ചരിത്രം വര്‍ത്തമാനം ഭാവി

ചരിത്രം വര്‍ത്തമാനം ഭാവി
കെ എന്‍ ബാലഗോപാല്‍
ധനവകുപ്പ് മന്ത്രി

എ.ഡി 1742 മുതല്‍ കൊല്ലം ദേശിംഗ നാടിന്റെ തലസ്ഥാനമായിരുന്നു. തെക്ക് ഇടവ മുതല്‍ വടക്ക് കന്നേറ്റി വരെ സ്ഥിതി ചെയ്‌തിരുന്ന നാടിന്റെ സംസാര ഭാഷ ചെന്തമിഴ് ആയിരുന്നു. അവസാനത്തെ ആയ് രാജാക്കന്മാര്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ കാര്യങ്ങളില്‍ ഏർപ്പെട്ട് തൃപ്പാപ്പൂരില്‍ താമസമാക്കി. കാല ക്രമേണ ആയ് രാജവംശം വേണാട്ടു രാജവംശത്തിൽ ലയിച്ചു. കേരള ചക്രവര്‍ത്തി സ്ഥാണു രവിയുടെ സാമന്തനായി അയ്യനടികള്‍ വേണാട് ഭരിച്ചിരുന്നതായി തരിസാപ്പള്ളി ചെപ്പേടുകളില്‍ സൂചനയുണ്ട്. അതിനു ശേഷമുള്ള ഒരു നൂറ്റാണ്ടു കാലത്തെ വേണാടിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് ഇപ്പോഴും നമ്മള്‍ ശ്രമങ്ങള്‍ തുടരുന്നത്.

മഹോദയപുരം ആസ്ഥാനമായുള്ള കുലശേഖര സാമ്രാജ്യം ചോള ആക്രമണത്തില്‍ ശിഥിലമാക്കപ്പെട്ടതോടെ വേണാട് സ്വതന്ത്രമായി. ഭാസ്‌കരരവി ഒന്നാമന്റെ ഭരണ കാലത്ത് രാജരാജ ചോളന്റെ നേതൃത്വത്തിലുള്ള ചോള സൈന്യം കൊല്ലത്തെ ആക്രമിച്ചു. ചോളര്‍ നടത്തിയ നൂറ്റാണ്ടു യുദ്ധത്തിനു ശേഷം എഡി 1102-ല്‍ അവസാനത്തെ ചേര ചക്രവർത്തിയായിരുന്ന രാമവര്‍മ്മ കുലശേഖരന്‍ എല്ലാ ഭരണ സന്നാഹങ്ങളോടും കൂടി കൊല്ലം പനങ്കാവില്‍ കൊട്ടാരത്തിൽ താമസമാക്കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊല്ലത്തിന് അക്കാലത്ത് തെന്‍വഞ്ചി (തെക്കേ മഹോദയപുരം) എന്ന പേരു കൂടിയുണ്ടായി.

വേണാട് രാജാവായിരുന്ന വീര കേരള വര്‍മ്മ രാജ്യത്തിന്റെ വിസ്‌തൃതി വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്. കൊല്ലവര്‍ഷം 428 മുതല്‍ 474 വരെ വേണാട് പാണ്ഡ്യരുടെ ആധിപത്യത്തിലായിരുന്നു. എന്നാൽ ജയ സിംഹന്‍ വേണാടിനെ പാണ്ഡ്യാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചു. സര്‍വ സമ്മതനായ ജയസിംഹന്‍ എന്ന രാജാവുമായി ബന്ധപ്പെട്ടാണ് വേണാടിന് ‘ദേശിംഗ നാട്’ (ജയസിംഹ നാട്) എന്ന പേര് ലഭിക്കാനിടയായത്.

