ബഹിരാകാശ സമ്പദ്‌വ്യവസ്ഥയും വ്യോമയാന ഹബ്ബും

സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12

ബജറ്റ് 2026-27>>ഡോ. സുനിൽ മാണി
വിസിറ്റിങ് പ്രൊഫസർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് & അഹമ്മദാബാദ് സർവകലാശാല

പുതുയുഗ കേരളം എന്ന ആശയത്തെ സാങ്കേതികവിദ്യാധിഷ്ഠിത വികസന മാതൃകയിലേക്ക് നയിക്കുന്നതിൽ പുതുക്കിയ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രാപ്തമാണ് . ബഹിരാകാശ സേവനങ്ങൾ, വ്യോമയാന ലോജിസ്റ്റിക്സ്, ഉയർന്ന സാങ്കേതിക നവീകരണം എന്നിവയുടെ വളർന്നുവരുന്ന കേന്ദ്രമായി കേരളത്തെ മാറ്റാൻ ശേഷിയുള്ളവയാണ് അവ

കേരള സർക്കാരിന്റെ പുതിയ ബജറ്റ് വൈജ്ഞാനിക മേഖലകളിലേക്കുള്ള നയപരമായ മാറ്റത്തിന്റെ തെളിവാണ്. തുറമുഖ-സമുദ്ര വികസനത്തിനായി 400 കോടി വകയിരുത്തിയ ‘മിഷൻ സമുദ്ര’ പോലുള്ള ശ്രദ്ധേയ പദ്ധതിക്കൊപ്പം, ബഹിരാകാശ സമ്പദ് വ്യവസ്ഥയിലും വ്യോമയാന ലോജിസ്റ്റിക്സിലും കേരളത്തെ പ്രധാന പങ്കാളിയാക്കി മാറ്റാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിനായി 200 കോടി രൂപയും ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കും കേരള സ്പേസ് പാർക്കിനുമായി അഞ്ച് കോടി രൂപയും പ്രവർത്തനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി, ടൂറിസം, പ്രവാസി വരുമാനം തുടങ്ങിയ പരമ്പരാഗത മേഖലകൾക്കപ്പുറം ഉയർന്ന സാങ്കേതിക വ്യവസായങ്ങളിലാണ് ഭാവി വളർച്ചയുടെ അടിത്തറയെന്ന് സർക്കാർ അംഗീകരിച്ചതിന് തെളിവാണിത്.

ഈ പ്രഖ്യാപനങ്ങൾ സമയോചിതമാണ്. സ്വകാര്യ കമ്പനികൾ ഉപഗ്രഹനിർമ്മാണം, വിക്ഷേപണ സേവനങ്ങൾ, ഭൂനിരീക്ഷണം, അനുബന്ധസേവനങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിച്ചതോടെ ഇന്ത്യയുടെ ബഹിരാകാശ മേഖല വേഗത്തിൽ മാറ്റത്തിന് വിധേയമായി.

ഇൻ സ്പേസും വിവിധ നയ പരിഷ്‌കരണങ്ങളും വഴി ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ വിഹിതം ഗണ്യമായി വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. തിരുവനന്തപുരം ആസ്ഥാനമായുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സ്സെന്റർ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുൾപ്പെടുന്ന ഐഎസ്ആർഒയുടെ ശക്തമായ സാന്നിധ്യമാണ് കേരളത്തിന്റെ പ്രധാന നേട്ടം. സംയോജിത പ്രതിരോധ വ്യവസായ പാർക്ക്, പ്രൊപ്പൽഷൻ സംവിധാനങ്ങൾ, നിയന്ത്രണ സാങ്കേതികവിദ്യാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന എയ്റോസ്പേസ് പ്രതിരോധ ക്ലസ്റ്ററുകൾ വികസിപ്പിക്കാനുള്ള കേരള സ്പേസ് പാർക്കിന്റെ പദ്ധതികൾ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിർമ്മാണമേഖലയെ ശക്തിപ്പെടുത്താനും സഹായിക്കും.

വ്യോമയാന മേഖലയിലെ സാധ്യതകളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തുള്ളതിനേക്കാൾ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേരളത്തിനുണ്ട് – നാലെണ്ണം. വലിയ പ്രവാസി സമൂഹം, ശക്തമായ ടൂറിസം മേഖല, ഗൾഫ് വിപണികളോടുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം എന്നിവയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഓവർഹോൾ സൗകര്യങ്ങൾ, പൈലറ്റ് പരിശീലന-സിമുലേഷൻ കേന്ദ്രങ്ങൾ, ഡി ജി സി എ മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യോമയാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവള കേന്ദ്രീകൃത സാമ്പത്തിക മേഖലകൾ , ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. അടുത്ത ദശകത്തിൽ ഇന്ത്യയിലെ വ്യോമയാന മേഖലയിലുണ്ടാകുന്ന വൻ വളർച്ചയുമായി ഈ ലക്ഷ്യങ്ങൾ ചേർന്നുനിൽക്കുന്നുണ്ട്.

