വെളിച്ചമേകിയ പാട്ടും കൂട്ടും തണലായി ലൈഫും
വെളിച്ചമേകിയ പാട്ടും കൂട്ടും തണലായി ലൈഫും
ജോര്‍ഡി വിന്‍സെന്റ്
ഐ പി ആര്‍ ഡി
ജനിച്ചു പോയി മനുഷ്യനായ് ഞാന്‍
എനിക്കുമിവിടെ ജീവിക്കേണം
മരിക്കുവോളം – ഒരുനാള്‍
മരിക്കുവോളം
ജനിച്ചു പോയി മനുഷ്യനായ് ഞാന്‍…’
തൊടുപുഴയിലെ തെരുവീഥികളിലൂടെ നടന്നാൽ ഒരുവട്ടമെങ്കിലും കേൾക്കാനിടയുണ്ട് കരളലിയിക്കുന്ന ഈ പാട്ടിന്റെ താളം. തന്റെ ജീവിത നൊമ്പരങ്ങള്‍ മറന്ന് അന്ധ ഗായകൻ ഷൈ വർഗീസ് പാടിയിരുന്നതാണ് ഈ പാട്ട്. നാലു പതിറ്റാണ്ടിലേറെയായി നഗരത്തിന്റെ ആൾക്കൂട്ടങ്ങളിൽ പാട്ടുമായി ഷൈയുണ്ട്. കൂടെ കൈ പിടിച്ച് കാഴ്‌ച പരിമിതി നേരിടുന്ന ഭാര്യ സുനിതയും. ഉപജീവനത്തിനായി പാടുന്ന ഷൈയുടെ ശബ്‌ദത്തിൽ സംഗീതം മാത്രമല്ല, മുഴുവന്‍ ജീവിത നൊമ്പരവും നിറഞ്ഞിരുന്നു. അകക്കണ്ണിന്റെ കാഴ്‌ചയിൽ ജീവിതം കെട്ടിപ്പടുത്ത ഇവര്‍ക്ക് സ്വന്തമെന്നു പറയാന്‍ ഒരു മകള്‍ മാത്രം. മകളോടൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീട് എന്നത് അവര്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ആ കുടുംബം ഇരുപതു വര്‍ഷമായി ഹൃദയത്തില്‍ കൊണ്ടു നടന്ന സുരക്ഷിത ഭവനം എന്ന ആഗ്രഹം സഫലമായി. ജീവിതത്തിന് പുതിയ ഈണവും താളവും കിട്ടിയ സന്തോഷത്തിലാണ് അവരിപ്പോള്‍.
‘സംഗീതമീ ജീവിതം,
ഒരു മധുര സംഗീതമീ ജീവിതം…’
ജന്മനാ കാഴ്‌ച ശക്തിയില്ലാത്ത അമ്പത്തൊന്നുകാരൻ ഷൈയ്‌ക്കും ഭാര്യ നാൽപ്പത്തിമൂന്നുകാരി സുനിതയ്ക്കും ഇരുട്ട് നിറഞ്ഞ ജീവിതത്തില്‍ പാട്ടായിരുന്നു വെളിച്ചം. പാട്ട് കേൾക്കുന്ന സുമനസ്സുകൾ നൽകുന്ന ചില്ലറത്തുട്ടുകളായിരുന്നു അവരുടെ ജീവിത മാര്‍ഗം. പരിമിതികളെ പാട്ടുകൊണ്ട് അതിജീവിച്ച പാവം ദമ്പതികളുടെ അന്ധതയെ ചൂഷണം ചെയ്യാനും ആളുകളുണ്ടായി. രാവിലെ മുതല്‍ വൈകുരേം വരെ പാട്ട് പാടി കിട്ടുന്ന പണം കയ്യിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ചവരുണ്ട്. ലഭിക്കുന്ന തുച്ഛമായ പണത്തിൽ നിന്ന് കൈയിട്ടു വാരി പറ്റിച്ചവരുമുണ്ട്. ആൾക്കൂട്ടത്തിൽ നിന്നും അവരുടെ പണം സ്വന്തം കൈയിലേയ്ക്ക് വാങ്ങി തട്ടിച്ചവർ വേറെ. എത്ര പണം കിട്ടിയെന്നു തിട്ടപ്പെടുത്താൻ പോലും കഴിയാത്ത അവര്‍ക്ക് കിട്ടുന്നതു കൊണ്ട് ആശ്വാസം കണ്ടെത്തേണ്ട ഗതികേടായിരുന്നു. ഒന്നിനും തികയാത്ത വരുമാനത്തിന്റെ നാളുകളില്‍ സ്വന്തമായി ഒരു വീട് എന്നത് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ആ ദമ്പതികള്‍ക്ക്. വെറും മോഹമായി ഒടുങ്ങുമെന്ന് കരുതിയ കാര്യം സാക്ഷാത്കരിച്ചതിന്റെ സന്തോഷമുണ്ടെന്ന് ഷൈ വര്‍ഗീസിനും കുടുംബത്തിനും. അക്ഷരാര്‍ഥത്തില്‍ ഇമ്പമുള്ള ഈണവും താളവും കോര്‍ത്തിണങ്ങിയ മധുര സംഗീതം പോലെയാണിന്ന് അവരുടെ പുതിയ ജീവിതം.
ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഷൈയുടെ ജീവിതം തെരുവിലായിരുന്നു. ബന്ധുക്കള്‍ എന്നു പറയാന്‍ ആരുമുണ്ടായിരുില്ല. കൂട്ടായത് ഉള്ളിലുണ്ടായിരുന്ന സംഗീതം. പാട്ടുകൾ പാടി അലഞ്ഞു. പാട്ട് കേട്ടവർ നല്‍കിയ നാണയത്തുട്ടുകൾ വിശപ്പകറ്റി. അതോടെ പാട്ടായി ഉപജീവന മാര്‍ഗം. ആദ്യകാലങ്ങളില്‍ തൊടുപുഴയിലെ ലോഡ്‌ജ് മുറികളില്‍ മാറിമാറിയാണ് ഉറ്റവരില്ലാത്ത ഷൈ താമസിച്ചിരുന്നത്.
ആ നാളുകളിലാണ് തന്നെപ്പോലെ അകക്കണ്ണില്‍ മാത്രം വെളിച്ചമുള്ള സുനിത ഷൈയുടെ ജീവിതത്തിലേയ്ക്ക് വരുന്നത്. ഇരുപത് വര്‍ഷം മുൻപായിരുന്നു വിവാഹം. സുനിതയുടെ കൈപിടിച്ച് ഒരു ബന്ധുവിന്റെ ഒറ്റ മുറി വീട്ടിൽ ഷൈ പുതിയ ജീവിതം ആരംഭിച്ചു. മഴ പെയ്യുമ്പോള്‍ ചോർന്ന് ഒലിക്കുന്ന മേല്‍ക്കൂര. വേനൽക്കാലത്താകട്ടെ കനത്ത ചൂടുള്ള അറ. സ്വസ്ഥമായി ഉറങ്ങാന്‍ പോലും സൗകര്യമില്ലാത്ത മുറി. ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും എല്ലാത്തിനും ആ ഒറ്റ കുടുസ്സു മുറി തന്നെ. വീട് എന്ന് പേരിനു പോലും പറയാനാകാത്ത സ്ഥിതി.
18 വര്‍ഷം മുന്‍പ് ആ പരാധീനതകള്‍ക്ക് നടുവിലേക്കാണ് മകള്‍ ടീനയുടെ ജനനം. മകളുടെ വരവ് ആ ദമ്പതികള്‍ക്ക് പുതിയ പ്രതീക്ഷകള്‍ പകർന്നു. ജീവിതത്തിലെ പരിമിതികളും പ്രതിസന്ധികളും മറി കടക്കാനുള്ള ഊര്‍ജവും. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ഥമാക്കാന്‍ ഷൈ ശ്രമം ആരംഭിച്ചു. പല തവണ നേരിട്ടും അല്ലാതെയും വീടിനായുള്ള അപേക്ഷകള്‍ നല്‍കി. ഷൈയുടെ പേരില്‍ ഭൂമി ഇല്ലാത്തതിനാല്‍ എല്ലാം തള്ളപ്പെട്ടു.
