ആട്ടിപ്പായിച്ചവർക്ക് ഇപ്പോൾ ഞങ്ങൾ പ്രിയപ്പെട്ടവർ

ഐശ്വര്യ പി.എസ്
ശുചിത്വസൈന്യം സൂഹത്തിന്റെ മനോഭാവത്തിൽ സൃഷ്ടിച്ച മാറ്റം
‘കുപ്പിപ്പാട്ട പെറുക്കുന്നവരെ മോശമായി കാണുന്ന രീതി നമുക്കിടയിലുണ്ടല്ലോ. അതേ മനോഭാവമായിരുന്നു ആദ്യമൊക്കെ പ്ലാസ്റ്റിക് ശേഖരിക്കാൻ വീടുകളിലേക്ക് ചെല്ലുമ്പോൾ. ഇപ്പോൾ എല്ലാരും സ്നേഹത്തോടെ ഞങ്ങളുടെ വരവും കാത്തിരിക്കുന്നു. ജോലിയും ശമ്പളവും നല്ല പദവിയും ഇപ്പോൾ ഞങ്ങൾക്കുണ്ട്. അതിൽ ഞങ്ങൾ സന്തുഷ്ടരാണ്.’ തൃശൂർ കുന്നംകുളം നഗരസഭയിലെ ഹരിതകർമ്മ സേന പ്രസിഡന്റ് ധന്യ ബാബു അനുഭവങ്ങൾ ഇങ്ങനെ പറഞ്ഞുതുടങ്ങുമ്പോൾ അത് വെറുമൊരു വാക്കല്ല, മറിച്ച് പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തി നാടിന്റെ ശുചിത്വസൈന്യമായി മാറിയ ഹരിതകർമ്മസേനാംഗങ്ങൾ നടത്തിയ സ്ത്രീമുന്നേറ്റത്തിന്റെ ഉറച്ച ശബ്ദമാണ്. ആട്ടിയോടിച്ച കാലത്തിൽനിന്നും അവർ ഏറെ മുന്നോട്ടുപോയി. സംസ്ഥാനത്തെ ഓരോ വീടും കടയും ഇന്ന് ഇവരുടെ വരവും കാത്തിരിപ്പാണ്.
‘2017ൽ ഹരിത കർമ്മസേനാംഗങ്ങളായി ജോലി ആരംഭിച്ചപ്പോൾ ഞങ്ങളെ ആരും ഗൗനിച്ചിരുന്നില്ല. പ്ലാസ്റ്റിക് കവറുകൾ ചോദിക്കുമ്പോൾ വീട്ടുകാർ തരില്ലെന്ന് മാത്രമല്ല പലപ്പോഴും അവഹേളിക്കുകയും ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ പട്ടിയെ അഴിച്ചുവിട്ട് ഓടിപ്പിച്ചിരുന്നു. സമൂഹത്തിൽ നിന്ന് മാത്രമല്ല ഞങ്ങളുടെ സ്വന്തം കുടുംബങ്ങളിൽ നിന്നുപോലും ഈ ജോലി് ഒരു വിലയും തന്നിരുന്നില്ല. പക്ഷേ ആട്ടിപ്പായിച്ചവർക്ക് ഇപ്പോൾ ഞങ്ങൾ പ്രിയപ്പെട്ടവരായി’, സെക്രട്ടറി പ്രീത ദാസൻ പറയുന്നു.
