പ്രവാസിയുടെ സ്വത്വം

ethiran1

പ്രവാസി എന്ന വാക്ക് പ്രചലിതമാകുന്നതിനു എത്രയോ മുൻപ് പ്രവാസം എന്ന പ്രതിഭാസം നിലവിലുണ്ടായിരുന്നു. കുടിയേറ്റങ്ങൾ ജന്തുസഹജമാണ്, മനുഷ്യരുൾപ്പെടെ ജീവികൾ ലോകത്താകമാനം പടർന്നത് സ്വാഭാവികമായ ദൂരയാത്രകൾ വഴിയാണ്. ജീവിതരീതി മെച്ചപ്പെടുത്താനും കുടുംബത്തെ പോറ്റാനും ഈ അടുത്ത നൂറ്റാണ്ടുകളിൽ മറുരാജ്യങ്ങളിൽ കുടിയേറുോഴാണ് ‘പ്രവാസി’ എന്ന സ്വരൂപം സംജാതമാകുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്താണ് ഏറ്റവും കൂടുതൽ മലയാളികൾക്ക് ഇത് വ്യക്തമായ അനുഭവം ആയി മാറിയത്. ബ്രിട്ടീഷ് സേനയിൽ ഭാഗഭാക്കാകുന്നതിൽക്കൂടി. അതിനും മുൻപേ കൊളോണിയൽ രീതികൾ ഇന്ത്യാക്കാരെ ആഫ്രിക്കയുടെ പലേഭാഗങ്ങളും തെക്കെ അമേരിക്കയിലും പസഫിക് ദ്വീപുകളിലും എത്തിച്ചിരുന്നു. തിരിച്ചുവരാത്തവിധം അവിടെ പെട്ടുപോയതുകൊണ്ട് അവർ പ്രവാസികൾ ആയിരുന്നില്ല. പ്രവാസത്തിന്റെ വേദന കാല്പനികതയിൽ പ്രതിഫലിച്ചു തുടങ്ങിയത് രണ്ടാം ലോകയുദ്ധത്തോടുകൂടിത്തന്നെ. ”ഇറ്റലിയെന്നൊരു നാട്ടിൽ പറന്നെത്തിയിട്ടുണ്ടോ നീ തത്തേ…” എന്ന മട്ടിലുള്ള പാട്ടുകൾ പ്രവാസികളാക്കപ്പെട്ടവരുടെ ഭാര്യമാരോ കാമുകിമാരോ പാടിത്തുടങ്ങിയത് അന്നത്തെ പ്രവാസികൾ പലരും തിരിച്ചെത്തുക പോലും ഇല്ലായിരുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ്.

ethiran2

സ്ത്രീകൾ ജോലിക്കുവേണ്ടി, കുടുംബം പുലർത്താൻ നാടുവിടുക, പുരുഷന്മാർക്കും മുൻപേ എന്ന അപൂർവ പ്രതിഭാസം ആദ്യം കേരളത്തിലാണ് സംഭവിച്ചത്. ലോകത്തൊരിടത്തും നടന്നിട്ടില്ല ഇത്. ആതുരസേവനത്തിനാണ് ഇവർ യൂറോപ്പിന്റെ പലഭാഗത്തും അന്നത്തെ ‘പേർഷ്യ’യിലും എത്തിച്ചേർന്നത്. ഇതിന്റെ സാമൂഹിക-സാമ്പത്തിക വൈകാരിക പശ്ചാത്തലങ്ങൾ പ്രസിദ്ധ സാമൂഹിക ചരിത്ര ഗവേഷകരായ ഒസെല്ലൊ ആൻഡ് ഒസെല്ലൊ (Osello and Osello) ദമ്പതികൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകൾ മറുനാട്ടിൽ ചെന്ന് വേരുറപ്പിച്ചിട്ട് ഭർത്താക്കന്മാരെയോ മറ്റ് ഉറ്റ ബന്ധുക്കളേയോ അവിടെ എത്തിച്ച ചരിത്രം പിന്നീട് ഒരു നിത്യസംഭവമായി മാറി. മലയാളി സ്ത്രീകളുടെ ധൈര്യവും സാഹസിക മനോഭാ വവും അർപ്പണബോധവും ലോകത്ത് വ്യതിരിക്തമായി നിലകൊള്ളുന്നു. പ്രവാസികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയും സാമൂഹികവ്യവസ്ഥകളും പുതുക്കിയെടുത്തതിന്റെ ആദ്യവാതിലുകൾ തുറന്നത് ഈ സ്ത്രീകൾ തന്നെ. പിന്നീട് സംഭവിച്ച ഗൾഫ് കുടിയേറ്റമാണ് പ്രവാസികൾ എന്ന സംജ്ഞ ഉറപ്പിച്ചെടുക്കാൻ വഴിവെട്ടിയതും അവർ സാഹിത്യത്തിലും സിനിമകളിലും പ്രത്യക്ഷപ്പെടാൻ ഇടയാക്കിയതും. കാല്പനികതയ്ക്കപ്പുറം പച്ചയായ ജീവിതത്തിന്റേയും ജീവിതകാഠിന്യത്തിന്റേയും സഹനത്തിന്റേയും ഒറ്റപ്പെടലുകളുടെയും സത്യങ്ങൾ കേരളത്തിന്റെ പുതിയ സമ്പദ്വ്യവസ്ഥയുടെ രൂപദൃശ്യങ്ങളായി പ്രത്യക്ഷപ്പെടുകയായിരുന്നു. മലയാളി ചെറുപ്പക്കാർ ഭാംഗും ചരസ്സും കഴിച്ച് ഹരിദ്വാറിൽ മയങ്ങുകയല്ലായിരുന്നു (എം മുകുന്ദന്റെ അക്കാലത്തെ നോവലുകളാണ് പരാമർശം), പ്രത്യുത ഗൾഫ് നാടുകളിൽ പൊരിവെയിലത്ത് ദേഹം ചുട്ട് വിയർപ്പൊഴുക്കി നാടിനെ സംരക്ഷിക്കുകയായിരുന്നു എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത് പ്രവാസി എന്ന സ്വരൂപത്തിന്റെ ശക്തിയിയന്ന സ്വാധീനം പ്രദർശിതമാക്കാനായിരുന്നു. പ്രവാസിയുടെ വ്യക്തിത്വം അന്യമല്ലെന്നും അതിന്റെ തനിമ മറ്റേത് നാടൻ പൗരന്റേതുപോലെത്തന്നെയാണെന്നും കരുതാൻ പ്രയാസമുള്ളവരായി മലയാളികൾ ചമയാറുണ്ട്.

