കവര്‍‌സ്റ്റോറി

ഉൾച്ചേരലിന്റെ കരുത്തായി ഭിന്നശേഷിസൗഹൃദ വിദ്യാലയങ്ങൾ

സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

ഓരോ കുട്ടിക്കും പഠിക്കാനും വളരാനും സ്വന്തം കഴിവുകൾ വികസിപ്പിക്കാനും അന്തസ്സോടെ ജീവിക്കാനും തുല്യാവസരം ഉറപ്പാക്കുക എന്നത് പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. കുട്ടികളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠനസാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം യഥാർഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന താകുന്നത്. ഈ കാഴ്ചപ്പാടിന് കൂടുതൽ വ്യക്തതയും ദിശാബോധവും നൽകുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപപ്പെടുത്തിയിട്ടുള്ള ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ എന്ന കരട് നയരേഖ. ഭിന്നശേഷിയുള്ള ഓരോ കുട്ടിക്കും സ്വന്തം സമൂഹത്തിൽ മാന്യതയോടെയും സുരക്ഷയോടെയും ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാനും വിദ്യാലയത്തിന്റെ സമസ്തപ്രവർത്തനങ്ങളിലും പൂർണ്ണമായി പങ്കാളിയാകാനും അവസരമൊരുക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. ഭിന്നശേഷിസൗഹൃദലോകം എന്ന ആശയം പ്രായോഗികമാക്കു ന്നതിനുള്ള കർമപഥത്തിലാണ് നാമുള്ളത്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുകയും വൈവിധ്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന സ്വതന്ത്രമായൊരു ലോകം എന്നും പുരോഗമനപരമായിരിക്കും. നമ്മെക്കുറിച്ചുമാത്രമല്ല, മറ്റുള്ളവരുടെ നന്മയെയും ക്ഷേമത്തെയും കുറിച്ചും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുമ്പോഴാണ് മാനവികമായ ജീവിതം സമ്പൂർണാർഥത്തിൽ ഫലപ്രദമാകുന്നത്. മനുഷ്യർക്ക് സഹജമായതും സ്വായത്തമാക്കിയതുമായ നിരവധി കഴിവുകളുണ്ട്. അവയുടെ മേന്മ അവകാശപ്പെട്ടുകൊണ്ട് അവ ആർജിക്കാൻ കഴിയാതെപോയവരെ അകറ്റിനിർത്തുന്നത് പരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ പ്രവണതയല്ല. സമാദരവും സമതാബോധവുമാണ് സമൂഹജീവിയായ മനുഷ്യനിൽ അങ്കുരിക്കേണ്ട അടിസ്ഥാനഭാവങ്ങൾ. ഇത് നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് ആർജിക്കേണ്ട പ്രാഥമികപാഠവും ജീവിതത്തിലുടനീളം പുലർത്തേണ്ട അനുഭവപാഠവുമാണ്.

എല്ലാവർക്കും വിദ്യാഭ്യാസം;
അവസരങ്ങൾ തുല്യം
ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ മാനദണ്ഡങ്ങളിലൊന്ന് അവിടത്തെ വിദ്യാഭ്യാസ പുരോഗതിയാണ്. ജനിച്ചുവീഴുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായ വിദ്യാഭ്യാസ ത്തിന് അർഹതയുണ്ട്. അത് നൽകാൻ അവിടത്തെ ഭരണസംവിധാനത്തിന് ഉത്തരവാദിത്വവുമുണ്ട്. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നമ്മുടെ രാജ്യം മുന്നിലാണെങ്കിലും എല്ലാ വിഭാഗം കുട്ടികളെയും ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസപ്രക്രിയയിൽ സമ്പൂർണ്ണമായ സ്ഥിതി ആർജ്ജിച്ചെടുക്കാൻ നമുക്കിനിയും സാധിച്ചിട്ടില്ല. കുട്ടികളിൽ ചിലർ പ്രത്യേക പരിഗണന അർഹിക്കുന്നവരാണെന്നും അവർക്ക് സവിശേഷമായ പഠനരീതികൾ സംവിധാനം ചെയ്യണമെന്നുമുള്ള കാര്യങ്ങളിൽ നാം ശ്രദ്ധവച്ചു തുടങ്ങുന്നതു തന്നെ അടുത്ത കാലത്താണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ തോടുകൂടി നിർണ്ണായകമായ ഇടപെടലുകൾ നടത്താനും നിരവധി നാഴിക ക്കല്ലുകൾ പിന്നിടാനും നമുക്ക് കഴിഞ്ഞു. നമ്മുടെ മാനവികതാബോധത്തിനും ശാസ്ത്രവികാസത്തിനും ഇതിൽ വലിയ പങ്കുണ്ട്.