‘പ്ലാസ്റ്റിക് തന്നില്ലെങ്കിലും ഒരോ വീട്ടിലും തുടർച്ചയായി അഞ്ച് മാസം കയറിയിറങ്ങി. പിന്നെ കവർ തരാം, പണം തരില്ലെന്ന നിലപാടായി പലർക്കും. കഴുകാതെ തരുന്ന കവറിൽ നിന്നാണെങ്കിൽ ദുർഗന്ധവും. ഇതൊന്നും കാര്യമാക്കാതെ ഞങ്ങൾ മുന്നോട്ടുതന്നെ കുതിച്ചു. അത് ഒടുവിൽ ഫലം കണ്ടു. പലരും കവറുകൾ തരാൻ തുടങ്ങി. പാൽ കവറിന്റെ വശം മാത്രം മുറിക്കാതെ മുകൾ ഭാഗം മുഴുവൻ മുറിച്ച്, ഞങ്ങളവർക്ക് കവർ കഴുകി വൃത്തിയാക്കി കാണിച്ചുകൊടുത്തു. അങ്ങനെ ഓരോ വീട്ടുകാരുടെയും മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റംവന്നു. അവർ പറയുന്ന സമയത്ത് ഞങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കാൻ ചെന്നു. യൂസർഫീയും നൽകി തുടങ്ങി. പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ചെരുപ്പ്, ബാഗ്, മരുന്നുകുപ്പികൾ, ചില്ലുകൾ തുടങ്ങിയവ ശേഖരിക്കാൻ ആരംഭിച്ചത്. അത് വൻ വിജയമായി. പ്ലാസ്റ്റിക്കിനൊപ്പം ഓരോ മാസത്തിലും പ്രത്യേകം സാധനങ്ങൾ കേന്ദ്രീകരിച്ച് ശേഖരിച്ചു.
വാർഡ് തോറും വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഞങ്ങൾ വരുന്ന ദിവസം മുൻകൂട്ടി അറിയിക്കും. ജോലി് പോകുന്നവർ വീടിനുസമീപം പ്ലാസ്റ്റിക് ചാക്കിലാക്കി വെച്ചിരിക്കും. ഇപ്പോൾ ഓരോ വീട്ടുകാർക്കും ഞങ്ങൾ പ്രിയപ്പെട്ടവരാണ്. അവരുടെ സന്തോഷവും സങ്കടവും വരെ ഞങ്ങളോട് പങ്കുവെക്കും. മക്കളും മരുമക്കളും ജോലിക്ക് പോയി ഒറ്റയ്ക്കാവുന്ന അമ്മമാർക്ക് ഞങ്ങളുടെ വരവ് യഥാർഥത്തിൽ വലിയ ആശ്വാസം കൂടിയാണ്.’ കാലം മാറ്റത്തിന്റെ മറ്റൊരു കർമപഥം കൂടി കരുതിവെച്ചിരുന്നുവെന്ന് ഇരുവരും നിറവോടെ ഓർക്കുന്നു.
ഇവിടെ എല്ലാവരും തുല്യർ
കുന്നംകുളം നഗരസഭയിൽ വാർഡ് കേന്ദ്രീകരിച്ച് രാവിലെ എട്ടുമണിക്ക് ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കാനിറങ്ങും. ആറ് ക്ലസ്റ്ററുകളായി തിരിഞ്ഞ് 12 പേരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. ഒരു വാർഡിലെ അഞ്ഞൂറോളം വീടുകളിലെ പ്ലാസ്റ്റിക്കുകൾ ഉച്ചയ്ക്ക് രണ്ട് മണിയോടെ ശേഖരിക്കും. ക്യൂആർ കോഡ് സംവിധാനം വന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ ലളിതമായി.
വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിന് പോകാത്തവർക്ക് മാലിന്യ സംസ്‌കരണ പ്ലാന്റിലാകും ജോലി. 9.20ന് വന്ന് 9.30ന് പണിയാരംഭിക്കും. കൃത്യനിഷ്ഠ പരമപ്രധാനമാണ്. പ്ലാന്റിൽ പ്ലാസ്റ്റിക്കുകളെ തരംതിരിച്ചെടുക്കും. ഇവിടെ എല്ലാവരും തുല്യരാണ്. എല്ലാവരും എല്ലാ പണിയും ചെയ്യും. മേൽനോട്ടക്കാരും കീഴ്ജീവനക്കാരുമില്ല. അതാണ് ഈ കൂട്ടായ്മയുടെ ഒരുമയും വിജയവും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പണിനിർത്തി ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം. ഒരു മണിക്കൂർ വിശ്രമം കഴിഞ്ഞ് രണ്ടുമണിക്ക് വീണ്ടും ജോലി ആരംഭിക്കും. അത് അഞ്ചുമണി വരെ തുടരും. ഈ ജോലിയിലൂടെ മാസംതോറും ശരാശരി 17,000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് കുന്നംകുളം നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ പറയുന്നു. 30,000 വരെ പ്രതിമാസം സമ്പാദിക്കുന്നവർ സംസ്ഥാനത്തുണ്ട്. അംഗങ്ങൾക്ക് മെഡിക്കൽ ചെക്കപ്പും മരുന്നും ലഭിക്കും. എല്ലാം കൊണ്ടും ഇവർ ഹാപ്പിയാണ്.
