ഭൂമിയുടെ അവകാശികള്‍
ഭൂമിയുടെ അവകാശികള്‍
ഒ.ആര്.കേളു
പട്ടികജാതി പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി
ഭൂരഹിതരായ പട്ടിക വിഭാഗക്കാർക്ക് ഭൂമിയും വീടും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. ഭൂരഹിതര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്കും വീട് നവീകരിക്കേണ്ടവര്ക്കും അടച്ചുറപ്പുള്ള വീടും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ഭവന നിര്‍മ്മാണത്തിനായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 33,058 പട്ടികജാതി കുടുംബങ്ങള്‍ക്കായി നല്‍കിയത് 1653 ഏക്കര്‍ ഭൂമിയാണ്. 9162 പട്ടികവർഗ കുടുംബങ്ങള്‍ക്ക് 8680.64 ഏക്കര്‍ ഭൂമിയും.
ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്നും 70 ആക്കി ഉയര്‍ത്തിയതും വരുമാന പരിധി 1,00,000 രൂപയായി ഉയര്‍ത്തിയതും പാര്‍പ്പിടമില്ലാത്ത പട്ടികവിഭാഗക്കാർ ഉണ്ടാകരുത് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. ലാന്‍ഡ് ബാങ്ക് പദ്ധതി, നിഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം തുടങ്ങിയവ വനം റവന്യു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്നു.
എല്ലാ പട്ടികവർഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലെ എല്ലാ ഭൂരഹിത പട്ടികവർഗക്കാർക്കും ഭൂമി നൽകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.
സ്വപ്നങ്ങൾ യാഥാര്‍ഥമാക്കി ലൈഫ്
ലൈഫ് പദ്ധതിയില്‍ ഇതുവരെ 1,14,610 പട്ടികജാതി ഗുണഭോക്താക്കള്‍ക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 ഗുണഭോക്താള്ക്കായി 802 കോടി രൂപ നല്കി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ലൈഫിലൂടെ 62,921 വീടുകള്‍ അനുവദിച്ചതില്‍ 54,342 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്നു.
സേഫ്
സുരക്ഷിത താമസ സൗകര്യവും സൗകര്യം മെച്ചപ്പെടുത്തലും സര്‍ക്കാരിന്റെ പരിഗണനാ വിഷയം തന്നെയാണ്. അപൂര്‍ണ്ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് സേഫ്. 2022ല്‍ ആരംഭിച്ച സേഫ് പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വീതം 20,829 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇതുവരെ ധനസഹായം നല്കി. സന്തോഷത്തിന്റെയും സൗകര്യങ്ങളുടെയും ചുരുക്കപ്പേരായി അങ്ങനെ സേഫ് മാറുകയാണ്. 2025-26 വര്‍ഷത്തില്‍ 10,000 കുടുംബങ്ങള്‍ക്കു കൂടി സേഫില്‍ ധന സഹായം അനുവദിക്കും. പദ്ധതിവഴി പട്ടികവർഗ വിഭാഗത്തില്‍ 11,851 കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വീതം നല്കി. മേല്‍ക്കൂര ബലപ്പെടുത്തല്‍, പ്ലാസ്റ്ററിങ്, പ്ലംബിങ്, വയറിങ്, സാനിറ്റേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇതിലൂടെ പൂർത്തിയാക്കുന്നത്.
പട്ടികവർഗ ഉന്നതികൾ ഇനി റവന്യൂ വില്ലേജുകള്‍
സംസ്ഥാനത്തെ പട്ടികവർഗ സമൂഹം അധിവസിക്കുന്ന 556 വന ഗ്രാമങ്ങള്‍ റവന്യൂ വില്ലേജുകളായി മാറും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ കളക്ടർമാരെ ചുമതലപ്പെടുത്തി. പട്ടികവർഗ ജനതയുടെ പട്ടയ നടപടികള്‍ ഇതോടെ എളുപ്പത്തിലാകും. 23,139 കുടുംബങ്ങളുടെ 38,581509 ഏക്കര്‍ ഭൂമിയാണ് റവന്യൂ ഭൂമി ആയി മാറുക.
