പൊതുവിദ്യാഭ്യാസം സമഗ്രതയിലേക്കും സുസ്ഥിരതയിലേക്കും
സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് പകരുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; മനുഷ്യനെ സമഗ്രമായി വികസിപ്പിക്കുകയും സമൂഹത്തെ കൂടുതൽ നീതിപൂർവവും സുസ്ഥിരവുമാക്കുകയും ചെയ്യുക എന്നതുകൂടിയാണ്. നിർമിതബുദ്ധി മനുഷ്യന്റെ ബൗദ്ധികാധ്വാനത്തിന്റെ പല മേഖലകളിലേക്കും കടന്നുവരികയും പരമ്പരാഗത തൊഴിലുകളുടെ സ്വഭാവം മാറ്റുകയും ചെയ്യുന്ന ഇക്കാലത്ത്, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെയും രീതികളെയും കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയരുന്നു. യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ജോലികൾക്കായി മനുഷ്യരെ പരിശീലിപ്പിക്കുക മാത്രമാണോ വിദ്യാഭ്യാസത്തിന്റെ ദൗത്യം അതോ യന്ത്രങ്ങൾക്ക് പകരം വയ്ക്കാനാവാത്ത മനുഷ്യന്റെ സർഗാത്മകതയും വിമർശനബുദ്ധിയും സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്വവും വളർത്തുകയെന്നതുകൂടിയാണോ?
അതിജീവനം സാധ്യമാക്കുന്ന അനുകൂലനങ്ങൾ
നിർമിതബുദ്ധിയുടെ വളർച്ച തൊഴിൽമേഖലയിൽ സൃഷ്ടിക്കാനിടയുള്ള മാറ്റങ്ങളും തൊഴിലവസരങ്ങളിലെ അനിശ്ചിതത്വവും വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിപ്പിക്കുകയാണ്. ഭാവിയിലെ തൊഴിലുകൾക്കായി കുട്ടികളെ സജ്ജരാക്കുന്നതോടൊപ്പം, തൊഴിൽലോകം മാറുമ്പോൾ പുതിയ അറിവും നൈപുണികളും ആർജിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണം. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഏതാനും വിഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ സമൂഹമാകെ പങ്കിടാൻ കഴിയുന്ന ഒരു സുസ്ഥിര വികസനസങ്കൽപ്പമാണ് വിദ്യാഭ്യാസം മുന്നോട്ടുവയ്ക്കേണ്ടത്. പരിസ്ഥിതി നാശവും അതിനെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിക്കു മുമ്പിൽ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനും ഏതു കാലാവസ്ഥയിലും അതിജീവനം സാധ്യമാക്കുന്ന അനുകൂലനങ്ങൾ നേടിയെടുക്കുന്നതിനും സഹായിക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ചാണ് പുതുലോകം ചിന്തിക്കുന്നത്.
ഈ ആഗോള പശ്ചാത്തലത്തിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസാനു ഭവത്തിന് പ്രത്യേക പ്രസക്തിയുണ്ട്. വിദ്യാഭ്യാസത്തെ വ്യക്തിയുടെ സ്വകാര്യനേട്ടമായി മാത്രമല്ല, സാമൂഹികനീതിയുടെയും തുല്യാവസരങ്ങളുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനമായി കാണുന്ന കേരളത്തിന്റെ സമീപനം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്ക് രാജ്യം പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ, ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ ഗൗരവമായ ചർച്ച അർഹിക്കുന്നു.
കേരളത്തിൽ വിദ്യാഭ്യാസം സാമൂഹികാവകാശമായി മാറിയതിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം സാമൂഹിക നവോഥാനത്തിന്റെയും ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെയും സ്ത്രീവിദ്യാഭ്യാസത്തിനായുള്ള പോരാട്ടങ്ങളുടെയും ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിവിധ സമുദായങ്ങളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ, മിഷനറി സംരംഭങ്ങൾ, നാട്ടുരാജ്യങ്ങളിലെ സാർവത്രിക വിദ്യാഭ്യാസാനുകൂല ഇടപെടലുകൾ, നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾ എന്നിവ ഈ പ്രക്രിയയ്ക്ക് വ്യത്യസ്ത ഘട്ടങ്ങളിൽ ഊർജം പകർന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് ജനാധിപത്യഭരണവും പൊതുനിക്ഷേപവും ഈ അടിത്തറയെ കൂടുതൽ വിപുലീകരിച്ചു.