സംഗ്രാമധീര രവിവര്‍മ്മയുടെ കാലത്തായിരുന്നു ചൈനയുമായും അറബി രാജ്യങ്ങളുമായുള്ള കൊല്ലത്തിന്റെ വാണിജ്യ ബന്ധത്തിന്റെ തുടക്കം. വേണാട് രാജാവ് ദത്തെടുത്ത രാജകുമാരിമാര്‍ പിന്നീട് ആറ്റിങ്ങല്‍ റാണിമാരായി അറിയപ്പെട്ടു. അവര്‍ സ്വന്തം നിലയില്‍ പോര്‍ച്ചുഗീസുകാരുമായും ഡച്ചുകാരുമായും വ്യാപാര ബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്നാണ് രേഖകള്‍. അവരുടെ സ്വതന്ത്ര നിലപാടുകള്‍ വേണാടിന്റെ ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എ.ഡി 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വേണാടു രാജവംശം തിരുവിതാംകോട് (തിരുവിതാംകൂര്‍), ദേശിംഗനാട് (കൊല്ലം), ഇളയിടത്തു സ്വരൂപം (കൊട്ടാരക്കര), പേരകം (നെടുമങ്ങാട്) എന്നിങ്ങനെ നാലു ശാഖകളാകുന്നു. പിന്നീടാണ് വേണാട് ദേശിംഗനാടാകുന്നത്.

സെക്രട്ടറിയറ്റിന്റെ ആദ്യ രൂപം

തിരുവനന്തപുരത്തിന്റെ അഭിമാന സ്‌തംഭമാണ് ഗവൺമെന്റ് സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റിന്റെ ആദ്യ രൂപമായ ഹജൂര്‍ കച്ചേരി കൊല്ലത്ത് സ്ഥാപിച്ചാണ് വേലുതമ്പി ദളവ ഭരണ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 1829-ല്‍ സ്വാതി തിരുനാളിന്റെ ഭരണ കാലത്താണ് ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചു നട്ടത്.

വൈദേശിക ശക്തികളോടുള്ള ഏറ്റുമുട്ടലുകൾ 

എ.ഡി 1720-ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരണാധികാരിയായതോടെയാണ് കേരള തീരങ്ങളില്‍ വൈദേശിക ശക്തികളുമായുള്ള ഏറ്റുമുട്ടലുകൾക്ക് പ്രാരംഭം കുറിയ്‌ക്കുന്നത്. ദേശിംഗ നാട് പ്രമാണിമാരുടെ അധീനതയിലായിരുന്ന ആറ്റിങ്ങല്‍ കൊട്ടാരവും പ്രാദേശിക ഭരണവും മാര്‍ത്താണ്ഡവര്‍മ്മ കൈയടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു.

തുടർന്ന് തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന കല്ലട പ്രദേശം കൊല്ലം രാജാവ് പിടിച്ചെടുത്തു. തുടര്‍ച്ചയായ ഏറ്റുമുട്ടലുകൾക്കു ശേഷം കൊല്ലം രാജാവ് കായംകുളം രാജാവിന്റെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മയോട് യുദ്ധം ചെയ്‌ത് രാജ്യം തിരിച്ചു പിടിച്ചപ്പോള്‍ മുഖ്യ സഹായികള്‍ ഡച്ചുകാരായിരുന്നു. കുളച്ചല്‍ യുദ്ധത്തിനു ശേഷം തിരുവിതാംകൂര്‍ സൈന്യം കൊല്ലത്ത് കായംകുളം-ഡച്ച് സൈന്യത്തോട് പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ ഗാമയ്ക്ക് കൊല്ലവുമായി വാണിജ്യ ബന്ധം തുറക്കാനായി എന്നത് ഈ നാടിന്റെ വാണിജ്യപരമായ മുന്നേറ്റമാണ് വ്യക്തമാക്കുന്നത്. അന്ന് കൊച്ചി തുറമുഖത്ത് വിറ്റിരുന്ന കുരുമുളകിന്റെ അധിക ഭാഗവും കൊല്ലത്തിന്റെ സംഭാവനയായിരുന്നു. അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ കൊല്ലത്ത് വ്യാപാര ശാലയും പണ്ടക ശാലയും സ്ഥാപിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി.

