കുടുംബശ്രീ
സ്ത്രീസംരംഭങ്ങൾക്ക് കുടുംബശ്രീ നൽകുന്ന പിന്തുണയുടെ ഏതാനും വിജയമാതൃകകൾ
അന്നപൂർണയിൽ
വിജയഗാഥ തീർത്ത
അമ്മമാർ
കണ്ണൂർ ജില്ലയിലെ നാലു അയൽക്കൂട്ടത്തിലെ അഞ്ചുപേർ ചേർന്നൊരു സംരംഭം തുടങ്ങി. കുറുമാത്തൂർ പഞ്ചായത്തിലെ 12-ാം വാർഡിലുള്ള ഉഷ, സതിമോഹൻ, കമലാക്ഷി, സുജാത, നിഷ എന്നിവർ 2014 മാർച്ച് 31ന് എടുത്ത തീരുമാനമാണ് മുണ്ടപ്പാലത്തെ അന്നപൂർണ റൈസ് ആൻഡ് ഫ്ളോർ മിൽസിന്റെ വിജയത്തിന് പിന്നിൽ. പതിനൊന്നു വർഷത്തിനിപ്പുറം വായ്പ തിരിച്ചടച്ച് മിൽ സ്വന്തമാക്കിയതോടെ കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയുടെ വിജയം നാട് നേരിൽ കണ്ടു. അപ്പം, ഇഡലി, ദോശ തുടങ്ങി ട്രെൻഡിനൊപ്പമുള്ള പൊടികളും ഇവിടെ ഇപ്പോൾ സുലഭം. നിലവിൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവരുടെ കറിപൗഡറുകൾ ഉൾപ്പെടെയുള്ള 13 ഇനങ്ങൾ വിപണിയിലെത്തുന്നുണ്ട്.

ആദ്യം അരിയും ഗോതമ്പും തുടങ്ങി ഇപ്പോൾ മുളകും മല്ലിയും പൊടിപ്പിച്ചു പാക്കറ്റുകളാക്കി വിപണിയിൽ എത്തിച്ചു. കൂടാതെ കൊപ്ര ആട്ടലും നെല്ല് കുത്തലുമുണ്ട്. പ്രതിമാസം വരുമാനം മൂന്നുലക്ഷം രൂപ. ഒരുവർഷം 25 ലക്ഷത്തിലധികമാണ് വിറ്റുവരവ്. 2019ൽ കറിപൗഡറുകൾ കൺസോർഷ്യം രൂപീകരിച്ച് ബ്രാൻഡിങ് പാക്കറ്റുകൾ വിപണിയിൽ ഇറക്കി. സംസ്ഥാന മിഷന്റെയും ജില്ലാപഞ്ചായത്തിന്റെയും ധനസഹായത്തോടെ പതിനൊന്നുതരം കറിപൗഡറുകളുടെ ബ്രാൻഡിങ് നടത്തി. ജില്ലാപഞ്ചായത്തിന്റെയും കറിപൗഡർ കൺസോർഷ്യത്തിന്റെയും സഹായത്തോടെ ഒരു വാഹനവും വാങ്ങി. സംസ്ഥാനത്തും ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും കറിപൗഡറുകൾ അയയ്ക്കുന്നുണ്ട്. ഓൺലൈൻ വിപണിയുമുണ്ട്.
ബാങ്കിൽനിന്നും അയൽക്കൂട്ടത്തിൽനിന്നും സ്വന്തം നിലയിലുമെല്ലാം വായ്പയെടുത്ത് ഇവർ മില്ല് സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. മില്ലിന്റെ പ്രവർത്തനങ്ങൾ മില്ലുടമയിൽ നിന്ന് കണ്ടുപഠിച്ചു. കറിപൗഡർ ഉണ്ടാക്കാൻ ജില്ലാമിഷൻ പരിശീലനം നൽകി. വായ്പയെടുത്ത് പുതിയ മെഷീനുകൾ വാങ്ങി. കടങ്ങളൊക്കെ വേഗം തീർത്തെന്നുമാത്രമല്ല, ഒരു സ്റ്റോർ റൂമും ഇവർ നിർമ്മിച്ചു.
ശിങ്കാരി മേളത്തിലെ
‘സ്വരലയം’
ചെണ്ടകൊട്ടി ചുവടുവെച്ച് ജീവിതവിജയത്തിലേക്ക് കൊട്ടിക്കയറിയ കഥയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ സ്വരലയം ശിങ്കാരിമേളം വനിതാ സംഘത്തിന്റേത്. സ്ത്രീസാന്നിധ്യം പൊതുവേ കുറവായ ചെണ്ടമേളത്തിൽ 15 വർഷത്തെ സജീവ സാന്നിധ്യംകൊണ്ട് സ്വരലയം നേടിയത് കോടികളുടെ വരുമാനമാണ്.