 സാധ്യതകൾ / പ്രതിസന്ധികൾ
വ്യോമയാന മേഖലയ്ക്കായി അനുവദിച്ച 200 കോടി രൂപ ആദ്യഘട്ടത്തിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും പ്രാരംഭ പദ്ധതികൾ നടപ്പിലാക്കുന്നതിനും സഹായകമാണ്. എന്നാൽ എം ആർ ഒ കേന്ദ്രങ്ങൾ, പരിശീലന ഹബ്ബുകൾ, വ്യവസായ പാർക്കുകൾ എന്നിവ വലിയ മൂലധനം ആവശ്യമായ പദ്ധതികളാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരും.

ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്കും കേരള സ്പേസ് പാർക്കിനുമായി അനുവദിച്ച 5 കോടി രൂപ ഈ രംഗത്തുള്ള സർക്കാരിന്റെ താൽപര്യം വ്യക്തമാക്കുന്നുണ്ട്. പരീക്ഷണശാലകൾ, ക്ലീൻ റൂമുകൾ, നിർമ്മാണ യൂണിറ്റുകൾ, ഇൻകുബേഷൻ സൗകര്യങ്ങൾ, റിസ്‌ക് ക്യാപിറ്റൽ എന്നിവയ്ക്കുള്ള ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തുക പരിമിതമാണെങ്കിലും ഇത് ഒന്നാംഘട്ടമായി പരിഗണിക്കാവുന്നതാണ്.

ഈ പദ്ധതികളുടെ വിജയസാധ്യത വളരെ വലുതാണ്. പല സംസ്ഥാനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ആദ്യം മുതൽ
സൃഷ്ടിക്കേണ്ട സാഹചര്യത്തിലാണെങ്കിലും, കേരളത്തിൽ ലോകോത്തര ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും നൈപുണ്യമുള്ള എഞ്ചിനീയറിങ് മനുഷ്യവിഭവശേഷിയും ശക്തമായ ഉന്നത വിദ്യാഭ്യാസ സംവിധാനവും വികസിത വിമാനത്താവള അടിസ്ഥാന സൗകര്യവും നിലവിലുണ്ട്. ഭൂമി വിനിയോഗം, നിക്ഷേപ സൗഹൃദ അന്തരീക്ഷം, സിംഗിൾ-വിൻഡോ ക്ലിയറൻസ് സംവിധാനം എന്നിവ പോലുള്ള ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ വ്യവസായ വികസനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും.

എന്നിരുന്നാലും, ബഹിരാകാശ ഹബ്ബ് വികസിപ്പിക്കാനുള്ള കേരളത്തിന്റെ മുൻകാല ശ്രമങ്ങളുടെ അനുഭവം പ്രതീക്ഷയ്‌ക്കൊപ്പം ജാഗ്രതയും ആവശ്യപ്പെടുന്നു. കേരള സ്പേസ് പാർക്കിന്റെ രൂപീകരണം, ടെക്നോസിറ്റിയിലെ സ്പേസ് പാർക്ക് പദ്ധതിയുടെ ആരംഭം, എയ്റോസ്പേസ് പ്രതിരോധ നിർമ്മാണ ക്ലസ്റ്ററുകൾക്കായി ഭൂമി കണ്ടെത്തൽ എന്നിവ വെറും പ്രഖ്യാപനത്തിനപ്പുറത്തേക്ക് നീങ്ങുകയും ബഹിരാകാശ സമ്പദ്വ്യവസ്ഥയ്ക്കാവശ്യമായ അടിസ്ഥാന ഭൗതികസൗകര്യങ്ങൾ സൃഷ്ടിക്കാൻ സഹായകമാവുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുമായുള്ള കേരളത്തിന്റെ ദീർഘകാലബന്ധത്തെ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുകളാണ് ഇവ. ഐഎസ്ആർഒ കേന്ദ്രങ്ങൾ, ഐ ഐ എസ് ടി, ഉയർന്ന നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നീ അനുകൂല ഘടകങ്ങൾ കേരളത്തിനുണ്ടെങ്കിലും തുടർച്ചയായ നിർമ്മാണ പുരോഗതി, സമയബന്ധിതമായ അടിസ്ഥാന സൗകര്യവികസനം, ഫലപ്രദമായ നയപിന്തുണ, വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവ് എന്നിവയെ ആശ്രയിച്ചായിരിക്കും പുതിയ ബജറ്റ് നിർദ്ദേശങ്ങളുടെ ഫലപ്രാപ്തി.

