞാണ് ആദിവാസികളുടെ കഥ പറഞ്ഞ പൊന്നി പ്രസിദ്ധപ്പെടുത്തുന്നത്. തുടർന്ന് യക്ഷി, യന്ത്രം തുടങ്ങിയ പ്രശസ്തരചനകൾ പുറത്തുവന്നു. യന്ത്രം വയലാർ അവാർഡും നേടി. മരണത്തിന് മൂന്നു വർഷം മുൻപ് എഴുതിയ ആറാം വിരൽ ആണ് അവസാന രചന. എന്റെ ഐ.എ.എസ് ദിനങ്ങൾ എന്ന സർവീസ് സ്റ്റോറിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

1968ൽ ലക്ഷപ്രഭു എന്ന ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും എഴുതിയാണ് ചലച്ചിത്രരംഗത്തേക്കെത്തുന്നത്. ചായം, പഞ്ചമി, ഗായത്രി, കൽക്കി എന്നീ ചലച്ചിത്രങ്ങൾക്കും തിരക്കഥയും സംഭാഷണവും ഒരുക്കി. യക്ഷി, ചെമ്പരത്തി, പൊന്നി, ശരപഞ്ജരം, അയ്യർ ദി ഗ്രേറ്റ്, അകം എന്നീ സിനിമകൾ അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയാണ്. 1982ൽ ഒടുക്കം തുടക്കം എന്ന സിനിമയുടെ സംവിധായകനായും മലയാറ്റൂർ പ്രത്യക്ഷപ്പെട്ടു.

 

Spread the love