കുരുവട്ടൂർ പഞ്ചായത്തിൽ സ്ത്രീഘടക പദ്ധതിയുടെ ഭാഗമായി ലഭിച്ച ധനസഹായത്തോടെ 2011-ൽ തൊഴിൽ സംരംഭമായാണ് ശിങ്കാരിമേളം സംഘം രൂപീകരിക്കുന്നത്. പിന്നീട് 23 കുടുംബശ്രീ അംഗങ്ങളും 15ഓളം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമുള്ള യൂണിറ്റുകാരുടെ പ്രധാന വരുമാനമായി മാറിയ സ്വരലയം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി 1700ൽ അധികം വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും നേടി. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ശിങ്കാരിമേളം മത്സരത്തിൽ തുടർച്ചയായി ആറാം തവണയും ഒന്നാം സ്ഥാനം നേടി. കുടുംബശ്രീ ഗ്രൂപ്പായത് കൊണ്ടു രാജ്യമെമ്പാടും നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്.’
‘പ്രത്യേകം ആസ്വാദകരുള്ള കലാപ്രകടനമാണ് ശിങ്കാരിമേളം. നാട്ടിൽ തന്നെ മറ്റ് സംഘങ്ങളുമുണ്ട്. എങ്ങനെ വ്യത്യസ്തത കൊണ്ടുവരും എന്ന ചിന്തയിൽ നിന്നാണ് ചുവടുവെച്ചു തുടങ്ങിയതും വിവിധ ഭാഷകളിലെ സിനിമാ പാട്ടുകളുടെയും മറ്റും വ്യത്യസ്ത ബീറ്റുകൾ ഉൾപ്പെടുത്തി ഫ്യൂഷൻ രീതി പരീക്ഷിക്കുന്നതും. വർണ്ണാഭമായ യൂണിഫോമുകൾ ധരിച്ചാണ് പരിപാടി അവതരിപ്പിക്കാറുള്ളത്.
നേട്ടം
തുന്നിയ പെൺകൂട്ടായ്മ
പേപ്പർ ബാഗിൽ തുടങ്ങി വസ്ത്രനിർാണത്തിലേക്ക് മുന്നേറിയ വിജയകഥയാണ് പത്തനംതിട്ട പന്തളം നേച്ചർ ബാഗ്സ് യൂണിറ്റിന്റേത്. രണ്ടര ലക്ഷം രൂപ മുതൽമുടക്കിൽ 2014ൽ അഞ്ച് വനിതകൾ ആരംഭിച്ച സംരംഭം നിലവിൽ 35 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സ്ഥാപനമാണ്.
പന്തളം നഗരസഭയിലെമുളമ്പുഴ വാർഡിൽ കുടുബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകർ. പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കും വിധം ഭംഗിയിലും ഗുണമേന്മയിലും ഒരുക്കിയ യൂണിറ്റിന്റെ ഉൽപന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെ.
കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകർക്ക് വൈദഗ്ധപരിശീലനം നൽകുന്ന ഏജൻസിയായും ‘നേച്ചർ ബാഗ്സ്’ പ്രവർത്തിക്കുന്നു. കുടുംബശ്രീയുമായി ചേർന്ന് നിലവിൽ 750 വനിതകളെ സ്വയംതൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കി.
2018ൽ സംസ്ഥാനതലത്തിൽ മികച്ച പരിസ്ഥിതി സൗഹാർദ യൂണിറ്റ്, 2019ൽ ജില്ലയിലെ മികച്ച കൂടുംബശ്രീ യൂണിറ്റ്, 2015മുതൽ 2017വരെ മുൻസിപ്പാലിറ്റി തലത്തിൽ മികച്ച യൂണിറ്റ് എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.
ഇസ്മത്ത് പറയുന്നു,
കിസ്മത്ത്
എന്ന ഒന്നുണ്ട്
സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജന്മനാട്ടിൽ ഒരുക്കിയ കൊട്ടാരം. ‘ഇസ്സാറ ബൊട്ടിക്ക്’ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് അരൂക്കുറ്റി സ്വദേശി ഇസ്മത്തിന് ഇഷ്ടം.