അതേസമയം, ബഹിരാകാശ മേഖലയിലേക്കുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരം കേരളം നേരിടുന്നുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പുകൾ, വിതരണക്കാർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ശക്തമായ ശൃംഖലയോടെ കർണാടക ഇന്ത്യയിലെ മുൻനിര ബഹിരാകാശ നവീകരണ കേന്ദ്രമായി മാറിയിട്ടുണ്ട്. തമിഴ്നാട് എയ്റോസ്പേസ് നിർമ്മാണത്തിലും വ്യവസായ ഇടനാഴികളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയോടുള്ള സമീപ്യം പ്രയോജനപ്പെടുത്തി എയ്റോസ്പേസ് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

അതിനാൽ, വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേരളത്തിന് മത്സരിക്കാനാവില്ല. എന്നിരുന്നാലും, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ, വിക്ഷേപണ വാഹന എഞ്ചിനീയറിങ്, പ്രത്യേക നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവയിൽ സംസ്ഥാനത്തിന് തനതായ നേട്ടങ്ങളുണ്ട്. വി എസ് എസ് സി , എൽ പി എസ് സി , ഐ ഐ എസ് ടി എന്നിവയുടെ സാന്നിധ്യം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും, കേരള സ്പേസ് പാർക്ക് പദ്ധതിയുടെ വികസനം വേഗത്തിലാക്കുകയും, പൊതുപരീക്ഷണ-സർട്ടിഫിക്കേഷൻ സൗകര്യങ്ങൾ സൃഷ്ടിക്കുകയും, പ്രൊപ്പൽഷൻ സംവിധാനങ്ങൾ, നിയന്ത്രണ സാങ്കേതികവിദ്യകൾ, ഉപഗ്രഹ നിർമ്മാണം എന്നിവയിലെ പ്രമുഖ കമ്പനികളെ ആകർഷിക്കുകയും ചെയ്താൽ, ഇന്ത്യയുടെ വിശാലമായ ബഹിരാകാശ പരിസ്ഥിതിക്കുള്ളിൽ കേരളത്തിന് ഒരു പ്രത്യേക സ്ഥാനം നേടാനാകും.

ബെംഗളൂരുവിന്റെ സ്റ്റാർട്ടപ്പ് മാതൃകയെയോ തമിഴ്നാടിന്റെ നിർമ്മാണ വലിപ്പത്തെയോ അനുകരിക്കുന്നതിനുപകരം, പ്രൊപ്പൽഷൻ സംവിധാനങ്ങൾ, ഉയർന്ന നിലവാരത്തിലുള്ള എയ്റോസ്പേസ് എഞ്ചിനീയറിങ്, പ്രത്യേക ബഹിരാകാശ നിർമ്മാണം എന്നിവയിലെ ദേശീയ കേന്ദ്രമായി മാറുന്നതായിരിക്കും കേരളത്തിന് നേട്ടമാവുക.

സ്വീകരിക്കേണ്ട നടപടികൾ
ഈ സംരംഭങ്ങളെ പ്രാരംഭഘട്ടത്തിൽ നിന്ന് നിർവഹണഘട്ടത്തിലേക്ക് ഉയർത്തുന്നതിന് കേരളം ചില അധിക നടപടികൾ പരിഗണിക്കേണ്ടതുണ്ട്.

