കൃഷിപാഠവുമായി കതിരെത്തും; ഗ്രേസ് മാർക്കും നൽകും

സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

 

പൊതുവിദ്യാഭ്യാസത്തിൽ കൃഷിയെക്കൂടി പഠനത്തിന്റെ ഭാഗമാക്കുകയും കാർഷിക പ്രവർത്തനങ്ങളിൽ താൽപര്യത്തോടെ പങ്കാളികളാകുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘കതിര് കാർഷിക ക്ലബ്ബുകൾ’ എന്ന പദ്ധതി നടപ്പാക്കുന്നത്. പാഠപുസ്തകങ്ങളിൽനിന്ന് ലഭിക്കുന്ന അറിവിനൊപ്പം കൃഷിയിലൂടെ നേരിട്ടുള്ള അനുഭവവും കുട്ടികൾക്ക് ലഭിക്കണം. വിത്ത് നടുന്നതുമുതൽ വിളവെടുപ്പും വിപണനവും വരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയാനും ശാസ്ത്രീയ കൃഷിരീതികൾ പരിചയപ്പെടാനും അവർക്ക് കഴിയും. പദ്ധതിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകും. കൃഷി ഒരു തൊഴിൽമേഖല മാത്രമല്ലെന്നും പഠനത്തിന്റെയും ജീവിതത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഭാഗമാണെന്നും പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് ‘കതിര്’ ലക്ഷ്യമിടുന്നത്.

ഭക്ഷ്യ ഉൽപാദനത്തിനുപരി ഉപജീവനമാർഗം കൂടിയാണ് കൃഷി. ആധുനിക കാലത്ത് ഒട്ടേറെ തൊഴിലവസരങ്ങൾ മറ്റു മേഖലകളിൽ ഉദയം ചെയ്തു എങ്കിലും ഉറപ്പായ വരുമാന മാർഗമായി ഉൽപാദനമേഖലയിലെ കൃഷി ഇപ്പോഴും നിലകൊള്ളുന്നു. നമ്മുടെ നിലനിൽപ്പിനു ഭക്ഷണം വേണമെന്നുള്ളതും അത് ഉൽപാദിപ്പിക്കുന്ന ഭൂമിയുടെ അളവ് ദിനംപ്രതി കുറഞ്ഞു വരുന്നു എന്നുള്ളതുമാണ് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നത്. ഇപ്പോൾ വിവര സാങ്കേതിക വിദ്യയും റോബോട്ടിക്സും നിർമിത ബുദ്ധിയുമൊക്കെ ദിശ നിയന്ത്രിക്കുന്ന ഒന്നാണ് കാർഷിക മേഖല. അതിനാൽ അത് നൽകുന്ന തൊഴിൽ സാധ്യതകൾ അനന്തമാണ്. ഭക്ഷ്യസംസ്‌കരണം മുതൽ വിപണനം വരെ സാങ്കേതിക വിദ്യാധിഷ്ഠിതമായി അത് നീണ്ടു കിടക്കുകയും ചെയ്യുന്നു.

കൃഷിയിൽ ലാഭകരമായ നിക്ഷേപം നടത്താൻ കഴിയുമെന്നിരിക്കെ കൃഷിയോട് താൽപര്യം ഉണ്ടെങ്കിലും അതിന്റെ സാധ്യതകൾ മനസ്സിലാക്കാതെ മറ്റു തൊഴിലുകളിലേക്ക് പോകുന്ന ഒട്ടേറെ യുവാക്കളുണ്ടെന്നതാണ് വസ്തുത ഈ അവസരത്തിലാണ് പുതുതലമുറ വളർന്നു വരുമ്പോൾ തന്നെ കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കി ദിശാബോധം നേടണമെന്ന് സർക്കാർ തീരുമാനിച്ചത്. കൃഷിയോട് ആഭിമുഖ്യം പുലർത്തുന്ന ഉൽപാദനമേഖലകളിൽ നിക്ഷേപം നടത്താൻ ആത്മവിശ്വാസമുള്ള ഒരു യുവജനതയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. അതിനായാണ് കൃഷിവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും ചേർന്ന് ‘കതിര് കാർഷിക ക്ലബ്ബുകൾ’ എന്ന പേരിൽ സാമൂഹികപ്രാധാന്യമുള്ള പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. ഈ പദ്ധതി പ്രാധാന്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഇതിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകാനും തീരുമാനിച്ചിട്ടുള്ളത്.

