സംരംഭക സ്വപ്നങ്ങൾക്ക് ചിറകേകാം
സംരംഭകരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി വിവിധ വകുപ്പുകൾ ആവിഷ്കരിച്ച ധനസഹായ പദ്ധതികൾ അറിയാം
സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതിന് വിവിധ വകുപ്പുകളും സർക്കാർ ഏജൻസികളും മുന്നോട്ടുവരുന്നുണ്ട്. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുപുറമെ ധനസഹായ പദ്ധതികളും നടപ്പിലാക്കുന്നു. വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭ്യമാക്കേണ്ട അനുമതികളും ലൈസൻസുകളും ഒരൊറ്റ പോർട്ടൽ വഴിയാക്കുന്ന സുപ്രധാന ചുവടുവയ്പ് വ്യവസായ വകുപ്പ് കൈക്കൊണ്ടു. സംരംഭക വർഷം പദ്ധതിയിലൂടെ മൂന്നരലക്ഷം സംരംഭങ്ങൾ ആരംഭിച്ചതിൽ ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരാണ്. പദ്ധതി വഴി 7,49,712 തൊഴിലവലരങ്ങളാണ് ആകെ സൃഷ്ടിക്കപ്പെട്ടത്.
വ്യവസായ
വകുപ്പിന്റെ പദ്ധതികൾ
സംസ്ഥാനത്ത് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളിൽ ആരംഭിക്കുന്ന സ്ത്രീ സംരംഭകർക്ക് പ്രോത്സാഹനവും കൂടുതൽ പ്രാധാന്യം നൽകിവരുന്നുണ്ട്.
വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 2012 മുതൽ നടപ്പിലാക്കിവരുന്ന സംരംഭക സഹായ പദ്ധതിയിൽ വനിത സംരംഭങ്ങൾക്ക് 10ശതമാനം സബ്സിഡി അധികമായി നൽകുന്നു. പദ്ധതിപ്രകാരം ഒരു വനിതാ സംരംഭത്തിന് പരമാവധി 40 ലക്ഷം രൂപവരെ പദ്ധതി മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായി ലഭിക്കുന്നു.
ഉൽപ്പാദന മേഖല, മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നടത്തുന്ന സേവന മേഖല എന്നീ മേഖലകളിൽ ബാങ്ക് വായ്പ എടുത്ത് പുതുസംരംഭങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതി ആണ്
മാർജിൻ മണി ഗ്രാന്റ്
റ്റു നാനോ യൂണിറ്റ് പദ്ധതി
ആകെ പദ്ധതിച്ചെലവ് 10 ലക്ഷം രൂപ വരെയുളള സംരംഭങ്ങൾക്ക് ആണ് ആനുകൂല്യം ലഭിക്കുന്നത്. പൊതുവിഭാഗത്തിന് മൂന്ന് ലക്ഷം രൂപവരെ ആനുകൂല്യം ലഭ്യമാകുമ്പോൾ വനിതാസംരംഭങ്ങൾക്ക് നാല് ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കുന്നു. പദ്ധതിയുടെ 30 ശതമാനം ഗുണഭോക്താക്കൾ സ്ത്രീ സംരംഭകരായിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
ഒരു കുടുംബം
ഒരു സംരംഭം പദ്ധതി
ഉൽപ്പാദന, സേവന, വ്യാപാര മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് എടുക്കുന്ന ബാങ്ക് വായ്പയിൽ 10 ലക്ഷംവരെയുള്ള ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നൽകുന്നതിനു വിഭാവനം ചെയ്തു നടപ്പിലാക്കുന്ന പദ്ധതി ആണ് ഒരു കുടുംബം ഒരു സംരംഭം പദ്ധതി. പദ്ധതി പ്രകാരം ബാങ്ക് വായ്പയുടെ പലിശ നിരക്കിൽ നാല് ശതമാനത്തിൽ അധികരിച്ചുള്ള പലിശയിൽ ആറ് ശതമാനം വരെ ഇളവ് ധനസഹായമായി ലഭിക്കുന്നു. പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കൾ വനിതാ സംരംഭകരായിരിക്കണമെന്ന് നിബന്ധനയുണ്ട്.