ഇന്ന് ലോകത്തെമ്പാടുമാണ് മലയാളി പ്രവാസികൾ നിലയുറപ്പിച്ചിട്ടുള്ളത്. ആദ്യം കപ്പലിൽ യൂറോപ്പിലോ അമേരിക്കയിലോ എത്തിയവരിൽ നിന്ന് ഏറെമാറിയിട്ടുണ്ട് ലോകത്തിന്റെ അറിയാക്കോണിലും വാസം ഉറപ്പിച്ചിരിക്കുന്നവരുടെ ചരിത്രം. പലപ്പൊഴും യുദ്ധം വരുമ്പോഴാണ് ചെറിയ യൂറോപ്യൻ രാജ്യങ്ങളിൽ മലയാളികൾ ഉണ്ടെന്ന് നാമറിയുന്നത്. ഉക്രൈൻ -റഷ്യ യുദ്ധം തുടങ്ങിയപ്പോഴാണ് ഉക്രൈനിൽ മലയാളി വിദ്യാർഥികൾ ധാരാളമുണ്ട് എന്ന് നാമറിഞ്ഞത്. മെഡിക്കൽ കോളേജുകളിൽ പഠിതാക്കളായി റഷ്യയിലെ പലയിടങ്ങളിലും വിദ്യാർഥികൾ ഉണ്ട്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അവിടെ ഒരു മലയാളി ചായക്കടയുമായി ഉണ്ടായിരുന്നു എന്നത് അതിശയോക്തിയാണെങ്കിലും സത്യത്തിന്റെ ലാഞ്ഛന അതിലുണ്ട്.

തിരിച്ചുവരുന്ന പ്രവാസി

പിറന്ന നാടിന്റെ സമ്പദ്വ്യവസ്ഥയെ പുതുക്കി, ഉറ്റവരെ കരയ്ക്കടുപ്പിച്ച പ്രവാസി തിരിച്ചു വരുമ്പോൾ തന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു എന്ന് തിരിച്ചറിയുന്നത് നാട്ടുനടപ്പായതുകൊണ്ടാവണം ‘വരവേൽപ്പ്’ എന്നൊരു സിനിമ ആവിഷ്‌ക്കരിക്കപ്പെട്ടത്. കേരളത്തിൽ എന്തെങ്കിലും വ്യവസായം തുടങ്ങണം എന്ന് മോഹിച്ചെത്തുന്നവർ ലൈസൻസ് കിട്ടാൻ പാടുപെടുന്നതും പിന്നീട് ആത്മഹത്യയിൽ എത്തപ്പെടുന്നതും സിനിമാക്കഥയല്ല. പ്രവാസിയുടെ വ്യക്തിത്വം പൊതുസമൂഹവ്യവസ്ഥയിൽ നിന്ന് മാറ്റിനിറുത്തിയാണ് വീക്ഷിക്കപ്പെടാറ്. ഒരു തവണ പ്രവാസി ആയിപ്പോയാൽ അയാൾ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ പരിഗണന അർഹിക്കുന്നില്ല എന്നവണ്ണമാണ് നാട്ടുകാരുടെ മാനസികനില രൂപപ്പെടുത്തി വെച്ചിരിക്കുന്നത്. സാമൂഹികശാസ്ത്രപഠിതാക്കൾ ഗവേഷണപ്രബന്ധങ്ങൾ ധാരാളം എഴുതിയിട്ടുണ്ട് പ്രവാസി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച്, പക്ഷേ പ്രവാസികൾക്ക് അതു കൊണ്ട് ഗുണമുണ്ടായോ? സംശയമാണ്.

ഇത്തരുണത്തിലാണ് പ്രവാസി ക്ഷേമബോർഡ് സാംഗത്യം നേടുന്നത്. പ്രവാസിക്ക് സ്വത്വം നേടിക്കൊടുക്കാനും അവർ നിസ്സഹായരാകാതിരിക്കാനും അതിജീവനസാധ്യതകൾ ഉറപ്പിച്ചെടുക്കാനും പ്രയുക്തമാണ് ഈ പദ്ധതി. അന്യർക്ക് വേണ്ടി വിയർപ്പൊഴുക്കി ജീവിച്ചവർക്ക് സ്വത്വം നേടാൻ ഉപയുക്തമാകുന്ന സംവിധാനം.

 

 

Spread the love