അക്കാദമിക മികവിലും രാജ്യാന്തര നിലവാരത്തിലേക്ക്
സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3
പൊതുവിദ്യാഭ്യാസം>> അഡ്വ. എൻ. ഷംസുദ്ദീൻ
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

കേരളം ഇന്ന് ഒരു വിജ്ഞാനസമൂഹമാണ്. നമ്മുടെ ഏറ്റവും വലിയ സമ്പത്ത് മാനവവിഭവശേഷിയാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കേരളം നടത്തിയ നിക്ഷേപങ്ങളാണ് സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിക്ക് ശക്തമായ അടിത്തറ പാകിയത്.
സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസത്തിനുവേണ്ടി നടന്ന പോരാട്ടങ്ങളും അതിനെത്തുടർന്നുണ്ടായ സാമൂഹികമാറ്റങ്ങളും നിയമനിർമാണങ്ങളുമാണ് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അടിസ്ഥാനമായത്. ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും സാമൂഹികപ്രസ്ഥാനങ്ങളുടെയും വിവിധ സർക്കാരുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് കേരളത്തിന്റെ ഇന്നത്തെ വിദ്യാഭ്യാസ നേട്ടങ്ങൾ. ഈ നേട്ടങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പൊതുവിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ സർക്കാരിന്റെ ലക്ഷ്യം.
അക്കാദമിക മികവിലേക്ക്
വിദ്യാഭ്യാസം, ആരോഗ്യം, ആയുർദൈർഘ്യം, ശിശുമരണനിരക്ക് തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ കേരളം നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹികവികസന സൂചകങ്ങളിലെ കേരളത്തിന്റെ നേട്ടങ്ങൾ ഉയർന്ന സാമൂഹികവികസന മാതൃകകളുമായി, പ്രത്യേകിച്ച് നോർഡിക് രാജ്യങ്ങളുടേതുൾപ്പെടെയുള്ള മാതൃകകളുമായി താരതമ്യപ്പെടുത്തി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസത്തിലെ തുല്യതയും പ്രാപ്യതയും ഉറപ്പാക്കുന്നതിലും കേരളം ദീർഘകാലമായി മുന്നിലാണ്. അമ്പതുലക്ഷത്തോളം കുട്ടികളെയും രണ്ടുലക്ഷത്തിനടുത്ത് അധ്യാപകരെയും പതിമൂവായിരത്തോളം വിദ്യാലയങ്ങളെയും ഉൾക്കൊള്ളുന്ന വിപുലമായ ഒന്നാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല. ജനാധിപത്യപരവും മതേതരവും ബഹുസ്വരവുമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും. കേരളീയ പൊതുജീവിതത്തിന്റെ പരിച്ഛേദമെന്ന നിലയിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ‘ഇൻക്ലൂസിവിറ്റി’യാണ് അതിന്റെ അടിസ്ഥാനം.
വിദ്യാഭ്യാസത്തിലെ തുല്യത, പ്രാപ്യത, ഗുണമേന്മ, ഗവേണൻസ് എന്നിവയിലെല്ലാം കേരളം മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ സർക്കാരുകൾ പൊതുവിദ്യാഭ്യാസത്തിന് നൽകിയ സാമ്പത്തികവും അക്കാദമികവുമായ പിന്തുണയും പരിഗണനയുമാണ് പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയത്.