ഫാഷൻ ഡിസൈനിങിലെ വിദ്യാഭ്യാസ യോഗ്യതയും ആ മേഖലയോടുള്ള അഭിനിവേശവും മാത്രം കൈമുതലായുണ്ടായിരുന്ന ഇസ്മത്തിനെ യുവസംരംഭകയാക്കിയത് കുടുംബശ്രീയാണ്.
വിവാഹത്തിന് ശേഷം ഇരുപത്തിഅഞ്ചാം വയസ്സിൽ ബൊട്ടിക്ക് തുടങ്ങി നാലാംവർഷം വിജയത്തിലേക്ക്. മാസം അമ്പതിനായിരത്തോളം രൂപ ലാഭത്തിനുപുറകെ എട്ടോളം വനിതകൾക്ക് ജോലി നൽകാനും സാധിക്കുന്നു.
ഒരു ഏഴാം ക്ലാസ്സുകാരിക്ക് തയ്യലിനോട് തോന്നിയ ഇഷ്ടത്തിൽനിന്ന് നാട്ടിൽ അറിയപ്പെടുന്ന ബൊട്ടിക്കിന്റെ ഉടമയായതിനുമപ്പുറം ഇനിയും മുന്നേറാനുള്ള യാത്രയിലാണ് ഇസ്മത്ത്. ബിസിനസ് വിപുലപ്പെടുത്താൻ കുടുംബശ്രീയിൽനിന്ന് അനുവദിക്കുന്ന രണ്ടാംഘട്ട വായ്പ കൃത്യമായി വിനിയോഗിക്കാനുള്ള പദ്ധതിയും ഇപ്പോഴേ ഇസ്മത്തിന്റെ കൈയിൽ സെറ്റ് ആണ്.
തൂവൽ ഗ്രാമത്തിലെ സംരംഭക ശ്രീ
കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായ റർ വില ഇടിഞ്ഞതോടെയാണ് ഇടുക്കി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ ഈട്ടിത്തോപ്പ് തൂവൽ ഗ്രാമത്തിൽ ബീനാമ്മ സോണിയെന്ന വീട്ടമ്മ 2014 ൽ ജൂഡ് പൗൾട്രി ഫാം ആരംഭിക്കുന്നത്.
ചെലവുകൾ കഴിഞ്ഞ് പ്രതിമാസം ഏകദേശം ഒരുലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ട്. കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെടുത്തി റിവോൾവിങ് ഫണ്ടായി ഒരുലക്ഷം രൂപയും സംരംഭത്തിന്റെ നടത്തിപ്പിനായി അനുവദിച്ചിട്ടുണ്ട്. ഇത് നാല് ശതമാനം പലിശ നിരക്കിൽ തിരിച്ചടയ്ക്കുന്നു. അധ്വാനിക്കാനുള്ള മനസ്സും കോഴിക്കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള താത്പര്യവും ഉണ്ടെങ്കിൽ ആർക്കും സംരംഭം തുടങ്ങി വിജയിക്കാമെന്നും 11 വർഷത്തെ പരിചയ സമ്പന്നതയിലൂടെ ബീനാമ്മ പറയുന്നു. ബീനാമ്മക്കും സോണിക്കും ഒപ്പം മക്കളായ അലനും, സാന്ദ്രയും അവധി ദിവസങ്ങളിൽ മാതാപിതാക്കളെ സഹായിക്കാനുണ്ട്.
രുചിയുടെ ട്രാക്കിൽ സമൃദ്ധിയുടെ ചൂളംവിളി
നാലുവർഷമായി കുറഞ്ഞ നിരക്കിൽ രുചികരമായ ഭക്ഷണം വിളമ്പി നഗരത്തിലെത്തുന്നവരുടെ വയറും മനസ്സും നിറച്ച് മുന്നേറുകയാണ് കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടൽ സമൃദ്ധി@കൊച്ചി.
മേയർ അഡ്വ. എം അനിൽകുമാർ നിർദേശിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയത്തിലാണ് സമൃദ്ധിയുടെ ആരംഭം. 10 രൂപയ്ക്ക് ഊണുമായി കച്ചേരിപ്പടി പരമാര റോഡിൽ കൊച്ചിൻ കോർപ്പറേഷൻ കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനം ഇന്ന് 24 മണിക്കൂറും വ്യത്യസ്തമായ രുചികൾ പകർന്നുനൽകുന്ന വലിയൊരു ബ്രാൻഡായി മാറിക്കഴിഞ്ഞു.
