ലിംഗനീതി സംവാദങ്ങള്‍ ശക്തിപ്പെടട്ടെ

ലിംഗനീതി സംവാദങ്ങള്‍ ശക്തിപ്പെടട്ടെ
അഡ്വ പി സതീദേവി
ചെയർ പേഴ്‌സൺ, കേരള വനിതാ കമ്മിഷന്‍

സ്ത്രീയെ സഹജീവിയായി കാണുകയും ആ രീതിയില്‍ അംഗീകരിക്കുകയും ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അവരെ വെറും ഉപഭോഗ വസ്‌തുവായി കാണുന്ന സമീപനമാണ് സമൂഹത്തില്‍ പ്രകടമാകുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നതിന് പ്രധാന കാരണവും ഇതു തന്നെയാണ്. സാമൂഹിക മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. സ്ത്രീകള്‍ക്കെതിരായി ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളാണ് പലപ്പോഴും ആ വേദിയില്‍ നടക്കുന്നത്. അടുത്തിടെ ഒരു നടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർന്ന അധിക്ഷേപങ്ങള്‍ ഇക്കാര്യം അടിവരയിട്ടുറപ്പിക്കുകയാണ്. തീര്‍ത്തും സ്ത്രീവിരുദ്ധമായ കാഴ്‌ചപ്പാടുകളാണ് ഒരു കൂട്ടംപേർ വച്ചു പുലർത്തുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് മേൽക്കോയ്‌മ ലഭിക്കുകയും എതിർ ശബ്‌ദങ്ങൾ ഉയർന്നു വരാതിരിക്കുകയും ചെയ്യുന്നതോടെ സമൂഹം തന്നെ ഇവിടെ സ്ത്രീവിരുദ്ധ മനോഭാവക്കാരായി ചിത്രീകരിക്കപ്പെടുകയാണ്. ഒരു സ്ത്രീയെ സഹജീവിയായി കാണാനുള്ള മനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്വം യഥാര്‍ഥത്തില്‍ നമുക്കോരോരുത്തര്‍ക്കുമുണ്ട്. വീടുകള്‍ക്കകത്തും പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും ഈയൊരു മനോഭാവം വളർന്നു വരേണ്ടതുണ്ട്. ലിംഗനീതിയെന്ന കാഴ്‌ചപ്പാടിന് ശക്തിപകരുക എന്നതിനാണ് സംസ്ഥാന വനിതാ കമ്മിഷന്‍ ഊന്നൽ നൽകുന്നത്. തുല്യ നീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും വിദ്യാര്‍ഥി സമൂഹത്തില്‍ ഉള്‍പ്പെടെ ശക്തിപ്പെടേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

സ്ത്രീസംരക്ഷണ നിയമങ്ങളുടെ പ്രസക്തി

വനിതാ കമ്മിഷന്‍ എന്നത് ഒരു പുരുഷ വിദ്വേഷ സംവിധാനമാണെന്ന അബദ്ധജഡില കാഴ്‌ചപ്പാച് കുറച്ചുപേരിലെങ്കിലും നിലനിൽക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് പുരുഷ കമ്മിഷന്‍ വേണമെന്ന വാദം ചിലര്‍ ഉന്നയിക്കുന്നതിൽ തെളിയുന്നത്. വനിതാ കമ്മിഷന്‍ എന്നത് സ്‌ത്രീകളുടെ അവകാശങ്ങള്‍ പരിരക്ഷിക്കാനും സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതി വരുത്താനും അവരുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ശുപാര്‍ശ സര്‍ക്കാരിന് നല്‍കാനുമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനം മാത്രമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതകള്‍ ഇന്നും സമൂഹത്തില്‍ നിന്നും ദുരീകരിക്കപ്പെട്ടിട്ടില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. പുരുഷാധിപത്യപരമായ ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും അതിക്രമങ്ങളും വിവേചനങ്ങളും നടമാടുന്നുവെന്ന സാഹചര്യത്തിലാണ് സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമങ്ങളുടെ പ്രസക്തി നിലനിൽക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യയിലാണ് നിയമങ്ങള്‍ രാജ്യത്ത് ആദ്യമായി രൂപപ്പെട്ടുവന്നത്. ക്രിമിനല്‍ നടപടി നിയമവും ശിക്ഷാ നിയമവും തെളിവു നിയമവുമെല്ലാം ഉടലെടുത്തതും നീതിന്യായ കോടതികളുടെ ആവിര്‍ഭാവമുണ്ടായതും ബ്രിട്ടീഷ് ഇന്ത്യയിലാണ്. ശൈശവ വിവാഹങ്ങളും സതി പോലുള്ള ദുരാചാരങ്ങളുമെല്ലാം ഈ രാജ്യത്തെ സ്ത്രീകളെ കേവലം അടിമത്ത സമാനമായ ജീവിതത്തില്‍ തളച്ചിട്ടിരിക്കുന്നുവെന്ന് കണ്ടപ്പോഴാണ് കൊളോണിയല്‍ വാഴ്‌ചയുടെ കാലയളവില്‍ ബ്രിട്ടീഷ് ഭരണ സംവിധാനം ഇതിലിടപ്പെട്ടത്. തുടർന്ന് ശൈശവ വിവാഹം, സതി തുടങ്ങിയ അനാചാരങ്ങള്‍ നിരോധിക്കുവാന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ പാസാക്കുകയും എതിര്‍പ്പുകളെ മറികടന്ന് അവ നടപ്പിലാക്കുകയും ചെയ്‌തു. അടിമ സമാനമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് പടിപടിയായ മാറ്റങ്ങളുണ്ടാക്കാന്‍ നിയമ നിര്‍മ്മാണങ്ങളിലൂടെ ഒരു പരിധിവരെ കഴിഞ്ഞിട്ടുമുണ്ട്.

