ഉത്തരവാദിത്ത ടൂറിസവും സ്ത്രീശാക്തീകരണവും

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

roopesh1

 

 

 

 

 

roopesh2

സഞ്ചാരികൾക്ക് മികച്ച അനുഭവം നല്കുന്നതിനൊപ്പം, ടൂറിസത്തിന്റെ നേട്ടങ്ങൾ പ്രാദേശിക സമൂഹങ്ങളിലേക്കും അതുവഴി സാധാരണക്കാരുടെ ജീവിതത്തിലേക്കും എത്തിക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ കാതൽ. ഇന്ന് ഈ മാറ്റത്തിന്റെ ഏറ്റവും ശക്തമായ മുഖങ്ങളിലൊന്നായി മാറുന്നത് സ്ത്രീകളുടെ പങ്കാളിത്തമാണ്. സംരംഭകർ, ആതിഥേയർ, ഗൈഡുകൾ, സ്റ്റോറി ടെല്ലർമാർ, കർഷകർ, കലാകാരികൾ, പാചക വിദഗ്ധർ തുടങ്ങി ടൂറിസം മൂല്യശൃംഖലയുടെ വിവിധ തലങ്ങളിൽ സ്ത്രീകൾ ഇന്ന് സജീവ സാന്നിധ്യമാണ്.
സ്ത്രീശാക്തീകരണത്തെ ടൂറിസം വികസനത്തിന്റെ പ്രധാന ഘടകമായി ഉയർത്തിപ്പിടിക്കുന്ന നയപരമായ സമീപനമാണ് 2026-27 സംസ്ഥാന ബജറ്റിലും പ്രകടമാകുന്നത്. ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സംരംഭകത്വ-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും പ്രത്യേക പരിഗണനയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഈ നയദിശയെ പ്രാദേശികതലത്തിൽ പ്രാവർത്തികമാക്കുന്ന ഇടപെടലുകളിലൂടെ ഉത്തരവാദിത്ത ടൂറിസം സ്ത്രീകളുടെ കഴിവുകളെയും സംരംഭകത്വത്തെയും വികസനത്തിന്റെ ശക്തിയായി മാറ്റുകയാണ്.

കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സ്ത്രീകളുടെ നൈപുണ്യവും സംരംഭകത്വവും പ്രാദേശിക വിഭവങ്ങളുമായി ബന്ധിപ്പിച്ച് പുതിയ സാധ്യതകൾ തുറക്കുന്നു. സ്ത്രീകളെ ടൂറിസത്തിന്റെ ഗുണഭോക്താക്കളായി മാത്രമല്ല, അതിന്റെ സ്രഷ്ടാക്കളും സംരംഭകരും നേതാക്കളുമായി മാറ്റുന്ന ഈ ഇടപെടലുകളിലൂടെ ഉത്തരവാദിത്ത ടൂറിസം കേരളത്തിൽ ഒരു വികസന മാതൃകയായി കൂടുതൽ ആഴപ്പെടുകയാണ്.

സുസ്ഥിര ജീവിത മാതൃക
സഞ്ചാരികൾക്ക് സമാനതകളില്ലാത്ത മികച്ച അനുഭവങ്ങളും, നാട്ടുകാർക്ക് മെച്ചപ്പെട്ട ജീവിതവും അഭിമാനകരമായ ചുറ്റുപാടും ഉറപ്പാക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ കാതൽ. അതായത്, വിനോദസഞ്ചാരം എന്നത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു ഉപഭോഗാനുഭവമല്ല, മറിച്ച് പ്രകൃതിയോടും പ്രാദേശിക സംസ്‌കാരത്തോടും ഇണങ്ങിനിന്ന് നാടിന്റെ സമ്പദ്വ്യവസ്ഥയെ കൈപിടിച്ചുയർത്തുന്ന സുസ്ഥിരമായ ഒരു ജീവിത മാതൃകയാണ്. സഞ്ചാരികളുടെ ഓരോ ചുവടുവെപ്പും ഒരു പ്രദേശത്തിന്റെ സാംസ്‌കാരികത്തനിമയെയും ജീവൽസ്പന്ദനങ്ങളെയും ഹനിക്കാത്ത വിധം, പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലായി മാറുന്ന അവസ്ഥയാണിത്. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനം, സാംസ്‌കാരിക തനിമയുടെ സംരക്ഷണം, സാമ്പത്തിക വികേന്ദ്രീകരണം എന്നിവയാണ് ഈ സഞ്ചാര ദർശനത്തിന്റെ അടിസ്ഥാനശിലകൾ. ഈ ദീർഘവീക്ഷണത്തെ അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കുകയാണ് ഇന്ത്യയിലെ തന്നെ ഇത്തരത്തിൽ ഏറ്റവും വലിയ മാതൃകയായ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി.