തലമുറകളിലൂടെ രൂപപ്പെടുന്ന സാമൂഹിക നിക്ഷേപം
വിദ്യാഭ്യാസം ചില സാമൂഹികവിഭാഗങ്ങളുടെ മാത്രം അവകാശമായിരുന്ന കാലത്തുനിന്ന് എല്ലാ കുട്ടികൾക്കും വിദ്യാലയത്തിലെത്താൻ കഴിയുന്ന അവസ്ഥയിലേക്കുള്ള മാറ്റം കേരളത്തിന്റെ നിർണായക നേട്ടമാണ്. പൊതുവിദ്യാലയങ്ങൾ അറിവ് പകരുന്ന സ്ഥാപനങ്ങൾ മാത്രമായിരുന്നില്ല; സാമൂഹിക അകലം കുറയ്ക്കുന്നതിനും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പൗരബോധം വളർത്തുന്നതിനും ശരിയായ രാഷ്ട്രീയാവബോധം വളർത്തുന്നതിലും സഹായം നൽകിയിട്ടുണ്ട്.
ഈ മാറ്റം ഒരു സർക്കാരിന്റെ മാത്രം പ്രവർത്തന ഫലമായിരുന്നില്ല. സാമൂഹികപരിഷ്കർത്താക്കൾ, അധ്യാപകർ, രക്ഷിതാക്കൾ, പ്രാദേശിക സമൂഹങ്ങൾ, വിവിധ കാലങ്ങളിലെ സർക്കാരുകൾ എന്നിവരുടെ ദീർഘകാല ഇടപെടലുകളാണ് അതിന് രൂപം നൽകിയത്. വിദ്യാഭ്യാസവികസനം ഒരു പദ്ധതിയുടെ കാലാവധിയിൽ ഒതുങ്ങുന്ന പ്രവർത്തനമല്ലെന്നും തലമുറകളിലൂടെ രൂപപ്പെടുന്ന സാമൂഹിക നിക്ഷേപമാണെന്നും കേരളത്തിന്റെ അനുഭവം വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ വിദ്യാഭ്യാസസ്ഥാനം വിലയിരുത്തുമ്പോൾ സാക്ഷരത, സ്കൂൾപ്രവേശനം, വിദ്യാഭ്യാസത്തിലെ ലിംഗസമത്വം, പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപ്തി തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം സാക്ഷരതയിലും വിദ്യാഭ്യാസപങ്കാളിത്തത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യം ചില സൂചികകളിൽ മാത്രം ഒതുക്കാതെ പഠനനിലവാരം, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹികനീതി, കുട്ടികളുടെ ക്ഷേമം എന്നിവകൂടി പരിഗണിച്ചുവേണം നടത്താൻ.
വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹികസുരക്ഷയും പരസ്പരം ശക്തിപ്പെടുത്തുന്ന വികസനസമീപനമാണ് കേരളത്തിന്റെ പ്രത്യേകത കളിലൊന്ന്. വിദ്യാഭ്യാസം നേടിയ ജനതയ്ക്ക് ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കാനും ഭരണസംവിധാനങ്ങളോട് ഉത്തരവാദിത്വം ആവശ്യപ്പെടാനും സാമൂഹികജീവിതത്തിൽ സജീവമായി ഇടപെടാനും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. അതേസമയം, മെച്ചപ്പെട്ട ആരോഗ്യവും സാമൂഹികസുരക്ഷയും കുട്ടികളുടെ പഠനത്തെ സഹായിക്കുന്നു. വികസനത്തിന്റെ ഈ പരസ്പരബന്ധമാണ് കേരളത്തിന്റെ സാമൂഹികനേട്ടങ്ങളുടെ പ്രധാന അടിത്തറ.
എന്നാൽ കേരളത്തിന്റെ മാതൃകയെ മറ്റ് സംസ്ഥാനങ്ങളിൽ അതേപടി പകർത്തുക എന്നത് പ്രായോഗികമല്ല. ഓരോ സംസ്ഥാനത്തിന്റെയും ഭാഷാപരവും സാമൂഹി കവും സാമ്പത്തികവുമായ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതതു സംസ്ഥാന ങ്ങളുടെ ചരിത്രാനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പ്രാദേശികമായ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസനയങ്ങൾ രൂപപ്പെടുത്തുകയാണ് ഉചിതം. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ കാഴ്ചപ്പാടും സുസ്ഥിര വികസന ലക്ഷ്യങ്ങളും പരിചയപ്പെടുന്നതും കുറച്ചു കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസ രംഗം ഒരുക്കാൻ നമ്മെ സഹായിക്കും.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ നാലാമത്തേത് (SDG 4) എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ജീവിതകാലം മുഴുവൻ പഠിക്കാനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. 2030-ഓടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള ആഗോളശ്രമങ്ങൾ പുരോഗമിക്കുമ്പോൾ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസാനുഭവം അതിന്റെ അടിസ്ഥാനതത്വങ്ങളുമായി ചേർന്നുനിൽക്കുന്ന ഒന്നായി മാറണം.