സാക്ഷരതയിലും ബൗദ്ധികതയിലും വളരെ മുന്നിലുള്ള കേരളത്തിൽ ഭിന്നശേഷിസൗഹൃദപ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് നടന്നുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ജനസംഖ്യയുടെ ആറിലൊന്ന് പേർ ഭിന്നശേഷിക്കാരാണ്. ലോകത്താകമാനം 130 കോടി ആളുകളാണ് ശാരീരികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിട്ടുകൊണ്ട് ജീവിക്കുന്നത്. ഇതിൽ പത്ത് കോടിയിലധികം പേർ കുട്ടികളാണ്. ഇന്ത്യൻ ജനസംഖ്യയുടെ എട്ട് ശതമാനത്തോളം ആളുകൾ വിവിധതരം വെല്ലുവിളികൾ നേരിടുന്നവരാണ്. കേരളത്തിൽ പത്തുലക്ഷത്തിലധികം ഭിന്നശേഷി ക്കാരുണ്ടെന്നാണ് കണക്ക്. കേൾവി, കാഴ്ച, ചലനപരിമിതി അനുഭവിക്കുന്നവരാണ് ഭൂരിപക്ഷവും. ഭിന്നശേഷിക്ക് പുറമെ, ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങളും ഇവർക്ക് നേരിടേണ്ടി വരുന്നു. ദാരിദ്ര്യം, വിവേചനം, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ നിന്നുള്ള പുറന്തള്ളൽ, അവഗണന, ഒഴിവാക്കൽ മുതലാ യവയും അവർക്ക് പ്രത്യക്ഷത്തിൽ അനുഭവിക്കേണ്ടി വരുന്നു. ഇത് നാം തിരിച്ചറിഞ്ഞ് ഫലപ്രദമായി ഇടപെടേണ്ട അതിപ്രധാന മേഖലയാണ്.

ഭിന്നശേഷി സൗഹൃദ വിദ്യാലയം:
പുതിയ നയസമീപനം
ഓരോ കുട്ടിയുടെയും വൈവിധ്യത്തെ അംഗീകരിക്കുകയും അവകാശങ്ങളെയും കഴിവുകളെയും താൽപര്യങ്ങളെയും സ്വപ്നങ്ങളെയും ഒരുപോലെ മാനിക്കുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസ സംവിധാനമാണ് കേരളം ദീർഘകാലമായി പിന്തുടരുന്നത്. എല്ലാ കുട്ടികളും വ്യത്യസ്തരാണെന്നും അവരെയെല്ലാം ബഹുഭിന്നമായ തനിമകളോടെ ചേർത്ത് പിടിക്കണമെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഭിന്നശേഷി ക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം സൂക്ഷ്മതയോടെയും കരുതലോടും നിർവഹിക്കേണ്ടതുണ്ടെന്നും അതിന് കാലികവും ശാസ്ത്രീയവും ശിശുസൗഹൃദവുമായ പഠനരീതികൾ അവലംബിക്കണമെന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കാഴ്ചപ്പാടിന്റെ തുടർച്ചയായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ എന്ന കരട് നയരേഖയ്ക്ക് രൂപം നൽകിയിട്ടുള്ളത്.