roopesh7

സ്ത്രീ സൗഹൃദ ടൂറിസം
വിനോദസഞ്ചാര മേഖലയിൽ ലിംഗസമത്വവും തുല്യനീതിയും ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമായ മാതൃകയാവുകയാണ് കേരളം. യു.എൻ. വിമനുമായി ചേർന്ന് ‘സ്ത്രീ സൗഹൃദ ടൂറിസം’ പദ്ധതി വിജയകരമായി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം ഇതിനകം മാറിയിരിക്കുന്നു. ഈ പദ്ധതിയിലൂടെ, സ്ത്രീകൾക്ക് സുരക്ഷിതവും സ്വാഗതാർഹവുമായ, ഭയരഹിതമായ ഒരു ടൂറിസം ആവാസവ്യവസ്ഥയാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും സംരംഭങ്ങളിലും സ്ത്രീകളുടെ പങ്ക് കേവലം പങ്കാളിത്തത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്, നയപരമായ തീരുമാനങ്ങളെടുക്കുന്ന നേതൃനിരയിലേക്ക് അവരെ ഉയർത്തുന്ന ‘ജെൻഡർ ഇൻക്ലൂസീവ് ടൂറിസം’ എന്ന ആശയമാണ് ഇതിലൂടെ പ്രാവർത്തികമാക്കുന്നത്. ടൂറിസം മേഖലയുടെ സർവതോന്മുഖമായ വളർച്ചയിൽ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷിതത്വവും അർഹമായ രീതിയിൽ ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തിന് വഴികാട്ടുന്ന നിരവധി നവപദ്ധതികളാണ് ഇതിലൂടെ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത്.

സൊസൈറ്റിയുടെ കീഴിൽ ഇന്ന് 18,000-ത്തോളം വനിതായൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഇത്രയധികം വനിതാപങ്കാളിത്തമുള്ള മറ്റൊരു ടൂറിസം പദ്ധതി കാണുക ദുഷ്‌കരമാണ്. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ70 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലോ സ്ത്രീകൾ നടത്തുന്നതോ ആണ് എന്നത് കേരളം കൈവരിച്ച സ്ത്രീശാക്തീകരണ മുന്നേറ്റത്തിന്റെ തിളക്കമാർന്ന തെളിവാണ്.

ഗ്രാമീണ ടൂറിസവും
സാമ്പത്തിക ശാക്തീകരണവും

കേരളത്തിലെ ഗ്രാമീണ ടൂറിസം പാക്കേജുകൾ വിനോദസഞ്ചാരികളെ ഗ്രാമജീവിതത്തിന്റെ ആത്മാവിലേക്കും പ്രാദേശിക സംസ്‌കാരത്തിന്റെ വൈവിധ്യത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന അവിസ്മരണീയമായ അനുഭവങ്ങളാണ്. കർഷകജീവിതം, പരമ്പരാഗത ഭക്ഷണം, നാടൻകലകൾ, കൈത്തൊഴിലുകൾ, കായൽജീവിതം, പ്രാദേശിക ഉത്സവങ്ങൾ എന്നിവയുമായി നേരിട്ട് ഇടപഴകാനുള്ള അവസരം നല്കുന്നതിലൂടെ ഇത്തരം പാക്കേജുകൾ വിനോദസഞ്ചാരത്തെ ഒരു ഉപഭോഗാനുഭവത്തിൽ നിന്ന് സമൂഹവുമായി ഇഴചേരുന്ന വലിയൊരു ജീവിതാനുഭവമാക്കി മാറ്റുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ തത്വങ്ങൾ പിന്തുടരുന്ന ഈ മാതൃകയിൽ, ടൂറിസത്തിൽ നിന്നുള്ള വരുമാനം പ്രാദേശിക സമൂഹത്തിലേക്ക് തന്നെ നേരിട്ട് തിരിച്ചെത്തുകയും കർഷകരെയും കലാകാരന്മാരെയും കുടുംബങ്ങളെയും നേരിട്ട് ഗുണഭോക്താക്കളാക്കുകയും ചെയ്യുന്നു.

ഗ്രാമീണ ടൂറിസം മാതൃകയുടെ ഏറ്റവും ശക്തമായ സാമൂഹിക നേട്ടങ്ങളിലൊന്നാണ് വനിതകളുടെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണം. സ്വന്തം കഴിവും വിഭവങ്ങളും വരുമാനമാക്കി മാറ്റുന്നതിലൂടെ സ്ത്രീകൾ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയിലും സാമൂഹിക തീരുമാനങ്ങളിലുമുള്ള തങ്ങളുടെ പങ്കാളിത്തം വൻതോതിൽ വർധിപ്പിക്കുന്നു.

roopesh6

പരിശീലന പരിപാടികളും
നൈപുണ്യ വികസനവും

ടൂറിസം മേഖലയിൽ ഒരു സ്ത്രീ സംരംഭകയാവുക എന്നതിനർഥം കേവലം ഉപജീവനത്തിനായുള്ള വരുമാനം കണ്ടെത്തുക എന്നതല്ല; മറിച്ച്, ഒരു നാടിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും ആഗോള സഞ്ചാരികൾക്ക് സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയും പരിചയപ്പെടുത്തുന്ന ഒരു അംബാസിഡറായി മാറുകയാണ്. ഒരു വിഭവത്തെ എങ്ങനെ ആതിഥേയത്വത്തിന്റെ തിളക്കത്തോടെ അവതരിപ്പിക്കാം എന്ന തിരിച്ചറിവാണ് പരിശീലനങ്ങളിലൂടെ ഓരോ വനിതയ്ക്കും ലഭിക്കുന്നത്.