മുൻകാലങ്ങളിൽ ഇതുപോലുള്ള പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നെങ്കിലും അവയുടെ സമഗ്രത ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ രണ്ടു വകുപ്പുകളും വ്യക്തമായ ഏകോപനത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള മാർഗരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. 2026-27 അധ്യയനവർഷം മുതൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലധികം വിദ്യാലയങ്ങളിൽ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കും. തുടക്ക മെന്ന നിലയിൽ വിദ്യാലയങ്ങളുടെ തയ്യാറെടുപ്പിനായി പ്രോജക്ട് അടിസ്ഥാനത്തിൽ സർക്കാർ പതിനായിരം രൂപ സാമ്പത്തികസഹായം നൽകും.

പരിശീലനം സിദ്ധിച്ച അധ്യാപകരായിരിക്കും ഈ പദ്ധതിക്ക് നേതൃത്വം നൽകുക.. അതാത് കൃഷിഭവനുകളിലെ ഉദ്യോഗസ്ഥർ കൃത്യമായ സാങ്കേതിക മേൽനോട്ടവും ആവശ്യമായ സഹായവും നൽകും. വിത്ത് നടുന്നതുമുതൽ ശാസ്ത്രീയമായ പരിപാലനത്തിലൂടെ ഉൽപാദനവും വിപണനവും വരെയുള്ള വിവിധ ഘട്ടങ്ങളിൽ പുതുതലമുറയ്ക്ക് അറിവ് നൽകുന്ന ഘടകങ്ങൾ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളുടെ ആകെത്തുകയാണല്ലോ കൃഷി. അതിനാൽ ഗണിതശാസ്ത്രം മുതൽ കംപ്യുട്ടർ സയൻസ് വരെ എങ്ങനെ ഇതിൽ പ്രായോഗികമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നു എന്ന് വിദ്യാർഥികൾക്ക് അവബോധം നൽകാനും ശാസ്ത്ര തത്വങ്ങളുടെ പ്രാവർത്തികത എപ്രകാരമാണെന്ന് മനസ്സിലാക്കിക്കൊടുക്കാനും ഈ പുതിയ സമീപനം വഴി സാധിക്കും. പഠിക്കുന്ന ശാസ്ത്രതത്ത്വങ്ങൾ ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കാമെന്ന് തിരിച്ചറിയുന്നതിലൂടെ പഠനം കൂടുതൽ അർത്ഥപൂർണമാകും. കൃഷിയിലൂടെ കണക്കും ശാസ്ത്രവും സാങ്കേതികവിദ്യയും പരിസ്ഥിതിബോധവും ഒരുമിച്ച് പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത്.

