പൊതുവിദ്യാഭ്യാസത്തിൽ കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ പ്രസക്തി
സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

കൗമാരകാലം സവിശേഷമായ വികാസഘട്ടമാണ്. ശാരീരികവും മാനസികവും സാമൂ ഹികവുമായ വളർച്ചയുടെ ഈ ഘട്ടത്തിൽ അവർ സങ്കീർണ്ണവും സ്വാഭാവികവുമായ വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. വ്യക്തി-സുഹൃത്ത്-കുടുംബ-അക്കാദമിക- വൈകാരിക-ലൈംഗികതലങ്ങളിലുണ്ടാകുന്ന വിവിധങ്ങളായ വെല്ലുവിളികളാണ് അവരുടെ മാനസികസംഘർഷത്തിന് അടിസ്ഥാന കാരണം. സവിശേഷമായ കൗമാരവികാസഘട്ടതാൽപര്യങ്ങളും ആകാംക്ഷകളുമാണ് അവരെ നിയന്ത്രിക്കുന്നത്. വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെയുള്ള എടുത്തുചാട്ട പ്രവണതകൾ മൂലം ആൺ-പെൺ ഭേദമെന്യേ അവർ നിരന്തര പ്രതിസന്ധികളിൽപ്പെട്ടുകൊണ്ടിരിക്കുന്നു. വിചാരങ്ങളല്ല, പകരം വികാരങ്ങളായിരിക്കും മിക്കപ്പോഴും അവരെ നയിക്കുന്നത്. ഇതിനോടൊപ്പം ശാസ്ത്ര സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകൾ വിശിഷ്യ ദൃശ്യ-സാമൂഹിക മാധ്യമങ്ങൾ അവരെ നിയന്ത്രിക്കുന്നതിലും ഭ്രമിപ്പിക്കുന്നതിലും പ്രലോഭിപ്പിക്കു ന്നതിലും വഹിക്കുന്ന പങ്ക് ചെറുതല്ല.
ഇന്നത്തെ ഉത്തരാഗോളീകരണ സാഹചര്യത്തിൽ എല്ലാറ്റിനുമുപരിയായി സമൂഹത്തിന്റെ താൽപര്യങ്ങളും മൂല്യബോധവും അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതും അവരിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ കൗമാരക്കാർ ഇത്തരത്തിൽ സങ്കീർണ്ണമായ ആന്തരിക വൈകാരിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് പൊതുസമൂഹം ഇനിയും കാര്യമായി തിരിച്ചറിയുന്നില്ല. അനുസരണക്കേട്, തർക്കസ്വഭാവം, കൂട്ടുകാരാൽ അമിതമായി സ്വാധീനിക്കപ്പെടുക, പഠനത്തിൽ പിന്നാക്കം പോകുക, പരീക്ഷാഭീതി, പ്രേമം, ലൈംഗികപ്രവണതകൾ, അശ്ലീല ചിത്രങ്ങൾ കാണുക, സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ദുരുപയോഗം, മയക്കുമരുന്നുപയോഗം എന്നിങ്ങനെ നീളുന്നു കൗമാരക്കാരെ ക്കുറിച്ചുള്ള മാതാപിതാക്കളുടെയും അധ്യാപകരുടെയും പരാതികൾ.
പഠനപിന്നാക്കവും
മാനസികാരോഗ്യപ്രശ്നങ്ങളും
പഠനപിന്നാക്കാവസ്ഥയെന്നത് സങ്കീർണ്ണമായ ഒരു പ്രശ്നമാണ്. ഓരോ വിദ്യാർഥിയുടെയും പഠന പിന്നാക്കാവസ്ഥയ്ക്ക് കാരണമായി വരുന്ന പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി അതിനനുസൃതമായ വ്യക്തിഗത ഇടപെടലാണ് വേണ്ടിവരുന്നത്. സ്വാഭാവികമായ കൗമാര വികാസഘട്ട വെല്ലുവിളികൾ കൂടാതെ ഏകദേശം 7-22% കൗമാരക്കാർ ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് (ലോകാരോഗ്യ സംഘടന 2004). കൗമാരക്കാരിൽ വലിയ തോതിൽ ആത്മഹത്യാപ്രവണതയും കുറ്റവാസനയും സ്വഭാവവൈകൃതങ്ങളും വർധിച്ചുവരുന്നു. ഇവ കൂടാതെ ഉത്കണ്ഠാരോഗങ്ങൾ, വിഷാദം, സ്കിസോഫ്രീനിയ, ഉന്മാദ രോഗം, മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവയും ഗൗരവതരമായ പ്രശ്നങ്ങളാണ്. കൗമാരക്കാർ വലിയതോതിൽ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നതിനോടൊപ്പം അവർ തന്നെ ഇത്തരം കാര്യങ്ങളിൽ കുറ്റവാളികളാകുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്.
സ്കൂൾ തലത്തിലെ
കണ്ടെത്തലും ഇടപെടലും
മുതിർന്നവരിൽ കാണുന്ന മാനസികാരോഗ്യപ്രശ്നങ്ങളിൽ പകുതിയും ആരംഭിക്കുന്നത് കൗമാരകാലത്താണ്. അതായത് കൗമാരക്കാരുടെ മിക്ക പ്രശ്നങ്ങളും സ്കൂൾ തലത്തിൽ വെച്ച് തന്നെ പ്രകടമാകുന്നതാണ്. അതുകൊണ്ട് പ്രശ്നങ്ങൾ സ്കൂൾ തലത്തിൽ വെച്ച് കണ്ടെത്തുന്നതിനും ശാസ്ത്രീയമായി ഇടപെടുന്നതിനും നമുക്ക് കഴിയേണ്ടതുണ്ട്. എന്നാൽ കൗമാര മാനസികാരോഗ്യപ്രശ്നങ്ങൾ കാലേകൂട്ടി സ്കൂളന്തരീക്ഷത്തിൽ വെച്ച് തന്നെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ നമുക്ക് ഇനിയും മുന്നേറുവാനുണ്ട്.
