വീട്ടകങ്ങളിൽ നിന്ന് കരുത്തിലേക്ക്

വീട്ടകങ്ങളിൽ നിന്ന് കരുത്തിലേക്ക്
എച്ച് ദിനേശന്‍ ഐഎഎസ്
എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, കുടുംബശ്രീ

സ്ത്രീ ശാക്തീകരണ ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ലോകത്തിനു മുന്നിൽ അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ കഴിയുന്ന നാമധേയമാണ് കുടുംബശ്രീ. ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത വികസന ചരിത്രവുമായി കര്‍മ്മ നിരതമായ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സാമൂഹിക രംഗത്ത് ഉജ്ജല ശോഭയോടെ മുന്നേറുകയാണ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ ഈ സ്‌ത്രീ കൂട്ടായ്‌മ. മൂന്നു ലക്ഷത്തിലേറെ അയളക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകളാണ് കുടുംബശ്രീയുടെ കരുത്ത്.

2021ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ വര്‍ഷവും കുടുംബശ്രീയുടെ പ്രയാണത്തിന് കരുത്തു പകരാന്‍ ആവശ്യമായ സാമ്പത്തിക പിന്തുണ ബജറ്റില്‍ ഉള്‍പ്പെടുത്തി നൽകുന്നുണ്ട്. അയൽക്കൂട്ട വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ശാക്തീകരണം എന്ന ലക്ഷ്യത്തിന് അങ്ങേയറ്റം ശ്രദ്ധയും പ്രാധാന്യവും നല്‍കിയാണ് എല്ലാ പ്രവര്‍ത്തനങ്ങളും. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനായി വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്, പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി അതനുസരിച്ചാണ് കുടുംബ ശ്രീയുടെ കുതിപ്പ്. 2016 മുതല്‍ തന്നെ കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ത്രിതല സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അതോടൊപ്പം ഉപജീവന പദ്ധതി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നിര്‍വഹണവും വിലയിരുത്തലും പോരായ്‌മകൾ സമയബന്ധിതമായി പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിയുന്നതുമാണ് എല്ലാ നേട്ടങ്ങളുടെയും പിന്നിലെ കരുത്ത്.

സ്ത്രീ പദവി സ്വയം പഠന പ്രക്രിയ, അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികൾക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, പ്രാദേശിക തലത്തിൽ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി 19,284 വിജിലന്റ് ഗ്രൂപ്പുകൾ, 860 ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍, 140 മാതൃകാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍, 304 സ്‌കൂളുകളിലും 70 കോളേജുകളിലും ജെന്‍ഡര്‍ ക്ലബ്ബുകള്‍, നാനൂറോളം കമ്മ്യൂണിറ്റി കൗൺസിലർമാർ, അയൽക്കൂട്ട തലത്തിൽ 2,78,338 ജെന്‍ഡര്‍ പോയിന്റ് ‌പേഴ്‌സൺമാർ എന്നിവ ഉള്‍പ്പെടെ വളരെ വിപുലമായ സംവിധാനങ്ങള്‍ വഴി സ്ത്രീകള്‍ക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്. ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്ങ് പദ്ധതി നടപ്പാക്കാനും കഴിഞ്ഞു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ‘പോഷ്’ ആക്‌ട് 2013 നിയമത്തിന്റെ ഭാഗമായി എല്ലാ ജില്ലാ മിഷനിലും സംസ്ഥാന മിഷനിലും ഇന്റേണല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികൾക്കും ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വെള്ളം, ശുചിത്വം എന്നിവ ലഭ്യമാക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി 2015ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആരംഭിച്ച എഫ്.എന്‍.എച്ച്.ഡബ്ള്യു പദ്ധതി ഇന്ന് എല്ലാ ജില്ലകളിലും നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടത്തിൽ അവബോധ പ്രവര്‍ത്തനങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ സൃഷ്‌ടിക്കാൻ കുടുംബശ്രീക്കായി.