ഇതുവരെ ഗോത്രവര്‍ഗ ഗ്രാമങ്ങള്‍ വനം വകുപ്പിനു കീഴിലുള്ള വന ഗ്രാമങ്ങള്‍ (ഫോറസ്റ്റ് വില്ലേജ്) ആയിരുന്നു. ഇവിടെ താമസിക്കുന്ന പട്ടികവർഗക്കാരുടെ കൈവശ ഭൂമിക്ക് വനാവകാശ രേഖയാണ് നൽകിയിരിക്കുന്നത്. ഈ രേഖ ഉപയോഗിച്ച് വായ്പ എടുക്കുവാനോ സബ്സിഡി, കാര്‍ഷിക സഹായങ്ങള്‍ക്ക് അപേക്ഷിക്കുവാനോ കഴിയുമായിരുന്നില്ല. വന ഗ്രാമങ്ങളിലേക്ക് റോഡുകള്‍ പോലുള്ള നിര്‍മ്മാണ വികസന പ്രവൃത്തികളും അനുവദിക്കപ്പെടുമായിരുന്നില്ല. വന ഗ്രാമങ്ങള്‍ റവന്യൂ വില്ലേജുകളാകുന്നതോടെ ഇവിടത്തെ പട്ടികവർഗ ഉന്നതികൾക്ക് പുതുജീവന്‍ ലഭിക്കുകയാണ്. റവന്യൂ വകുപ്പിന് ഭൂമിയുടെ തണ്ടപ്പേര് രേഖപ്പെടുത്തി പട്ടയം വേഗത്തില്‍ ലഭ്യമാക്കാനും കഴിയും.
മരിയനാട് എസ്റ്റേറ്റ് ഭൂപ്രശ്നങ്ങൾക്ക് പരിഹാരം
ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസത്തിനായി വയനാട് ജില്ലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ഭൂമിയാണ് സുല്‍ത്താന്‍ ബത്തേരിയിലെ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷന്റെ കാപ്പിത്തോട്ടമായിരുന്ന മരിയനാട് എസ്റ്റേറ്റ്. ഇവിടുത്തെ 233 ഹെക്ടർ ഭൂമിയില്‍ 135 ഹെക്ടറിന് വനാവകാശ നിയമ പ്രകാരം 349 കുടുംബങ്ങള്‍ക്ക് കൈവശ രേഖ നൽകിയിരുന്നു. ബാക്കിയുള്ള സ്ഥലം കൈമാറുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം മൂലം സാധിച്ചിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും തിട്ടപ്പെടുത്തി സര്‍ക്കാരിലേക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ തീരുമാനമായത്. എന്നാൽ വിവിധ ആനുകൂല്യങ്ങളിലെ തര്‍ക്കങ്ങള്‍ മൂലം തൊഴിലാളികളുമായി ധാരണയിലെത്താനാകാതെ നീണ്ടുപോയി. ഈ വര്‍ഷം ജൂണില്‍ തൊഴിലാളികളുമായി മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചകളിലൂടെ തൊഴിലാളി പ്രശ്നങ്ങൾക്ക് പരിഹാരമായി. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം നല്കാന് അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് പ്രശന്ങ്ങള്‍ക്ക് പരിഹാരമായത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. 141 തൊഴിലാളികളാണ് നിലവില്‍ എസ്റ്റേറ്റിലുള്ളത്.
ജില്ലയിലെ മൂവായിരത്തോളം ഭൂരഹിത പട്ടികവർഗക്കാർക്കായി മരിയനാട് എസ്റ്റേറ്റ് ഭൂമി ഉടന്‍ പതിച്ച് നല്‍കും. ഭൂപ്രശ്നം പരിഹരിക്കുന്നതിന് വലിയ അളവില്‍ ഭൂമി ലഭ്യമാക്കിയിട്ടുള്ളത് ഇവിടെയാണ്. ഇതിനായി വിവിധ ഗുണഭോക്തൃ സംഘടനകളുടെ യോഗം ഉടന്‍ ചേരും.