നവകാല സഞ്ചാരികളുടെ മാറിവരുന്ന അഭിരുചികൾക്കനുസരിച്ച് സ്വയം മാറാനും, സാങ്കേതികവിദ്യയുടെയും വിപണനത്തിന്റെയും നൂതനപാഠങ്ങൾ ഉൾക്കൊണ്ട് ലോകനിലവാരമുള്ള സേവനങ്ങൾ നല്കാനും വനിതകളെ പ്രാപ്തരാക്കുന്ന വിപുലമായ പരിശീലന പരിപാടികളാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻസൊസൈറ്റി ഒരുക്കിയിരിക്കുന്നത്:

roopesh8

ഹോംസ്റ്റേ &ഫാം ടൂറിസം പരിശീലനം: കൃഷിയെയും വിനോദസഞ്ചാരത്തെയും സുസ്ഥിരമായി സംയോജിപ്പിച്ച് സ്വന്തം വീടുകളിൽ നിന്നു തന്നെ മികച്ച വരുമാനം കണ്ടെത്താൻ വനിതകളെ പ്രാപ്തരാക്കുന്നു. അതിഥികളെ സ്വീകരിക്കുന്ന വിധം, മുറികളുടെ ശുചിത്വ പരിപാലനം എന്നിവയിൽ വിദഗ്ധ പരിശീലനം നല്കുന്നു.

ടൂർ ഓപ്പറേഷൻ & സ്റ്റോറി ടെല്ലിങ് പരിശീലനം: നാടിന്റെ ചരിത്രവും പൈതൃകവും ഐതിഹ്യങ്ങളും സഞ്ചാരികൾക്ക് ഹൃദ്യമായി പകർന്നുനല്കുന്ന ‘സ്റ്റോറി ടെല്ലർ’മാരായും, ഉത്തരവാദപ്പെട്ട ടൂർ ലീഡർമാരായും മാറുന്നതിനുള്ള പരിശീലനം

ഡിജിറ്റൽ വിപണന പ്ലാറ്റ്ഫോമുകൾ: കാലത്തിനൊത്ത് സഞ്ചരിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ് പരിശീലനങ്ങൾ.
തനത് നാടൻ പാചക പരിശീലനം: കേരളത്തിന്റെ തനതായ നാടൻരുചികൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായി പരമ്പരാഗത ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിലും വിളമ്പുന്നതിലും ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നല്കുന്നു.

കരകൗശല നിർമ്മാണപരിശീലനം: മുള, ഈറ്റ, തുണി, പേപ്പർഎന്നിവ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും സുവനീറുകളും നിർമ്മിക്കുന്നതിൽ വിദഗ്ധ പരിശീലനം

വനിതാ ആർ.ടി ക്ലബ്ബുകൾ

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ കൂടുതൽ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനും സ്ത്രീകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തു ന്നതിനുമായി ‘വനിതാ ആർ.ടി ക്ലബ്ബുകൾ’ രൂപീകരിക്കുന്നു. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് പരസ്പരം ആശയങ്ങൾ കൈമാറാനും, കൂട്ടായ സംരംഭങ്ങൾക്ക് രൂപം നല്കാനും, പ്രാദേശിക വിപണന സാധ്യതകൾ പരമാവധി മെച്ചപ്പെടുത്താനും ഈ ക്ലബ്ബുകൾ വലിയൊരു വേദിയാകുന്നു. വനിതാ ആർടി ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് കേരള റെസ്പോൺസിബിൾ ടൂറിസം മിഷ9 സൊസൈറ്റി സാമ്പത്തിക സഹായം നല്കിവരുന്നു.

മാനവവിഭവശേഷി ഡയറക്ടറി

ടൂറിസം മേഖലയിലെ തൊഴിൽ അവസരങ്ങളെയും തൊഴിലന്വേഷകരായ സ്ത്രീകളെയും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ഡിജിറ്റൽ കണ്ണിയാണ് ‘ എച്ച് ആർ ഡയറക്ടറി’. ടൂർ ലീഡർമാർ, സ്റ്റോറി ടെല്ലർമാർ, ഗൈഡുകൾ, പാചക വിദഗ്ധർ, കരകൗശലത്തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലെ വനിതകളുടെ നൈപുണ്യത്തെ ആഗോള സഞ്ചാരികൾക്കും സംരംഭകർക്കും പരിചയപ്പെടുത്തുന്ന ഒരു വിപുലമായ ഡിജിറ്റൽ വേദിയാണിത്.

 

 

 

Spread the love