കേരളത്തെ കോര്‍ത്തിണക്കാന്‍

– ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ടയേർഡ്)
മാനേജിങ്ങ്  ഡയറക്‌ടർ 
കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്

സ്വന്തമായി ഇൻ്റർനെറ്റ് സംവിധാനം ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണ് കേരളം. അരികുവൽകരിക്കപ്പെട്ടവരിലേക്കാണ് ഈ നൂതന സംവിധാനം ആദ്യം എത്തുക എന്നതാണ് കെ-ഫോൺ എന്ന  പദ്ധതിയുടെ മേന്മ. ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ള 14,000 കുടുംബങ്ങളിലാണ് കെ-ഫോൺ ഉപയോഗിച്ചുള്ള ഇൻ്റർനെറ്റ് കണക്ഷന്‍ ആദ്യം ലഭ്യമാക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും നൂറു കുടുംബങ്ങളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ഈ കുടുംബങ്ങൾക്ക് ദിവസേന 1.5 ജി.ബി ഡാറ്റ 15 എം.ബി.പി.എസ് വേഗത്തില്‍ സൗജന്യമായി ലഭിക്കും. ഇത്തരത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒന്നൊഴിയാതെ കേരളത്തിലെ എല്ലാ ഗ്രാമാന്തരങ്ങളിലും ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാകുമ്പോഴാണ് കെ-ഫോൺ എന്ന ഉദാത്തമായ ആശയം പൂര്‍ണതയിലെത്തുക.

സാധാരണക്കാരന് ഗുണകരമാകുന്ന ഡിജിറ്റല്‍വല്‍ക്കരണമാണ് കെ-ഫോൺ ലക്ഷ്യമിടുന്നത്. രണ്ട് രീതിയിലാണ് ഇത് സാധ്യമാക്കുക.

  • സംസ്ഥാന വ്യാപകമായി ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുക.
  • കെ-ഫോൺ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്തി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും  ഇൻ്റർനെറ്റ് കണക്ഷന്‍ ലഭ്യമാക്കുക

പരിമിതികളില്ലാത്ത കണക്ഷന്‍

ഡിജിറ്റല്‍ ഭരണ സംവിധാനം ഒരുക്കുന്നതിൽ നിര്‍ണായക ചുവടു വയ്‌പുകൾ നടത്തിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ഇ-ഗവേണന്‍സ് ശൃംഖലയുടെ പ്രധാന അടിസ്ഥാനമെന്നത് കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് അഥവാ കെ-സ്വാന്‍ ആയിരുന്നു. സര്‍ക്കാര്‍ അനുവദിച്ചിരുന്ന റൈറ്റ് ഓഫ് വേയ്ക്ക് പകരം സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാര്‍ നൽകിയിരുന്ന ബാൻഡ്‌വിത്ത്  ആണ് ഈ സംവിധാനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ, ഇതിലൂടെ 3800 സര്‍ക്കാര്‍ ഓഫീസുകളെ മാത്രമേ ബന്ധിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. സ്റ്റേറ്റ് ഡാറ്റ സെൻ്ററിൽ ഹോസ്റ്റ് ചെയ്‌തിരുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് ഇൻ്റർനെറ്റ്  ബാൻഡ്‌വിത്ത് ലീസിന് എടുത്തു വരികയായിരുന്നു. കെ-സ്വാനിൻ്റെ പരിമിതികള്‍ മനസ്സിലാക്കിയതിനാല്‍, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമാകുന്ന, ഗുണ നിലവാരവും സുരക്ഷയും ഉറപ്പു വരുത്താന്‍ കഴിയുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മാത്രമല്ല, ഭാവിയിലെ ബാൻഡ്‌ വിത്ത് ആവശ്യങ്ങള്‍ കൂടി പരിഹരിക്കാന്‍ ഉതകുന്ന സംവിധാനം ആവശ്യമാണ്. ഇതിനെല്ലാമുള്ള ഉത്തരമാണ് കെ-ഫോൺ.

സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കമ്പനിയാണ് കെ-ഫോൺ. കെ.എസ്.ഇ.ബിക്കാണ് ഉടമസ്ഥാവകാശം. പദ്ധതി നടത്തിപ്പില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് മുഖ്യ പങ്ക് വഹിക്കുന്നു.

സൗജന്യ കണക്ഷന്‍

35,000 കിലോ മീറ്റര്‍ നീളത്തില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ചും സംസ്ഥാനത്തൊട്ടാകെ 375 പോയിൻ്റ് ഓഫ് പ്രസന്‍സ് നിർമ്മിച്ചുമാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ച് ഓരോ മേഖലയിലുമുള്ള ഇൻ്റർനെറ്റ് സര്‍വീസ് പ്രൊവൈഡറെ ടെന്‍ഡറിലൂടെ തിരഞ്ഞെടുക്കും. ഈ കമ്പനികള്‍ക്ക് സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ ബാൻഡ്‌വിത്ത് നല്‍കും. ഇതിന് പകരമായി സര്‍വീസ് പ്രൊവൈഡര്‍മാര്‍ പാവപ്പെട്ടവരുടെ വീടുകളിലേക്ക് സൗജന്യമായി ഇൻ്റർനെറ്റ് എത്തിക്കും. മാസം തോറും 124 രൂപയാണ് ഇതിനുള്ള വാടകയായി കണക്കാക്കിയിട്ടുള്ളത്. ഈ തുക സര്‍ക്കാര്‍ വഹിച്ചു കൊണ്ടാണ് ദരിദ്ര കുടുംബങ്ങളിലേക്ക് സൗജന്യമായി ഇൻ്റർനെറ്റ് എത്തിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് മാസം തോറും 224 രൂപ നിരക്കിലാകും ഇൻ്റർനെറ്റ് ലഭിക്കുക. ഇന്നിപ്പോൾ ഡാറ്റ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകള്‍ക്കപ്പുറം, ബാൻഡ്‌വിത്ത് കൂടുതലായി ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനുകള്‍ക്കാണ് പ്രചാരം. അതി നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യഷൽ ഇൻ്റലിജൻസ്, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിങ്, ഓഗ്മെൻ്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി എന്നിവയാണ് ഇന്നത്തെ ഡിജിറ്റല്‍ ലോകത്തെ വാർത്തെടുക്കുന്നത്. ബ്രോഡ് ബാൻഡ് ആണ് ഡിജിറ്റല്‍ ലോകത്തിൻ്റെ നട്ടെല്ല്. സംസ്ഥാനത്തിൻ്റെ ഡിജിറ്റല്‍ മണ്ഡലത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്  തുടക്കം കുറിക്കാന്‍ കെ-ഫോണിനാകും.