സ്വാതന്ത്ര്യാനന്തരം സ്ത്രീ സുരക്ഷ

മനുഷ്യനില്‍ സ്വാതന്ത്ര്യബോധം ഉണ്ടാക്കുന്നതിനും ദുരാചാരങ്ങളിൽ നിന്നും മോചനം നേടുന്നതിനും ഇടയായത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കാലയളവിലാണ്. സ്വാതന്ത്ര്യലബ്‌ധിയുടെ കാലയളവാകുമ്പോഴേക്കും രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തുന്നതിനുള്ള സാഹചര്യവുമുണ്ടായി. ഭരണഘടന നിര്‍മ്മാണ സഭയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് ഭരണഘടനയുടെ അന്തിമ രൂപമുണ്ടായത്. ലോകത്ത് എഴുതിത്തയ്യാറാക്കപ്പെട്ട ഭരണഘടനകളുടെ കൂട്ടത്തിൽ ഏറ്റവും ബൃഹത്തായ മഹത്തായ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന എന്ന് നമ്മള്‍ അഭിമാനിക്കാറുണ്ട്. ഭരണഘടനയില്‍ ഉൾച്ചേർന്നിട്ടുള്ള മഹത്തായ മൂല്യങ്ങള്‍ ചോർന്നു പോകാതെ, പരിരക്ഷിച്ചു കൊണ്ടു മാത്രമേ നമ്മുടെ രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും ലിംഗനീതിയുമൊക്കെ കൈവരിക്കാന്‍ കഴിയുകയുള്ളൂ.

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 തുല്യതയ്ക്കുള്ള അവകാശം പ്രദാനം ചെയ്യുന്നതാണ്. തുല്യതയ്ക്കുള്ള ഈ അവകാശം പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുമ്പോള്‍ സമൂഹത്തില്‍ നടമാടുന്ന വിവിധ തരത്തിലുള്ള അസമത്വങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ ഭരണഘടന നിര്‍മ്മാണ സഭയ്ക്കും ഭരണഘടന ശിൽപികൾക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുല്യതയ്ക്കുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചതിനു ശേഷം ഭരണഘടനയുടെ അനുച്ഛേദം 15 ല്‍ വീണ്ടും ആവര്‍ത്തിച്ച് ഒരു തരത്തിലുള്ള വിവേചനവും പൗരന്‍മാര്‍ക്കിടയില്‍ പാടില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടേയോ വേഷത്തിന്റെയോ ലിംഗ വ്യത്യാസത്തിന്റെയോ ഒന്നും അടിസ്ഥാനത്തില്‍ ഒരു തരത്തിലുമുള്ള വിവേചനവും പൗരന്‍മാര്‍ക്കിടയില്‍ പാടില്ലായെന്ന് പ്രഖ്യാപിച്ചതിനു ശേഷം അനുച്ഛേദം 15ല്‍ മൂന്നാമതൊരു അനുഛേദം എഴുതി ചേര്‍ത്തു. ഏതെങ്കിലും തരത്തില്‍ വിവേചനം നേരിടുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ വേണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കിൽ അവരെ പരിരക്ഷിക്കുന്നതിനും വേണ്ടിയിട്ടുള്ള നിയമ നിര്‍മ്മാണം നടത്തുന്നതിന് നിയമസഭകള്‍ക്കും പാര്‍ലമെന്റിനും അധികാരം കൊടുത്തു കൊണ്ടുള്ള ഒരു വ്യവസ്ഥ കൂടി ഭരണഘടനയുടെ അനുച്ഛേദം 15(3)ല്‍ ഉൾച്ചേർക്കപ്പെട്ടു. അതിന്റെ ഭാഗമായിട്ടാണ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനായിട്ടുള്ള നിരവധി നിയമ നിര്‍മ്മാണങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്നിട്ടുള്ളത്.

