ദിശാബോധമുള്ള ബജറ്റ്
സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12
ബജറ്റ് 2026-27>>പ്രൊഫ. സി വീരമണി
ഡയറക്ടർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം
ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന് ആവശ്യമായ വരുമാനം കണ്ടെത്താനും,
ദൈനംദിന ചെലവുകൾക്കായി കടമെടുക്കുന്ന രീതി കുറയ്ക്കാനുമുള്ള
ഒരു വികസന തന്ത്രത്തിന് ബജറ്റ് അടിത്തറയിടുന്നു
ആധുനിക ഇന്ത്യൻ പൊതുധനകാര്യ രംഗത്ത് ഏറ്റവും പ്രകടമായ വൈരുധ്യങ്ങളിലൊന്നാണ് കേരളം പ്രകടമാക്കുന്നത്. വിവിധ മാനവ വികസന സൂചികകളിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനം, അതേസമയം തന്നെ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ കടബാധ്യത ചുമക്കുന്ന ഒന്നുകൂടിയാണ്. കടത്തിന്റെ വലിപ്പമല്ല ഇവിടെ പ്രശ്നം, മറിച്ച് ആ കടം എന്തിനാണ് ഉപയോഗിക്കുന്നത് എന്നതാണ്. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി കടമെടുപ്പ് ഉൽപാദനക്ഷമമായ ആസ്തികൾ നിർമ്മിക്കാൻ ഉപയോഗിക്കുമ്പോൾ (അത് വെറും 7 ശതമാനം മാത്രമാണ് നടപ്പുചെലവുകൾക്കായി മാറ്റിവെക്കുന്നത്), കേരളത്തിന്റെ കടമെടുപ്പിന്റെ പകുതിയിലധികവും (ഏതാണ്ട് 60 ശതമാനത്തോളം) ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നടപ്പുചെലവുകൾ ക്കാണ് വിനിയോഗിക്കുന്നത്. ഇതിന്റെ ആഘാതം കണക്കുകളിൽ വ്യക്തമാണ്: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തിന്റെ പലിശച്ചെലവ് റവന്യൂ വരുമാനത്തിന്റെ 16 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർന്നു. കൂടാതെ, സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് അനുസൃതമായി ഉയരുന്നില്ല, ഇത് ആവശ്യങ്ങൾക്കനുസരിച്ചുള്ള സംസ്ഥാനത്തിന്റെ റവന്യൂ അടിത്തറയെ ദുർബലപ്പെടുത്തുന്നു.
കേരളത്തിന്റെ ഉയർന്ന റവന്യൂ ചെലവുകൾ മാനവ വികസനത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നാണ് സാധാരണയായി പറയാറുള്ള പ്രതിരോധം. എന്നാൽ സമീപകാല തെളിവുകൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നു. സർക്കാർ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറുന്നു; എ.എസ്.ഇ.ആർ സർവേകൾ കുട്ടികളുടെ പഠന നിലവാരത്തിൽ, പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിൽ വലിയ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നു; വിപുലമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, രാജ്യത്ത് ജനങ്ങൾ സ്വന്തം കൈയിൽ നിന്ന് ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം തുടരുന്നു. അതായത്, നമ്മൾ നടത്തുന്ന ചെലവുകൾ ലക്ഷ്യമിടുന്ന ഫലം നൽകുന്നില്ല. ഇനി കഴിവുകളുള്ള മേഖലകളിൽ പോലും അത് അവസരങ്ങളായി മാറുന്നില്ല: രാജ്യത്തെ ശരാശരി വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടെ നിരക്ക് 3.2 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ ഇത് 10.9 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ കാര്യത്തിൽ ഇത് 20.7 ശതമാനത്തിലെത്തുന്നു അതായത് ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടി! ലിംഗസമത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന ഒരു സംസ്ഥാനത്തെ അവസ്ഥയാണിത്. ചോദ്യം കേരളം മാനവ വികസനത്തിനായി ചെലവഴിക്കണമോ വേണ്ടയോ എന്നതല്ല, മറിച്ച് ചെലവഴിക്കുന്ന പണത്തിന് അനുയോജ്യമായ ഫലം ലഭിക്കുന്നുണ്ടോ എന്നതാണ്.