തുല്യതയിലും പ്രാപ്യതയിലും നാം നേടിയ മികവുകൾ ഗുണമേന്മയിലും ഗവേണൻസിലുംകൂടി പുലർത്തേണ്ടതുണ്ട്. പെർഫോമൻസ് ഗ്രേഡ് ഇൻഡക്സ് (പി.ജി.ഐ.) പോലുള്ള ദേശീയസൂചകങ്ങൾ അത് ഓർമിപ്പിക്കുന്നുണ്ട്. ഒപ്പം ദേശീയതലത്തിലെ ചില സർവേകളും റിപ്പോർട്ടുകളും ഗുണമേന്മയിലെ നമ്മുടെ പരിമിതികൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇവയൊന്നും മറച്ചുവയ്ക്കേണ്ട കാര്യങ്ങളല്ല. തുല്യതയിലും പ്രാപ്യതയിലും കൈവരിച്ച നേട്ടങ്ങളെ അക്കാദമിക ഗുണമേന്മയിലേക്കും പഠനഫലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുന്നത്. ഓരോ കുട്ടിയുടെയും പഠനനിലവാരം തിരിച്ചറിയുകയും ആവശ്യമായ പിന്തുണ സമയബന്ധിതമായി നൽകുകയും ചെയ്യുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്.
മികവുകളുടെ ഉത്സവം
വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം കേവലം പരീക്ഷകളിലെ വിജയം മാത്രമല്ല, മറിച്ച് നേടിയ അറിവുകളും നൈപുണികളും ജീവിതത്തിൽ പ്രയോഗിക്കാനുള്ള കഴിവാണ്. ജീവിതായോധനത്തിന് ഉപയോഗപ്പെടാത്ത അറിവുകൾ പ്രയോജനരഹിതമാണ്. പുതിയ കാലത്ത് വിവരങ്ങൾ ആർജിക്കാനുള്ള നിരവധി മാർഗങ്ങളുണ്ട്. വിവരദാതാക്കളെന്നതിൽ നിന്ന് നല്ല മനോഭാവങ്ങളിലേക്കും മൂല്യങ്ങളിലേക്കും ജീവിതവീക്ഷണങ്ങളിലേക്കും കുട്ടികളെ നയിക്കാൻ ക്ലാസ്മുറികൾക്കും അധ്യാപകർക്കും കഴിയണം. പഠനപ്രക്രിയയിൽ കുട്ടികൾക്കുണ്ടാകുന്ന പരിമിതികൾ അധ്യാപകർ തിരിച്ചറിയേണ്ടതുണ്ട്. പഠനപിന്നാക്കാവസ്ഥ തുടക്കത്തിൽത്തന്നെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ. പാർശ്വവത്കൃത വിഭാഗങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, സാമൂഹിക, സാമ്പത്തിക, ഭാഷാപരമായ വെല്ലുവിളികൾ നേരിടുന്നവർ, ആദിവാസി, തീരദേശ മേഖലകൾ എന്നിങ്ങനെ പലവിധ പരിമിതികൾ നേരിടുന്ന വിഭാഗങ്ങളെയും പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന, സമത്വാധിഷ്ഠിതവും സാമൂഹികനീതിയിലൂന്നിയതുമായ മികവുകളുടെ സംഗമവേദിയായി നമ്മുടെ വിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും മാറ്റുക എന്നതാണ് ലക്ഷ്യം.
അവസരസമത്വത്തിന് പുതിയ ഇടപെടലുകൾ
സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്നതിനായി ‘സ്പെഷ്യൽ എൻറിച്ച്മെന്റ്’ പദ്ധതി 2026-27 അധ്യയനവർഷത്തിൽ 445 വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഗോത്ര, തീരദേശ, തോട്ടം മേഖലകളിലെ കുട്ടികൾക്ക് വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, റസിഡൻഷ്യൽ ക്യാമ്പുകൾ, നൈപുണി ശിൽപ്പശാലകൾ, പഠനയാത്രകൾ, രക്ഷിതാക്കൾക്കുള്ള ബോധവത്കരണം തുടങ്ങിയ പിന്തുണകൾ ഇതിലൂടെ ലഭ്യമാക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നു.
പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ആശയം എല്ലാവർക്കും ഒരേ അവസരം നൽകുക എന്നതാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഭാഷാപരമോ സാമൂഹികമോ സാമ്പത്തികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും തുല്യമായ പഠനാവസരങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളെ ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഗുണമേന്മയുള്ള പഠനം
എല്ലാ കുട്ടികൾക്കും തുല്യമായ പഠനാവസരങ്ങളും സ്കൂൾപ്രവേശനവും ഉറപ്പുവരുത്തുകയെന്നതായിരുന്നു നമ്മുടെ വിദ്യാഭ്യാസമേഖലയുടെ പ്രാഥമിക ലക്ഷ്യം. കുട്ടികളുടെ പ്രവേശനനിരക്ക് വർധിപ്പിച്ച് കൊഴിഞ്ഞുപോക്കുനിരക്ക് കുറയ്ക്കുന്നതിൽ ഇതിനോടകം നാം വിജയിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന അടുത്ത ഘട്ടത്തിലേക്കുള്ള പരിവർത്തനപാതയാണ് ഇനി മുന്നിലുള്ളത്. ഓരോ ക്ലാസിലും ഘട്ടത്തിലും ഓരോ കുട്ടിയുടെയും പഠനനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസപ്രക്രിയയിൽ നിന്ന് അവർ ആർജിക്കേണ്ട അറിവുകൾ, ശേഷികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ ലഭ്യമായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഭാഷയിലും ഗണിതത്തിലും അടിസ്ഥാനശേഷികൾ ഉറപ്പാക്കുക എന്നത് പ്രധാന ഘടകമാണ്.
എൽ.പി., യു.പി. തലത്തിലെ കുട്ടികളുടെ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ മേഖലകളിലെ പഠനപരിമിതികൾ പരിഹരിക്കുന്നതിനായി ‘നവജീവനം’ പോലുള്ള പദ്ധതികൾ ഇതിനോടകം സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. വായനയെയും സർഗാത്മക എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം, ഗണിതത്തെ കേവലം നിർവചനങ്ങളും ക്രിയകളും പഠിക്കുന്ന വിഷയമെന്നതിൽ നിന്ന് ചിന്താപ്രക്രിയയുമായി ബന്ധിപ്പിക്കുന്ന സമീപനത്തിലേക്കും ഈ പദ്ധതി ശ്രദ്ധ നൽകുന്നു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ നേരത്തെ തിരിച്ചറിയുകയും അവർക്കാവശ്യമായ അക്കാദമിക പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം. ‘കൂടെ’ എന്ന സീറോ ഡ്രോപ്പ് ഔട്ട് മിഷനിലൂടെ പഠനം പാതിവഴിയിൽ നിലച്ച കുട്ടികളെ കണ്ടെത്തി വീണ്ടും ക്ലാസ് മുറികളിലെത്തിക്കുന്ന പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. മലയോര, തീരദേശ, പിന്നാക്ക മേഖലകൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന പദ്ധതിയിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, എസ്.ടി. പ്രമോട്ടർമാർ തുടങ്ങിയവരുടെ കൂട്ടായ ഇടപെടലാണ് ഉറപ്പാക്കുന്നത്.
ഡിജിറ്റൽ തുല്യതയും സുരക്ഷയും
സാങ്കേതികവിദ്യയുടെ വളർച്ച വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെയും മാറ്റുകയാണ്. ഈ മാറ്റത്തെ സ്വീകരിക്കുന്നതിനൊപ്പം ഡിജിറ്റൽ തുല്യതയും സുരക്ഷയും ഉറപ്പാക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് കേരളം രൂപപ്പെടുത്തുന്നത്.