അറബികള്‍, കച്ചവട പങ്കാളിയായ കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ കൊല്ലവുമായുള്ള പോര്‍ച്ചുഗീസുകാരുടെ വാണിജ്യ ബന്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വ്യാപാരം തടസ്സപ്പെടുത്താനായി പുറപ്പെട്ട സാമൂതിരിയുടെ കപ്പലുകള്‍ കൊല്ലം രാജാവ് തുറമുഖത്ത് തടഞ്ഞിട്ടു. ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയായി 1505-ല്‍ നിയമിതനായ അൽമെയ്‌ഡ കൊല്ലവുമായുള്ള വാണിജ്യ ബന്ധം വിപുലപ്പെടുത്തി. തുടർന്ന് അറബികളും പോര്‍ച്ചുഗീസുകാരുമായി കടലിലും കരയിലും നടന്ന സംഘര്‍ഷങ്ങള്‍ കൊല്ലവുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടു. 1516-ല്‍ പുനഃസ്ഥാപിച്ച വാണിജ്യ ബന്ധം പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്ക് രാഷ്ട്രീയ, ഭരണാധികാരങ്ങള്‍ കിട്ടുന്ന നിലയിലേക്ക് വിപുലപ്പെട്ടു. 1661-ല്‍ തങ്കശ്ശേരി കോട്ട ഡച്ചുകാര്‍ കീഴടക്കിയതോടെയായിരുന്നു പോര്‍ച്ചുഗീസുകാരുടെ കൊല്ലത്തു നിന്നുള്ള പലായനം തുടങ്ങിയത്. അക്കാലത്തിനിടയില്‍ കശുവണ്ടി എന്നൊരു പ്രധാന വ്യവസായവും പോര്‍ച്ചുഗീസുകാര്‍ കൊല്ലത്തിന് സംഭാവന നൽകിയിരുന്നു.

ഡച്ചുകാരും കൊല്ലവും

1661-ല്‍ പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച് തങ്കശേരി കോട്ട കൈയടക്കിയ ശേഷമാണ് ഡച്ചുകാര്‍ കൊല്ലത്ത് വാണിജ്യ ബന്ധങ്ങള്‍ക്ക് തുടക്കമിടുന്നത്. ഡച്ചുകാരുടെ മുഖ്യ ലക്ഷ്യം കൊല്ലത്തെ കുരുമുളകിന്റെ കൈകാര്യാവകാശം ഉറപ്പിക്കലായിരുന്നു. 1662-ല്‍ ഇക്കാര്യത്തില്‍ അവര്‍ വിജയം നേടി. തിരുവിതാംകൂറില്‍ നിന്നുള്ള കുരുമുളകും കറുവപ്പട്ടയും കയറ്റുമതി ചെയ്യുന്നതിനുള്ള കുത്തകാവകാശം ഡച്ചുകാര്‍ ഉറപ്പിച്ചു. 1741-ല്‍ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയതോടെ അവരുടെ പ്രതാപം മങ്ങി.

കൊല്ലത്തിന്റെ പ്രതിരോധം

ഇന്ത്യയില്‍ വിദേശ ശക്തികള്‍ക്കെതിരെ ആദ്യം വാളെടുത്തത് കൊല്ലത്താണ്. എ.ഡി 1518-ല്‍ കൊല്ലത്തെ നാട്ടുകാരും നായര്‍ സൈന്യവും പറങ്കിപ്പടയ്‌ക്കെതിരെ യുദ്ധം നടത്തി. പണ്ടകശാലയുടെ സംരക്ഷണത്തിന്റെ പേരില്‍ പോര്‍ച്ചുഗീസുകാര്‍ കെട്ടിപ്പൊക്കിയ കോട്ടയ്‌ക്കെതിരായി നടന്ന പോരാട്ടം പരാജയപ്പെടുന്നതിന് പല കാരണങ്ങളുമുണ്ടായിരുന്നു. കൊല്ലം നഗരം തന്നെ നാമാവശേഷമാക്കപ്പെട്ടു എന്നതായിരുന്നു ഇന്ത്യയില്‍ ആദ്യമായി നടന്ന വിദേശാധിപത്യ വിരുദ്ധ സമരത്തിന്റെ ബാക്കിപത്രം. 1809-ല്‍ വേലുത്തമ്പി ദളവ നടത്തിയ സമരമാണ് പൂർണ്ണ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായി മാറിയവയില്‍ ഒന്ന്. 1809 ജനുവരി 11ന് നടത്തിയ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരത്തില്‍ വേലുത്തമ്പി ദളവ ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിശിതമായി വിമര്‍ശിക്കുകയും ബ്രിട്ടീഷുകാർക്കെതിരായി അണി നിരക്കാന്‍ ജനങ്ങളോട് ആഹ്വാനം നടത്തുകയും ചെയ്‌തു.