2026-27 ലെ പുതുക്കിയ ബജറ്റിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, കേന്ദ്ര വിഹിതത്തിലുണ്ടായ 20,500 കോടിയുടെ കുറവ് മൂലം വാർഷിക പദ്ധതി അടങ്കൽ 35,750 കോടിയിൽ നിന്ന് 30,370 കോടിയായി കുറയ്ക്കേണ്ടി വന്നു. ഇതിനുപുറമേ, പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ 87,012 കോടിയുടെ കുടിശ്ശികകളും അടച്ചുതീർക്കാനുള്ള ബാധ്യതകളും നിലവിലുണ്ടായിരുന്നു. ഇതിനിടയിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ആശാ-അങ്കണവാടി ജീവനക്കാരുടെ വേതന വർധനവ് തുടങ്ങിയ പുതിയ ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടതായും വന്നു. എന്നാൽ കൂടി ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന് ആവശ്യമായ വരുമാനം കണ്ടെത്താനും, ദൈനംദിന ചെലവുകൾക്കായി കടമെടുക്കുന്ന രീതി കുറയ്ക്കാനുമുള്ള ഒരു വികസന തന്ത്രത്തിന് ബജറ്റ് അടിത്തറയിടുന്നു എന്നതാണ് ഇതിന്റെ യഥാർഥ മൂല്യം.

ഉൽപ്രേരകമായ പൊതുനിക്ഷേപം
സ്വകാര്യ മൂലധനത്തിന് പകരമാകുന്നതിന് പകരം അതിനെ ആകർഷിക്കുകയും പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്ന പൊതു നിക്ഷേപങ്ങളിലേക്ക് മാറുക എന്നതാണ് ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ സൂചന. ഇതിന്റെ പ്രധാന കേന്ദ്രബിന്ദു ‘മിഷൻ സമുദ്ര’ ആണ് കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, 17 ചെറിയ തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ഒരു സമഗ്ര സമുദ്ര സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
വിഴിഞ്ഞത്തെ ഒരു ഒറ്റപ്പെട്ട പദ്ധതിയായി കാണാതെ, അതിനെ ഉൽപാദന മേഖലകൾ, ഡ്രൈ പോർട്ടുകൾ, ലോജിസ്റ്റിക്സ് സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് വളരെ പ്രധാനമാണ്: ഒരു ആഴക്കടൽ തുറമുഖത്തിന്റെ പൂർണ്ണമായ സാമ്പത്തിക നേട്ടം ലഭിക്കണമെങ്കിൽ അതിനെ വ്യവസായം, ലോജിസ്റ്റിക്സ്, ആഗോള വിതരണ ശൃംഖലകൾ എന്നിവയുമായി ബന്ധിപ്പിച്ചുള്ള വ്യക്തമായ കയറ്റുമതി തന്ത്രം ഉണ്ടാകണം.
ഏവിയേഷൻ ഹബ്ബ്: ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി, അപൂർവവും നിർണ്ണായകവുമായ ധാതുക്കളുടെ ഇടനാഴി, പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ എന്നിവയെല്ലാം ഇതേ തത്വത്തിലാണ് പ്രവർത്തിക്കുന്നത് ഓരോ പൊതു നിക്ഷേപവും വലിയ തോതിലുള്ള സ്വകാര്യ സംരംഭങ്ങൾക്ക് വഴിതുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ബഹിരാകാശ സമ്പദ് വ്യവസ്ഥയ്ക്കുള്ള മുൻകൈ, തിരുവനന്തപുരത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ മേഖലയെ ആകർഷിക്കാനുള്ള ശ്രമമാണ്.
ഭൂമി, നിയന്ത്രണങ്ങൾ, സൗകര്യങ്ങൾ
ഉപയോഗിക്കാൻ നിക്ഷേപകരില്ലാത്ത ഇൻഫ്രാസ്ട്രക്ചർ പണം പാഴാക്കിക്കളയുന്നതിന് തുല്യമാണ്. കേരളത്തിൽ സ്വകാര്യ നിക്ഷേപത്തിന് തടസ്സമായി നിന്നത് അവസരങ്ങളുടെ കുറവല്ല, മറിച്ച് അനുകൂലമായ സാഹചര്യങ്ങളുടെ കുറവാണ് ഭൂമി ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട്, അനുമതികൾ ലഭിക്കാനുള്ള കാലതാമസം, സങ്കീർണ്ണമായ ചട്ടങ്ങൾ എന്നിവ പല പ്രോജക്റ്റുകളും തുടങ്ങുന്നതിന് മുൻപ് തന്നെ നിക്ഷേപകരെ മടുപ്പിച്ചു കളഞ്ഞിരുന്നു. ബജറ്റ് ഇതിന് നേരിട്ട് പരിഹാരം കാണുന്നു.