കോവിഡ് മുതല്‍ ചൂരല്‍മല വരെ

ലോകമാകെ ആഞ്ഞടിച്ച കോവിഡ് ഭീഷണിയെ കരുത്തുറ്റ പ്രതിരോധം കൊണ്ട് സധൈര്യം നേരിട്ട ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോഴും സമൂഹം നേരിടുന്ന പൊതുവായ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കുടുംബശ്രീ എപ്പോഴും മുന്നിൽ നിൽക്കുന്നു എന്നതിന്റെ തെളിവായിരുന്നു കുടുംബശ്രീ മുഖേന നിര്‍വഹിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കോവിഡ് ബാധിതരായ വയോജനങ്ങൾക്ക് ആവശ്യമായ മാനസിക പിന്തുണയും കരുതലും നൽകുന്നതിന്റെ ഭാഗമായി ‘ഗ്രാന്‍ഡ് കെയര്‍’ എന്ന പദ്ധതി രൂപപ്പെടുത്തി നടപ്പാക്കി. കൂടാതെ കോവിഡ് കാലത്ത് അയൽക്കൂട്ട അംഗങ്ങള്‍ക്കായി വിവിധ ഓൺലൈൻ പരിശീലന പരിപാടികളും സംഘടിപ്പിച്ചു.

വയനാട്ടിൽ ചൂരല്‍മല ഉരുൾ പൊട്ടൽ ദുരന്തബാധിതര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കി. കൂടാതെ ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് കമ്യൂണിറ്റി മെന്ററിങ്ങ് പ്രവര്‍ത്തനവും നടത്തി വരുന്നു. വയനാട് ചൂരല്‍മല അതിജീവന ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20.5 കോടി രൂപ നല്‍കിയും കുടുംബശ്രീ മാതൃകയായി.

ഹാപ്പി കേരളം

ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റി സമൂഹത്തിന്റെ സന്തോഷ സൂചിക വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ എഫ്.എന്‍.എച്ച്.ഡബ്ള്യു പ്രോഗ്രാമിന്റെ ഭാഗമായി ‘ഹാപ്പി കേരളം’ പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. പദ്ധതിയുടെ ഭാഗ മായി തിരഞ്ഞെടുത്ത 140 റിസോഴ്‌സ് പേഴ്‌സൺമാരുടെ സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കി. നാലു ജില്ലകളില്‍ ജില്ലാതല പരിശീലനവും പൂര്‍ത്തിയായി.

തീരദേശ മേഖലയിലും കുടുംബശ്രീയുടെ വെളിച്ചം

തീരദേശ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജീവിത നിലവാരം ഉയർത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയില്‍ അനുഭവ സമ്പത്തുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുമായി 81 തീര ദേശ വൊളണ്ടിയര്‍മാരെ നിയമിച്ചു. തീര ദേശ ശാക്തീകരണം ലക്ഷ്യമിട്ടു കോസ്റ്റല്‍ വോളണ്ടിയര്‍മാര്‍ മുഖേന അയൽക്കൂട്ട രൂപവല്‍ക്കരണവും സംരംഭകത്വ രൂപവല്‍ക്കരണവും പുരോഗമിക്കുകയാണ്.

കുടുംബശ്രീ സ്‌കൂള്‍

കുടുംബശ്രീയുടെ കീഴിലുള്ള 2,66,308 അയൽക്കൂട്ടങ്ങളെയും ചലിപ്പിക്കാനും അംഗങ്ങള്‍ക്ക് കുടുംബശ്രീ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലനവും അറിവും നൽകുന്നതിനായി സംഘടിപ്പിച്ച ‘കുടുംബശ്രീ സ്‌കൂള്‍’ നാളിതുവരെ കണ്ടതില്‍ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി. കുടുംബശ്രീ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ സമൂഹാധിഷ്‌ഠിത സ്വയം പഠന പ്രക്രിയ വഴി തെളിച്ചു.

‘തിരികെ സ്‌കൂളില്‍’ ക്യാമ്പയിന്‍

കുടുംബശ്രീയുടെ സംഘാടന മികവും ത്രിതല സംഘടനാ സംവിധാനത്തിന്റെ കരുത്തും ഒരുമയും തെളിയിക്കുന്നതായിരുന്നു 2023-24 കാലയളവില്‍ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളില്‍’ എന്ന ബൃഹദ് ക്യാമ്പയിന്‍. 2.79 ലക്ഷം അയൽക്കൂട്ടങ്ങളിൽ നിന്നായി 37 ലക്ഷം കുടുംബശ്രീ വനിതകള്‍ പങ്കെടുത്ത, വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച ഔപചാരിക വിദ്യാഭ്യാസ പരിപാടി കുടുംബശ്രീയ്ക്ക് സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. രജത ജൂബിലിയുടെ ഭാഗമായി ‘രചന’ എന്ന പേരില്‍ 1070 സി.ഡി.എസുകളുടെയും ചരിത്രം ഡോക്യുമെന്റ് ചെയ്‌തതിന്റെ പ്രകാശനം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു നിര്‍വഹിച്ചു.