ചിങ്ങ മാസം അപ്പാടെ ഓണാഘോഷ ദിനങ്ങളാക്കിയിരുന്ന കൊല്ലത്തുകാര്‍ അനാചരങ്ങള്‍ കൊണ്ടാടുന്നതിലും പിന്നിലായിരുന്നില്ല. മാറു മറയ്ക്കാതെ ഒറ്റ മുണ്ട് മാത്രം ഉടുത്തു നടന്ന സ്ത്രീ സമൂഹമായിരുന്നു നൂറു വര്‍ഷം മുമ്പുണ്ടായിരുന്നത്. പുളി കുടി, തിരണ്ടു കുളി, നടമാറ്റ്, കല്യാണ പന്തലിന് തൂണിടുന്ന പൊഴിതടിയന്തിരം, പൊടകൊട, താലികെട്ട്, നല്ല വാതില്‍, സ്ത്രീധനം തുടങ്ങി ധാരാളം പണം ചെലവിട്ടുള്ള ആചാരങ്ങള്‍ക്ക് ഒരു കുറവുണ്ടായിരുന്നില്ല. അത്തരം ആചാരങ്ങളുടെ ‘ഹാങ്ങ് ഓവർ’ ഈ അത്യാധുനിക കാലത്തും അവശേഷിക്കുന്നുണ്ടോ എന്നത് പഠന വിധേയമാകേണ്ട വിഷയമാണ്.

നവോത്ഥാനവും സമരങ്ങളും

ജാതീയതയുടെയും ലിംഗ നീതിയുടെയും ഇരുണ്ട കാലഘട്ടത്തിൽ നിന്ന് കൊല്ലത്തെ ഇന്നത്തെ കാലത്തേക്ക് പരിവർത്തനപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനം വലിയ പങ്കു വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെയും സി.കേശവന്റെയും അയ്യന്‍കാളിയുടേയുമൊക്കെ പ്രഭാവത്തില്‍ പുതിയ യുഗത്തിലേക്ക് ഒരു തലമുറ നയിക്കപ്പെട്ടു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ വേലുത്തമ്പി ഉയര്‍ത്തിയ പോരാട്ടം ചരിത്രത്തിലെ സുപ്രധാന ഏടാണ്.

വെടിപ്പുള്ള വസ്ത്രം ധരിക്കാനും ചെരിപ്പ്, കുട, ആഭരണങ്ങള്‍ എന്നിവ ഉപയോഗിക്കാനും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കാനും അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തുടക്കമിട്ട സമരം കൊല്ലം പെരിനാട് ലഹള, അവകാശങ്ങള്‍ നേടിയെടുത്തുക്കൊണ്ടാണ് അവസാനിച്ചത്. സാമുദായിക അസമത്വങ്ങള്‍ക്കെതിരായ സമര ചരിത്രത്തിലെ നാഴികല്ലായി മാറിയ ‘കല്ലുമാല സമര’ത്തിനും കൊല്ലം സാക്ഷിയായി. ആ ചരിത്ര സ്‌മരണയ്‌ക്കായി കൊല്ലത്ത് കല്ലുമാല സമര സ്‌മാരകം നിര്‍മ്മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