കണിക ജലസേചനം പോലുള്ള കാര്യക്ഷമമായ ജലസേചന മാർഗങ്ങൾ, സസ്യങ്ങൾക്ക് ആവശ്യമായ പോഷണം നൽകുന്നതിനുള്ള ജീവാണുവളങ്ങളുടെ പ്രയോഗം, സസ്യസംരക്ഷണ മാർഗങ്ങൾക്കായി ജൈവകീടനാശിനികളുടെ ഉപയോഗം, മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ, മുൻ കരുതലുകളായ വർണ്ണക്കെണികളുടെയും ഫിറമോൺ കെണികളുടെയും അനുവർത്തനം, ജൈവ മാലിന്യങ്ങളുടെ സംസ്‌കരണവും പുനരുപയോഗവും, വിവിധതരം ജൈവവളങ്ങളുടെ നിർമ്മാണം, പൂന്തോട്ടപരിപാലനം, ചെറുകിട ഭക്ഷ്യ സംസ്‌കരണം എന്നിങ്ങനെ വിവിധവും ലളിതവും സമഗ്രവുമായ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ഇടപെടലുകളും കതിരിലുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആഗോള സമീപനങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘3R’ എന്ന ആശയം. Reduce അഥവാ ബാഹ്യ ഉപാധികളുടെ ഉപഭോഗം കുറയ്ക്കൽ, Re-use അഥവാ പുനരുപയോഗം സാധ്യമാക്കൽ, Recycle അഥവാ പുനഃചംക്രമണം എന്നീ തത്വങ്ങളാണ് അവ. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് സസ്യപോഷണത്തിനാവശ്യമായ വളമുണ്ടാക്കുന്നത് പുറത്തുനിന്നുള്ള ഉൽപാദനോപാധികളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. പ്ലാസ്റ്റിക് സംഭരണികൾ, കവറുകൾ, ഉപയോഗിച്ച ടയറുകൾ, കുപ്പികൾ എന്നിവയ്ക്കും കൃഷിയിൽ പുനരുപയോഗ സാധ്യതകളുണ്ട്. സസ്യാവശിഷ്ടങ്ങൾ സംസ്‌കരിച്ച് വീണ്ടും വളമാക്കി മാറ്റുകയും ചെയ്യാം. ഇത്തരത്തിൽ സുസ്ഥിരതയുടെ നല്ല മാതൃക ഓരോ വിദ്യാലയത്തിലും ‘കതിർ’ കാർഷിക ക്ലബ്ബുകളിലൂടെ സൃഷ്ടിക്കാൻ കഴിയും. ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ കൃഷിവകുപ്പ് നൽകും.

ഇത്തരം സാങ്കേതികസമീപനങ്ങൾ മാത്ര മല്ല, ഈ പദ്ധതിയുടെ ഭാഗമായുള്ളത്. കർഷകരും കാർഷിക സംരംഭകരുമൊക്കെ ആദരിക്ക പ്പെടുകയും പിന്തുടരപ്പെടേണ്ടവരുമാണെന്ന് വിദ്യാർഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള സെഷനുകളും മറ്റും ക്ലബ്ബ് യോഗങ്ങളിലും സ്‌കൂൾ അസംബ്ലികളിലുമൊക്കെ ഉണ്ടാകും. കൃഷിയുടെ ആത്മാംശം തൊട്ടറിയുന്നതിനുള്ള കൃഷിയിടസന്ദർശനങ്ങളും പുതു തലമുറ കർഷകരുടെ ജീവിതം ആധാരമാക്കിയ പ്രമേയങ്ങളിലുള്ള വിദ്യാർഥികളുടെ ചെറു വിഡിയോ നിർമ്മാണവുമൊക്കെ ഇതിൽ ഉൾപ്പെടും. വെറുമൊരു പഠനവസ്തു എന്നതിലുപരി വിദ്യാർഥികൾക്ക് മാനസികോല്ലാസം നൽകുന്ന ഒരു ഇടപെടീലാക്കുന്നതിനാണ് കതിര് കാർഷിക ക്ലബ്ബുകൾ ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ അവരെ പ്രതികൂലമായി ബാധിക്കാനിടയുള്ള ലഹരികൾക്കിടയിൽ നിന്നുള്ള മോചനത്തിനും കതിർ ക്ലബ്ബുകൾ പ്രയോജനകരമാകും.

കൃഷിയെ വെറുമൊരു പഠനവിഷയമായി കാണാതെ കുട്ടികൾക്ക് മാനസികോല്ലാസം പകരുന്ന പ്രവർത്തനമാക്കി മാറ്റുകയാണ് കതിർ കാർഷിക ക്ലബ്ബുകളുടെ ലക്ഷ്യം. പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കാനും കൂട്ടായി പ്രവർത്തിക്കാനും സ്വന്തം അധ്വാനത്തിന്റെ ഫലം അനുഭവിച്ചറിയാനും കുട്ടികൾക്ക് ഇതിലൂടെ കഴിയും. അവരുടെ താൽപര്യങ്ങൾ ക്രിയാത്മകമായ വഴികളിലേക്ക് തിരിച്ചുവിടുന്നതിനും സാമൂഹികമായ ഇടപെടലുകളിലൂടെ നല്ല ശീലങ്ങൾ വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകും. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും കൃഷിയുമായി ബന്ധപ്പെട്ട കൂട്ടായ പ്രവർത്തനങ്ങൾ ഗുണകരമാകും.