20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. 70 രൂപയ്ക്ക് മീൻകറി ഊണും ലഭിക്കും. ബിരിയാണി, കഞ്ഞി, പൊതിച്ചോർ, മില്ലറ്റ് കഞ്ഞി എന്നിവയും ലഭ്യമാണ്. കുടുംബശ്രീ വഴി തിരഞ്ഞെടുത്ത 14 തൊഴിലാളികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 140ലധികം പേർക്ക് തൊഴിൽ നൽകുന്നു. 30,000 മുതൽ 35,000 വരെയാണ് മാസവേതനം. പാർട്ട് ടൈമായി 25ൽ അധികം വിദ്യാർഥികളും ജോലിചെയ്യുന്നു.
ഏറ്റവും പുതിയതായി കടവന്ത്ര ജിസിഡിഎ ആസ്ഥാനത്ത് ആരംഭിച്ച സമൃദ്ധിയുടെ കാന്റീനും കരുത്തോടെ മുന്നേറുകയാണ്. 40 രൂപയ്ക്കാണ് ഇവിടെ ഭക്ഷണം നൽകുന്നത്. സമൃദ്ധിയുടെ ശൃംഖല കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
കോവിഡ്കാലം കുടുംബശ്രീ താങ്ങായി
കോവിഡ് ജീവിതം മാറ്റിമറിച്ച കഥയാണ് സുധിനയുടേത്. ഭർത്താവിന് ജോലി നഷ്ടപ്പെട്ടു. നിഷ് നാച്ചുറൽസ് എന്ന ലേബലിന്റെയും സുധിന എന്ന സംരംഭകരുടെയും പിറവി അവിടെ നിന്നായിരുന്നു.
ഹെയർ ഓയിൽ നിർമ്മാണത്തിലെ കൈത്തഴക്കവും കുടുംബശ്രീ ജില്ലാ മിഷന്റെ പരിശീലനവും സഹായവും കൂടിയായപ്പോൾ സംരംഭത്തിന് തുടക്കംകുറിക്കാനായി. ഇന്ന് പ്രതിദിനം 5000 ഓർഡറുകൾ വരെ കൈകാര്യം ചെയ്യുന്ന സംരംഭമാണ് നിഷ് നാച്ചുറൽസ്. പ്രകൃതിദത്ത ബാത്ത് സോപ്പുകളുടെയും അലക്ക് സോപ്പുകളുടെയും നിർമ്മാണത്തിലൂടെ തുടക്കം. 2020ന്റെ തുടക്കത്തിൽ കുടുംബശ്രീ സിഡിഎസ് മുഖേന ലഭിച്ച കൊറോണ ഫണ്ട് ഉപയോഗിച്ച് സ്വയംതൊഴിൽ എന്ന നിലയിൽ നിഷ് നാച്ചുറൽസ് പ്രവർത്തനമാരംഭിച്ചു. പിന്നീട് ഹെയർ ഓയിൽ, കൺമഷി, ഫെയ്സ് പാക്ക്, ഐബ്രോ ഗ്രോത്ത് ഓയിൽ, ഉരുക്ക് വെളിച്ചെണ്ണ തുടങ്ങി നിരവധി പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ വിപണിയിലേത്തിക്കാൻ സാധിച്ചു.
വാട്സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള ഓൺലൈൻ വിപണനത്തിന് പുറമേ വീട്ടിൽ തയ്യാറാക്കുന്ന ഉൽന്നങ്ങൾ പാ് ചെയ്ത് കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന ഷോപ്പ് വഴിയും വിപണനം നടത്തുന്നു. ഇതിനിടയിൽ കുടുംബശ്രീയുടെ സംരംഭകത്വ ക്ലാസുകളും കൈകാര്യം ചെയ്യുന്നുണ്ട്. മൂന്നുവർഷം കൊണ്ട് വലിയ മുന്നേറ്റം ഉണ്ടാക്കിയ ഈ സംരംഭകയെ വനിതാദിനത്തിൽ കുടുംബശ്രീ ആദരിക്കുകയും ചെയ്തു.
കടലിനപ്പുറം ചക്കപ്പെരുമയുമായി
തൃത്താലക്കാർക്ക് ചക്ക വെറുമൊരു പഴം മാത്രമല്ല, വൈവിധ്യം നിറഞ്ഞ രുചിക്കൂട്ടുകളുടെ കലവറയാണ്. ചക്കവിഭങ്ങളുടെ ഒരു ബ്രാൻഡ് തന്നെ പാലക്കാട് തൃത്താലയിലുണ്ട്.