1857 ജൂലൈയില്‍ ജില്ലയിലെ ഹിന്ദു ചാന്നാൻ സമുദായംഗങ്ങളായ സ്ത്രീകള്‍ക്ക് ജാക്കറ്റ് ധരിക്കാനുള്ള അവകാശം ലഭിച്ചതിനു പിന്നിലും നിരന്തരം ഏറ്റുമുട്ടലുകളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദ ഭരണത്തിനായി തിരുവിതാംകൂറിലാകെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം കന്റോൺമെന്റ് മൈതാനത്ത് പൊതു യോഗം സംഘടിപ്പിക്കാനുള്ള തീരുമാനം പൊലീസ് വെടി വെയ്‌പ്പിലും രണ്ടുപേരുടെ രക്ത സാക്ഷിത്വത്തിലുമാണ് അവസാനിച്ചത്. കോളനി വാഴ്‌ചയ്‌ക്കും ദിവാന്‍ സര്‍ സി.പിയുടെ മര്‍ദ്ദക ഭരണത്തിനുമെതിരെ നാട്ടിലെമ്പാടും നിരവധി രക്ത രൂഷിത വിപ്ലവങ്ങള്‍ നടന്നു. അന്യായ നികുതി പിരിവിനെതിരെ കര്‍ഷകര്‍ നടത്തിയ കടയ്ക്കല്‍ വിപ്ലവം, ശൂരനാട് സമരം, 1905-ലെ കൊല്ലം വെള്ളമണലിലെ എസ്.എൻ.ഡി.പി യോഗം സമ്മേളനം, പുന്നേക്കുളം സംഭവം, കരിമണല്‍ തൊഴിലാളികളുടെ അവകാശ സമരങ്ങള്‍, കോട്ടമിൽ സമരം, കൊല്ലം-ചവറ ലഹള, കശുവണ്ടി തൊഴിലാളികള്‍, തൊണ്ട് തല്ലുകയും കയര്‍ പിരിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ, പത്തനാപുരത്തെ പ്രകമ്പനം കൊള്ളിച്ച കരിമ്പു സമരം, 1969-ല്‍ ട്രാൻസ്‌പോർട്ട് സമരത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ ജീവനക്കാര്‍ക്കു നേരെയുണ്ടായ ക്രൂരമായ പൊലീസ് ലോക്കപ്പ് മര്‍ദ്ദനം, അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി പുനലൂരില്‍ മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റിലായി ക്രൂര ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ 12 വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭകാരികള്‍, നിയമസഭയെ ഞെട്ടിച്ച കൊല്ലത്തെ പെൺപട, മിച്ച ഭൂമി സമരം ഉള്‍പ്പെടെ വിവിധ ഭൂ സമരങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍, തെന്മല ഡാം സമരം, 1948-ല്‍ കൊല്ലം എസ്.എന്‍ കോളേജ് കേന്ദ്രീകരിച്ച് ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം, യുവജനങ്ങള്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല, 2002-ല്‍ ഭരണം നിശ്ചലമാക്കിയ ജീവനക്കാരുടെ പണിമുടക്ക് സമരം ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സമര മുന്നേറ്റങ്ങളുടെ ചരിത്രം കൂടിയാണ് ജില്ലയുടെ ചരിത്രം.

ജനനായകര്‍

ജനാധിപത്യ പാതയില്‍ ഇന്നത്തെ നിയമസഭാ സംവിധാനത്തിന്റെ പ്രാഥമിക രൂപങ്ങളായ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗൺസിലിലും ശ്രീമൂലം പ്രജാ സഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിലുമൊക്കെ കൊല്ലത്തിന്റെ പ്രതിനിധികളും ഉൾപ്പെട്ടു. 46 കൊല്ലത്തുകാരാണ് ശ്രീമൂലം പ്രജാ സഭയില്‍ അംഗങ്ങളായത്. 12 പേര്‍ ശ്രീമൂലം അസംബ്ലിയുടെ പ്രതിനിധികളായി. 12 പേരാണ് ശ്രീ ചിത്തിരതിരുനാള്‍ സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ചത്. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ഏഴുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ 11 പേരും.