വിദ്യാഭ്യാസത്തിലെ തുല്യത
വിദ്യാഭ്യാസത്തിലെ തുല്യത എന്നത് എല്ലാവർക്കും ഒരേ സൗകര്യം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പഠനത്തിൽ മുന്നേറാൻ ആവശ്യമായ അധികപിന്തുണ നൽകുക, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തടസ്സങ്ങളില്ലാത്ത പഠനാന്തരീക്ഷം ഒരുക്കുക, ലിംഗവിവേചനവും സാമൂഹികമായ പുറന്തള്ളലും ഇല്ലാതാക്കുക എന്നിവയും അതിന്റെ ഭാഗമാണ്. വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിക്കും പഠിക്കാനും സ്വന്തം കഴിവുകൾ വികസിപ്പിക്കാനും കഴിയുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ടോ എന്നതാണ് നിർണായകമായ ചോദ്യം.
വിദ്യാഭ്യാസം തൊഴിൽ നേടാനുള്ള ഉപാധി മാത്രമല്ല. മനുഷ്യാവകാശങ്ങൾ, സമാധാനം, പരിസ്ഥിതിബോധം, സാംസ്കാരിക വൈവിധ്യ ത്തോടുള്ള ആദരവ്, ഉത്തരവാദിത്വമുള്ള ആഗോളപൗരത്വം എന്നിവ ഒരു വ്യക്തിയിൽ വികസിപ്പിക്കുന്നതും അതിന്റെ ലക്ഷ്യമാണ്. കാലാവസ്ഥാവ്യതിയാനം, അസമത്വം, സംഘർഷങ്ങൾ, സാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ വളർച്ച തുടങ്ങിയ ആഗോള വെല്ലുവിളികളെ മനസ്സിലാക്കാനും അവയോട് ഉത്തരവാദിത്വപൂർവം പ്രതികരിക്കാനും കഴിയുന്ന തലമുറയെ വളർത്തുന്നതിൽ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്.
ഈ വിശാലമായ അർഥത്തിൽ പൊതുവിദ്യാഭ്യാസത്തെ കാണുമ്പോൾ, കേരളത്തിന്റെ അടുത്തഘട്ടം നിർണായകമാണ്. നിലവിലെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കണം. ഒരോ കുട്ടിയെയും പഠനത്തിന്റെ ആഴത്തിലേക്കും സാമൂഹികബോധത്തിന്റെ വളർച്ചയിലേക്കും വികസിപ്പിക്കുക എന്നതാവണം അതിന്റെ ലക്ഷ്യം.
പകർത്തേണ്ടത് തത്വങ്ങൾ
നമ്മൾക്ക് ലോകത്തിൽ നിന്ന് പഠിക്കാനുള്ളതു പോലെ ലോകത്തിന് കേരളത്തിൽനിന്ന് പഠിക്കാനുള്ളത് ചിലതു കൂടിയുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിലെ വിവിധ രാജ്യങ്ങൾ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഫിൻലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അധ്യാപകശാക്തീകരണവും പഠനരീതികളും, ചില കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസവും, മറ്റുചില രാജ്യങ്ങളിൽ നടപ്പാക്കുന്ന ഏവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസരീതികളും കേരളത്തിന് പഠിക്കാവുന്ന മേഖലകളാണ്. അതുപോലെ, അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും പൊതുവിദ്യാലയങ്ങളെ സാമൂഹികമാറ്റത്തിന്റെ കേന്ദ്രങ്ങളാക്കാനും കേരളത്തിനുണ്ടായ അനുഭവം മറ്റ് സമൂഹങ്ങൾക്കും ഉപയോഗിക്കാം എന്ന കാര്യം പ്രസക്തമാണ്.