ചക്കയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ച് കുടുംബശ്രീ പ്രവർത്തക ലത മോഹൻ ആരംഭിച്ച ലാമോസ് ബ്രാൻഡ് കടൽ കടന്നും പെരുമ നേടി.
ചക്ക പൗഡർ, ചക്ക വരട്ടിയത്, പുട്ടുപൊടി, ആട്ടപ്പൊടി, ഇടിച്ചക്ക അച്ചാർ, ചക്കക്കുരു ബിസ്ക്കറ്റ്, ചക്ക ഹൽവ, സ്ക്വാഷ്, പായസം എന്നിങ്ങനെ നിരവധി ചക്ക വിഭവങ്ങളാണ് ലാമോസിലൂടെ വിപണിയിലെത്തുന്നത്. അഞ്ഞൂറോളം ചക്കയാണ് ഒരു മാസത്തെ ചക്ക ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അമേരിക്കയിലും ഗൾഫിലും ലാമോസിന് ആവശ്യക്കാരേറെ.
2024ൽ മേഴത്തൂരിലാണ് കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രനർഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) പദ്ധതിയിലൂടെ ലാമോസ് അഗ്രി പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിച്ചത്. 15 ലക്ഷത്തോളം രൂപ മുതൽമുടക്കിയ ഈ സംരംഭത്തിൽനിന്ന് ഒരുമാസം ഒന്നരലക്ഷം രൂപവരെ വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. ലത മോഹന്റെ നേതൃത്തിൽ അഞ്ചംഗ സംഘമാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
പ്രീമിയം ഹിറ്റായി കോഴായിലെ കഫേ
ആദ്യമൂന്നുമാസം കൊണ്ട് അരക്കോടിയിലേറെ രൂപയുടെ ബിസിനസുമായി കുറവിലങ്ങാടു കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തിൽ പുതിയ അധ്യായമാവുകയാണ്. വിൽപനയും സൗകര്യങ്ങളും കൊണ്ട് കുടുംബശ്രീയുടെ പ്രീമിയം കഫേകളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് കോഴാ കെ.എം.മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കുടുംബശ്രീ കഫേ.

ഒരു ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം നടന്ന ദിവസങ്ങളുണ്ട്. ഈ വർഷം ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത റെസ്റ്റോറന്റിൽ ജൂലൈ 16 വരെയുള്ള കണക്ക് അനുസരിച്ച് ഭക്ഷണവിൽപനയിലൂടെ മാത്രം 54,69,487 രൂപയാണ് വരുമാനം. തുടങ്ങി രണ്ടാംമാസംതന്നെ പ്രതിമാസ ബിസിനിസ് 20 ലക്ഷം രൂപ കടന്നു.
രണ്ടാംനിലയിൽ സ്ത്രീകൾക്കായുള്ള ഷീ ലോഡ്ജിന്റെ നിർാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായാലുടൻ ഒന്നാംനിലയിൽ ഗ്രിൽഡ് വിഭവങ്ങൾ നൽകുന്ന ഓപ്പൺ റെസ്റ്റോറന്റ് കൂടി ആരംഭിക്കും. രണ്ടു ഷിഫ്റ്റുകളിലായി 13 പാചകക്കാരാണ് കഫേയിലുള്ളത്. ആകെ 52 കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകുന്നു. തൃശൂർ ആസ്ഥാനമായ ഐഫ്രം എന്ന ഏജൻസിയാണ് പരിശീലനം നൽകിയത്.
ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ആധുനിക കിച്ചനും പ്രീമിയം നിലവാരത്തിലുള്ള റെസ്റ്റോറന്റും മിനി കോൺഫറൻസ് ഹാളും സജ്ജമാക്കിയത്. കുടുംബശ്രീ മിഷൻ ഗ്രാൻഡ് ഇൻ എയ്ഡായി 20 ലക്ഷം രൂപയും നൽകി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നുള്ള 32 പേർ അടങ്ങുന്ന കൺസോർഷ്യമാണ് വായ്പയിലൂടെയും സ്വന്തം പണംമുടക്കിയും ബാക്കി സംവിധാനങ്ങൾ ഒരുക്കിയത്. ഉഴവൂർ ബ്ലോക്കിനു കീഴിലുള്ള ഏഴ് സി.ഡി.എസ്. ചെയർപേഴ്സൺമാരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കഫേയുടെ ചുമതല വഹിക്കുന്നത്. ജീവനക്കാർക്കൊപ്പം രണ്ടോ, മൂന്നോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നടത്തിപ്പിനായി ദിവസവും കഫേയിലുണ്ട്.