ഒരു രോഗനിർണ്ണയത്തിന്റെയോ സർട്ടിഫിക്കേഷന്റെയോ പരിധിയിലേക്ക് ചുരുക്കാതെ, കുട്ടികളുടെ യഥാർഥപ്രവർത്തനപരവും, വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ സമയബന്ധിതമായി എത്തിക്കുക എന്നതാണ് ഈ നയത്തിന്റെ കേന്ദ്രസമീപനം. വിദ്യാലയ പ്രവേശനം സാധ്യമാകുന്നതോടുകൂടി ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാകുന്നില്ല. പഠനത്തിലെ പുരോഗതി, ആശയവിനിമയം, സൗഹൃദബന്ധങ്ങൾ, കലാകായിക-സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം, മാനസികവും സാമൂഹികവുമായ ക്ഷേമം, ഉപരിപഠനത്തിലേക്കും തൊഴിൽ ജീവിതത്തിലേക്കുമുള്ള പരിവർത്തനം തുടങ്ങിയവയെല്ലാം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകങ്ങളും ലക്ഷ്യങ്ങളുമായാണ് ഈ നയരേഖ കാണുന്നത്.

പ്രവേശനക്ഷമമായ കെട്ടിടങ്ങളും പഠനവിഭവങ്ങളും ഒരുക്കുന്നതോടൊപ്പം അവ ഉപയോഗിക്കാൻ കഴിയുന്ന അധ്യാപകപിന്തുണയും കുട്ടിയുടെ ആശയ വിനിമയരീതിയെ മാനിക്കുന്ന ക്ലാസ്മുറിയും സഹപാഠി ബന്ധങ്ങളും സുരക്ഷിതമായ യാത്രയും അനുയോജ്യമായ മൂല്യനിർണ്ണയവും ആവശ്യമാണ്. അതിനാൽ ഭൗതികവും ഡിജിറ്റലുമായ പ്രവേശനക്ഷമത, ബ്രെയിൽ (Braille), ഇന്ത്യൻ ആംഗ്യഭാഷ, ബദൽ-വർധിത ആശയവിനിമയം (AAC), സഹായ സാങ്കേതികവിദ്യ, യുക്തിസഹമായ ക്രമീകരണങ്ങൾ എന്നിവയെ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരഘടകങ്ങളായി ഈ നയരേഖ അവതരിപ്പിക്കുന്നു.

പ്രീപ്രൈമറി മുതൽ ഹൈസ്‌കൂൾ തലം വരെ കുട്ടിയുടെ പഠനപാത തുടർച്ചയുള്ളതാകണം. ആദ്യഘട്ട തിരിച്ചറിയലും ഇടപെടലും, പഠനപിന്തുണ, കുടുംബവുമായി ചേർന്നുള്ള ആസൂത്രണം, ആരോഗ്യമേഖലയിലേക്കോ പുനരധിവാസ സേവനങ്ങളിലേക്കോ ആവശ്യമായ റഫറൽ, ഉപരിപഠനത്തി ലേക്കും തൊഴിൽ ജീവിതത്തിലേക്കുമുള്ള പരിവർത്തനത്തിനായുള്ള മുന്നൊരുക്കം എന്നിവ ഒരേ ദിശയിൽ സഞ്ചരിക്കണം. കുട്ടിയുടെ സർട്ടിഫിക്കേഷൻ നില കാത്തുനിൽക്കാതെ വിദ്യാഭ്യാസ പിന്തുണ സമയബന്ധിതമായി ആരംഭിക്കണമെന്ന സമീപനവും ഈ നയത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസം സമൂഹത്തിലെ വ്യത്യസ്ത കൂട്ടായ്മകളുടെ കൂട്ടായ ഉത്തരവാദിത്വമാണ്. ഭിന്നശേഷിയുള്ളകുട്ടികളുടെ അവകാശങ്ങളുടെ നിർണ്ണയവും നിർവഹണവും പൊതുപ്രവർത്തനമായി മാറണം. എന്നാലേ, അത് എല്ലാ കുട്ടികൾക്കും ഇടപെടാനാകുന്ന, എല്ലാവരും ഗുണഭോക്താക്കളാകുന്ന വിദ്യാലയാന്തരീക്ഷത്തിന് വഴി തെളിക്കൂ.