  • മൂലധന സബ്സിഡികൾ, നികുതി ഇളവുകൾ, കുറഞ്ഞ നിരക്കിൽ ഭൂമി ലഭ്യമാക്കൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര എയ്റോസ്പേസ്, പ്രതിരോധ, ബഹിരാകാശ വ്യവസായ നയം രൂപീകരിക്കുക.
  • എയ്റോസ്പേസ്, സ്പേസ്-ടെക്, ഡ്രോണുകൾ, വ്യോമയാന സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള സംസ്ഥാന പിന്തുണയോടെയുള്ള വെഞ്ചർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കുക.
  • ഐ ഐ എസ് ടി , ഐ എസ് ആർ ഒ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഏവിയോണിക്സ്,
    പ്രൊപ്പൽഷൻ, ഉപഗ്രഹ സംവിധാനങ്ങൾ, എയ്റോസ്പേസ് മെറ്റീരിയലുകൾ, കൃത്രിമബുദ്ധി അധിഷ്ഠിത വ്യോമയാന സേവനങ്ങൾ എന്നിവയിൽ നൈപുണ്യ വികസന പരിപാടികൾ വ്യാപിപ്പിക്കുക.
  • ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രവേശനച്ചെലവ് കുറയ്ക്കുന്നതിനായി പൊതുവായ പരീക്ഷണ, സർട്ടിഫിക്കേഷൻ, പ്രോട്ടോടൈപ്പിങ് സൗകര്യങ്ങൾ സ്ഥാപിക്കുക.
  • ഐ എസ് ആർ ഒ, ഇൻ സ്പേസ്, ആഗോള എയ്റോസ്പേസ് കമ്പനികൾ, എയർലൈൻ കമ്പനികൾ, എം ആർ ഒ ഓപ്പറേറ്റർമാർ എന്നിവരുമായി ശക്തമായ പങ്കാളിത്തം വികസിപ്പിക്കുകയും, സാധ്യമായിടത്ത് ദേശീയ പ്രതിരോധ വ്യവസായ ഇടനാഴികളിൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക.
    പ്രതീക്ഷാ നിർഭരം
    ‘പുതുയുഗ കേരളം’ എന്ന ആശയത്തെ സാങ്കേതികവിദ്യാധിഷ്ഠിത വികസന മാതൃകയിലേക്ക് നയിക്കുന്നതിൽ ബഹിരാകാശവും വ്യോമയാനവും കേന്ദ്രീകരിച്ചുള്ള പുതുക്കിയ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. പ്രഖ്യാപിച്ച തുകകൾ മാത്രം കേരളത്തെ ഉടൻ ദേശീയതലത്തിലെ ഒരു പ്രമുഖ ഹബ്ബാക്കി മാറ്റില്ല. എന്നിരുന്നാലും, ശാസ്ത്രീയ ഗവേഷണം, ഉന്നത വിദ്യാഭ്യാസം,
    മനുഷ്യവിഭവശേഷി, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ശക്തമായ ഒരു അടിത്തറ അവ സൃഷ്ടിക്കും. മൊത്തത്തിൽ നോക്കുമ്പോൾ, 2026-27 ലെ പുതുക്കിയ ബജറ്റിലെ ഈ നിർദ്ദേശങ്ങൾ ബഹിരാകാശ സേവനങ്ങൾ, വ്യോമയാന ലോജിസ്റ്റിക്സ്, ഉയർന്ന സാങ്കേതിക നവീകരണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാൻ ശേഷിയുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുകയും, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും, വ്യവസായ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുകയും, സ്വകാര്യനിക്ഷേപം ആകർഷിക്കുകയും ചെയ്താൽ, അതിവേഗം വളരുന്ന ആഗോളവ്യവസായങ്ങളിൽ പങ്കാളിയാകാൻ കേരളത്തിന് സഹായകമാവും. കേരളത്തിന്റെ ശക്തമായ ബഹിരാകാശ സമ്പദ്വ്യവസ്ഥയും വ്യോമയാന പരിസ്ഥിതിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വിജ്ഞാനാധിഷ്ഠിത സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും, സംസ്ഥാനത്തിന്റെ കയറ്റുമതി ശേഷി വർധിപ്പിക്കാനും, ആഭ്യന്തരവും വിദേശവുമായ നിക്ഷേപം ആകർഷിക്കാനും സഹായിക്കും.ദീർഘകാലാടിസ്ഥാനത്തിൽ, ഈ സംരംഭങ്ങൾ പ്രവാസി വരുമാനം, ടൂറിസം, പരമ്പരാഗത സേവനമേഖലകൾ എന്നിവയിലുള്ള ആശ്രിതത്വം കുറച്ച് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും, വളർച്ചയുടെ പുതിയ ഉറവിടങ്ങൾ സൃഷ്ടിക്കാനും സഹായിക്കും. ഇന്ത്യയുടെയും ആഗോള വിജ്ഞാനസമ്പദ് വ്യവസ്ഥയുടെയും ഭാഗമായുള്ള കേരളത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കും. സ്ഥിരതയുള്ള പദ്ധതിനിർവഹണവും സ്വകാര്യപങ്കാളിത്തവും ശക്തമായ പിന്തുണയും ഉറപ്പാക്കാനായാൽ, ഈ മേഖലകൾ കേരളത്തിന്റെ ഭാവി സാമ്പത്തിക പരിവർത്തനത്തിന്റെ പ്രധാന തൂണുകളായി മാറാൻ കഴിയും.