കേരളത്തിന്റെ ഹരിത സൈന്യം
കേരളത്തിന്റെ ഹരിത സൈന്യം
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ മുന്‍നിര സംഘടനയാണ് ഹരിത കര്‍മ്മ സേന. പാഴ് വസ്തുക്കൾ ശേഖരിക്കുക, അതത് കേന്ദ്രങ്ങളില്‍ എത്തിക്കുക, തരം തിരിക്കുക, സംസ്കരിക്കുക, പുനഃചംക്രമണം നടത്തുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂട്ടായ്മയായ ഹരിത കര്‍മ്മ സേന ഏറ്റെടുത്ത് നടത്തുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനുമായി സഹകരിച്ചാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍. അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിലും സംസ്കരണത്തിലുമാണ് ഹരിതകര്‍മ്മസേന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പരിശീലകരായും സേന
മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ജനങ്ങള്‍ക്ക് പകർന്നു നല്‍കുക, വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാന്‍ കഴിയുന്ന കംപോസ്റ്റിങ്ങ് സംവിധാനങ്ങളെക്കുറിച്ച് മാര്‍ഗ നിര്‍ദേശം നല്‍കുക, ഉറവിട സംസ്കരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കുക, കലണ്ടര്‍ പ്രകാരം അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി ശേഖരണം ഉറപ്പാക്കുക, എന്നിവയ്ക്കു പുറമെ പ്രാഗത്ഭ്യം നേടിയ സേനാംഗങ്ങള്‍ ഇതര തദ്ദേശ സ്ഥാപനങ്ങളിലെ ആവശ്യമായ യൂണിറ്റുകള്‍ക്ക് മികവാർന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനവും നല്കി വരുന്നുണ്ട്.
ജൈവ മാലിന്യ സംസ്കരണത്തില്‍ വീടുകള്‍ക്ക് ഹരിതകര്‍മ്മസേന മാര്‍ഗ നിര്‍ദേശം നൽകുന്നു. ഉറവിട മാലിന്യ സംസ്കരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ വനിതാ കൂട്ടായ്മയുടെ സേവനം ലഭ്യമാണ്. ഇതിന് ആവശ്യമെങ്കില്‍, ഹരിത സഹായ സ്ഥാപനത്തിന്റെ സഹായം ഉറപ്പാക്കുന്നതും ഹരിത കര്‍മ്മ സേനയുടെ ചുമതലയാണ്. പാഴ് വസ്തുക്കളിൽ നിന്ന് പുത്തന്‍ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഹരിത സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് നവീന വരുമാന സാധ്യതയും തേടുന്നു. ജൈവകൃഷി, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിർമ്മാണം, പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുക തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുക്കുന്നുണ്ട്.
സുസ്ഥിര മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ഹരിതകര്‍മ്മസേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശുചിത്വ മിഷന്, ഹരിത കേരളം മിഷന്, കുടുംബ ശ്രീ എന്നിവയുടെ മേൽനോട്ടത്തിലുമാണ് മുന്നോട്ട് പോകുന്നത്. ഒരു തദ്ദേശ വാര്‍ഡില്‍ കുറഞ്ഞത് രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഓരോ അംഗവും 250 ഓളം വീടുകളില്‍ നിന്ന് വാതില്‍പ്പടി അജൈവ പാഴ് വസ്തു ശേഖരണം നടത്തുന്നു. വീടുകളില്‍ വൃത്തിയായി സൂക്ഷിച്ചിട്ടുള്ള അജൈവ പാഴ് വസ്തുക്കളാണ് കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നത്. ഈ സേവനത്തിന് യൂസര്‍ഫീ ഈടാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് യൂസര്‍ഫീ നിശ്ചയിക്കുന്നത്. ഉറവിടത്തില്‍ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിക്കുന്നു. അവിടെ നിന്ന് മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നു. ഇവിടെ വച്ചാണ് മാലിന്യം തരം തിരിക്കുന്നത്. എല്‍.ഇ.ഡി ബള്‍ബ്, ട്യൂബ്, പി.വി.സി. സ്റ്റീല്‍, ചില്ലു കുപ്പികള്‍, കുപ്പിയുടെ അടപ്പുകള്‍, സ്പ്രേ കുപ്പികള്‍, ബാഗുകള്‍, ചെരിപ്പ്, പഴയ വസ്ത്രങ്ങള്‍, ഗുളിക സ്ട്രിപ്പുകള്‍ തുടങ്ങി പാഴ് വസ്തുക്കളെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ പുനരുപയോഗം സാധ്യമാവുന്ന പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് കൈമാറുന്നു. പുനഃചംക്രമണത്തിനുതകുന്ന പ്ലാസ്റ്റിക് മാലിന്യം ഷ്രെഡ്ഡിങ്ങ് യൂണിറ്റുകളില്‍ എത്തിച്ചാണ് ചെറു തരികളാക്കുന്നത്.
പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് മാലിന്യം റിസോഴ്സ് റിക്കവറി കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. ഇത് ചെറുതരികളാക്കി റോഡു നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഇതു വഴി ഇത്തരം പ്ലാസ്റ്റിിന്റെ പുനഃചംക്രമണം സാധ്യമാകുന്നു.
- ആകെ 1018 ഹരിത കര്‍മ്മ സേനയാണ് സംസ്ഥാനത്തുള്ളത്. 926 എണ്ണം ഗ്രാമീണ മേഖലയിലും 92 എണ്ണം നഗര മേഖലയിലുമാണ്. 4145 ഹരിത കര്‍മ്മ സേന യൂണിറ്റുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2704 എണ്ണം ഗ്രാമീണ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും 1441 എണ്ണം നഗര തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
- ആകെ 37176 ഹരിത കര്‍മ്മ സേനാംഗകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
- 23,546 സ്ത്രീകള്‍ ഗ്രാമീണ മേഖലയിലും 4678 സ്ത്രീകള്‍ നഗര മേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഇത് 2025 ജനുവരി 31 വരെയുള്ള കണക്കാണ്.
- 5000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സേനാംഗങ്ങളുടെ എണ്ണം 34918 ഉം 10 ,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സേനാംഗങ്ങളുടെ എണ്ണം 18782മാണ്.
- വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉള്ള വാതില്‍പ്പടി ശേഖരണം 2023 മാര്‍ച്ചില്‍ 47% ആയിരുന്നുവെങ്കിൽ ഈ വര്‍ഷം ജനുവരി 31 ആയപ്പോള്‍ അത് 85% ആയി വര്‍ധിച്ചു. അതോടൊപ്പം യൂസര്‍ ഫീ കളക്ഷനും 34.90% ത്തില്‍ നിന്നും 71.72% ആയും ഉയർന്നിട്ടുണ്ട്.
- മിനി എം.സി.എഫ് കളുടെ എണ്ണം 2023 മാര്‍ച്ചില്‍ 7, 446. ആയിരുന്നത് 2025 ജനുവരി അവസാനത്തോടെ മൂന്നിരട്ടിയലധികം വര്‍ധിച്ച് 19, 602 ആയി മാറി. രണ്ട് സാമ്പത്തിക വര്‍ഷം കൊണ്ട് എം.സി.എഫ് കളുടെ എണ്ണം 1160-ല്‍ നിന്നും 1327 ആയും ആര്.ആര്.എഫ് കളുടെ എണ്ണം 87-ല്‍ നിന്ന് 191 ആയും ഉയർന്നു.
- 712 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാറിലേർപ്പിട്ടിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി 31 വരെ 49978.65 ടൺ മാലിന്യമാണ് കമ്പനി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചത്. മാലിന്യം വിറ്റ ഇനത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് 2024-25 വര്‍ഷത്തില്‍ 8.50 കോടി രൂപയാണ് ക്ലീന്‍ കേരള കമ്പനിയില്‍ നിന്നും വരുമാനം ലഭിച്ചത്. 2023-ല്‍ 4.93 കോടി രൂപയില്‍ നിന്നാണ് ഇപ്പോള്‍ ഇരട്ടി വരുമാനത്തിലേക്ക് സേന എത്തിയത്.
- ഡിജിറ്റല്‍ സംവിധാനമായ ഹരിത മിത്രം ആപ്പിന്റെ വിന്യാസവും ഹരിത കര്‍മ്മ സേന മികച്ച രീതിയില്‍ നടത്തുന്നു. 1019 തദ്ദേശ സ്ഥാപനങ്ങളും 75.23 ലക്ഷം ആളുകളും ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നത് സേനയുടെ മറ്റൊരു നേട്ടമാണ്. മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്തംബർ 30 വരെ 51,125 എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിച്ചു മുന്‍ വര്‍ഷം ഇത് 36450 ആയിരുന്നു. 5.57 കോടി രൂപ ഈ വര്‍ഷം പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനകളും നടപടികളും ശക്തമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