ഭരണഘടനാനുസൃതം ഈ കമ്മിഷന്‍

ഭരണഘടനയുടെ അനുച്ഛേദം 15 (3)ന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് 1990 ല്‍ ആദ്യം ദേശീയ തലത്തിലും തുടർന്ന് സംസ്ഥാന തലങ്ങളിലും വനിതാ കമ്മിഷനുകള്‍ നിലവില്‍ വന്നത്. കേരളത്തില്‍ 1990 ല്‍ അന്നത്തെ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ആര്‍. ഗൗരിയമ്മ, ജസ്റ്റിസ് വി. ആര്‍. കൃഷ്‌ണയ്യർ, ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരള വനിതാ കമ്മിഷന്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. 1990ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ച ബില്‍ 1995 സെപ്‌‍തംബർ 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പാസായത്. ഭരണഘടനാനുസൃതമായി, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ദേശീയ തലത്തിലും എല്ലാ സംസ്ഥാനങ്ങളിലും രൂപവൽക്കരിക്കപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മിഷനുകള്‍ എന്ന് ഇന്നത് വ്യക്തമാക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന ഏതുതരം അതിക്രമങ്ങള്‍ക്കെതിരെയും അന്വേഷണം നടത്തുകയും തീരുമാനം കൈക്കൊള്ളലും, സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളിലും ഡയറക്‌ടർ അന്വേഷണം നടത്തുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും, ഭരണഘടനയില്‍ പ്രതിപാദിക്കുന്ന സമത്വത്തിനുള്ള അവകാശത്തെ ബാധിക്കുന്ന തരത്തില്‍ നിലവിലുള്ള നിയമങ്ങളുടെ കുറവുകളും പോരായ്‌മകളും പരിഹരിക്കുവാന്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുക, അത്തരം നിയമങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തുവാന്‍ സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുക, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷനിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും തുല്യത ഉറപ്പു വരുത്തുന്നതിനായി നിയമനത്തെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്‌മമായി പരിശോധിക്കുകയും ഭേദഗതികള്‍ ആവശ്യമെങ്കിൽ വേണ്ടമാറ്റം വരുത്തുവാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുക തുടങ്ങിയവയാണ് കമ്മിഷന്റെ പ്രധാന കര്‍ത്തവ്യങ്ങള്‍.

നടപടി പുരുഷനെതിരെ മാത്രമല്ല

സമൂഹത്തില്‍ വിവേചനം നേരിടുന്ന സ്ത്രീകള്‍ക്ക് ഭരണഘടന നൽകുന്ന നിയമ പരിരക്ഷയുടെ ഭാഗമായി രൂപവൽക്കരിക്കപ്പെട്ട സംവിധാനമാണ് വനിതാ കമ്മിഷനുകള്‍. പുരുഷന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ കമ്മിഷനുകള്‍ രൂപവൽക്കരിക്കപ്പെട്ടത് എന്നർഥം. സ്ത്രീകളുടെ സാമൂഹിക പുരോഗതിയും ലിംഗസമത്വം ഉറപ്പാക്കുകയും എന്നാൽ പുരുഷനെ വെല്ലുവിളിക്കുകയെന്നല്ല അര്‍ഥം. പുരുഷന്‍മാരുടെ സ്വാതന്ത്ര്യം തടയുകയല്ല, മറിച്ച് സ്ത്രീകളോട് അവര്‍ കാണിക്കുന്ന ദു:സ്വാതന്ത്യം അനുവദിക്കാതിരിക്കുക എന്നത് കമ്മിഷന്റെ പല ലക്ഷ്യങ്ങളില്‍ ഒന്നുമാത്രം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ പ്രവൃത്തികളിലൂടെ ഉടലെടുക്കുന്ന നിയമ നടപടികള്‍ക്ക് വിധേയരാവുന്നത് പുരുഷന്‍മാര്‍ മാത്രമല്ലെന്നതും തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ജോലി സ്ഥലത്തെ ചൂഷണം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ പലപ്പോഴും പ്രതിസ്ഥാനത്ത് വരുന്നത് സ്‌ത്രീകൾ തന്നെയാണ്. അവര്‍ക്കെതിരേയും ശക്തമായ നിലപാടാണ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കൈക്കൊള്ളുന്നത് എന്ന കാര്യം മറക്കരുത്.

