കവര്‍‌സ്റ്റോറി

സ്ത്രീസൗഹൃദ ലിംഗസമത്വ കേരളത്തിനായി

സ്ത്രീസൗഹൃദ ലിംഗസമത്വ കേരളത്തിനായി

1. മാളുകള്‍, വസ്‌ത്ര വിൽപന കേന്ദ്രങ്ങള്‍ എന്നിങ്ങനെ തൊഴിലിടങ്ങളില്‍ ഇരിക്കുന്നതിനുള്ള അവകാശം

വനിതകളായ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കുന്നതിനുള്ള അവകാശം ഉള്‍പ്പെടുത്തി ഷോപ്‌സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്‌ട് ഭേദഗതി ചെയ്‌തത് ചരിത്രപരമായ നടപടിയായിരുന്നു. (2018ലെ നിയമ ഭേദഗതി വകുപ്പ് 21 ബി) അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു.

2. ലിംഗ വ്യത്യാസമില്ലാതെ അധ്യാപകര്‍ക്ക് ഇഷ്‌ടമുള്ള, മാന്യമായ ഏതു വസ്ത്രവും ധരിക്കുന്നതിന് അവകാശം

തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപനമേധാവികളും മാനേജ്മെന്റുകളും അടിച്ചേൽപിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് 2021ല്‍ ഉത്തരവിറങ്ങിയത്.

3. സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി

സര്‍വകലാശാലകളിലും ഐടിഐകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് ആര്‍ത്തവ ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായി വലിയ രീതിയില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് പരിഗണിച്ച് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി.

4. സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും 18 വയസു കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2023 ജനുവരിയിലാണ് വിദ്യാര്‍ഥിനികളുടെ ഉന്നത വിദ്യാഭ്യാസം തുടരാന്‍ സഹായകമായ ഈ ഉത്തരവിറങ്ങുന്നത്.

ഒരു വിദ്യാർഥിനിക്ക് പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാണ്. ഇത് ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനം ആക്കി വിദ്യാര്‍ഥിനികള്‍ക്ക് അനുവദിക്കുകയാണ് ചെയ്‌തത്. കുസാറ്റ് തുടങ്ങിവെച്ച നടപടി എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

18 വയസു കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി 60 ദിവസം പ്രസവാവധിയാണ് അനുവദിച്ചത്. ആദ്യത്തെയോ രണ്ടാമത്തെയോ പ്രസവത്തിനേ അവധി ലഭിക്കൂ. ഒരു കോഴ്‌സിൽ ഒറ്റ തവണ മാത്രമേ അവധി അനുവദിക്കൂ. ഇതിനാവശ്യമായ ഭേദഗതി സര്‍വകലാശാല ചട്ടങ്ങളിൽ വരുത്തി.

5. സംസ്ഥാനത്ത് ആദ്യമായി ലിംഗപദവി ബജറ്റ്

പ്രത്യേക രേഖയായി വകുപ്പുകളിലുടനീളം പെൺകുട്ടികൾക്കും സ്ത്രീകള്‍ക്കും വേണ്ടി അടയാളപ്പെടുത്തിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി 2017-18 ലാണ് സംസ്ഥാനത്ത് ആദ്യമായി ലിംഗപദവി ബജറ്റ് അവതരിപ്പിച്ചത്. 2022-23-ല്‍ സ്ത്രീകളുടെ നിർദ്ദിഷ്‌ട പദ്ധതികള്‍ക്കായി (പാർട് എ) 1,619.82 കോടി രൂപയും (7.26 ശതമാനം) പാർട് ബി യില്‍ ഘടക പദ്ധതികള്‍ക്കായി 3,045.38 കോടി രൂപയും (13.64 ശതമാനം) സ്ത്രീകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി ആകെ 4665.20 കോടി രൂപ വകയിരുത്തിയിട്ടുള്ളത് മൊത്തം അടങ്കലിന്റെ 20.90 ശതമാനമാണ്. ഈ തുകയില്‍ 5.0 കോടി രൂപ ട്രാൻസ്‌ജെൻഡറുകൾക്കായുള്ള പദ്ധതിയായ ‘മഴവില്ല്’ നാണ് അനുവദിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4,670.22 കോടി രൂപയാണ് സംസ്ഥാനത്തെ ജെന്‍ഡര്‍ ബജറ്റിങ്ങിന്റെ ആകെ അടങ്കല്‍. 2021-22 ലെ 19.54 ശതമാനം (?4,025.4 കോടി) ല്‍ നിന്ന് സ്ത്രീകള്‍ക്കുള്ള വിഹിതം മൊത്തം പദ്ധതി വിഹിതത്തിന്റെ 21.12 ശതമാനം എന്ന ഉയർന്ന തലത്തിലെത്തി. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റിനെ യു.എന്‍.വിമൺ കഴിഞ്ഞ വര്‍ഷം അഭിനന്ദിച്ചിരുന്നു.

6. പോലീസ് ഉദ്യോഗസ്ഥനല്ല, പോലീസ് സേനാംഗം

ലിംഗവിവേചനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ പാസിങ്ങ് ഔട്ട് പരേഡിലെ പ്രതിജ്ഞാ വാചകത്തില്‍ മാറ്റം വരുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്നിൽ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നു സര്‍വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം ഒരു പോലീസ് സേനാംഗമെന്ന നിലയില്‍ എന്നാണ് മാറ്റം വരുത്തിയത്.

7. ചരിത്രത്തിലാദ്യമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വനിത ഓഫീസര്‍മാരുടെ നിയമനം

അഗ്‌നിരക്ഷാ സേനയില്‍ ആദ്യമായി വനിതാ ഓഫീസര്‍മാര്‍ 2024ലെ സാര്‍വദേശിക വനിതാദിനം കേരളത്തിന് സവിശേഷാനുഭവമായി. വനിതകള്‍ക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ല എന്ന് തെളിയിച്ചു കൊണ്ട് സംസ്ഥാന ചരിത്രത്തിലാദ്യമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വനിത ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡും അന്നു നടന്നു. ചരിത്രത്തിലെ സുവര്‍ണ നിമിഷമാണിതെന്നാണ് പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. 82 വനിതകളടങ്ങുന്ന ആദ്യ ബാച്ചാണ് സേനയുടെ ഭാഗമായത്.

8. അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് പാഠപുസ്‌തകം

കുട്ടികളിൽ ചെറുപ്രായം മുതല്‍ തന്നെ ലിംഗസമത്വത്തിന്റെ പ്രാധാന്യവും അവബോധവും നല്‍കാനുള്ള പദ്ധതി. അങ്കണവാടികളിലെ പഠന സാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കി. ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ അങ്കണപ്പൂമഴ എന്ന പുതിയ പാഠപുസ്‌തകം ഇറക്കി.