കേരളത്തില്‍ പഠിക്കാനെത്തുന്ന ഇന്ത്യ
കേരളത്തില്‍ പഠിക്കാനെത്തുന്ന ഇന്ത്യ
പി. ടി. രാഹേഷ്
കേരളത്തിന്റെ തൊഴില്‍ മേഖലയിലെ സുപ്രധാന സാന്നിധ്യമാണ് ഇപ്പോള്‍ അതിഥി തൊഴിലാളികള്‍. വിവിധ തൊഴില്‍ മേഖലകളില്‍ ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് വ്യാപൃതരായിട്ടുള്ളത്. അവരവരുടെ നാടുകളില്‍ ലഭിക്കുന്നതിനേക്കാൾ കൂടുതലും, മലയാളികള്‍ക്ക് ലഭിക്കുന്നതിനോടൊപ്പം നിൽക്കുന്നതുമായ ദിവസ വേതനം ലഭിക്കുന്നതുമാണ് മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് കേരളത്തെ ആകർഷകമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം കേരളത്തിന്റെ ഉത്തരവാദിത്വമായി ഈ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറ് മുതല്‍ പതിനാല് വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ നൂറു ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം.
പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് യാതൊരു വിവേചനവുമില്ലാതെ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ശ്രമം വേറിട്ടതാണ്. സ്‌കൂളിലെത്താത്ത കോടിക്കണക്കിന് കുട്ടികളും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോകുന്ന ലക്ഷക്കണക്കിന് കുട്ടികളുള്ള രാജ്യമാണ് നമ്മുടേത്.
ശ്രദ്ധേയമായ വര്‍ധന
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ഇവിടത്തെ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ 21,229 അതിഥി സംസ്ഥാന വിദ്യാര്‍ഥികളാണ് കേരളത്തില്‍ പഠിച്ചിരുന്നതെങ്കിൽ 2024-25 വര്‍ഷത്തില്‍ 24,525 ആയി വര്‍ധിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട തൊഴിലും വേതനവും ലഭിക്കുന്നതിനോടൊപ്പം മക്കള്‍ക്കും മികച്ച ജീവിത നിലവാരം ഉറപ്പു വരുത്താന്‍ കേരളത്തില്‍ കഴിയുമെന്ന തിരിച്ചറിവിന്റെ തെളിവാണ് അതിഥി തൊഴിലാളികളുടെ മക്കളുടെ സ്‌കൂള്‍ പ്രവേശനത്തില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ പതിനഞ്ച് ശതമാനത്തിലധികം വര്‍ധനവ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8,490 വിദ്യാര്‍ഥികളും എയ്‌ഡഡ് സ്‌കൂളുകളില്‍ 12,421 വിദ്യാര്‍ഥികളുമാണ് കഴിഞ്ഞ അധ്യയന വർഷമുണ്ടായിരുന്നത്. ഇത്തവണ അത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10,018 വിദ്യാര്‍ഥികളും എയ്‌ഡഡ് സ്‌കൂളുകളില്‍ 13,619 വിദ്യാര്‍ഥികളുമായി വര്‍ധിച്ചു. ഈ കണക്കുകള്‍ നോക്കുമ്പോള്‍ 18 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രമുണ്ടായിട്ടുള്ളത്. എയ്‌ഡഡ് സ്‌കൂളുകളില്‍ 9.65 ശതമാനത്തിന്റെ വര്‍ധനയുമുണ്ടായതായി കാണാം. (പട്ടിക 1)
തമിഴ്‌നാട്ടിൽ നിന്നുള്ള കുട്ടികളാണ് ഏറ്റവും കൂടുതലുള്ളത്. അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടു പുറകിൽ. 2024-25 വര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ 4294 കുട്ടികളും അസമിലെ 3882 കുട്ടികളും പശ്ചിമ ബംഗാളിലെ 3758 കുട്ടികളും ബിഹാറിലെ 3380 കുട്ടികളും ഉത്തര്‍ പ്രദേശിലെ 2731 കുട്ടികളും കേരളത്തില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയുടെ വ്യത്യസ്‌ത സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി പഠിക്കുന്ന 24,189 വിദ്യാര്‍ഥികളെ കേരളത്തിന്റെ സ്വന്തം മക്കളായാണ് ഇവിടെ കണക്കാക്കുന്നത്. ഭാഷാപരമായ പരിമിതികളും സാംസ്‌കാരിക അനുഭവങ്ങളുടെ വ്യത്യാസവും നിര്‍മ്മിക്കാനിടയുള്ള പഠന വിടവ് നികത്താന്‍ അതിഥി തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനും വിദ്യാഭ്യാസ വകുപ്പിന് നേതൃത്വത്തില്‍ ഈ അധ്യയന വര്‍ഷം മുതല്‍ തീരുമാനിച്ചിട്ടുണ്ട്. ജാതിമത ചിന്തകളും ഭാഷയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളും ശക്തമാകുന്ന നമ്മുടെ രാജ്യത്ത് കേരളം സൃഷ്‌ടിക്കുന്ന ഒരുമയുടെ ഈ വിദ്യാഭ്യാസ മാതൃക വലിയ മൂല്യങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. അതിഥി തൊഴിലാളികളുടെ മക്കള്‍ സ്‌കൂളില്‍ പോകുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നിര്‍ദേശം നൽകിയിരുന്നു.