ഭൂപരിഷ്കരണം 2.0 വഴി കാലഹരണപ്പെട്ട ഭൂനിയമങ്ങൾ പരിഷ്കരിക്കാനും, സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമി ഉൾപ്പെടുത്തി ഒരു ലാൻഡ് ബാങ്ക് രൂപീകരിക്കാനും, വലിയ പ്രൊജക്റ്റുകൾക്കായി ലാൻഡ് പൂളിങ് സംവിധാനം കൊണ്ടുവരാനും നിർദ്ദേശിക്കുന്നു. ഇത് കേരളത്തിന് സാധാരണയായി നൽകാൻ കഴിയാത്ത നിയമപരമായ വ്യക്തതയുള്ള വലിയ ഭൂപ്രദേശങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കും. മുഖ്യമന്ത്രി അധ്യക്ഷനായ ഇൻവെസ്റ്റ്മെന്റ് അഡൈ്വസറി കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ‘ഇൻവെസ്റ്റ് കേരളം’ ഏകജാലക സംവിധാനം കൃത്യസമയത്ത് അനുമതികളും സഹായങ്ങളും ഉറപ്പുനൽകുന്നു.
സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ ഘടന വഴി വലിയ നിക്ഷേപകരെ ആകർഷിക്കാൻ പ്രത്യേക ഇൻഫ്രാസ്ട്രക്ചറും ലളിതമായ ഭരണസംവിധാനവും വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ‘കേരള എം എസ് എം ഇ ഗ്രോത്ത് സ്കീം’ വഴി 10,000 പുതിയ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും സാങ്കേതിക മാർഗ്ഗനിർദ്ദേശവും നൽകുന്നു.
സിൽവർ ഇക്കോണമിയും
കെയർ ഇക്കോണമിയും
മറ്റ് പ്രധാന സംസ്ഥാനങ്ങളേക്കാൾ വേഗത്തിൽ കേരളം വാർധക്യത്തിലേക്ക് നീങ്ങുകയാണ് നിലവിൽ അഞ്ചിൽ ഒരു മലയാളി മുതിർന്ന പൗരനാണ്, വരും പതിറ്റാണ്ടുകളിൽ ഈ നിരക്ക് ഇനിയും ഉയരും. സാധാരണയായി ഇതൊരു പ്രശ്നമായാണ് കാണാറുള്ളത്: ആശ്രിതരുടെ എണ്ണക്കൂടുതൽ, ഉയർന്ന പെൻഷൻ ബാധ്യതകൾ, ബജറ്റിലെ അമിത സമ്മർദ്ദം. എന്നാൽ ബജറ്റ് ഇതിനെ ഒരു അവസരമാക്കി മാറ്റാൻ ശ്രമിക്കുന്നു. പുതിയ സർക്കാർ അധികാരമേറ്റയുടൻ രൂപീകരിച്ച മുതിർന്ന പൗരന്മാരുടെ ക്ഷേമ വകുപ്പിന്റെ തുടർച്ചയായി, വയോജന ആരോഗ്യം, റിട്ടയർമെന്റ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾക്കൊള്ളുന്ന ഒരു ‘സിൽവർ ഇക്കണോമിക് പോളിസി’ക്ക് ബജറ്റ് രൂപം നൽകുന്നു. പ്രായമാകുന്ന ജനവിഭാഗം വെറുമൊരു ബാധ്യതയല്ല, മറിച്ച് വലിയ വാങ്ങൽ ശേഷിയുള്ള അനുഭവസമ്പത്തുള്ള, വ്യത്യസ്ത സേവനങ്ങൾ ആവശ്യപ്പെടുന്ന ഒരു വലിയ വിപണിയാണ് എന്ന ചിന്തയാണിതിന് പിന്നിൽ.