വീണ്ടും പ്രതിസന്ധിയില്‍
അങ്ങനെയിരിക്കെ 2019-20 കാലയളവില്‍, തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ ലൈഫ് 2020 പദ്ധതിയില്‍ ഷൈയും കുടുംബവും അപേക്ഷ നല്‍കി. സ്ഥലം സ്വന്തം പേരിലില്ല എന്നത് അവിടെയും പ്രതിബന്ധമായി. ഷൈയുടെ കുടുംബത്തിന്റെ പേരില്‍ പഞ്ചായത്തില്‍ ഭൂമിയുണ്ട്. പക്ഷേ അതിന്റെ ഉടമസ്ഥന്‍ സഹോദരനാണ്. അയാളാകട്ടെ 27 വര്‍ഷം മുന്‍പ് നാടു വിട്ടു പോയതാണ്. ആര്‍ക്കും അയാളെക്കുറിച്ച് യാതൊരു വിധ അറിവുമില്ല. ഷൈയുടെ ദുരിതം മനസിലാക്കിയ പഞ്ചായത്ത് അധികൃതര്‍ സഹോദരനെ കണ്ടു പിടിക്കാനുള്ള യത്‌നം ഏറ്റെടുത്തു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടിൽ നിന്ന് ആളെ കണ്ടെത്തി. നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് അഞ്ച് സെന്റ് സ്ഥലം ഷൈയുടെ പേരിലേക്ക് മാറ്റി.
നാടൊന്നാകെ ഒപ്പം
സ്ഥലം കിട്ടിയതോടെ ചുവപ്പുനാടയുടെ കുരുക്കുകള്‍ അഴിഞ്ഞു. കാര്യങ്ങള്‍ വേഗത്തിലായി. രണ്ട് പതിറ്റാണ്ട് നീണ്ട സ്വപ്‌നത്തിന് അടിസ്ഥാനമൊരുങ്ങുന്ന സന്തോഷമായിരുന്നു ഷൈയ്ക്കും കുടുംബത്തിനും. സംസ്ഥാന സര്‍ക്കാരിന്റെ കരുതലും സംരക്ഷണവും ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ഷൈ പറയുന്നു. 420 ചതുരശ്ര അടിയില്‍ സിറ്റൗട്ട്, ഹാള്‍, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളോടെ വീട് നിര്‍മ്മിച്ചു. ലൈഫ് മിഷനില്‍ നിന്ന് നാല് ലക്ഷം രൂപയും, തൊഴിലുറപ്പ് പദ്ധതിയിലൂടെ 30,000 രൂപയും ധന സഹായമായി ലഭിച്ചു. ഈ വര്‍ഷമാദ്യം പണി പൂര്‍ത്തീകരിച്ചു. തുടർന്ന് ഷൈയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. നാട്ടിലെ നന്മമനസ്സുകളുടെ സഹായവും ആ അന്ധ ദമ്പതികള്‍ക്ക് ലഭിച്ചു. കൂടാതെ കുടുംബശ്രീയില്‍ നിന്നും സംഗീതോപകരണങ്ങള്‍ ലഭിച്ചത് ഷൈയുടെ സംഗീതത്തിനും പുതുവഴികള്‍ തുറന്നു.
പാലക്കാട് ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ ടീനയാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ ഒപ്പമുള്ളപ്പോള്‍ ആശങ്കയില്ലെന്ന് ഷൈ പറയുന്നു. തങ്ങളുടെ ജീവിതമാണ് അതിന് തെളിവ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. വീട് എന്നത് കെട്ടിടമല്ല; ആത്മ വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ഒരടയാളമാണ്..