ഉണ്ണിയപ്പത്തിൽ നിന്ന് പ്രീമിയം കഫേയിലേക്ക്
കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് വാടകവീട്ടിലിരുന്ന് മലപ്പുറം സ്പിന്നിങ് മിൽ സ്വദേശിയായ കളത്തിങ്കൽ ഷെരീഫയ്ക്ക് ഒരു സ്വപ്നമേ കാണാനുണ്ടായിരുന്നുള്ളൂ. മക്കൾക്ക് വയറുനിറയെ ഭക്ഷണം കൊടുത്ത്, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ കിടന്നുറങ്ങുക. പെയിന്റിങ് പണിക്കാരനായ ഭർത്താവ് സക്കീറിന് മഴക്കാലത്ത് പണിയില്ല. അടുപ്പ് പുകയാൻ നിവൃത്തിയില്ല. അയൽവാസിയോട് കടം വാങ്ങിയ 100 രൂപയുമായി ഷരീഫ 10 പാക്കറ്റ് ഉണ്ണിയപ്പമുണ്ടാക്കി. 2012ലായിരുന്നു അത്. ഒരു കൈയിൽ കുഞ്ഞുമോളും മറുകൈയിൽ ഉണ്ണിയപ്പവുമായി അടുത്തുള്ള പലചരക്ക് കടയിലെത്തി, ചെലവായില്ലെങ്കിൽ തിരിച്ചെടുക്കാം എന്ന ഉറപ്പിൽ. എന്നാൽ ഉണ്ണിയപ്പം വൻ ഹിറ്റായി, ആവശ്യക്കാരേറി. ഉണ്ണിയപ്പത്തോടൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓർഡറുകൾ പിടിച്ചു.
2018 ആയപ്പോഴേക്കും മുത്തൂസ് കാറ്ററിങ് എന്ന സംരംഭം കുടുംബശ്രീയുടെ ഭാഗമായി. അന്നത്തെ ജില്ലാ മിഷൻ കോ-ഓഡിനേറ്ററായിരുന്ന ഹേമലത ധനസഹായ പദ്ധതികൾ പരിചയപ്പെടുത്തി. കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ ലോൺ നൽകി. അതോടെ കാറ്ററിങ് ഒന്നുകൂടി വിപുലമാക്കി. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ഡബ്ബവാല പദ്ധതി.
പിന്നാലെ വന്ന കോവിഡ്കാലവും ഷരീഫയെ ബാധിച്ചില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. അഞ്ചുവർഷത്തിനിപ്പുറവും എല്ലാദിവസവും പ്രഭാതഭക്ഷണം മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്ക് എത്തിക്കുന്നു. പിന്നീട് കുടുംബശ്രീയിൽ നിന്നുള്ള നിർദേശപ്രകാരം കോട്ടയ്ക്കൽ ആയുർവേദ കോളേജിന്റെ കാന്റീൻ നടത്തി. പ്രിൻസിപ്പൽ ആവശ്യപ്പെട്ട പ്രകാരം സെൻട്രൽ സ്കൂൾ കാന്റീനും ഏറ്റെടുത്തു. അപ്പോഴേക്കും കുടുംബശ്രീയുടെ എല്ലാവിധ കാറ്ററിങ് ഓർഡറുകളും കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് കോട്ടയ്ക്കലുള്ള പാലസ് ഹോട്ടൽ വിൽക്കാനുണ്ടെന്നറിയുന്നത്. അഞ്ച് ലക്ഷത്തിന് പാലസ് ഹോട്ടൽ വാങ്ങിച്ച് നടത്താൻ തുടങ്ങി.
സ്വലാത്ത് നഗറിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ 1500 പേർക്ക് ബിരിയാണിയും 50 സ്പെഷ്യൽ സദ്യയും ഒരുക്കിയതും ഷരീഫയുടെ നേതൃത്വത്തിലാണ്. ഇത്രയും നന്നായി ഭക്ഷണമുണ്ടാക്കുന്നയാൾക്ക് പ്രീമിയം ഹോട്ടൽ തുടങ്ങിക്കൂടെ എന്ന ചോദ്യം ഉയരുന്നത് ആ സദ്യ കഴിച്ചവരിൽ നിന്നാണ്. അനുയോജ്യമായ സ്ഥലം ലഭിച്ചതോടെ പ്രീമിയം ഹോട്ടൽ എന്ന സ്വപ്നവും യാഥാർഥ്യമായി. കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിന് പിറകിലാണ് ഷരീഫയുടെ ‘കഫേ കുടുംബശ്രീ’. പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാത്തിരിപ്പുകേന്ദ്രം, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യസംസ്കരണ ഉപാധികൾ, പാർക്കിങ് സൗകര്യം, ശൗചാലയം, നാപ്കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ കഫെയിലുണ്ട്. കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തനത് രുചിക്കൂട്ടുകളും ലഭ്യമാണ്.