പട്ടിക 1
വിവിധ ജില്ലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം
| ജില്ല | 2023-24 | 2024-25 |
| തിരുവനന്തപുരം | 1657 | 1559 |
| കൊല്ലം | 535 | 680 |
| പത്തനംതിട്ട | 450 | 612 |
| ആലപ്പുഴ | 757 | 854 |
| കോട്ടയം | 946 | 951 |
| ഇടുക്കി | 1453 | 1349 |
| എറണാകുളം | 5653 | 6506 |
| തൃശൂര്‍ | 2109 | 2029 |
| പാലക്കാട് | 815 | 924 |
| മലപ്പുറം | 2133 | 2467 |
| കോഴിക്കോട് | 1554 | 2028 |
| വയനാട് | 395 | 509 |
| കണ്ണൂര്‍ | 1339 | 1926 |
| കാസര്‍കോട് | 1502 | 2131 |
| ആകെ | 21299 | 24525 |
പൊതു വിദ്യാഭ്യാസവകുപ്പ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം ഡേറ്റ
പട്ടിക 2
കേരളത്തില്‍ പഠിക്കുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വര്‍ഗീകരണം
| സംസ്ഥാനം | 2023-24 | 2024-25 |
| തമിഴ്‌നാട് | 4296 | 4294 |
| അസം | 3161 | 3882 |
| പശ്ചിമ ബംഗാള്‍ | 3032 | 3758 |
| ബീഹാര്‍ | 2631 | 3380 |
| ഉത്തര്‍പ്രദേശ് | 2570 | 2731 |
| കര്‍ണ്ണാടക | 1311 | 1762 |
| ഝാര്‍ഖണ്ഡ് | 1099 | 1055 |
| ഒറീസ്സ | 890 | 1003 |
| രാജസ്ഥാന്‍ | 648 | 653 |
| മധ്യപ്രദേശ് | 305 | 304 |
പൊതു വിദ്യാഭ്യാസവകുപ്പ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം ഡേറ്റ
ദറക്‌സ തുന്നിച്ചേർക്കുന്നു മലയാളത്തിന്റെ നന്മകള്‍
ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് പന്ത്രണ്ട് വര്‍ഷം മുമ്പ് അച്ഛനമ്മമാരോടൊപ്പം കേരളത്തിലെത്തിയ ദറക്‌സ പര്‍വീണയെ അറിയാതെ പോകരുത്. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ ഭാഷാ പഠനത്തിനായി രൂപീകരിച്ച രോഷ് പദ്ധതിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ദറക്‌സ എറണാകുളം ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ് പഠിച്ചത്. ഹൈസ്‌കൂള്‍ പഠനകാലത്തു തന്നെ തയ്യലിലും എംബ്രോയിഡറിയിലും ഫാഷന്‍ ഡിസൈനിങ്ങിലും ദറക്‌സ പ്രകടിപ്പിക്കുന്ന താല്‍പര്യവും മികവും മനസ്സിലാക്കിയ അവളുടെ ടീച്ചര്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുത്തു. തയ്യല്‍ യന്ത്രവും അധ്യാപകരുടെ പിന്തുണയും പ്രോത്സാഹനവും സ്വന്തം ഇഷ്‌ടവും ചേർന്ന് അവളെ നയിച്ചത് ഫാഷന്‍ ഡിസൈനിങ്ങിലേക്കായിരുന്നു. എസ്എസ്എല്‍സി കഴിഞ്ഞ് ദറക്‌സ കളമശ്ശേരി ഗവ. പോളി ടെക്‌നിക്കിൽ ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിന് ചേർന്നു. പോളി ടേക്‌നിക്കിൽ ഒന്നാം സ്ഥാനത്തോടെ ഫാഷന്‍ ഡിസൈനിങ്ങ് ഡിപ്ലോമ കോഴ്‌സ് വിജയിച്ച് അവള്‍ തന്റെ തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ചു.