ഇവിടെ പകർത്തേണ്ടത് ഒരു പ്രത്യേക ഭരണരീതിയല്ല; അതിനു പിന്നിലെ തത്വങ്ങളാണ്. വിദ്യാഭ്യാസത്തിൽ ദീർഘകാല പൊതുനിക്ഷേപം, പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം, പിന്നാക്കവിഭാഗങ്ങളോടുള്ള ഉത്തരവാദിത്വം, അധ്യാപകരുടെ പ്രാധാന്യം, പൊതുസ്ഥാപനങ്ങളിലുള്ള വിശ്വാസം എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിൽ പ്രയോഗിക്കാവുന്ന തത്വങ്ങളാണ്. അതേസമയം, ഉയർന്ന സാക്ഷരതയും സ്കൂൾപ്രവേശനവും സ്വാഭാവികമായി ഉയർന്ന പഠന നിലവാരം ഉറപ്പാക്കണമെന്നില്ല. അടിസ്ഥാനശേഷികൾ, വിമർശനാത്മക ചിന്ത, സർഗാത്മകത, പ്രശ്നപരിഹാരം, ശാസ്ത്രീയ മനോഭാവം എന്നിവ കുട്ടികൾ എത്രത്തോളം കൈവരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസത്തിന്റെ യഥാർഥ ഫലം വിലയിരുത്തേണ്ടത്. ഈ തിരിച്ചറിവ് കേരളത്തിന്റെ വിദ്യാഭ്യാസനയത്തിന്റെ തുടർവികസനത്തിന് നിർണായകമാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ അടുത്തഘട്ടം
കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ അടുത്തഘട്ടം മൂന്ന് പ്രധാന ചോദ്യങ്ങളെ അഭിമുഖീകരിക്കണം: ഓരോ കുട്ടിയും ഫലപ്രദമായി പഠിക്കുന്നുണ്ടോ? സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ പഠനത്തെ ബാധിക്കുന്നുണ്ടോ? മാറുന്ന ലോകത്തിന് ആവശ്യമായ അറിവും കഴിവുകളും വിദ്യാലയങ്ങൾ വളർത്തുന്നുണ്ടോ?
ഡിജിറ്റൽ ക്ലാസ്മുറികളും വിവരസാങ്കേതികവിദ്യയും പഠനത്തെ കൂടുതൽ ആകർഷകവും സ്വീകാര്യവുമാക്കാൻ സഹായിക്കും. എന്നാൽ ഉപകരണങ്ങളുടെ ലഭ്യതയും യഥാർഥ പഠനനേട്ടവും രണ്ടാണ്. ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തതോ പരിമിതമായതോ ആയ വീടുകളിലെ കുട്ടികൾ പിന്നിലാകുന്നില്ലെന്ന് ഉറപ്പാക്കണം. സാങ്കേതികവിദ്യ അധ്യാപകന്റെ സ്ഥാനത്ത് വരുന്നതിനു പകരം അധ്യാപനത്തെ ശക്തിപ്പെടുത്തുന്ന ഉപാധിയായി അതിനെ മാറ്റണം.
നിർമിതബുദ്ധിയുടെ വ്യാപനം ഈ ചർച്ചയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നു. വിവരങ്ങൾ ശേഖരിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും യന്ത്രങ്ങൾക്ക് കഴിയുന്ന ഇക്കാലത്ത്, വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനും തെളിവുകളെ വിലയിരുത്താനും സ്വതന്ത്രമായി ചിന്തിക്കാനും കഴിയുന്ന കുട്ടികളെയാണ് വിദ്യാഭ്യാസത്തിലൂടെ വളർത്തേണ്ടത്. നിർമിതബുദ്ധിയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, ഡിജിറ്റൽ സാക്ഷരത, സ്വകാര്യത, സാങ്കേതികവിദ്യയുടെ നൈതികത എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാകണം.
നിർമിതബുദ്ധിയും ഓട്ടോമേഷനും ചില തൊഴിൽമേഖലകളിൽ മനുഷ്യാധ്വാനത്തിന്റെ ആവശ്യം കുറയ്ക്കുകയും മറ്റു മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ മാറ്റത്തിന്റെ വ്യാപ്തിയും വേഗവും എല്ലായിടത്തും ഒരുപോലെയായിരിക്കില്ല. അതിനാൽ, നിലവിലുള്ള തൊഴിലുകൾക്കായി മാത്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനു പകരം മാറുന്ന സാഹചര്യങ്ങളിൽ പുതിയ നൈപുണികൾ ആർജിക്കാനും തൊഴിൽമേഖലകൾ മാറുമ്പോൾ അതിനനുസരിച്ച് മുന്നേറാനും അവരെ പ്രാപ്തരാക്കണം.