‘ഒരു കുട്ടി – ഒരു ഏകോപിത പിന്തുണാപാത, അവകാശങ്ങളിൽ തുല്യത, പിന്തുണയിൽ വ്യക്തിഗത പരിഗണന, വിദ്യാഭ്യാസത്തിൽ പൂർണ്ണപങ്കാളിത്തം’ എന്നതാണ് ഭിന്നശേഷി സൗഹൃദ വിദ്യാലയ നയരേഖയുടെ കേന്ദ്രവാക്യം. കേരളത്തിലെ ഓരോ ഭിന്നശേഷിയുള്ള കുട്ടിക്കും സ്വന്തം സമൂഹത്തിൽ മാന്യതയോടെയും സുരക്ഷയോടെയും ഗുണമേന്മയോടെ പഠിക്കാനും വളരാനും മുഴുവൻ വിദ്യാലയ പ്രവർത്തനങ്ങളിലും പൂർണ്ണമായി പങ്കാളിയാകാനും നയരേഖയിലൂടെ സംസ്ഥാനം തുല്യാവസരം ഉറപ്പാക്കും. ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ എന്ന കേരളത്തിന്റെ ദർശനം ഒരു പ്രത്യേക പദ്ധതിയുടെ പേര് മാത്രമല്ല. ഓരോ കുട്ടിയുടെയും അവകാശം, പ്രവേശനക്ഷമത, പഠനം, പങ്കാളിത്തം, സ്വയം നിർണ്ണയം, അന്തസ്സുറ്റ ഭാവി എന്നിവയെ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞയാണ്.

ഓരോ കുട്ടിയുടെയും വൈവിധ്യത്തെ മാനിച്ച് വിദ്യാഭ്യാസസംവിധാനം ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും കുട്ടിക്ക് വേണ്ട പിന്തുണ കുട്ടിയുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്യുന്ന കേരളമാണ് ഈ നയം ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക പരിശോധനയും പൊതുപങ്കാളിത്തവും പൂർത്തിയാക്കി, അവകാശങ്ങളിൽ ഉറച്ചുനിൽക്കുന്ന ഉത്തരവാദിത്വപൂർണ്ണമായ നടപ്പാക്കലിലൂടെ ഈ നയം ഘട്ടംഘട്ടമായി യാഥാർഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭിന്നശേഷിയുള്ള ഓരോ കുട്ടിക്കും ജനനം മുതൽ പതിനെട്ട് വയസ്സുവരെ മാന്യതയോടെയും സുരക്ഷയോടെയും ജീവിക്കാനും തുല്യാവസരത്തോടെ പഠിക്കാനും ആശയവിനിമയം നടത്താനും കൂട്ടായ പ്രവർത്തന ങ്ങളിൽ പങ്കാളിയാകാനും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പങ്കുചേരാനും ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാനും കഴിയുന്ന ശിശുകേന്ദ്രീകൃതവും അവകാശാധിഷ്ഠിതവുമായ പൊതുവിദ്യാഭ്യാസസംസ്‌കാരമാണ് കേരളം ഇതുവഴി ശക്തിപ്പെടുത്തുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ പഠനപിന്തുണ
ഓരോ ഭിന്നശേഷി വിഭാഗത്തിന്റെയും ആരോഗ്യ-വികാസ ആവശ്യങ്ങളെ അടിസ്ഥാന മാക്കി വ്യത്യസ്തമായ അധ്യയന രീതികളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ശ്രവണപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഭാഷയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന ആദ്യകാല ശ്രവണപിന്തുണയും കുടുംബകേന്ദ്രീകൃത ഇടപെടലും ശക്തിപ്പെടുത്തും.

സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ശാരീരികചലനരീതി, സംസാര വ്യത്യാസം, എഴുത്തുവേഗം എന്നിവയെ അറിവിന്റെയോ ബുദ്ധിശേഷിയുടെയോ സൂചകമാക്കാതെ പ്രവർത്തനപരമായ വിലയിരുത്തലും വ്യക്തിഗതപിന്തുണയും അടിസ്ഥാനമാക്കി പഠനപ്രവർത്തനങ്ങൾ ക്രമീകരിക്കും.

ബൗദ്ധികവികാസവുമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ഓട്ടിസം സ്പെക്ട്രം ഡിസോർഡറുള്ള കുട്ടികൾ, പഠനവൈകല്യമുള്ള കുട്ടികൾ (എസ്എൽഡി), ബോർഡർലൈൻ ഇന്റലക്ച്വൽ ഫങ്ഷനിങ് (ബിഐഎഫ്) ഉള്ള കുട്ടികൾ, എഡിഎച്ച്ഡി ഉള്ള കുട്ടികൾ, ഒന്നിലേറെ ഭിന്നശേഷികളുള്ള കുട്ടികൾ, ബധിരാന്ധതയുള്ള കുട്ടികൾ, സംസാര-ഭാഷാഭിന്നശേഷിയുള്ള കുട്ടികൾ, ദീർഘകാല അനാരോഗ്യാവസ്ഥകളും നാഡീവ്യൂഹ, നാഡീപേശി, രക്തസംബന്ധമായ രോഗാവസ്ഥകളും ഉള്ള കുട്ടികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളുടെ ആവശ്യകതയ്ക്ക നുസൃതമായ വ്യക്തിഗത വിദ്യാഭ്യാസ-ആരോഗ്യ പിന്തുണാപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ വ്യക്തിഗതആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പഠനരീതികളും ആരോഗ്യപിന്തുണയും ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസപ്രക്രിയ കൂടുതൽ ഫലപ്രദമാക്കാനാകും. ഓരോ കുട്ടിക്കും സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പഠനത്തിൽ മുന്നേറാനും അനുയോജ്യമായ സാഹചര്യമൊരുക്കുകയാണ് ഈ സമീപനത്തിന്റെ ലക്ഷ്യം.

ഏകോപിത പ്രവർത്തനത്തിലൂടെ
സൗഹൃദവിദ്യാലയങ്ങൾ
പൊതുവിദ്യാഭ്യാസം പൊതുസമൂഹത്തിന്റെയാകെ ഉത്തരവാദിത്വ മായതിനാൽ സമൂഹത്തിലെ പൊതുഘടകങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപിത പങ്കാളിത്തത്തോ ടെയാണ് ഭിന്നശേഷിസൗഹൃദ വിദ്യാലയപ്രവർത്ത നങ്ങൾ നടപ്പിലാ ക്കുന്നത്. ദൈനംദിന പഠനത്തിനും ക്ലാസ് പങ്കാളിത്തത്തിനും പൊതുവിദ്യാലയ അധ്യാപകർ നേതൃത്വം വഹിക്കും. സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. അത് പൊതുക്ലാസിന് പകരമാകാത്ത രീതിയിൽ പഠനത്തെ ശക്തിപ്പെടുത്തുന്ന ഉപദേശപിന്തുണ, സഹാധ്യാപനം, ലക്ഷ്യബോധമുള്ള പ്രത്യേക പിന്തുണ തുടങ്ങിയ രീതികളിൽ ക്രമീകരിക്കും. രക്ഷാകർതൃ-കുടുംബ പങ്കാളിത്തം പദ്ധതിയിൽ ഉറപ്പാക്കും. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സൗഹൃദപരമായ വിദ്യാലയാന്തരീക്ഷവും ഒരുക്കും. എല്ലാ കുട്ടികൾക്കും കലകൾ ആസ്വദിക്കാനും പഠിക്കാനും അവതരിപ്പിക്കാനും അംഗീകാരം നേടാനും കഴിയുന്നവിധം ഉൾച്ചേർന്ന കലാവിദ്യാഭ്യാസം പരിഷ്‌കരിക്കും.