വിദ്യാലയങ്ങളിൽ ചെറുപച്ചക്കറിത്തോട്ടങ്ങൾ ഒരുക്കാനും അവയുടെ പരിപാലനം ഏറ്റെടുക്കാനും കുട്ടികൾക്ക് അവസരം ലഭിക്കും. തോട്ടത്തിൽനിന്നുള്ള ഉൽപന്നങ്ങളുടെ വിപണനവും വിളവെടുപ്പുത്സവങ്ങളുമെല്ലാം കതിർ കാർഷിക ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. വിത്ത് മുളയ്ക്കുന്നതും ചെടി വളരുന്നതും വിളവുണ്ടാകുന്നതും സ്വന്തം അധ്വാനത്തിന്റെ ഫലം ലഭിക്കുന്നതും കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാം. യഥാർത്ഥത്തിൽ കേരള അഗ്രികൾച്ചർ ടെക്‌നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർ സ്റ്റാൻഡിങ് എന്നതിന്റെ ചുരുക്കപ്പേരാണ് KATHIRU (കതിര്). ഗ്രാമീണതയുടെ പരിചയപ്പെടൽ (റൂറൽ അണ്ടർസ്റ്റാൻഡിങ്) എന്നുദ്ദേശി ച്ചിരിക്കുന്നത് തികച്ചും താത്വികമാണ്. നമ്മുടെ കറ കളഞ്ഞ മാലിന്യ മുക്തമായ പരിസ്ഥിതിയുടെ നൈർമല്യത്തെ സൂചിപ്പിക്കാൻ അത് ഉദ്ദേശിച്ചു എന്നേയുള്ളു.

ഉച്ചഭക്ഷണം നൽകുന്ന വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബുകൾക്ക് വലിയൊരു പങ്ക് വഹിക്കാനാകും. വിദ്യാർഥികളുടെ കരസ്പർശ ത്തിലൂടെ വളർന്നുണ്ടായ പച്ചക്കറികൾ അവരുടെതന്നെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോഴുള്ള സന്തോഷം ഒന്നു വേറെതന്നെയാണ്. കൃഷിയോടുള്ള താൽപര്യം കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാകുന്ന ഈ അനുഭവം അവരുടെ മനസ്സിൽ മായാത്ത ഓർമയായി നില നിൽക്കും. അധ്വാനത്തിന്റെ മഹത്വവും ഭക്ഷണത്തിന്റെ വിലയും പ്രകൃതിയോടുള്ള കരുതലും ഒരുമിച്ച് പകർന്നുനൽകാൻ ഇതിലൂടെ കഴിയും.ഈ സന്തോഷത്തെ അതിന്റെ പാരമ്യതയിൽ കുട്ടികൾക്ക് പകർന്നു നൽകാൻ സാധിച്ചാൽ മറ്റൊരു ലഹരി തേടി നമ്മുടെ യുവ ജനത പോകുകയില്ലെന്നുറപ്പാണ്.

പൊതുവിദ്യാഭ്യാസത്തിലൂടെ കൃഷിയെ പുതുതലമുറയുടെ ജീവിതവുമായി ചേർത്തുനിർത്തി, ഉൽപാദനത്തെയും പ്രകൃതി സംരക്ഷണത്തെയും ഒരുപോലെ വിലമതിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ കതിരിലൂടെ നമുക്ക് സാധിക്കുമെന്നതിൽ സംശയമില്ല തന്നെ.ഈ സംരംഭത്തിന്റെ വിജയത്തിനായി നമുക്കെല്ലാവർക്കും കൈകോർക്കാം.