ബിനാനിപുരം സ്‌കൂളിലെ 1 മുതല്‍ 7 വരെ ക്ലാസില്‍ പഠിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കുന്ന രോഷ്‌നി വളണ്ടിയറാണ് ഇപ്പോള്‍ ദറക്‌സ. തൊട്ടടുത്ത മുപ്പത്തടം സ്‌കൂളിലും കുട്ടികളെ മലയാളം പരിശീലിപ്പിക്കുന്നു. ബിനാനിപുരം ഹൈസ്‌കൂളിലെ പ്രവൃത്തി പരിചയ വിഭാഗത്തിന്റെ അനൗദ്യോഗിക ഇന്‍സ്ട്രക്റുമാണ് ദറക്‌സ. ഗാര്‍മെന്റ് മെയ്ക്കിങ്ങ്, എംബ്രോയ്‌ഡറി, ഫാബ്രിക് പെയിന്റിങ്ങ്, പാഴ് വസ്‌തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ തുടങ്ങിയ ഇനങ്ങളില്‍ ദറക്‌സയുടെ പ്രാവീണ്യം ആ സ്‌കൂളുകളിലെ കുട്ടികൾക്ക് ഉപജില്ല-ജില്ലാ തലങ്ങളില്‍ പ്രവൃത്തി പരിചയ മേളയില്‍ നിരവധി സമ്മാനങ്ങള്‍ നേടിക്കൊടുക്കുന്നു.
ആറാം ക്ളാസിലെ പുതിയ മലയാളം പാഠ പുസ്‌തകത്തിൽ ദറക്‌സയുടെ ജീവിത മുന്നേറ്റം പാഠ ഭാഗമായി ഉള്‍പ്പെടുത്താന്‍ പാഠ പുസ്‌തക സമിതി തീരുമാനിച്ചു. ദറക്‌സയുടെ ചെറുതെങ്കിലും ആവേശകരമായ ജീവിതത്തിന്റെ ആഖ്യാനം അവള്‍ കൂട്ടുകാരിക്കെഴുതുന്ന കത്തിന്റെ രൂപത്തില്‍ ഈ ജൂൺ മുതല്‍ കുട്ടികൾ പഠിക്കും. പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസിയില്‍ നടന്ന യു.പി. മലയാളം എസ്ആര്‍ജി ശിൽപശാലയിലെത്തിയ ദറക്‌സ ബിഹാറിൽ നിന്ന് തൊഴില്‍ തേടി അച്ഛനും അമ്മയ്ക്കുമൊപ്പം പത്താം വയസ്സില്‍ കേരളത്തിലെത്തിയതു മുതലുള്ള തന്റെ അനുഭവങ്ങള്‍ അധ്യാപകരോട് വിശദീകരിച്ചപ്പോള്‍ ആത്മവിശ്വാസവും ലക്ഷ്യ ബോധവും പക്വതയുമുള്ള കുട്ടികളെ രൂപപ്പെടുത്തുന്നതിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസം വഹിച്ച പങ്കു കൂടിയാണ് പറഞ്ഞു വെച്ചത്. ജന്മനാട്ടിൽ ഇല്ലാത്തതും കേരളത്തില്‍ ലഭിക്കുന്നതുമായ വിദ്യാഭ്യാസ സൗകര്യങ്ങളും പെൺകുട്ടികൾക്കടക്കം ലഭിക്കുന്ന പരിഗണനയും അവര്‍ വിശദീകരിച്ചു. ഇന്ത്യക്കാകെ പഠിക്കാനുള്ള പാഠ പുസ്‌തകമാണ് കേരളമെന്നും ദുറക്‌സ പറയുന്നു.
