കേറി വാ മക്കളേ, അക്ഷരമുറ്റത്തേക്ക്
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
പ്രവേശനോത്സവം >> സി കെ അനൂപ്
ഇടവിടാതെ പെയ്യുന്ന മഴ, വർണ്ണ വസ്ത്രങ്ങളും നിറങ്ങളാൽ സമ്പന്നമായ അവധിക്കാലവും മാറ്റിവെച്ചു സ്കൂൾ യൂണിഫോമിനുള്ളിലേക്ക് പാകപ്പെടുന്ന ബാല്യ കൗമാരങ്ങൾ, കൂട്ടിനു ബാഗും കുടയും പുസ്തകങ്ങളും രക്ഷിതാക്കളുടെ കരുതലും… കേരളത്തിൽ വീണ്ടുമൊരു അധ്യയന വർഷത്തിന് തുടക്കമായപ്പോൾ എല്ലാം പതിവുപോലെ കളർ ഫുൾ ആയിരുന്നു. കരഞ്ഞും ചിണുങ്ങിയും ആദ്യമായി വിദ്യാലയ മുറ്റത്തെത്തിയവർ രക്ഷിതാക്കളെ വിട്ടുപോകാൻ മടിച്ചതും മുതിർന്ന ചേട്ടന്മാർക്ക് പുതിയ കൂട്ടുകാരെ കിട്ടിയതുമെല്ലാം പതിവ് കാഴ്ചകളായി സ്കൂൾപടി കയറി. അധ്യാപകർ മധുരം നൽകിയും മധുര വാക്കുകളോതിയും കുട്ടികളുടെ കൂട്ടുകാരാകുന്ന കാഴ്ചകൾക്കും മാറ്റമുണ്ടായില്ല. എല്ലാം അല്പം മധുരമുള്ള ഓർമ്മകൾ തന്നെയായിയുരുന്നു എല്ലാവർക്കും. അല്ലെങ്കിലും അത് അങ്ങനെ തന്നെയായിരുന്നു. ഇത്തവണയും എല്ലാ കരുതലുമായി സർക്കാരും ഒപ്പം ചേർന്നു. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയായിരുന്നു സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകൻ. പട്ടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ, മഴ നനഞ്ഞ് നടന്ന് സ്കൂളിൽ പോയിരുന്ന കാലം അദ്ദേഹം ഓർത്തെടുത്തു.
കേരളത്തിൽ ഇത്തവണ 12938 പൊതുവിദ്യാലയങ്ങളിലേക്കായി 40 ലക്ഷത്തോളം വിദ്യാർഥികളാണ് എത്തിയത്. കേറി വാ മക്കളെ എന്ന ബോർഡുകളുമായി വിദ്യാലയങ്ങൾ അവരെ സ്വീകരിച്ചു. എല്ലായിടത്തും സ്കൂളുകൾ വർണ്ണ ശബളമായിരുന്നു. ബലൂണുകളും കുരുത്തോല തോരണങ്ങളും വർണ്ണക്കടലാസുകളും കൊണ്ട് ചുവരുകളും അങ്കണങ്ങളും നിറഞ്ഞു. പാട്ടുകളും കളിചിരികളും കരച്ചിലും കുറുമ്പുമെല്ലാമായി ഒരു വർഷത്തേക്കുള്ള ആദ്യ ദിനം കടന്നു പോയി.
പട്ടം സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ ആശംസകളർപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവു പൊതുവിദ്യാഭ്യാസ ഡയറക്റടർ ആസിഫ് കെ യൂസഫ് നന്ദിയും പറഞ്ഞു.
അധ്യാപകരും രക്ഷിതാക്കളും സൗഹാർദ ബന്ധം
വളർത്തിയെടുക്കണം
അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്വമാണ്.
ലണ്ടനിലെ സ്കൂളിൽ ഒരു വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു. ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം. നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും അഭിമാനകരമാണ്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർഥികളോടും രക്ഷിതാളോടും ജാഗ്രത പുലർത്താനും അണിനിരക്കാനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