കുടുംബം, വ്യക്തിഗതം, സുഹൃത്തുക്കൾ, പഠനം, വൈകാരികം, ലൈംഗികം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുന്ന കൗമാരക്കാരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ സവിശേഷമായ കൗമാര വികാസഘട്ടത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വേണം പരിഹരിക്കേണ്ടത്. അക്കാദമിക (പഠനവൈകല്യമടക്കം) വൈകാരിക പ്രശ്നങ്ങൾ നേരിടുന്നതിന് അവരെ സ്വയം പ്രാപ്തരാക്കേണ്ടതുണ്ട്. ഇവിടെ കൗമാര വികാസ മനഃശാസ്ത്രത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും നിർണ്ണായകമായ പങ്ക് വഹിക്കുന്നതിന് കഴിയുന്നതാണ്. എന്നാൽ കൗമാരക്കാരുടെ സവിശേഷമായ പ്രശ്നങ്ങളെക്കുറിച്ച് പൊതുവിൽ അജ്ഞത നിലനിൽക്കുന്നുണ്ട്.
കുട്ടികൾ ഉണർന്നിരിക്കുന്ന സമയത്ത് കൂടുതൽ നേരവും ചെലവിടുന്നത് സ്കൂളുകളിലാണ്. ഇത് പ്രയോജനപ്പെടുത്തി നമ്മുടെ അധ്യാപകരെ ശരിയായ നിലയിൽ ശിശുമാനസികാരോഗ്യ മേഖലയിലും കൗമാര കൗൺസിലിങിലും പരിശീലിപ്പിച്ചാൽ, സ്കൂൾ തലത്തിൽ വെച്ച് തന്നെ അവരുടെ പ്രശ്നങ്ങൾ തിരിച്ച് അറിഞ്ഞ് ശരിയായ ഇടപെടലുകൾ നടത്താൻ നമുക്ക് കഴിയും. ഇത് ലോകാരോഗ്യസംഘടന തന്നെ മുന്നോട്ടുവച്ച ആശയമാണ്. അവർ പഠന ത്തിലും സ്വഭാവത്തിലും വൈകാരിക പ്രശ്നങ്ങളിലും നേരിടുന്ന വെല്ലു വിളികൾ അധ്യാപകർക്ക് കണ്ടെത്താൻ കഴിയുന്നതാണ്. സ്കൂളുകൾ കേവലം സിലബസ് പഠന കേന്ദ്രങ്ങൾ മാത്രമാക്കി ചുരുക്കാതെ അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തിന് പ്രാധാന്യം നൽകണം. അങ്ങനെ അവരുടെ സർവതോന്മുഖമായ വികാസ ത്തിനായി പ്രവർത്തിക്കുന്ന കേന്ദ്രം കൂടിയായി മാറണം നമ്മുടെ സ്കൂളുകൾ.
മുന്നോട്ടുള്ള വഴികൾ
സ്കൂളുകളിൽ ശിശുമാനസികാരോഗ്യ സേവനം നൽകുകയെന്ന ഈ ലക്ഷ്യം മുന്നിൽവെച്ച് നമ്മുടെ സ്കൂളുകളിൽ രണ്ട് പ്രധാന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഒന്നാമതായി സ്കൂളുകളിൽ കൗൺസിലർമാരെ നിയമിച്ച്, അവർക്ക് പരിശീലനം നൽകി. അവർ ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. രണ്ടാമതായി തിരഞ്ഞെടുത്ത അധ്യാപകരെ പ്രാഥമിക കൗൺസിലർമാരായി പരിശീലിപ്പിച്ചു. എന്നാൽ ഈ കാര്യത്തിൽ മികച്ച രീതിയിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഉള്ളത്. എല്ലാ സ്കൂളുകളിലും കൗൺസിലർ മാരെ നിയമിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതുപോലെ അധ്യാപകരെ മതിയായ അളവിൽ പ്രാഥമിക കൗൺസിലർമാരായി പരിശീലിപ്പി ക്കുന്നതിനും നമുക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രവർത്തനങ്ങളിൽ നമുക്ക് ഇനിയും മുന്നേറുവാനുണ്ട്. ചുരുക്കത്തിൽ കുട്ടികളുടെയും കൗമാര ക്കാരുടെയും മാനസികാരോഗ്യപ്രശ്നങ്ങൾക്ക് സ്കൂൾ തലത്തിൽ വെച്ച് തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രാഥമികമായ ഇടപെടൽ ഉണ്ടാക്കുക. അതിനായി അധ്യാപകരെ പ്രാപ്തരാക്കുക. ഒപ്പം സ്കൂൾ കൗൺസിലർമാരുടെ പ്രവർത്തനവും ഉപയോഗപ്പെടുത്തുക. അങ്ങനെ ഈ ഇടപെടലിൽ പരിഹരിക്കുന്നതിന് കഴിയാത്ത സാഹചര്യത്തിൽ ആ കുട്ടികളെ മാനസികാരോഗ്യ വിദഗ്ധരുടെ അടുക്കലേക്ക് റഫർ ചെയ്യുക. ഇത്തരത്തിൽ ഓരോ സ്കൂളിലും അവരുടെ പ്രാദേശികമായി മാനസികാരോഗ്യ വിദഗ്ധരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി വയ്ക്കുക. അത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാം.