തയ്യൽമെഷീനിൽ തുന്നിയെടുത്ത വിജയം
തയ്യൽമെഷീനിൽ ജീവിതം തുന്നിയെടുത്താണ് തൃശൂർ പൊങ്ങണംകാട് സ്വദേശിനി ജെസി ഫ്രാൻസിസ് സംരംഭകവേഷമണിഞ്ഞത്. ഇറങ്ങിത്തിരിച്ച സംരംഭത്തിന്കുടുംബശ്രീ പിന്തുണ ലഭിച്ചതോടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാനായി. വരുമാനം വർധിച്ചു. ഒപ്പം വൈവിധ്യമാർന്ന മേഖലകളിലേക്ക് സംരംഭം വ്യാപിപ്പിക്കുകയും ചെയ്തു.
2016ൽ തൃശൂരിലെ പൊങ്ങണംകാട് ആരംഭിച്ച നീനൂസ് സ്റ്റിച്ചിങ് സെന്ററിലായിരുന്നു തുടക്കം. വെറും രണ്ട് തൊഴിലാളികളായിരുന്നു അന്നുണ്ടായിരുന്നത്. ആദ്യകാലത്ത് ഹോം സർവീസ് ആയിരുന്നു. 2019ൽ തുണിസഞ്ചി നിർാണത്തിൽ പരിശീലനം നേടി. 2020ൽ പ്ലാസ്റ്റിക് നിരോധനം വന്നതോടെ പഞ്ചായത്തിൽ നിന്ന് ലഭിച്ച 1.5 ലക്ഷം രൂപ ഗ്രാന്റ് ഉപയോഗിച്ച് തുണിസഞ്ചി നിർമ്മാണം ആരംഭിച്ചു.
കൊറോണക്കാലത്ത് വീടുകളിൽ തളയ്ക്കപ്പെട്ടവർക്കായി ഭക്ഷ്യകിറ്റുകൾ നൽകാനായുള്ള പദ്ധതിയിൽ, കുടുംബശ്രീയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് തുണിസഞ്ചികൾ തയ്ച്ച് സപ്ലൈക്കോയ്ക്ക് നൽകാൻ നീനൂസ് ടീമിന് കഴിഞ്ഞു. നിരവധി സ്ത്രീകൾക്ക് ഈ അവസരം വരുമാന മാർഗമായി മാറി. ഇന്ന് പത്തോളം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് നീനൂസ്. സ്കൂൾ യൂണിഫോമുകൾക്ക് പുറമെ സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ഹരിതകർമ്മസേന തുടങ്ങിയവയ്ക്കുള്ള ഓവർകോട്ടുകളും തയ്ക്കുന്നുണ്ട്. ജ്യൂട്ട് ബാഗുകളും വസ്ത്രങ്ങളും ആമസോൺ, ഫേസ്ബുക്ക്, ഇന്ത്യാമാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വിപണനം ചെയ്യുന്നു.
2021ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി നീനൂസ് തയ്ച്ചത് 20,000 ത്രിവർണ്ണപതാകകൾ. ദേശസ്നേഹവും സേവനമനോഭാവവും സമന്വയിപ്പിച്ച ഉജ്ജ്വല കൈവെപ്പായിരുന്നു അത്. 2025ലെ കേരള വിഷൻ കുടുംബശ്രീ സംരംഭക പുരസ്കാരം നീനൂസ് സ്റ്റിച്ചിങ് സെന്ററിന് ലഭിച്ചു.
ചുവർ ചിത്രങ്ങളിലൂടെ ഒരു സംരംഭക
ചുവർ ചിത്രങ്ങളിലൂടെയും മുള ക്രാഫ്റ്റിങ്ങിലൂടെയും ശ്രദ്ധേയ ആവുകയാണ് കലയും കരകൗശലവും ഇഷ്ടപ്പെടുന്ന കുടുംബശ്രീ സംരംഭക സൂര്യ സുജിത്ത്. ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്യണമെന്ന ആഗ്രഹവും കുടുംബശ്രീയുടെ സഹായവും ചേർന്നതോടെ പഞ്ചവർണയെന്ന സംരംഭം ആരംഭിക്കാനായി. വയനാട് പൂതാടി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ രൂപീകരിച്ച ഹസ്തകല എന്ന കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ ഇന്ന് മുളയിലൂടെയും ചുവർചിത്രങ്ങളിലൂടെ വിജയചരിത്രം വരച്ചിടുകയാണ്.