കെഎസ്ഐഡിയുടെ
വി മിഷൻ
വി മിഷൻ പദ്ധതിയിലൂടെ നിലവിലുള്ള വനിതാസംരംഭകരെ അവരുടെ ബിസിനസ്സ് വർധിപ്പിക്കാൻ ഫാക്ടറിയുടെ വിപുലീകരണം / ആധുനികവൽക്കരണം/ ബൾക്ക് ഓർഡറുകൾ /സർട്ടിഫിക്കേഷൻ, ഐഎസ്ഒ, എഫ്എസ്എസ്എഐ, അഗ്മാർക്, പേറ്റന്റുകൾ, വ്യാപാരമുദ്രകൾ തുടങ്ങിയ അംഗീകാരങ്ങൾ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങൾ/അസംസ്കൃത വസ്തുക്കൾ വാങ്ങൽ, പ്രവർത്തനങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയ്ക്കായി 7.50 ശതമാനം പലിശ യിൽ 50 ലക്ഷം രൂപ വരെ വായ്പയായി നൽകുന്നു.
പദ്ധതിച്ചെലവിന്റെ 80 ശതമാനംവരെ വായ്പ നൽകും. തിരിച്ചടവ് കാലാവധി ആറ് വർഷം. അതിൽ ആറ് മാസം മൊറട്ടോറിയം ലഭിക്കും. നിലവിൽ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്.
സംസ്ഥാന വനിതാവികസന
കോർപറേഷൻ
വായ്പാ വിതരണത്തിൽ റെക്കോഡ് നേട്ടമാണ് വനിതാവികസന കോർപറേഷൻ കൈവരിച്ചത്. വാർഷിക വായ്പാവിതരണം ശരാശരി 40 കോടി രൂപയിൽനിന്നും 340 കോടിയിലധികമായും പ്രതിവർഷ വായ്പാ തിരിച്ചടവ് ശരാശരി 35 കോടിയിൽനിന്നും 214 കോടിയിലേക്കും വളർന്നു.
കോർപ്പറേഷന്റെ സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ സംസ്ഥാനത്തെ 18നും 55നും മധ്യേ പ്രായമുള്ള 1500 വനിതകൾക്കും 78 ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സംരംഭകത്വ വികസന പരിശീലനം നൽകി. സംരംഭകത്വത്തിലേക്ക് വരുന്ന സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകുന്നതിനും സാമ്പത്തിക, സാങ്കേതിക, മാർക്കറ്റിങ് സഹായങ്ങൾ കോർത്തിണക്കുന്നതിനും പ്രതിസന്ധിഘട്ടത്തിൽ കൈത്താങ്ങ് കൊടുക്കുന്നതിനുമായി ഒരു പ്രോജക്റ്റ് കൺസൾട്ടൻസി വിങ്ങ് രൂപവൽക്കരിക്കുന്നതിനുള്ള നടപടികളിലാണ് കോർപ്പറേഷൻ.
കോർപ്പറേഷന്റെ റീച്ച് ഫിനിഷിങ് സ്കൂളുകളിൽ നടപ്പാക്കിവരുന്ന വിവിധ തൊഴിൽ പരിശീലന/ നൈപുണ്യ വികസന പരിപാടികളിലൂടെ വനിതകൾക്ക് പരിശീലനം നൽകുന്നു. വനിതാ പോളിടെക്നിക് കോളേജുകളിലെ അവസാനവർഷ വിദ്യാർഥിനികൾക്കുള്ള ഫിനിഷിങ് പരിശീലനം ലീഡ് കോർപ്പറേഷന്റെ റിച്ച് ഫിനിഷിങ് സ്കൂൾ മുഖേന ലഭ്യമാക്കി.
കടൽകടന്ന് ഫാഷൻ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം എടപ്പാൾ സ്വദേശി അശ്വതി ബാലകൃഷ്ണൻ. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്ക്വയർ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളർന്നു. അഞ്ച് രാജ്യങ്ങളിൽ വിപണിയും കണ്ടെത്തി. |

