സംരംഭകര്‍ സന്തുഷ്‌ടരാണ്

-എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍
പ്രസിഡൻ്റ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടി സി സി ഐ)

ലോകത്തെമ്പാടുമുള്ള ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങളുടെ ആധാരം തന്നെ കൂടുതല്‍ മൂല്യം സൃഷ്ടിക്കുക എന്നതാണ്. മത്സരാധിഷ്ഠിത ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ മുന്നേറണമെങ്കിൽ ഭൂമി, തൊഴില്‍, മൂലധനം, സംരംഭകത്വം എന്നിവയോളം തന്നെ പ്രധാനമാണ് ഭരണ നിര്‍വഹണ സംവിധാനങ്ങളുടെ നവീകരണവും.

കേരളം ഏറെ മുന്നിൽ

2021-ലെ ദേശീയ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെൻ്റ്  (നെ എസ്ഡി എ) പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന കംപ്ലയന്‍സ് സ്‌കോര്‍ നേടിയത് കേരളമാണ്. പ്രാദേശിക ഭരണം, യൂട്ടിലിറ്റി സേവനങ്ങള്‍, സാമൂഹിക ക്ഷേമം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേരളത്തിൻ്റെ പ്രകടനം ഏറെ മുന്നിലാണ്.

പ്രവേശന ക്ഷമത, വിവരങ്ങളുടെ ലഭ്യത, ഉപയോഗിക്കാനുള്ള എളുപ്പം, വിവര സുരക്ഷ, സ്വകാര്യത എന്നിവയിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്‍ഡ്-സര്‍വീസ് ഡെലിവറി, ഇൻ്റഗ്രേറ്റഡ് സര്‍വീസ് ഡെലിവറി, സ്റ്റാറ്റസ് ആന്‍ഡ് റിക്വസ്റ്റ് ട്രാക്കിങ്ങ് എന്നിവയും മികച്ചു നിൽക്കുന്നു.

വ്യവസായാന്തരീക്ഷം മെച്ചപ്പെട്ടു

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇ-ഗവേണന്‍സ് നടപടികളിലൊന്ന് ഏക ജാലക സംവിധാനമാണ്. ബിസിനസുകള്‍ക്ക് ആവശ്യമായ അനുമതികള്‍ക്കും ലൈസന്‍സുകള്‍ക്കും ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷിക്കാം. ഇത് സംരംഭകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി. ലൈസന്‍സിങ്ങ് പ്രക്രിയ കാര്യക്ഷമവും സുതാര്യവുമായി എന്ന് പൊതുവെ വിലയിരുത്താം.

നികുതികളും ഫീസും ഓൺലൈനായി അടയ്ക്കാന്‍ അനുവദിക്കുന്നതിലൂടെ പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെൻ്റേഷൻ ആവശ്യകത നന്നേ കുറഞ്ഞിട്ടുണ്ട്. നിയമങ്ങളും അതിൻ്റെ സമയ ക്രമവും പാലിക്കുന്നതിന് ഇത് സഹായകരമാണ്. ഓൺലൈൻ പരാതി പരിഹാര സംവിധാനവും പുരോഗതി ട്രാക്കു ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും ശരിയായി നടപ്പിലാക്കിയാല്‍ സംരംഭകരുടെ പ്രശ്‌നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കാന്‍ കഴിയും.

ഈസ് ഓഫ് ഡൂയിഗ്  ബിസിനസ് റാങ്കിങ്ങില്‍ 2019-ലെ 28-ാം സ്ഥാനത്ത് നിന്ന് 15-ാം റാങ്കിലേക്ക് ഉയർന്നതിൽ ഓൺലൈൻ സേവന വിതരണത്തില്‍ വന്ന പുരോഗതിക്ക് പ്രധാന പങ്കുണ്ട്. ഒരു കാലത്ത് പ്രബലമായിരുന്ന ഇൻസ്‌പെക്ഷൻ രാജ് നിയന്ത്രിക്കാനും അഴിമതി കുറയ്ക്കാനും ഇ-ഗവേണന്‍സ് ഉപകരിക്കും.

