ഓണവിപണിയിൽ റെക്കോർഡിട്ട് സപ്ലൈകോ

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

anoop1

 

ദിവസങ്ങൾ 35, വിറ്റുവരവ് 433.81 കോടി

ഈ ഓണക്കാലം സപ്ലൈകോയ്ക്ക് വെറുമൊരു ഉത്സവകാല വിൽപനയുടെ കഥയല്ല. മറിച്ച് വിലക്കയറ്റത്തിനിടയിൽ സാധാരണക്കാരന് സമൃദ്ധമായ ഓണക്കാലമൊരുക്കുന്നതിന് തണലാകുകയും ഒപ്പം ചരിത്രത്തിലെ റെക്കോർഡ് വിറ്റുവരവ് സ്വന്തമാക്കിയതിന്റെ അഭിമാനനേട്ടവും കൂടിയാണ്. ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയറുകൾ കേവലം വിപണി ഇടപെടൽ എന്ന പരിധിയിൽ ഒതുങ്ങിയില്ല. ഉപഭോക്തൃ സൗകര്യവും വിലക്കുറവും വൈവിധ്യവും ഒരുമിപ്പിച്ച ഒരു പുതിയ ഓണം ഷോപ്പിങ് അനുഭവം സൃഷ്ടിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.

സാധാരണക്കാരന്റെ വിശ്വാസം, വിലക്കയറ്റത്തിനിടയിലെ ആശ്വാസം, വിപുലമായ ഉൽപന്നലഭ്യത, പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലെ മെഗാട്രേഡ് ഫെയറുകൾ, മറ്റു ജില്ലകളിലെ ജില്ലാ ഓണം ഫെയറുകൾ, ഓരോ നിയോജക മണ്ഡലത്തിലെയും പ്രത്യേക ഫെയറുകൾ എല്ലാം ഒത്തുചേർന്നപ്പോൾ സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓണക്കാല വിൽപന നേട്ടങ്ങളിലൊന്നായി ഈ വർഷം മാറി. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25, ഉത്രാടം വരെയുള്ള 35 ദിവസത്തിനിടെ സപ്ലൈകോ 433.81 കോടി രൂപയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഓണക്കാല വിൽപനയിൽ ശ്രദ്ധേയമായ വളർച്ചയാണ് സപ്ലൈകോ കൈവരിച്ചത്. ഓണക്കാല വിൽപനയുടെ ആവേശം ഏറ്റവും പ്രകടമായത് ഉത്രാടദിനത്തിലായിരുന്നു. ഒറ്റ ദിവസം കൊണ്ട് 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ ഔട്ട് ലെറ്റുകൾ രേഖപ്പെടുത്തിയത്.

53.86 ലക്ഷം ഉപഭോക്താക്കൾ;
ജനവിശ്വാസത്തിന്റെ കരുത്ത്
വെറും 35 ദിവസത്തിനിടെ 53.86 ലക്ഷം പേർ സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങി. സബ്സിഡി ഉൽപന്നങ്ങൾക്കൊപ്പം ബ്രാൻഡഡ് ഉൽപന്നങ്ങളും നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കാൻ കഴിഞ്ഞത് വിൽപനയിൽ വലിയ വർധനവിന് വഴിയൊരുക്കി. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലുള്ള ഉൽപന്നങ്ങളിൽ നിന്നാണ് ലഭിച്ചത്. 278.42 കോടി രൂപ സബ്സിഡിയിതര ഉൽപന്നങ്ങളുടെ വിൽപനയിലൂടെയും ലഭിച്ചു. ഓണക്കാലത്ത് കുടുംബ ബജറ്റിന് കൂടുതൽ ആശ്വാസം നൽകുന്നതിനായി സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വിലക്കുറവിൽ ലഭ്യമാക്കിയതും പൊതുജനങ്ങൾ ഏറ്റെടുത്തു. ഈ ഓണക്കാലത്ത് കേരളം സപ്ലൈകോയെ കൂടുതൽ ശക്തമായി ഏറ്റെടുത്തു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് 433.81 കോടി രൂപയുടെ വിറ്റുവരവും 53.86 ലക്ഷം ഉപഭോക്താക്കളുടെ പങ്കാളിത്തവും.