ഉപജീവന മാര്‍ഗം

കൃഷി തന്നെയാണ് കൊല്ലം ജില്ലയുടെ മുഖ്യ ഉപജീവന മാര്‍ഗം. നെല്ലും കുരുമുളകും വാഴയും മരച്ചീനിയും തെങ്ങും റബ്ബറും കശുവണ്ടിയും മാവും പ്ലാവുമൊക്കെ വാണിജ്യപരമായ വിളകളാണ്. ഒരു നൂറ്റാണ്ടിനു മുമ്പു തന്നെ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് എത്തിച്ച കശുവണ്ടി വ്യവസായവും കയര്‍, കൈത്തറി, തീപ്പെട്ടി, ഓട്, ഇഷ്‌ടിക വ്യവസായവുമൊക്കെ കൊല്ലത്തിന് വലിയ അഭിവൃദ്ധി നല്‍കി. അച്ചന്‍കോവിലാര്‍, കല്ലടയാര്‍, ഇത്തിക്കര നദി എന്നിവ ജില്ലയുടെ ജല സമൃദ്ധി ഉറപ്പാക്കി. എന്നാൽ കാലികമായ നവീകരണം സംഭവിക്കാഞ്ഞതും പരിസ്ഥിതി പ്രശ്‌നങ്ങളും പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. അനിയന്ത്രിതമായ ഖനനം ഇഷ്‌ടിക, ഓട് വ്യവസായത്തെയും പ്രതിസന്ധിയിലാക്കി. കരിമണല്‍ മേഖലയില്‍ പ്രവർത്തിക്കുന്ന ചവറ ടൈറ്റാനിയം, കെ.എം.എല്‍.എല്‍, കൊല്ലം മീറ്റര്‍ കമ്പനി, പുനലൂര്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയിലാണ് പ്രതീക്ഷ അവശേഷിക്കുന്നത്.

കേരളത്തിന്റെ സമുദ്രോൽപന്ന കയറ്റുമതിയുടെ 27 ശതമാനത്തോളം സംഭാവന ചെയ്യുന്ന തീര മേഖലയാണ് മറ്റൊരു പ്രതീക്ഷ. കാര്‍ഷിക മേഖലയില്‍ പല തരത്തിലുള്ള ഇടപെടലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. മികച്ച വരുമാനം ഉറപ്പാക്കുന്ന പഴ വര്‍ഗങ്ങളുടെ കൃഷി, പാലുല്‍പാദനം തുടങ്ങിയ മേഖലകളിലൊക്കെ പരീക്ഷണങ്ങള്‍ ഫലവത്താകുന്നത് യുവ തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഇതിന് കൂട്ടായ ചില ശ്രമങ്ങളും അനിവാര്യം.

സാമ്പത്തിക വളര്‍ച്ചാ മുനമ്പാകാന്‍ കൊല്ലം

കമ്മിഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കൊല്ലത്തിനും എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്നതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയും നടപടികളുമാകേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ മുന്നൊരുക്കമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതി വിഭാവനം ചെയ്‌ത് അംഗീകാരം നല്‍കിയത്. ഈ വളര്‍ച്ചാ മുനമ്പിന്റെ മുന്നേറ്റ കേന്ദ്രമായി കൊല്ലം ജില്ല മാറുകയാണ്. കിഫ്ബി വഴി നടപ്പാക്കുന്ന സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കുണ്ടറയിലെ കൊല്ലം ഐ.ടി പാര്‍ക്കും, കൊല്ലത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഐ.ടി പാര്‍ക്കും. കൊട്ടാരക്കര മണ്ഡലത്തില്‍ ലക്ഷ്യമിടുന്ന ഐ.ടി, ഐ.ടി അനുബന്ധ മേഖലാ പാര്‍ക്കുകളും ഈ വളര്‍ച്ചാ മുനമ്പിന്റെ കുന്തമുനകളായി മാറുമെന്നതിൽ സംശയമില്ല. കൊല്ലം-ചെങ്കോട്ട ദേശീയ പാത, കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍, പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കല്‍, ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കൽ, മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങള്‍.