1,43,134 സൂക്ഷ്‌മ സംരംഭങ്ങൾ

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് വ്യത്യസ്‌തങ്ങളായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. അതില്‍ സുപ്രധാനമാണ് സ്വയം തൊഴില്‍ സംരംഭങ്ങള്‍. സൂക്ഷ്‌മ സംരംഭ മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ വലിയ തോതില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. 2021-22ല്‍ കുടുംബശ്രീയുടെ കീഴില്‍ ഉണ്ടായിരുന്ന സംരംഭങ്ങളുടെ എണ്ണം 85,039 ആയിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 58,095 സംരംഭങ്ങള്‍ കൂടി പുതുതായി രൂപീകരിച്ചു. നിലവില്‍ കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ന് സംസ്ഥാനമൊട്ടാകെ 1.43 സൂക്ഷ്‌മ സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്. 91452 വ്യക്തിഗത സംരംഭങ്ങളും 51682 ഗ്രൂപ്പ് സംരംഭങ്ങളും ഇതില്‍ ഉൾപ്പെടുന്നു. മൂന്നു ലക്ഷത്തോളം വനിതകളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്.

കെ 4 കെയര്‍, ലഞ്ച് ബെല്‍

അപ്പാരല്‍ പാര്‍ക്ക്, കഫേ, ഭക്ഷ്യ സംസ്‌കരണം, കരകൗശല നിര്‍മ്മാണം, സോപ്പ്, ലോഷന്‍ നിര്‍മ്മാണം, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്, ഡേ കെയര്‍, ഹോം ഷോപ്പ് തുടങ്ങി നിലവില്‍ ചെയ്‌തു വന്നിരുന്ന പരമ്പരാഗതമായ തൊഴില്‍ സംരംഭങ്ങള്‍ക്ക് പുറമേ, വൈവിധ്യമാർന്ന ഒട്ടനവധി പുതു സംരംഭങ്ങളിലേക്കും കുടുംബശ്രീ വളരെ വേഗമാണ് കടന്നത്. സൂക്ഷ്‌മ സംരംഭ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി സേവന മേഖലയില്‍ വിവിധ ഗാര്‍ഹിക പരിചരണങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച കെ 4 കെയര്‍ പദ്ധതി ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. മിതമായ നിരക്കില്‍ ഉച്ചയൂണ് ലഭ്യമാക്കുന്ന ലഞ്ച് ബെല്‍, ഹൈടെക് സൗകര്യങ്ങളോടെ അഞ്ച് ജില്ലകളില്‍ ആരംഭിച്ച കഫേ പ്രീമിയം റെസ്റ്റോറന്റുകള്‍ എന്നിവയും ജനപ്രിയമാണ്.

ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ‘ഷീ സ്റ്റാർസ്’, പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ 22 മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററുകള്‍, 4403 ഹരിതകര്‍മ്മ സേനാ യൂണിറ്റുകള്‍, ടേക്ക് എ ബ്രേക്ക്, പൊതു സേവന കേന്ദ്രങ്ങള്‍, സാന്ത്വനം, 241 അമൃതം ന്യൂട്രി മിക്‌സ് യൂണിറ്റുകള്‍, 288 വനിതാ കെട്ടിട  നിര്‍മ്മാണ യൂണിറ്റുകള്‍, പ്രത്യാശ, തീരദേശ എം.ഇ പദ്ധതി, ഒരോ സി.ഡി.എസിലും സംരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സി.ഡി.എസിന് ഒരു എം.ഇ, എറൈസ് മൾട്ടി ടാസ്‌ക് ടീം, കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്‌ടമായി തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുമായി ചേർന്ന് ‘പ്രവാസി ഭദ്രത-പേള്‍’ പദ്ധതി എന്നിവയും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പ്രമുഖ പദ്ധതികളാണ്. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിദ്യാലയങ്ങളില്‍ മാ കെയര്‍ യൂണിറ്റും കഫേ സ്റ്റേഷനറി ഷോപ്പ് സ്‌കൂഫെയും ആരംഭിച്ചിട്ടുണ്ട്.

ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പി.എം.എഫ്.എം.ഇ പദ്ധതി, യുവാക്കളെ സംരംഭ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതിനുള്ള പി.എം യുവ പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കി വരുന്നു. കുടുംബശ്രീ കഫേ യൂണിറ്റുകളെ ബ്രാന്‍ഡ് ചെയ്‌തതും സൂക്ഷ്‌മ സംരംഭ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 1500-ഓളം സംരംഭകരെ പങ്കെടുപ്പിച്ചു മൈക്രോ എന്റര്‍പ്രൈസ് കോൺക്ലേവ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതും ഇക്കാലയളവില്‍ ഏറെ ശ്രദ്ധേയമായി. സംസ്ഥാനത്ത് തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ നടപ്പാക്കുന്ന വൺ സ്റ്റോപ്പ് ഫെസിലിറ്റി സെന്റര്‍, സൂക്ഷ്‌മസംരംഭ മേഖലയില്‍ ഇന്‍കുബേഷന്‍ സെന്റര്‍, സ്റ്റാർട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗാം-ആറാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവന്‍ മിഷന്റെ ടാപ്പ് കണക്ഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍, ജലനിധി, വാട്ടർ അതോറിറ്റി എന്നിവരെ സഹായിക്കുന്ന ഐ.എസ്.എ ആയും 280 പഞ്ചായത്തുകളില്‍ കുടുംബശ്രീ പ്രവർത്തിക്കുന്നു.

ഉൽപന്ന വിപണനവും ബ്രാന്‍ഡിങ്ങും

ഓൺലൈൻ വ്യാപാര രംഗത്തേക്കുളള കുടുംബശ്രീയുടെ കടന്നു വരവാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മാര്‍ക്കറ്റിങ്ങ് രംഗത്തുണ്ടായ ശ്രദ്ധേയ നേട്ടം. കുടുംബശ്രീയുടെ മുഴുവന്‍ ഉൽപന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി ‘പോക്കറ്റ് മാർട്ട് -കുടുംബശ്രീ സ്റ്റോര്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒ.എന്‍.ഡി.സി. ആമസോൺ സഹേലി, ഫ്‌ളിപ്‌കാർട്ട്, മീഷോ തുടങ്ങിയ ഓൺലൈൻ വ്യാപാര സൈറ്റുകളില്‍ കുടുംബശ്രീ ഉൽപന്നങ്ങൾ വില്‍പനയ്ക്കായി സജ്ജീകരിക്കാനും കഴിഞ്ഞു. ലഞ്ച് ബെല്‍ പദ്ധതി വഴി ഉച്ചയൂണ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഓൺലൈനായി ലഭ്യമാക്കിയതും നിരവധി ഉൽപന്നങ്ങൾ ബ്രാന്‍ഡ് ചെയ്‌ത് വിപണിയിലിറക്കിയതും ശ്രദ്ധേയമായ നേട്ടങ്ങളായി അടയാളപ്പെടുത്താവുന്നതാണ്.

നാനോ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റിങ്ങ് കിയോസ്‌കുകള്‍, ദേശീയ സരസ് മേളകള്‍, ഭക്ഷ്യമേളകള്‍, ട്രേഡ് ഫെയറുകള്‍ എന്നിവ വഴി ഉൽപന്നങ്ങൾ മികച്ച രീതിയില്‍ വിപണനം ചെയ്യുന്നു. കഫേ കുടുംബശ്രീ ബ്രാന്‍ഡില്‍ ന്യൂഡല്‍ഹി ഇന്ത്യാ ഗേറ്റിലെ കുടുംബശ്രീ ഫുഡ് കിയോസ്‌ക്, കോഴി ക്കോട് വിമാനത്താവളത്തിലെ കുടുംബശ്രീ പ്രീമിയം സ്റ്റോര്‍, കൊച്ചി മെട്രോയിലെ കുടുംബശ്രീ സിഗ്നേച്ചര്‍ സ്റ്റോര്‍ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതും ഇക്കാലയളവിലാണ്.

കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും

സംസ്ഥാനത്ത് പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ മാറ്റം സൃഷ്‌ടിച്ച കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്ന 555 പേരും കുടുംബശ്രീ വനിതകളാണ്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്‌ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിർമ്മാണം, കിച്ചൺ, കാന്റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കുടുംബശ്രീയുടെ കീഴിലുള്ള ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ് ഇവരുടെ നിയമനവും മേൽനോട്ടവും. കൊച്ചി റെയില്‍ മെട്രോയ്ക്കു ശേഷം കൊച്ചി വാട്ടർ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെൺകരുത്താണ്. ഇതില്‍ ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള 30 പേരും കുടുംബശ്രീ വനിതകളാണ്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്- സംരംഭകത്വ വികസന പദ്ധതി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ മുഖേന ‘റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമി’ല്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-സംരംഭകത്വ വികസന പദ്ധതി’. എസ്.വി.ഇ.പി മാതൃകയിലുള്ള ജീവനോപാധി പ്രോത്സാഹന പദ്ധതിയാണിത്. പ്രളയബാധിതമായ 14 ബ്ലോക്കുകളിലാണ് പദ്ധതി നടത്തിപ്പ്. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ 20,047 സംരംഭങ്ങള്‍ ആരംഭിച്ച് പിന്തുണ നല്‍കാന്‍ കഴിഞ്ഞു. പ്രളയബാധിതര്‍ക്ക് മെച്ചപ്പെട്ട ഉപജീവനം നല്‍കി അവരുടെ അതിജീവനത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി 14 ബ്ലോക്കുകൾക്കും കൂടി ആകെ 75 കോടി രൂപയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്. കമ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട് മുഖേന 17,448 സംരംഭങ്ങള്‍ക്ക് 81.23 കോടി രൂപയുടെ പ്രാഥമിക വായ്‌പാ സഹായവും ലഭ്യമാക്കി.

ഹരിത സമൃദ്ധിക്കും വരുമാനത്തിനും

നേച്ചേഴ്‌സ് ഫ്രഷ് അഗ്രി കിയോസ്‌ക്, പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, ഇന്റഗ്രേറ്റഡ് ഫാമിങ്ങ് ക്ലസ്റ്ററുകള്‍, വേനല്‍ മധുരം, പുനര്‍ജീവനം, നിറപ്പൊലിമ, ഓണക്കനി, അഗ്രി ബിസിനസ് സംരംഭങ്ങള്‍, ചെറുകിട ഇടത്തരം മൂല്യവര്‍ധിഗത യൂണിറ്റുകള്‍, ഡ്രോ ദീദി തുടങ്ങി വൈവിധ്യമാർന്ന കാര്‍ഷിക പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു.

ഗ്രീന്‍ കാര്‍പെറ്റ് യൂണിറ്റുകളും 24.25 ലക്ഷം അഗ്രി ന്യൂട്രി ഗാര്‍ഡനും

വിവിധ ജില്ലകളിലായി 18 ഗ്രീന്‍ കാര്‍പെറ്റ് യൂണിറ്റുകള്‍, 24.25 ലക്ഷം അഗ്രി ന്യൂട്രി ഗാര്‍ഡന്‍ എന്നിവയും രൂപീകരിച്ചു. 2199 വനിതകള്‍ക്ക് കാര്‍ഷിക ബിസിനസ് സംരംഭങ്ങള്‍ വഴി വരുമാനം ലഭ്യമാക്കുന്നതിനും കഴിയുന്നു. പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ രൂപീകരണമാണ് മറ്റൊരു ശക്തമായ മുന്നേറ്റം. 740 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ട് 16470 വനിതകള്‍ കാര്‍ഷിക ഉൽപന്നങ്ങളുടെ ശേഖരണവും ഉൽപന്ന വൈവിധ്യവല്‍ക്കരണവും മാര്‍ക്കറ്റിങ്ങും നടത്തി വരുന്നു.

മൃഗ സംരക്ഷണ മേഖല

കുടുംബശ്രീ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിൽ മൃഗസംരക്ഷണ മേഖലയും മുഖ്യ പങ്കു വഹിക്കുന്നു. മൃഗസംരക്ഷണ ഉപജീവന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് 4530 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്‍കി പശുസഖി സർട്ടിഫിക്കേഷൻ ലഭ്യമാക്കി. കൂടാതെ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് ഫീല്‍ഡ് തല കര്‍ഷക പിന്തുണയ്ക്കായി 458 പശുസഖികള്‍ക്ക് എ ഹെല്പ് സർട്ടിഫിക്കേഷൻ ലഭ്യമാക്കി പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്‌തു.