‘കെയർ ഇക്കോണമി’ ഔദ്യോഗികമാക്കുന്നതും ഇതേപോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നഴ്സിങ് കോളേജുകളും തിരഞ്ഞെടുത്ത ആശുപത്രികളും വഴി നടത്തുന്ന ആറ് മാസത്തെ ‘കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സ്’ കേരളത്തിന്റെ രണ്ട് പ്രധാന പ്രശ്നങ്ങൾക്ക് ഒരേസമയം പരിഹാരം കാണുന്നു: ഒന്ന്, സംസ്ഥാനത്തിനുള്ളിൽ നല്ല ജോലി കണ്ടെത്താൻ കഴിയാത്ത വിദ്യാസമ്പന്നരായ സ്ത്രീകളുടെ തൊഴിലില്ലായ്മ; രണ്ട്, പ്രായമായവർക്കായി കൃത്യമായ പരിചരണ സേവനങ്ങൾ ലഭ്യമാക്കുക. നഴ്സിങ് രംഗത്തുള്ള കേരളത്തിന്റെ പാരമ്പര്യം ഗൾഫ് രാജ്യങ്ങളിലേക്കും ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്കും ഇത്തരം കെയർ സേവനങ്ങൾ കയറ്റുമതി ചെയ്യാനും സഹായികമാകും.
ആരോഗ്യം, നോളഡ്ജ് ഇക്കോണമി, ധനസമാഹരണം
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്നത് വഴി ജനങ്ങളുടെ ഉയർന്ന ചികിത്സാച്ചെലവിന് പരിഹാരമാകുന്നു. കേരള നോളഡ്ജ് വാലി, റിസർച്ച് പാർക്ക്, മലയാളം AI ഇനിഷ്യേറ്റീവ് എന്നിവ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിടുന്നു. നല്ല നിക്ഷേപ നയവും നല്ല വിദ്യാഭ്യാസ നയവും പരസ്പരം പൂരകങ്ങളാകണം. ആഗോള തൊഴിൽ പ്രവണതകൾ നിരീക്ഷിക്കാനും കേരളത്തിലെ പാഠ്യപദ്ധതി അതിനനുസരിച്ച് മാറ്റാനുമായി രൂപീകരിച്ച ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ ഈ വിടവ് നികത്താൻ ഉദ്ദേശിച്ചുള്ളതാണ്. ‘പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്’ പ്രവാസികളെ വെറും പണമയക്കുന്നവരായി കാണാതെ വികസനത്തിലെ സാമ്പത്തിക പങ്കാളികളാക്കി മാറ്റുന്ന ഒന്നാണ്.
തുറമുഖങ്ങളും വ്യവസായ ഇടനാഴികളും വിജ്ഞാന നഗരങ്ങളും പെട്ടെന്ന് വരുമാനം നൽകില്ല. എന്നാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അടിയന്തിരമാണ്. ചുരുങ്ങിയ കാലയളവിലേക്ക് പണം എവിടെ നിന്ന് വരും. കേന്ദ്രാവിഷ്കൃത പദ്ധതികൾ പൂർണ്ണമായി ഉപയോഗിക്കുക വഴി വിദ്യാഭ്യാസം, ആരോഗ്യം, നഗരവികസനം എന്നിവയിൽ വലിയ തോതിൽ കേന്ദ്ര ഫണ്ട് കണ്ടെത്താനാകും. കൂടാതെ കേന്ദ്രത്തിന്റെ എസ് എ എസ് സി പദ്ധതി പ്രകാരമുള്ള 50 വർഷത്തെ പലിശരഹിത വായ്പകൾ മൂലധന ചെലവുകൾക്കായി കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാം. ഇതുകൂടാതെ, ഭൂമിയുടെ മൂല്യവർധനവിൽ നിന്നുള്ള വരുമാനം കണ്ടെത്തൽ , പൊതു ആസ്തികളുടെ മോണിറ്റൈസേഷൻ, പൊതു-സ്വകാര്യ പങ്കാളിത്തം , പ്രവാസികൾക്കായി ഡെവലപ്മെന്റ് ബോണ്ടുകൾ ഇറക്കൽ എന്നിവയിലൂടെയും വിഭവസമാഹരണം നടത്താം.
കേരളത്തിന്റെ 2026-27 ലെ പുതുക്കിയ ബജറ്റ് യഥാർഥ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നു തന്നെ പറയാം. പഴയപടി മുന്നോട്ട് പോകുന്നത് ഇനി സാധ്യമല്ല. സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്ന ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുക, തടസ്സങ്ങൾ നീക്കുക, പ്രവാസികളെ പങ്കാളികളാക്കുക, വാർധക്യത്തെയും തൊഴിലില്ലായ്മയെയും സാമ്പത്തിക അവസരങ്ങളാക്കി മാറ്റുക എന്നിവയിലൂടെ ബജറ്റ് തന്ത്രപരമായ, ശരിയായ ദിശയിലാണ് വിരൽ ചൂണ്ടുന്നത്.