anoop2

‘വൺ-സ്റ്റോപ്പ്’ ഓണം ഷോപ്പിങ്
ഈ വർഷത്തെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് സാധാരണ വിൽപനമേളയിൽ നിന്ന് വ്യത്യസ്തമായി, വിവിധ ഉൽപന്നങ്ങൾ ഒരിടത്ത് ലഭിക്കുന്ന യഥാർഥ വൺ-സ്റ്റോപ്പ് ഷോപ്പിങ് കേന്ദ്രങ്ങളായി മാറിക്കൊണ്ട് വിവിധ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളും സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കിയതായിരുന്നു. സപ്ലൈകോയുടെ നിത്യോപയോഗ സാധനങ്ങൾക്കും സബ്സിഡി ഉൽപന്നങ്ങൾക്കും പുറമെ പ്രമുഖ ബ്രാൻഡുകളും സ്ഥാപനങ്ങളും ഫെയറുകളുടെ ഭാഗമായി. പാദരക്ഷകൾ മുതൽ പുസ്തകങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, വിവിധ നിത്യോപയോഗ ഉൽപന്നങ്ങൾ, രുചികരമായ ചിപ്സുകൾ, ലഘുഭക്ഷണങ്ങൾ എന്നു വേണ്ട ഒരു കുടുംബത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കിയതായിരുന്നു മെഗാ ട്രേഡ്ഫെയറുകളുടെ പ്രത്യേകത.

ഓണസദ്യക്കാവശ്യമായ സാധനങ്ങൾ വാങ്ങാനും, വീട്ടിലേക്കുള്ള നിത്യോപയോഗ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനും, പുസ്തകങ്ങൾ വാങ്ങാനും, പുതിയ പാദരക്ഷകൾ തിരഞ്ഞെടുക്കാനും, വസ്ത്രങ്ങൾ വാങ്ങാനും, വിവിധ ഭക്ഷ്യ ഉൽപന്നങ്ങളും ലഘുഭക്ഷണങ്ങളും സ്വന്തമാക്കാനും ഒരേ വേദിയിൽ അവസരമൊരുങ്ങി. കോഴിക്കോട് ബീച്ച്, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ട്, തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകളും വിവിധ ജില്ലാ ഓണം ഫെയറുകളും ഓണക്കാലത്തെ ആഘോഷവിപണിക്ക് പുതിയ അനുഭവമായി.

മെഗാട്രേഡ് ഫെയറുകളും ജില്ലാ ഫെയറുകളും ഉൾപ്പെടെ ഫെയറുകളിൽ നിന്ന് 5.33 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു. തിരുവനന്തപുരം മെഗാട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.

ഷോപ്പിങ് മാത്രമല്ല, ഓണാനുഭവം

ഓണക്കാലത്ത് കുടുംബത്തോടൊപ്പമെത്തി സാധനങ്ങൾ വാങ്ങാനും, വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പരിചയപ്പെടാനും, ഭക്ഷണം ആസ്വദിക്കാനും, ആഘോഷാന്തരീക്ഷത്തിന്റെ ഭാഗമാകാനും കഴിയുന്ന ഒരു പൊതുവേദിയായും സപ്ലൈകോയുടെ മെഗാട്രേഡ് ഫെയറുകൾ മാറി.

വിലക്കുറവിന്റെ വിശ്വാസം,
വൈവിധ്യത്തിന്റെ വിജയം
കേരളത്തിലെ സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി പതിറ്റാണ്ടുകളായി ചേർന്നുനിൽക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന വിപണി ഇടപെടലിന്റെ പ്രധാന മുഖമായ സപ്ലൈകോ, ഓണക്കാലത്തും അതേ ഉത്തരവാദിത്തം ശക്തമായി നിറവേറ്റി.

സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രമുഖ ബ്രാൻഡുകളുടെയും വിവിധ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരം പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ചതാണ് ഇത്തവണത്തെ ഓണപ്പരിപാടികളുടെ പ്രധാന വിജയം. വിലക്കുറവിന്റെ വിശ്വാസവും വൈവിധ്യത്തിന്റെ പുതിയ അനുഭവവും ഒന്നിച്ചപ്പോൾ, ഈ ഓണം സപ്ലൈകോയ്ക്ക് റെക്കോർഡ് വിൽപനയുടെ ഓണമായി മാറി.

സബ്സിഡി സാധനങ്ങൾ മുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ, ഭക്ഷ്യവസ്തുക്കൾ മുതൽ വസ്ത്രങ്ങളും പുസ്തകങ്ങളും
പാദരക്ഷകളും വരെ ‘എല്ലാം ഒരിടത്ത്’ എന്ന ആശയം യാഥാർഥ്യമാക്കിയ ഓണക്കാലമായിരുന്നു കഴിഞ്ഞുപോയത്. അങ്ങനെ, സാധാരണക്കാരന് ആശ്വാസമായി ആരംഭിച്ച സപ്ലൈകോയുടെ ഓണപ്പരിപാടികൾ ഇന്ന് കേരളത്തിന്റെ ഉത്സവകാല ഷോപ്പിങ് അനുഭവത്തിന് പുതിയൊരു മുഖം നൽകുന്ന തരത്തിലേക്ക് വളർന്നിരിക്കുകയാണ്.

 

 

Spread the love