എന്നും ഒന്നാമത്
-സഞ്ജീവ് നായര്‍
സി.ഇ.ഒ. ടെക്‌നോപാർക്ക്
ഏഷ്യയിലെ തന്നെ ആദ്യ ഐ.ടി പാർക്കായ ടെക്‌നോ പാർക്ക് അനുദിനം വികസനക്കുതിപ്പ് രേഖപ്പെടുത്തി ഇന്നും കേരളത്തിൻ്റെ അഭിമാനമായി നില കൊള്ളുന്നു. സംസ്ഥാനത്തിൻ്റെ ഐ.ടി വരുമാനത്തില്‍ എല്ലാ സാമ്പത്തിക വർഷവും കൃത്യമായ പുരോഗതി കാഴ്‌ച വെച്ചാണ് ടെക്‌നോപാർക്കിൻ്റെ വളർച്ച. സംസ്ഥനാത്തെത്തുന്ന വൻകിട ഐ.ടി കമ്പനികൾക്കൊപ്പം, കേരളത്തില്‍ ആരംഭിച്ച് മികച്ച നിലയില്‍ പ്രവർത്തിക്കുന്ന ഒട്ടേറെ ഐ.ടി കമ്പനികളും ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. അരക്കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം ഇന്ന് 9,775 കോടി രൂപയിലെത്തി നിൽക്കുന്നു. ഐ ടി ജീവനക്കാരുടെ എണ്ണം 155ല്‍ നിന്ന് 70,000 ആയി ഉയർന്നു.
ഓരോ സാമ്പത്തിക വർഷവും കൂടുതല്‍ കൂടുതല്‍ കമ്പനികളാണ് ടെക്‌നോപാർക്കിലേക്ക് എത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ അവർക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിൻ്റെയും ടെക്‌നോപാർക്ക് അധികൃതരുടെയും ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. അടുത്ത അഞ്ചു വർഷത്തിനകം 53,000 പേർക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വേണ്ട സൗകര്യങ്ങളൊരുക്കാനാണ് ലക്ഷ്യം. നിലവിലുള്ള കെട്ടിടങ്ങൾ നവീകരിക്കുന്നതിനും ജീവനക്കാർക്ക് ആവശ്യമുള്ള സൗകര്യങ്ങളൊരുക്കുന്നതിനും പുറമേ പുതിയ കെട്ടിട നിർമ്മാണങ്ങളും പരിഗണനയിലുണ്ട്.
ടെക്നോ സിറ്റിയില്‍ ക്വാഡ് ക്യാമ്പസ്
ടെക്‌നോപാർക്കിൻ്റെ നാലാം ഘട്ടമായ ടെക്നോ സിറ്റിയില്‍ ക്വാഡ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരേ ക്യാമ്പസില്‍ ജോലി, ഷോപ്പിങ്ങ്, പാർപ്പിടം, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള സംയോജിത മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതൽ മുടക്കിൽ പദ്ധതി പൂർത്തിയാക്കുമ്പോൾ 40 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്‌പെയ്‌സ് സൃഷ്‌ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പുതിയ കെട്ടിട സമുച്ചയങ്ങൾ
5.5 ഏക്കറില്‍ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ 8.50 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഐ.ടി ഓഫീസ് കെട്ടിടം ടെക്‌നോപാർക്ക്-1 നിർമ്മിക്കും. ടെക്നോപാർക്കിൻ്റെ തനത് ഫണ്ട് ഉപയോഗിച്ചോ വായ്‌പ എടുത്തോ പൂർണ്ണമായും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നൽകും. 6,000 ഐ.ടി പ്രൊഫഷണലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.6 ഏക്കറില്‍ 350 കോടി രൂപ ചെലവില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള മിക്‌സഡ് യൂസ് വാണിജ്യ സൗകര്യം ഏർപ്പെടുത്തും. 4.5 ഏക്കറില്‍ 400 കോടി രൂപ മുതൽ മുടക്കിൽ ഐ.ടി കോ-ഡെവലപ്പര്‍ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്രയടി വിസ്‌തീർണ്ണമുള്ള ഐ.ടി/ഐ.ടി.ഇ.എസ് ഓഫീസ് സമുച്ചയം നിർമ്മിക്കും. 10.6 ഏക്കറില്‍ 450 കോടി രൂപ മുതൽ മുടക്കിൽ 14 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള റസിഡൻഷ്യൽ കോംപ്ലക്‌സും ഉണ്ടാകും.
| സ്ഥലം | വിസ്‌തീർണ്ണം | സൃഷ്ടിക്കപ്പെടുന്ന തൊഴിൽ |
| ടെക്നോപാർക്ക് ഫെയ്‌സ് വൺ ബ്രിഗേഡ് | 2 ലക്ഷം ചതുരശ്ര അടി | 2,000 |
| ടെക്നോപാർക്ക് ഫെയ്‌സ് ത്രീ വിൻവിഷ് ടെക്‌നോളജീസ് | 1 ലക്ഷം ചതുരശ്ര അടി | 1,000 |
| ടെക്നോപാർക്ക് ഫെയ്‌സ് ത്രീ ടെക്നോപാർക്ക് | 4 ലക്ഷം ചതുരശ്ര അടി | 4,000 |
| ടെക്നോപാർക്ക് ഫെയ്‌സ് ത്രീ ടോറസ് | 24 ലക്ഷം ചതുരശ്ര അടി | 24,000 |
| ടെക്നോപാർക്ക് ഫെയ്‌സ് ത്രീ സ്‌പെരിഡിയന്‍ | 4.5 ലക്ഷം ചതുരശ്ര അടി | 3,000 |
| ടെക്നോപാർക്ക് ഫെയ്‌സ് ഫോര്‍ കെ.എസ്.ഐ.ടി.ഐ.എല്‍ | 2 ലക്ഷം ചതുരശ്ര അടി | 1,000 |
| ടെക്നോപാർക്ക് ഫെയ്‌സ് ഫോര്‍ ടി.സി.എസ് | 5 ലക്ഷം ചതുരശ്ര അടി | 5,000 |