പുരുഷ കമ്മിഷന്‍ വാദഗതിക്കാര്‍ ആരാണ്

പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി അടുത്തിടെ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആ ഹര്‍ജി ഫയലില്‍ സ്വീകരിക്കുക പോലും ചെയ്യില്ലെന്ന വാര്‍ത്തകള്‍ അടുത്തിടെ വായിച്ചുകാണും. നിയമപരമായി തന്നെ യാതൊരു നിലനില്‍പ്പുമില്ലാത്ത വാദമാണ് പുരുഷകമ്മിഷന്‍ എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഇനി പുരുഷകമ്മിഷന്‍ വാദക്കാരെ ശ്രദ്ധിക്കാം. സംസ്ഥാനത്ത് വിവാദമാകുന്ന സ്ത്രീപീഡന കേസുകള്‍ ഉടലെടുക്കുമ്പോള്‍ മാത്രം രംഗത്തു വരുന്ന ഒരു വിഭാഗത്തെയാണ് പ്രധാനമായും പുരുഷകമ്മിഷന്‍ വാദികള്‍ക്കിടയില്‍ കാണാനാവുക. ലൈംഗിക പീഡന കേസുകളില്‍ പ്രതികളാകുന്നവർക്ക് മാത്രമേ ഇവരുടെ സുരക്ഷ ലഭിക്കുകയുള്ളോ? സ്ത്രീകള്‍ക്ക് എല്ലാ തലത്തിലും സുരക്ഷയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതുപോലെ പുരുഷന്‍മാര്‍ക്കും അത് വേണ്ടതില്ലെന്നാണോ? പുരുഷകമ്മിഷന്‍ വാദക്കാര്‍ യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നതെന്താണ് എന്ന് അവര്‍ക്കു പോലും ഉറപ്പുള്ളതായി കാണുന്നില്ല.

ഒരാള്‍ക്കുള്ള പരിരക്ഷ മറ്റൊരാള്‍ക്കെതിരല്ല

രാജ്യത്ത് വര്‍ഗ ജനവിഭാഗങ്ങള്‍ക്ക്, ചൂഷണങ്ങള്‍ക്ക് ഇരകളാകുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ കൊടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള നിയമങ്ങള്‍ ഒന്നും മറ്റേതെങ്കിലും ഒരു വിഭാഗത്തിനെതിരല്ല. സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നിയമങ്ങള്‍ സ്ത്രീകളുടെ പരിരക്ഷ ലക്ഷ്യമിട്ടുള്ളത് മാത്രമാണ്. സ്‌ത്രീ വിരുദ്ധമായിട്ടുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്നവർക്കെതിരെ ഉപയോഗിക്കാനുള്ളതാണ് സ്ത്രീപക്ഷ നിയമങ്ങള്‍. രാജ്യത്ത് ഇന്ന് നിലവിലുള്ള സ്ത്രീപക്ഷ നിയമങ്ങള്‍ക്കും സ്ത്രീ സുരക്ഷാ നിയമങ്ങള്‍ക്കും സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്കും എല്ലാം പ്രാധാന്യം ഏറി വരുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് – ഈ നിയമങ്ങള്‍ സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുവര്‍ക്കെതിരെ ഉള്ളതാണ്, അത് പുരുഷന്മാര്‍ മാത്രമല്ല സ്ത്രീവിരുദ്ധമായ സമീപനം സ്വീകരിക്കുന്ന ആരുമാകാം.

പലപ്പോഴും ഗാര്‍ഹിക പീഡന സംരക്ഷണ നിയമം, ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീയെ സംരക്ഷിക്കുന്ന നിയമം, സ്ത്രീധന നിരോധന നിയമം… എന്തിനധികം പെൺ വാണിഭത്തിനെതിരായിട്ടുള്ള നിയമങ്ങളുടെ ഭാഗമായിട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഉള്‍പ്പെടെ പലപ്പോഴും സ്ത്രീകള്‍ തന്നെ പ്രതി സ്ഥാനത്ത് വരുന്ന അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീധന പീഡനക്കേസുകളിലും എല്ലാം പ്രതിസ്ഥാനത്ത് വരുന്നതിൽ നല്ലൊരു ശതമാനം സ്ത്രീകളാണ്. ഇത് സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ കാട്ടുന്നവർക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളാണ്. അതിനാല്‍ രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ യഥായോഗം നടപ്പില്‍ വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് സമൂഹത്തിന് ഉത്തരവാദിത്വമുള്ളത്.