ആത്മവിശ്വാസത്തോടെ സ്ത്രീപക്ഷ കേരളത്തിലേക്ക്
ആത്മവിശ്വാസത്തോടെ സ്ത്രീപക്ഷ കേരളത്തിലേക്ക്
വീണാ ജോര്‍ജ്
ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി
സമൂഹത്തില്‍ ഏറ്റവും കരുതലും പിന്തുണയും ആവശ്യമുള്ള വിഭാഗമാണ് സ്ത്രീകളും കുട്ടികളും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും വികസനവും ഉറപ്പു വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് രൂപവല്രിച്ചത്. വകുപ്പ് രൂപവല്‍ക്കൃതമായി കുറഞ്ഞ കാലം കൊണ്ട് ക്ഷേമകരമായ വിവിധ പദ്ധതികളാണ് വനിത ശിശു വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ, കുട്ടികളുടെ ക്ഷേമം, സുരക്ഷിതത്വം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ ജീവിത നിലവാരവും സുരക്ഷിതത്വവും തൊഴില്‍ സുരക്ഷയും ഉറപ്പാക്കാനായി ഒട്ടേറെ നടപടികള്‍ വനിതാ ശിശു വികസന വകുപ്പ് കൈക്കൊണ്ടു. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പൊതു സമൂഹത്തില്‍ നിന്നും വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്നത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ്ങ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരം സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ലഭിച്ചു. സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി വായ്പ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും അനുമതിയുള്ള ഏജന്‍സി എന്ന നിലയിലാണ് പുരസ്കാരം. ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അംഗീകാരം ലഭിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോര്പ്പറേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് 340 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണത്തിലൂടെ 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് പരിശ്രമിക്കുന്നത്.
സംരംഭകത്വ വികസനം
സ്ത്രീപക്ഷ ഉന്നമനത്തിനായി നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ വനിതകളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നു. അതില്‍ ഏറ്റവും പ്രധാനുപ്പെട്ട ഒന്നാണ് സംരംഭകത്വ വികസന പരിപാടികള്‍. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വനിതാ വികസന കോര്പ്പറേഷന് മുഖേന കഴിഞ്ഞ നാലു വര്‍ഷത്തില്‍ 40,000 ല്‍ അധികം വനിതാ സംരംഭങ്ങള്‍ തുടങ്ങി. ഇതിലൂടെ രണ്ടു ലക്ഷത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2000 ഓളം സ്ത്രീകള്‍ക്കും 75 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരംഭകത്വ പരിശീലനം നല്കാന് കഴിഞ്ഞു.
സുരക്ഷിത തൊഴില്‍
സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനായി നടപടി സ്വീകരിച്ചു. 2013-ലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് (POSH Act, The Sexual Harassment of Women at Workplace Prevention. Prohibition and Redressal Act.2013) നിലവിൽ വന്നത്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചത്.
ആ ഘട്ടത്തിൽ ആയിരത്തോളം സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു നിയമ പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. 2024 ആഗസ്റ്റില്‍ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ക്യാമ്പയിന് ആരംഭിച്ചു. എന്നാലിപ്പോൾ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 17,600 ആയി ഉയർന്നു. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും നിയമ പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീവല്രിക്കേണ്ടതുണ്ട്. 2025 മാര്‍ച്ച് എട്ടോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഐ.സി. കമ്മിറ്റികളുള്ള സംസ്ഥാനമായി കേരളം മാറും. ഇതിനോടൊപ്പം ഐ.ടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിനും കുട്ടികളെ സാമൂഹിക ക്രമവുമായി പുനഃ സംയോജിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീം കോടതി അഭിനന്ദിച്ചു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ യു.എന്‍ വിമണും അഭിനന്ദിച്ചിരുന്നു. വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രാപ്തരാക്കാൻ ഡിജിറ്റല്‍ പാഠശാല പദ്ധതി, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള റീ സ്കില്ലിങ്ങ് പ്രോഗ്രാം, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരിശീലനം, വിദേശത്ത് പോകുന്ന നേഴ്സുമാര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പരിപാടി തുടങ്ങിയവ നടപ്പിലാക്കി.
സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ പോർട്ടൽ സജ്ജമാക്കി. വിവാഹ പൂര്‍വ കൗൺസിലിങ്ങ് ആരംഭിച്ചു. ബാല്യ കാലത്തില്‍ തന്നെ പെൺകുട്ടികളിൽ ആത്മ വിശ്വാസവും ധൈര്യവും വളര്‍ത്താന്‍ ധീര പദ്ധതി നടപ്പിലാക്കി. പുതിയ നിര്‍ഭയ നയം കൊണ്ടു വന്നു. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി വന മിത്ര വനിതാ ശാക്തീകരണ പദ്ധതി നടപ്പാക്കി.
സ്ത്രീകളുടെ ആരോഗ്യവും പ്രധാനം
സ്ത്രീകളുടെ ആരോഗ്യത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നൽകുന്നു. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന് ആരംഭിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനില്‍ ആദ്യ ഒരു മാസം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 വരെയാണ് ഈ ക്യാമ്പയിന്. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗര്‍ഭാശയഗളാര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നിവയ്ക്ക് സ്ക്രീനിങ്ങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവർത്തകർ, സംഘടനകള്‍, പൊതു സമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ആഗോള തലത്തില്‍ റിപ്പോർട്ട് ചെയ്യുന്ന ആകെ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാർബുദം (11.5%). ഇന്ത്യയിലാകട്ടെ ആകെ കാന്‍സറുകളില്‍ ഒന്നാമതാണ് സ്തനാർബുദം (13.5%). അതേ സമയം സ്ത്രീകളിലെ കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. കാന്‍സര്‍ പലപ്പോഴും വളരെ താമസിച്ചു മാത്രമാണ് കണ്ടെത്തുന്നത്. അതിനാല്‍ സങ്കീര്‍ണതകളും കൂടുതലാണ്. സ്തനാർബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. അതിനാല്‍ എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളിലെത്തി കാന്‍സര്‍ ഇല്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്യാമ്പെയ്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്ക്രീനിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്ക്രീനിങ്ങ് ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. എല്ലാവരും ഈ സ്ക്രീനിങ്ങില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ആരോഗ്യവും സുരക്ഷിതത്വവും ആത്മ വിശ്വാസവുമുള്ള സ്ത്രീകളാണ് പുരോഗമന നിലപാടുള്ള ഏതൊരു നാടിന്റെയും അടയാളം. ആ ലക്ഷ്യത്തിലേക്ക് രാജ്യത്തിന് മാതൃകയായി മുന്നേറുകയാണ് കേരളം. എല്ലാവരും ഒപ്പം ഉണ്ടാകണം.