മുളയിൽ മ്യൂറൽ പെയിന്റിങ് ചെയ്തുതുടങ്ങി. പിന്നീട് സാരി, ക്യാൻവാസ് തുടങ്ങിയവയിലും പെയിന്റിങ് തുടങ്ങി. വിവാഹത്തിന് ശേഷം സംരംഭം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീടിനടുത്തുള്ള കുറച്ചു വനിതകളെ കണ്ടെത്തി അവരെ പെയിന്റിങ് പഠിപ്പിച്ചു. പിന്നാലെ 10 പേർ ചേർന്ന് ഹസ്തകല എന്ന പേരിൽ 2013ൽ കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ചു.
കുടുംബശ്രീ മുഖേന ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് പ്രവർത്തനം കാര്യക്ഷമമാക്കി. സംരംഭം പരിപോഷിപ്പിക്കുന്നതിന് രണ്ടാംഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ കൂടി വായ്പയെടുത്തു. ഇതിന് 50,000 രൂപയുടെ സബ്സിഡി ലഭിക്കുകയും ചെയ്തു. തുടർന്ന് കുടുംബശ്രീ മുഖേന ഇന്നൊവേഷൻ ഫണ്ടായി 1.25 ലക്ഷം അനുവദിച്ചു. നിലവിൽ കുടുംബശ്രീ മിഷനും ബാംബൂ മിഷനും സംയുക്തമായി 7.25 ലക്ഷം രൂപ പഞ്ചവർണ്ണ സംരംഭത്തിന് ഗ്രാന്റായി അനുവദിച്ചു. പൂതാടി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ സ്വന്തം സ്ഥലത്തെ രണ്ട് കെട്ടിടങ്ങളിലായാണ് നിലവിൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
രണ്ട് യൂണിറ്റുകളിലായി 20 പേരാണ് തൊഴിലെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രദർശനങ്ങളിൽ പങ്കെടുക്കുന്നത് സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുന്നു. ഇതിനുപുറമെ ആവശ്യക്കാർ യൂണിറ്റിലെത്തി പെയിന്റിങ്ങും മറ്റ് ഉത്പന്നങ്ങളും വാങ്ങാറുമുണ്ട്. ഇതൊരു ജോലി മാത്രമല്ല മാനസികോല്ലാസം കൂടിയാണെന്നും മക്കളുടെ പഠനച്ചെലവുകൾ കണ്ടെത്താനും ഭർത്താവിനെ സാമ്പത്തികമായി സഹായിക്കാനും സാധിക്കുന്നുണ്ടെന്നും യൂണിറ്റിൽ ജോലി ചെയ്യുന്ന സിനി പറയുന്നു.
ഓരോ വർക്കും പൂർത്തിയാവുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി വലുതാണെന്ന് കൂട്ടിച്ചേർക്കുകയാണ് ഒപ്പമുള്ള മറ്റൊരു അംഗം സിമി. ലോകപ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ ടാഷിറ്റോയുടെ കൂടെ ഒരു പെയിന്റിങ് ചെയ്യാൻ സാധിച്ചത് മികച്ചൊരു അനുഭവമായിരുന്നു. ചിത്രകലയിൽ മാത്രം ഒതുങ്ങുന്നില്ല ഇവരുടെ പ്രവർത്തനം. ഗോത്ര മേഖലയിലെ തനത് ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഉറിയെന്ന പേരിലുള്ള യൂട്യൂബ് ചാനൽ, മുള ഉൽപന്നങ്ങൾ കൊണ്ടുള്ള സംഗീതോപകരണങ്ങളുടെ നിർാണം, ചെരുപ്പ് നിർമ്മാണം, പരമ്പരാഗത നൃത്തരൂപങ്ങൾ ആലേഖനം ചെയ്ത് മുളയിൽ തീർക്കുന്ന മാസ്ക് നിർാണം എന്നിവയുമുണ്ട്. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് മുള ചെടികൾ നട്ടുവളർത്തി സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇവരുടെ ബാംബൂ ക്രാഫ്റ്റിങ് സംരംഭം നൽകുന്നത്.