ശാസ്ത്രം, ഗണിതം, ഭാഷകൾ, തൊഴിൽനൈപുണികൾ, സംരംഭകത്വം, കലകൾ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന പഠനരീതികൾക്ക് ഇവിടെ പ്രാധാന്യമുണ്ട്. അതോടൊപ്പം, സാങ്കേതികവിദ്യയുടെ നേട്ടങ്ങളും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും വിമർശനബുദ്ധിയോടെ വിലയിരുത്താനുള്ള കഴിവും കുട്ടികളിൽ വളർത്തണം. തൊഴിൽസന്നദ്ധതയെ വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യമാക്കാതെ, പുതിയ സാഹചര്യങ്ങളിൽ പഠിക്കാനും സ്വയം മാറാനും മറ്റുള്ളവരുമായി സഹകരിക്കാനും കഴിയുന്ന വ്യക്തികളെ വളർത്തുകയാണ് വേണ്ടത്. ഇതിനായി അധ്യാപകരുടെ തുടർപരിശീലനം, വിദ്യാർഥികൾക്ക് സമയോചിതമായ പഠനപിന്തുണ, പഠനഫലങ്ങളുടെ ശാസ്ത്രീയമായ വിലയിരുത്തൽ, കുട്ടികളുടെ മാനസികക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകണം. വിദ്യാഭ്യാസത്തിൽ ആരും പുറന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതോടൊപ്പം, ഓരോ കുട്ടിക്കും സ്വന്തം കഴിവിന്റെ പരമാവധി കൈവരിക്കാനുള്ള അവസരവും ലഭിക്കണം.
അറിവും നൈപുണിയും സാമൂഹിക ഉത്തരവാദിത്വവും
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്കുള്ള യാത്രയിൽ വിദ്യാഭ്യാസത്തിന്റെ വിജയമെന്നത് വിദ്യാലയങ്ങളുടെ എണ്ണത്തിലോ സാക്ഷരതയുടെ കണക്കുകളിലോ മാത്രം അളക്കാനാവില്ല. സമത്വബോധമുള്ള, ശാസ്ത്രീയമായി ചിന്തിക്കുന്ന, ജനാധി പത്യത്തെ വിലമതിക്കുന്ന, ലോകത്തെ മനസ്സിലാക്കുകയും അതിന്റെ പ്രശ്നങ്ങളിൽ ഉത്തരവാദിത്വത്തോടെ ഇടപെടുകയും ചെയ്യുന്ന പൗരന്മാരെ വളർത്താൻ കഴിയുന്നുണ്ടോ എന്നതാണ് ശരിയായ വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട മാനദണ്ഡം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃകയ്ക്ക് ലോകത്തോട് പങ്കുവയ്ക്കാനുള്ള ഏറ്റവും വലിയ സന്ദേശം ഇതാണ്: വിദ്യാഭ്യാസം സമൂഹത്തിലെ ചിലർക്ക് ലഭിക്കുന്ന വ്യക്തിഗത നേട്ടമല്ല; എല്ലാവരുടെയും കഴിവുകൾ വികസിപ്പിക്കുന്ന പൊതുസമ്പത്താണ്. ഈ അവകാശത്തെ സംരക്ഷിക്കുമ്പോഴും പഠനത്തിന്റെ ഗുണമേന്മ നിരന്തരം മെച്ചപ്പെടുത്തുകയും പുതിയ വെല്ലുവിളികളെ വിമർശനബുദ്ധിയോടെ നേരിടുകയും വേണം.
വിദ്യാഭ്യാസം സമഗ്രതയിലേക്കും സുസ്ഥിരതയിലേക്കും നയിക്കണമെങ്കിൽ അറിവും നൈപുണിയും സാമൂഹിക ഉത്തരവാദിത്വവും ഒരുമിച്ച് വളരണം. നിർമിതബുദ്ധിയുടെ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കാനും അതിന്റെ നേട്ടങ്ങൾ നീതിപൂർവം പങ്കിടാനും കഴിയുന്ന വ്യക്തിയായി വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ദൗത്യം.
ഒരു കുട്ടിയും പിന്നിലാകരുത് എന്ന ലക്ഷ്യത്തിൽനിന്ന് ഓരോ കുട്ടിക്കും മുന്നേറാൻ കഴിയണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ അടുത്ത അധ്യായം. ആ യാത്രയുടെ വിജയമാണ് ഇന്ത്യയ്ക്കും ലോകത്തിനും മുന്നിൽ കേരളത്തിന് അവതരിപ്പിക്കാവുന്ന ഏറ്റവും പ്രസക്തമായ മാതൃക.