സെക്രട്ടേറിയറ്റ്, ജില്ലാ കളക്‌ടറേറ്റുകൾ, കെ എസ്‌ ഐ ഡി സി ഉള്‍പ്പെടെയുള്ള വ്യവസായ പ്രോത്സാഹന രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലുട നീളമുള്ള ഇ-ഓഫീസ് ശൃംഖല ഫയൽ നീക്കവും അതുവഴി തീരുമാനമെടുക്കലും വേഗത്തിലാക്കി. അപേക്ഷകളുടെ ട്രാക്കിങ്ങ് എളുപ്പമാക്കുന്നതിനും നടപടിക്രമങ്ങളുടെ സുതാര്യത കൂടുന്നതിനും സഹായകമായി. പല നിയന്ത്രണ സംവിധാനങ്ങളും ലളിതമാകുകയും കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്‌തിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന കെ-സ്‌മാർട്ട് പദ്ധതി ഇ-സേവന വിതരണം താഴെ തട്ടിൽ വരെ എത്തിക്കുന്നതിനുള്ള വലിയ ചുവടു വയ്‌പാണ്. പ്രാരംഭ ഘട്ടത്തിൽ ജനന, മരണ രജിസ്ട്രേഷന്‍, ട്രേഡ് ലൈസന്‍സ്, പൊതുജന പരാതി പരിഹാര അപേക്ഷകള്‍ എന്നിവ കെ-സ്‌മാർട് വഴി ലഭ്യമാകും എന്നതാണ് പ്രഖ്യാപനം. ബില്‍ഡിങ്ങ് പെര്‍മിറ്റ് അപേക്ഷകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ഈ വര്‍ഷാവസാനത്തോടെ സമന്വയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ഇ-ഗവേണന്‍സില്‍ കേരളം ബഹു ദൂരം മുന്നോട്ടു പോകും.

വ്യവസായം, റവന്യൂ, നികുതി, പരിസ്ഥിതി, തദ്ദേശ സ്വയം ഭരണം, മലിനീകരണ നിയന്ത്രണം തുടങ്ങി വ്യവസായ രംഗവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംവിധാനങ്ങളും ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ മാത്രമേ വ്യവസായ സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഴിയൂ.

നിര്‍ദേശങ്ങള്‍

റെഗുലേറ്ററി ക്ലിയറന്‍സുകള്‍, സാമ്പത്തിക പാക്കേജുകള്‍, സ്ത്രീകള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക സഹായം എന്നിവ ഏകോപിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ എസ്‌ ഐ ഡി സി) നിർദ്ദേശിക്കുന്ന ഏകീകൃത സമീപനം ഓൺലൈനിൽ നടപ്പിലാക്കിയാല്‍ നിക്ഷേപകരുടെ ആത്മ വിശ്വാസം വര്‍ധിക്കും.

ഓൺലൈൻ സംവിധാനങ്ങള്‍ അതിൻ്റെ ആത്യന്തിക ലക്ഷ്യം അട്ടിമറിക്കുന്നില്ല എന്നുറപ്പാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേരള സെന്‍ട്രലൈസ്‌ഡ് ഇന്‍സ്‌പെക്ഷൻ സിസ്റ്റം തുടങ്ങിയ പോർട്ടലുകൾ വഴി നൽകുന്ന പരാതികള്‍ സ്വീകരിക്കാന്‍ പാടില്ല.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഉറപ്പു വരുത്താന്‍ ഇ-ഇൻഫ്രാസ്‌ട്രക്‌ടറിനെയും  ഐ.ടി.സംവിധാനങ്ങളുടെയും സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന്  സര്‍ക്കാരും വ്യവസായ സംഘടനകളും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.

ഭരണപരമായ പ്രക്രിയകളുടെ പുനഃ ക്രമീകരണം പൂര്‍ണ തോതില്‍ സാധ്യമാക്കി ഭരണ സംവിധാനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നാം ഇനിയുമേറെ മുന്നോട്ട് പോകണം.