കൈറ്റ് നടപ്പാക്കുന്ന ‘താരാപഥം’ പദ്ധതി പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ ഡിജിറ്റൽ സംവിധാനങ്ങളെ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നു. സമ്പൂർണ, സഹിതം, സമഗ്ര, സമന്വയ തുടങ്ങിയ സംവിധാനങ്ങൾ ഒറ്റ ഡാഷ്ബോർഡിലൂടെ ലഭ്യമാക്കുന്നതോടൊപ്പം അധ്യാപകർക്ക് ‘സമഗ്ര ക്യാൻവാസ്’ പോലുള്ള ഇന്ററാക്ടീവ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പഠനപുരോഗതി രേഖപ്പെടുത്താനും അവരുടെ പഠനാവശ്യങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണ നൽകാനും ഇതിലൂടെ കൂടുതൽ സൗകര്യമൊരുങ്ങുന്നു. ഡിജിറ്റൽ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയ്ക്കും ഡിജിറ്റൽ മര്യാദകൾക്കും പദ്ധതിയിൽ പ്രാധാന്യം നൽകുന്നു.
പ്രൈമറി തലത്തിലെ ഡിജിറ്റൽ പഠനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി 5,183 വിദ്യാലയങ്ങളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കിയിട്ടുണ്ട്. കാഴ്ചപരിമിതരായ കുട്ടികൾ ഉൾപ്പെടെ പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിർമ്മിതബുദ്ധി ക്ലാസ് മുറിയിലേക്ക്
നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഡേറ്റാ സയൻസ് തുടങ്ങിയ മേഖലകൾ വിദ്യാഭ്യാസത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഘടകങ്ങളാണ്. ഇവയുടെ അടിസ്ഥാന പരിജ്ഞാനം സ്കൂൾതലത്തിൽ തന്നെ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് നിർമ്മിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും പ്രായോഗിക പരിചയം നൽകുന്നതിനായി രൂപീകരിച്ചിട്ടുള്ള ‘എറൈസ് ഹബ്ബുകൾ’ ഇതിന്റെ ഭാഗമാണ്. സെൻസറുകളും മൈക്രോകൺട്രോളറുകളും റോബോട്ടിക് കിറ്റുകളും ഉപയോഗിച്ച് കുട്ടികൾക്ക് സ്വന്തം ആശയങ്ങളിൽ നിന്ന് പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കുന്നു.
ദേശീയതല മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. വിദ്യാർഥികൾക്കായി ‘മുകുളം’ എന്ന സൗജന്യ എ.ഐ. അധിഷ്ഠിത പരിശീലന പോർട്ടലും ഒരുക്കിയിട്ടുണ്ട്. നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് സ്വകാര്യ കോച്ചിങ്ങിനെ ആശ്രയിക്കാതെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും ഗുണമേന്മയുള്ള പരിശീലനസൗകര്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതോടൊപ്പം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ ആധുനിക സാങ്കേതികവിദ്യയുടെ പ്രായോഗിക പരിചയം കുട്ടികളിലെത്തിക്കുന്നതിനായി ‘ലാബ് ഓൺ വീൽസ്’ പോലുള്ള സംരംഭങ്ങളും പുതിയ പഠനസാധ്യതകൾ തുറക്കുന്നു. എ.ഐ., റോബോട്ടിക്സ്, കോഡിങ്, ഇലക്ട്രോണിക്സ്, ത്രിമാന ഡിസൈനിങ് തുടങ്ങിയ മേഖലകളിലെ പ്രായോഗിക പരിശീലനം തീരദേശ, ആദിവാസി, മലയോര, വിദൂര മേഖലകളിലെ വിദ്യാർഥികളിലേക്കും എത്തിക്കുകയാണ് ലാബ് ഓൺ വീൽസ്.
വ്യക്തിത്വ വികസനം പ്രധാനം
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷയിലെ വിജയം മാത്രമല്ല. അറിവ് ജീവിതത്തിൽ പ്രയോഗിക്കാനും പുതിയ സാഹചര്യങ്ങളെ നേരിടാനും കഴിയുന്ന വ്യക്തിത്വവികാസമാണ് പ്രധാനമെന്ന് സർക്കാർ കാണുന്നു.