മനോഭാവത്തിലെ മാറ്റമാണ്
യഥാർഥ മുന്നേറ്റം
ഭിന്നശേഷിസൗഹൃദ ലോകം എന്ന ആശയത്തിന്റെ പ്രചാരകയും ഭിന്നശേഷി അവകാശ പ്രസ്ഥാനങ്ങളുടെ മുഖ്യപ്രവർത്തകയുമായിരുന്ന ജൂഡി ഹ്യൂമാൻ പറയുന്നത് ഇങ്ങനെയാണ്. ‘Disabiltiy only becomes a tragedy for me when society fails to provide the things we need to lead our lives – job opportunities or barrier-free buildings, for example. It is not a tragedy to me that I am living in a wheelchair’ ഭിന്നശേഷിക്കാരെ കൂടി പരിഗണിക്കാതെ ഒരു സമൂഹം നിർമ്മിക്കപ്പെടുമ്പോഴാണ് അതൊരു ദുരന്തമായിത്തീരുന്നത്. അവരെ കൂടി ചേർത്തുപിടിച്ചു കൊണ്ടുള്ള പൊതു സമൂഹം കെട്ടിപ്പടുക്കുന്നതിൽ നമുക്കിപ്പോൾ ഏറെ ജാഗ്രതയുണ്ട്. ഭിന്നശേഷി മനുഷ്യരുടെ അവകാശങ്ങളും, അന്തസ്സാർന്ന ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1992 മുതൽ ഐക്യരാഷ്ട്രസഭ ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിച്ച് വരുന്നു. 2016-ൽ സവിശേഷവെല്ലുവിളികൾ നേരിടുന്ന മനുഷ്യരുടെ അവകാശനിയമം (റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസ്എബിലിറ്റി ആക്റ്റ് ) ഇന്ത്യൻ പാർലമെന്റ് പാസാക്കി.

ഭൂരിപക്ഷഹിതത്തിനനുസൃതമായി ലോകത്തെ രൂപകൽപന ചെയ്ത രീതി അതോടെ പുന:പ്പരിശോധിക്കപ്പെട്ടു. അവരെ സംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന വാക്കുകൾ പോലും പരിണമിക്കപ്പെട്ടു. വികലാംഗരിൽ നിന്ന് ഭിന്നശേഷിക്കാരിലേക്കും വെല്ലുവിളികൾ നേരിടുന്ന മനുഷ്യരിലേക്കുമുള്ള മാറ്റം ചെറിയ കാര്യമല്ല. ‘ഭൗതികസൗകര്യങ്ങളുടെയും മനോഭാവങ്ങളുടെയും തടസ്സങ്ങൾ കാരണം പരിമിതികളുള്ള മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന ജീവിതാവസ്ഥയ്ക്ക് നൽകാവുന്ന വിശേഷണമാണ് ഡിസബിലിറ്റി’ എന്നാണ് യു.എൻ. വ്യാഖ്യാനിക്കുന്നത്. സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഭിന്നശേഷി വിദ്യാർഥികളുടെ കാര്യത്തിലുള്ളൂ. അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചും പരിമിതികൾക്കനുസൃതമായ പഠനരീതികൾ ആവിഷ്‌കരിച്ചും തുല്യാവകാശ ബോധം സൃഷ്ടിച്ചും കരുതലോടെ ചേർത്ത് പിടിച്ചും നമുക്കവരെ മുഖ്യധാരയോടൊപ്പം നിർത്താൻ കഴിയും. ‘ഭിന്നശേഷിസൗഹൃദ വിദ്യാലയം’ എന്ന നയരേഖ മുന്നോട്ട് വയ്ക്കുന്നതും അതുതന്നെയാണ്.