കേരള ചിക്കന്‍

കേരള ചിക്കന്‍ പദ്ധതിയിലും വലിയ പുരോഗതിയാണ് ഇക്കാലയളവില്‍ കൈവരിച്ചത്. നിലവില്‍ 14 ജില്ലകളിലായി 434 ബ്രോയിലര്‍ ഫാമുകളും 136 കേരള ചിക്കന്‍ ഔട്ട്‌ലറ്റുകളും പ്രവർത്തിക്കുന്നു. ഇതിലൂടെ 700ഓളം കുടുംബങ്ങള്‍ക്കാണ് സ്ഥിര വരുമാനം കണ്ടെത്താന്‍ കഴിയുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘കുടുംബശ്രീ കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഫ്രോസൺ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും കഴിഞ്ഞു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി നാളിതുവരെ 330 കോടി രൂപയുടെ വിറ്റുവരവ് നേടാനും ഈ സാമ്പത്തിക വര്‍ഷം 100 കോടിയുടെ വിറ്റുവരവ് കടക്കുകയും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 4.69 കോടി രൂപയുടെ ലാഭം നേടുകയും ചെയ്‌തു.

പി എം എ വൈ (നഗരം) – ലൈഫ്

സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് സംസ്ഥാനത്ത് പി.എം.എ.വൈ(നഗരം)-ലൈഫ് നടപ്പാക്കുന്നത്. പാവപ്പെട്ടവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പദ്ധതിക്കായിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷ കാലയളവില്‍ സ്വന്തമായി ഭൂമിയുള്ള 69,912 ഗുണഭോക്താക്കള്‍ക്കാണ് വീടുകള്‍ നിര്‍മ്മിക്കാനുള്ള അംഗീകാരം ലഭ്യമാക്കിയത്. ഇതില്‍ മുന്‍കാലങ്ങളില്‍ അംഗീകാരം ലഭിച്ചതുള്‍പ്പെടെ 85,412 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനുമായി ചേർന്ന് പാര്‍പ്പിട സമുച്ചയങ്ങളും നിര്‍മ്മിച്ചു നൽകുന്നു. ഈ ഘടകത്തില്‍ ഉള്‍പ്പെടുത്തി 11 പാര്‍പ്പിട സമുച്ചയങ്ങളിലായി 970 പാര്‍പ്പിട യൂണിറ്റുകള്‍ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിക്കുകയും 530 യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്‌തു.

പ്രതിസന്ധികളില്‍ ചേര്‍ത്തുപിടിച്ച് കുടുംബശ്രീ

അധ്വാനത്തിലൂടെ ജീവിത പുരോഗതി കൈവരിച്ചതിനപ്പുറം പ്രതിസന്ധി ഘട്ടങ്ങളിൽ സഹജീവികള്‍ക്ക് താങ്ങും തണലുമാകാനും കുടുംബശ്രീ കൂട്ടായ്‌മ ഒപ്പമുണ്ടെന്നു തെളിയിച്ച നിരവധി അവസരങ്ങള്‍ക്കും കേരളം സാക്ഷിയായി. വയനാട് മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അതിജീവന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പിന്തുണ നൽകുന്നതിനായി കുടുംബശ്രീ നല്‍കിയത് 20,60,25,388 രൂപയാണ്.

2018ലും 2019ലും കേരളത്തെ ആകെയുലച്ച പ്രളയത്തിലും അതിനു ശേഷം വന്ന കോവിഡ് മഹാമാരിയിലും കുടുംബശ്രീ കേരളത്തിനൊപ്പം നിന്നു. പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്‌ടങ്ങൾ നേരിടേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്‌ത് നാടിനു തുണയാകാന്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് കുടുംബശ്രീ സഹോദരിമാര്‍ തെളിയിച്ചു. കോവിഡ് കാലത്ത് ജനകീയ ഹോട്ടൽ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയതിലൂടെ ഈ പെൺകൂട്ടായ്‌മ സമൂഹത്തിന് എല്ലാ കാലത്തും മികച്ച മാതൃകയായി.

കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ച് 26 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അധികാരക്കസേരയിലേക്ക് വരെ എത്താന്‍ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും അവര്‍ക്ക് ദൃശ്യത ലഭിച്ചുവെന്നത് ഏറെ അഭിമാനകരമാണ്. ത്രിതല പഞ്ചായത്തുകളില്‍ ഇന്ന് അധികാര സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുള്ള സ്ത്രീകളിലേറെയും കുടുംബശ്രീ വനിതകളാണ്. വ്യക്തിത്വത്തിന്റെയും കലാപരമായ കഴിവുകളുടെയും കൂടി വികസനമാണ് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുന്നത്. ആത്മാഭിമാനത്തോടെ മുന്നേറുന്ന സ്ത്രീകളുടെ ഈ സംഘടിത ശക്തി സമൂഹത്തിനാകെ പ്രതീക്ഷ നൽകുന്നതാണ്.