ആശയവിനിമയശേഷി, പ്രശ്നപരിഹരണശേഷി, ടീം വർക്ക്, സർഗാത്മകവും വിമർശനാത്മകവുമായ ചിന്ത, സംരംഭകത്വ മനോഭാവം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തുന്നതിനുള്ള അവസരങ്ങളായി സ്കൂൾ പ്രവർത്തനങ്ങളെ മാറ്റുകയാണ്. കലാ-കായിക-ശാസ്ത്രമേളകൾ, ക്ലബ്ബുകൾ, വിവിധ സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി കൂടുതൽ ഫലപ്രദമാക്കുന്നു.
പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ. വിഭാഗം നടപ്പാക്കുന്ന ‘സ്കിൽ ബിസ് – വൺ സ്കൂൾ, വൺ പ്രോഡക്റ്റ്’ പദ്ധതി പഠനത്തോടൊപ്പം സംരംഭകത്വത്തിനും പ്രായോഗിക നൈപുണിക്കും പ്രാധാന്യം നൽകുന്നു. ഉൽപന്ന വികസനം, ബ്രാൻഡിങ്, വിപണനം എന്നിവയിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അനുഭവം ലഭിക്കുന്നതിലൂടെ തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽസ്രഷ്ടാക്കളിലേക്കുള്ള മാറ്റത്തിനുള്ള അടിത്തറ ഒരുക്കുകയാണ് പദ്ധതി.
ക്ലാസ് മുറിക്കപ്പുറം ചില ജീവിതപാഠങ്ങൾ
വിദ്യാഭ്യാസം ജീവിതവുമായി ബന്ധിപ്പിക്കുക എന്ന ആശയത്തിലാണ് കൃഷി, പരിസ്ഥിതി, പോഷണം തുടങ്ങിയ മേഖലകളിലെ ഇടപെടലുകൾ. കുട്ടികളെ കൃഷിയോടും പരിസ്ഥിതിയോടും അടുപ്പിക്കുകയും കാർഷിക സാങ്കേതികവിദ്യ, പാരമ്പര്യ അറിവ്, നവീന ആശയങ്ങൾ എന്നിവയുമായി പരിചയപ്പെടുത്തുകയും ചെയ്യുന്ന ‘കതിര്’ പദ്ധതി ഇതിനൊരു ഉദാഹരണമാണ്. മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള ഹോർട്ടികൾച്ചറൽ തെറാപ്പിയും വിദ്യാർഥികൾ ഉൽപ്പാദിപ്പിക്കുന്നവയുടെ വിപണനസാധ്യതകളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
‘കനിപ്പന്തൽ ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയിലൂടെ വിദ്യാലയങ്ങളിൽ ഫലവൃക്ഷ-പോഷകത്തോട്ടങ്ങൾ ഒരുക്കുന്നു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലവും കൃഷിയോടുള്ള താൽപര്യവും പരിസ്ഥിതി ബോധവും വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ‘പൊൻചിറകുകൾ’ പോലുള്ള പദ്ധതികൾ നാടൻ കാർഷിക-മൃഗപരിപാലന അറിവുകളുമായി കുട്ടികളെ ബന്ധിപ്പിക്കുന്നതിനൊപ്പം കുടുംബത്തിന്റെ പോഷകസുരക്ഷയ്ക്കും അധികവരുമാന സാധ്യതകൾക്കും വഴിയൊരുക്കുന്നു.
കായികക്ഷമതയും ജീവൻരക്ഷാ നൈപുണിയും
കുട്ടികളുടെ സമഗ്രവികസനത്തിൽ ശാരീരികക്ഷമതയ്ക്കും മാനസികാരോഗ്യത്തിനും വലിയ പ്രാധാന്യമുണ്ട്. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യത്തിൽ നീന്തൽ ഒരു കായിക ഇനം മാത്രമല്ല, ജീവൻരക്ഷാ നൈപുണി കൂടിയാണ്.