കാർഷികാധിഷ്‌ഠിത വ്യവസായങ്ങള്‍ വഴിയും സുസ്ഥിര കാര്‍ഷിക രീതികള്‍ വഴിയും വിളകളുടെ ഉല്‍പാദന ക്ഷമതയും മൂല്യവര്‍ധനവും പ്രോത്സാഹിപ്പിക്കുക എന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്.

ഐ.ടി, ഐ.ടി അനുബന്ധ സേവനം, ബഹിരാകാശ ശാസ്ത്ര മേഖലകളില്‍ ഒരു സാങ്കേതിക കേന്ദ്രമായി നാടിനെ മാറ്റാനാകണം. സൗരോര്‍ജത്തിനും മറ്റ് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കും നമ്മുടെ കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകണം. ടൂറിസം സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കാനും മെഡിക്കല്‍ ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ നേട്ടങ്ങൾ കൈവരിക്കാനുമാകും. പ്രാദേശിക തീര ദേശ വിഭവങ്ങളിലൂടെ അന്താ രാഷ്ട്ര വ്യാപാരം വർധിപ്പിക്കുന്നതിലെ ഇടപെടലുകളും ലക്ഷ്യമിടുന്നു. ഇവിടെയാണ് നമ്മുടെ കശുവണ്ടി വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവവും പുതിയ മേഖലകളിലേക്ക് തിരിച്ചു വിടുന്നതിനെക്കുറിച്ച് ഗൗരവകരമായ ആലോചനകളും നടപടികളും ഉണ്ടാകേണ്ടത്. ലോകോത്തരമാക്കപ്പെട്ട എല്ലാ തുറമുഖ നഗരങ്ങള്‍ക്കും ചുറ്റുമായി വിപുലമായ പുതിയ ഉല്‍പാദന മേഖലകള്‍ വളർന്നു പന്തലിച്ചിട്ടുണ്ട്. അവയെപ്പോലെ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പിനും മാറാനാകണം. നാട്ടിൻപുറങ്ങളുടെ തൊഴില്‍ ശേഷി ഉപയോഗപ്പെടുത്തി വിവിധ തരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഘടക നിര്‍മ്മാണ യൂണിറ്റുകളും അസംബ്ലിങ്ങ് യൂണിറ്റുകളും തുറക്കാനാകണം. എല്ലാ മേഖലയ്ക്കും പങ്കാളിത്തമുള്ള ഉല്‍പാദന യുണിറ്റുകളുടെ വലിയ ശൃംഖല തന്നെ രൂപപ്പെടണം. അതിന് സര്‍ക്കാര്‍ സംരംഭങ്ങള്‍ മാത്രം മതിയാകില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലടക്കം ഒരു ‘ഫെസിലിറ്റേറ്റര്‍’ ചുമതലയില്‍ സര്‍ക്കാര്‍ എന്തായാലും ഉണ്ടാകും. സംരംഭകരായി സ്വകാര്യ മേഖല മുന്നോട്ടു വരണം. അവര്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണവും സര്‍ക്കാര്‍ ഉറപ്പാക്കും. മൂന്നു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും ഉറപ്പാക്കുന്ന വികസന മുനമ്പ് പദ്ധതിയുടെ പ്രയോജനം പരമാവധി കൊല്ലം ജില്ലയ്ക്ക് ലഭ്യമാക്കുന്നതിൽ നമുക്ക് ഒറ്റക്കെട്ടായി പ്രയത്‌നിക്കേണ്ടതുണ്ട്.

