അന്വേഷണത്തിൽ നിന്നും തൊഴിലരങ്ങത്തേക്ക്

ഡോ. പി. എസ്. ശ്രീകല
ഡയറക്ടർ, കെ.കെ.ഇ.എം.
വനിതകൾക്ക് ഉൾപ്പെടെ തൊഴിൽ ലഭ്യത ഉയർത്താനാണ് നോളജ് എക്കോണമി മിഷൻ പരിശ്രമിക്കുന്നത്
കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കെ-ഡിസ്കിന്റെ ഭാഗമായി കേരള നോളെജ് ഇക്കോണമി മിഷൻ ഇതിന്റെ പ്രധാന ചാലകശക്തിയാണ്.
2021ൽ നിലവിൽവന്ന നോളെജ് ഇക്കോണമി മിഷൻ ആദ്യമായി ചെയ്തത് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ സർവേയിൽ 53 ലക്ഷം തൊഴിലന്വേഷകർ ഉണ്ടെന്ന് കണ്ടെത്തി. പതിനെട്ടു വയസ്സിനും 59 വയസ്സിനുമിടയിൽ പ്രായമുള്ളവരും പ്ലസ്ടു / പ്രീഡിഗ്രി അടിസ്ഥാനയോഗ്യതയുള്ളവരുമായിരുന്നു ഇവർ. ഇക്കൂട്ടത്തിൽ നാൽപത് വയസ്സിനുതാഴെ പ്രായമുള്ളവർ ഏകദേശം മുപ്പതുലക്ഷം ആയിരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) എന്ന പോർട്ടലിൽ തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യിക്കാനാണ് പിന്നീട് ശ്രമിച്ചത്. അതിനായാണ് എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന ക്യാമ്പയിൻ ആരംഭിച്ചത്.. സന്നദ്ധപ്രവർത്തകർ അണിനിരണ ഈ ക്യാമ്പയിൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കാലംകൊണ്ട് ആറുലക്ഷത്തോളമായി രജിസ്ട്രേഷൻ ഉയർത്തി. ജോലി ആവശ്യമുള്ള മുഴുവൻ പേരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കുടുംബശ്രീ മിഷന് കീഴിൽ പ്രത്യേക പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, അസി. പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, കമ്മ്യൂണിറ്റി അംബാസഡർമാർ തുടങ്ങിയവർ ഉൾപ്പെടുന്ന സംവിധാനമാണത്. പ്രാദേശികതലത്തിൽ കുടുംബശ്രീയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇനി വേണ്ടത് തൊഴിലാണ്. തൊഴിൽദാതാക്കളെ കണ്ടെത്തി DWMS ൽ എത്തിക്കാൻ എ.ഐ.സി.ടി അക്കാദമി, സി.ഐ.ഐ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലുകളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഏതുസമയത്തും ലഭ്യമാകുന്നവിധം സജീവമാണ് DWMS സംവിധാനം.
കണക്ട് കരിയർ ടു കാമ്പസ്
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാനവർഷ വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും തൊഴിൽ ലഭ്യതയ്ക്ക് സജ്ജരാക്കാൻ കണക്ട് കരിയർ ടു കാമ്പസ് (CCC) എന്ന പ്രോഗ്രാമിന് രൂപം നൽകി. അതോടൊപ്പം, പാർശ്വവൽക്കൃത വിഭാഗങ്ങളെയും സ്ത്രീകളെയും കേന്ദ്രീകരിക്കുന്ന സവിശേഷ പദ്ധതികൾ അതത് സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജൻഡർ വ്യക്തികൾക്കുവേണ്ടി പ്രൈഡ്, ഭിന്നശേഷിക്കാർക്കായി സമഗ്ര, ഫിഷറീസ് വകുപ്പ് (തൊഴിൽതീരം), ന്യൂനപക്ഷക്ഷേമ വകുപ്പ് (സമന്വയം), പട്ടികജാതി – പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് (ഉന്നതി), വനിതാശിശു വികസന വകുപ്പ് (തൊഴിലരങ്ങത്തേക്ക്, കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കായി ബാക്ക് ടു വർക്ക്), തദ്ദേശസ്വയംഭരണ വകുപ്പ് (ലൈഫ് മിഷൻ ഗുണഭോക്തൃകുടുംബങ്ങൾക്ക് വേണ്ടി ജീവനം), പൊതുവിദ്യാഭ്യാസ വകുപ്പ് (സ്കോൾ കേരളയിലെ സ്കിൽ കോഴ്സുകൾ പൂർത്തീകരിക്കുന്നവർക്ക് വേണ്ടി പടവുകൾ) തുടങ്ങിയ വകുപ്പുകളുടെ പിന്തുണ ലഭിച്ചു.
| ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാനവർഷ വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും തൊഴിൽ ലഭ്യതയ്ക്ക് സജ്ജരാക്കാൻ കണക്ട് കരിയർ ടു കാമ്പസ് (CCC) എന്ന പ്രോഗ്രാമിന് രൂപം നൽകി |
ഇതിന്റെയെല്ലാം ഫലമായി DWMS ൽ തൊഴിലന്വേഷകരുടെ എണ്ണം 18 ലക്ഷത്തോളമായി. എന്നാൽ അപ്പോഴും ലഭ്യമായ തൊഴിലുകളുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെ മാത്രമായിരുന്നു. തൊഴിലിന് ആവശ്യമായ സ്കിൽ ഉദ്യോഗാർഥികൾക്കുണ്ടോ എന്ന് പരിശോധിക്കുന്ന സംവിധാനം DWMS ന്റെ ഭാഗമായി ഉണ്ടെങ്കിലും അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല എന്നതാണ് ഒരു കാരണം. അതുകൊണ്ടുതന്നെ തൊഴിലിന് ആവശ്യമായ സ്കില്ലിങ് നൽകുന്ന കാര്യത്തിലും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. അപ്പോഴാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാധ്യത തെളിഞ്ഞുവന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ നോളെജ് ഇക്കോണമി മിഷന്റെ ഭാഗമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കുന്നത് പരിഗണിക്കുന്നതിന് അനുകൂലമായ സർക്കാർ ഉത്തരവ് 2023 ഒക്ടോബറിൽ പുറപ്പെടുവിച്ചു.
തൊഴിൽ ലഭ്യതയുടെ എണ്ണം കുറയാൻ മറ്റൊരു കാരണം തൊഴിലിന്റെ സ്വഭാവവും തൊഴിലന്വേഷകരുടെ പ്രതീക്ഷയും തമ്മിലുള്ള അകലമാണ്. DWMS ലേക്ക് വരുന്ന തൊഴിലുകളോട് തൊഴിലന്വേഷകർക്ക് താൽപര്യക്കാൾ പ്രയോജനപ്പെടുക തൊഴിൽ അന്വേഷകരുമായി നേരിട്ടുള്ള ബന്ധപ്പെടലാണെന്ന് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ്തലത്തിൽ ജനകീയമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്തി. കൂടാതെ ബൈസൻവാലി ഗ്രാമപഞ്ചായത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിലും വാർഡ്തലത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കൂടുതൽ പ്രാദേശിക തൊഴിൽദാതാക്കളെ കണ്ടെത്തി. ഈ പ്രവർത്തനം വിജയകരമാണെന്ന് കണ്ടതിനെത്തുടർന്ന്, വർക്കല, കളമശ്ശേരി, ഒറ്റപ്പാലം എന്നീ നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികൾ അവരുടെ മണ്ഡലങ്ങളിൽ പദ്ധതിയുടെ പ്രവർത്തനത്തിന് നേത്യത്വം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു.
ഇതിനിടയിൽ തളിപ്പറമ്പിൽ ആരംഭിച്ച ജോബ് സ്റ്റേഷനുകൾ മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി. കോളേജ് അധ്യാപകർ തൊഴിലന്വേഷകർക്ക് ആത്മവിശ്വാസവും പരിശീലനവും നൽകാൻ സന്നദ്ധരായി മുന്നോട്ടുവന്നു. മൈഗ്രേഷൻ കോൺക്ലേവിനെ തുടർന്ന് വിജ്ഞാന പത്തനംതിട്ട എന്ന പദ്ധതി ജില്ലാതലത്തിൽ നടപ്പിലാക്കിയതും ജനകീയമായ പ്രവർത്തനമാണ് ഫലപ്രദമാകുക എന്ന് ബോധ്യപ്പെടുത്തി.
ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച അനുഭവപാഠങ്ങൾ ഉൾക്കൊണ്ടും വെല്ലുവിളികൾ മനസ്സിലാക്കിയും അതിജീവിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിയും ലക്ഷ്യത്തിലെത്താനാണ് നോളെജ് ഇക്കൊണമി മിഷൻ ശ്രമിക്കുന്നത്.