‘അക്വാഫിറ്റ്’ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനൊപ്പം ജലസുരക്ഷാ അവബോധവും വളർത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂളുകളുടെ സമീപത്തെ അനുയോജ്യമായ നീന്തൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
അതോടൊപ്പം ഉപയോഗശൂന്യമായി കിടക്കുന്ന കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കുന്ന ‘ഓപ്പറേഷൻ കളരി’ പോലുള്ള പദ്ധതികളിലൂടെ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നു. വനിതാ താരങ്ങൾക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന സമീപനവും ഇതിലുണ്ട്.
അധ്യാപകർ മാറ്റത്തിന്റെ ചാലകശക്തി
പുതിയ കാലത്തെ വിദ്യാഭ്യാസപരിവർത്തനത്തിന്റെ കേന്ദ്രബിന്ദു അധ്യാപകരാണ്. മാറുന്ന കുട്ടികളുടെ പഠനശീലങ്ങളും മാനസികാവസ്ഥകളും മനസ്സിലാക്കി പ്രവർത്തിക്കാൻ അധ്യാപകരെ കൂടുതൽ പ്രാപ്തരാക്കുന്നതിനുള്ള പരിശീലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ.
വിദ്യാർഥിമനഃശാസ്ത്രം, വൈകാരിക സന്തുലനം, സംഘർഷലഘൂകരണം, ക്ലാസ്റൂം മാനേജ്മെന്റ്, പുതിയ പെഡഗോജിക്കൽ സമീപനങ്ങൾ തുടങ്ങിയ മേഖലകളിൽ അധ്യാപകർക്ക് പ്രൊഫഷണൽ പരിശീലനം ലഭ്യമാക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമായി മുന്നോട്ടുപോകുന്നു. വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ഫലപ്രദമായ കൺവർജൻസിലൂടെ വിഭവങ്ങളുടെ മികച്ച വിനിയോഗവും ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു.
മികവിന്റെ പുതിയഘട്ടം
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഇന്ന് ഒരു പുതിയ പരിവർത്തനഘട്ടത്തിലാണ്. അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടു ത്തിയ ഘട്ടത്തിൽ നിന്ന് അക്കാദമിക മികവ്, പഠനഫലം, ഉൾച്ചേർക്കൽ, ഡിജിറ്റൽ പരിജ്ഞാനം, നിർമ്മിതബുദ്ധി, ജീവിതനൈപുണി, തൊഴിൽനൈപുണി, കായികക്ഷമത, മാനസികാരോഗ്യം തുടങ്ങിയ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസത്തിലേക്കാണ് യാത്ര. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി അക്കാദമിക നിലവാരമുയർത്തൽ, ഭരണനിർവഹണം കാര്യക്ഷമമാക്കൽ, കായിക-മാനസികാരോഗ്യം മെച്ചപ്പെടുത്തൽ, ദേശീയതല മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനം, സ്കൂൾ എക്സലൻസ് തുടങ്ങിയ വിവിധ ഇടപെടലുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പൊതുവിദ്യാലയങ്ങൾ കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ നട്ടെല്ലാണ്. അവയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഓരോ കുട്ടിക്കും താൻ പഠിക്കുന്ന വിദ്യാലയത്തിൽ തനിക്ക് ഇടമുണ്ടെന്നും തന്റെ കഴിവുകൾ വികസിപ്പിക്കാൻ അവസരമുണ്ടെന്നും അനുഭവപ്പെടുന്ന വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അക്കാദമിക മികവിനൊപ്പം ജീവിതത്തെ നേരിടാനുള്ള കഴിവും, സാങ്കേതികവിദ്യയ്ക്കൊപ്പം മാനവിക മൂല്യങ്ങളും, പ്രാദേശിക അറിവിനൊപ്പം ആഗോള കാഴ്ചപ്പാടും കൈമുതലാക്കുന്ന ഒരു പുതിയ തലമുറയെ രൂപപ്പെടുത്തുകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ അടുത്ത ഘട്ടം. രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ യാത്രയിൽ ഈ സമഗ്ര ഇടപെടലുകൾ നിർണായക ചുവടുവയ്പുകളാകുകയാണ്.