മാറുന്ന ചെറു നഗരങ്ങള്‍

കേരളത്തില്‍ ഇടത്തരം, ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ചുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് കൊട്ടാരക്കര. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് 500 പേര്‍ക്ക് ഐടി, ഐടി അനുബന്ധ മേഖലയില്‍ മികച്ച തൊഴില്‍ ഉറപ്പാക്കാനാകുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൊട്ടാരക്കരയിൽ തുടക്കമായി കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് എങ്കിലും ഈ മേഖലയില്‍ ജോലി ഉറപ്പാക്കാനാകുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് മുന്നേറുന്നത്. സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം സെന്റര്‍ നിര്‍മ്മാണം കൊട്ടാരക്കരയിൽ ആരംഭിച്ചു കഴിഞ്ഞു. സോഹോ കോര്‍പറേഷന്‍ ഇന്ത്യയിലെ അവരുടെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കര മണ്ഡലത്തില്‍ തുറക്കുകയാണ്. കൊട്ടാരക്കര നഗരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുതിയ ഐ ടി പാര്‍ക്ക് ആരംഭിക്കാനുള്ള പദ്ധതിക്കും അംഗീകാരമായി. 32 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ ആദ്യ ഘട്ടത്തിൽ 250 പേര്‍ക്ക് ജോലി ഉറപ്പിക്കാനാകും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഐ ടി ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് കൊട്ടാരക്കരയിൽ ഐ ടി പാര്‍ക്ക് വരുന്നത്. ഐ ടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഹബ്ബ് ആക്കാന്‍ ഉതകുന്ന എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം രണ്ടാം നിര നഗരങ്ങളിലേക്ക് ഐ ടി മേഖലയുടെ പറിച്ചു നടീലിനുള്ള മാതൃക കൂടിയായി കൊട്ടരാക്കര മാറുകയാണ്.

നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുക, പുതിയ സാങ്കേതിക വിദ്യകളുടെ ഗുണഫലം ആദ്യം തന്നെ ഉപയോഗപ്പെടുത്തുക തുടങ്ങി വിജ്ഞാന സമ്പദ് വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഇന്ത്യ ഇവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍, ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി, സയന്‍സ് പാര്‍ക്കുകള്‍, മൈക്രോബയോം മികവിന്റെ കേന്ദ്രം, ന്യൂട്രാസ്യൂട്ടിക്കൽസിൽ മികവിന്റെ കേന്ദ്രം, പുതിയ ഐ ടി പാര്‍ക്കുകളും ഇടനാഴികളും, യുവ സംരംഭക സമൂഹത്തിനായി മേക്ക് ഇന്‍ കേരള തുടങ്ങിയ നിരവധി പദ്ധതികള്‍ വിജ്ഞാന തൊഴില്‍ മേഖലയുടെ സൃഷ്‌ടിക്കും വികാസത്തിനും സഹായിക്കുന്നു. സര്‍ക്കാര്‍ മുന്‍ കൈയില്‍ ഒരു ടൂറിസം സർക്യൂട്ട് വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. ഈ മേഖലയിലും കൂടുതല്‍ സ്വകാര്യ നിക്ഷേപം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ കൊല്ലത്ത് ലക്ഷ്യമിടുന്ന മറൈന്‍ ഓഷ്യനേറിയം പദ്ധതി സഞ്ചാരികളെ ആകർഷിക്കുന്ന വലിയ കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അഡ്വഞ്ചര്‍ ടൂറിസം വികസനവും ആലോചനയിലുണ്ട്. ഇത്തരം എല്ലാ മാറ്റങ്ങളെയും ഉൾക്കൊള്ളുന്ന ജില്ലയായി കൊല്ലവും മാറണം. കേരളത്തില്‍ മാത്രമല്ല, ലോകത്താകെ ഉണ്ടാകുന്ന ഏതൊരു മാറ്റത്തിന്റെയും ഗുണ ഫലങ്ങള്‍ നമുക്കും അനുഭവഭേദ്യമാകണം. അതിനുള്ള സമയബന്ധിത പ്രവര്‍ത്തനങ്ങളാണ് നാം ഏറ്റെടുക്കുന്നത്. ഇനിയും ഇക്കാര്യത്തില്‍ ബഹുദുരം പോകേണ്ടതുണ്ട്. അതിനായി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.