ഹരിതകർമ്മസേനയുടെ പ്രവർത്തനഫലമായി ഉണ്ടായിട്ടുള്ള സാമൂഹികനേട്ടങ്ങളും പരിസ്ഥിതിയിലുണ്ടായിട്ടുള്ള പ്രതിഫലനവും എടുത്തുപറയേണ്ടയാണ്. പൊതുജനങ്ങളുടെ വലിച്ചെറിയൽ പ്രവണത ഒരുപരിധിവരെ ഇല്ലാതാക്കാൻ ഈ ശുചിത്വ സൈന്യത്തിനായി. അതിനാൽ പൊതുവിടങ്ങളിലെ മാലിന്യനിക്ഷേപത്തിലും ഗണ്യമായ കുറവുവന്നു.
സമൂഹത്തിൽ സ്‌ക്രാപ് പിക്കേഴ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട് തൊഴിലെടുക്കുന്നവരോട് നമ്മുടെ സമൂഹം കാണിച്ചിരുന്ന സാമൂഹിക വിവേചനം ഹരിതകർമ്മ സേന സംരംഭങ്ങളുടെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ മാറ്റിയെടുക്കാൻ കഴിഞ്ഞു. സ്വന്തം വീട്ടുവളപ്പിലെ മാലിന്യം മറ്റൊരാളും സഹിക്കേണ്ടതല്ലെന്നും അത് ഏറ്റവും ശരിയായ രീതിയിൽ സംസ്‌കരിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമാണെന്നുമുള്ള വലിയ പാഠം പകർന്നുനൽകിയതാണ് ഹരിതകർമ്മ സേനയുടെ മഹത്വം. കാലം നന്മ ചൊരിയുന്ന അതിജീവനത്തിന്റെ പുതുവഴിയിൽ നിറവോടെ പുഞ്ചിരിക്കുന്നു അവർ.
|
അഭിമാനമായി 36403
|
2024 മാർച്ച് മുതൽ 2025 ജൂൺ വരെ 1.52 ലക്ഷം മെട്രിക് ടൺ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിട്ടുണ്ട്. പതിനാലായിരം മെട്രിക് ടൺ മറ്റു അജൈവ പാഴ് വസ്തുക്കളും ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഈ മാലിന്യങ്ങൾ ഒരുപക്ഷേ നമ്മുടെ തെരുവോരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയപ്പെടുകയും പാരിസ്ഥിതിക-മാലിന്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. മുമ്പ് സമൂഹം വിലകുറച്ച് കണ്ടിരുന്ന മാലിന്യശേഖരണം അഭിമാനത്തോടെ ഒരു സംരംഭമായി ഏറ്റെടുക്കാനും നാളിതുവരെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകാനും കുടുംബശ്രീ വഴി ഹരിത കർമ്മസേനയ്ക്ക് കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഇതേ കാലയളവിൽ 27.86 കോടി രൂപയുടെ വരുമാനവും തരംതിരിച്ച വസ്തുക്കൾ വിറ്റതിലൂടെ ഹരിതകർമ്മ സേനക്ക് നേടാൻ കഴിഞ്ഞു. 2024 മാർച്ച് വരെ 36000 ത്തിലധികം കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനം ലഭ്യത ഉറപ്പുവരുത്താനും ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിലൂടെ സാധിച്ചു. |

സംസ്ഥാനത്ത് 4155 സംരംഭഗ്രൂപ്പുകളിലായി 36403 ഹരിതസേന അംഗങ്ങളാണ് മാലിന്യ നിർമ്മാർജനരംഗത്ത് ഊർജിതമായി പ്രവർത്തിച്ചുവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, ആരോഗ്യവകുപ്പ്, ക്ലീൻ കേരള കമ്പനി എന്നിവയുമായി ചേർന്ന് മാലിന്യമുക്ത കേരളത്തി നായുള്ള പ്രയത്നത്തിലെ പ്രധാന കണ്ണികളാണ് ഹരിതകർമ്മ സേന
2024