കേരളത്തിന്റെ അരങ്ങുകലാകളരി

സമകാലിക ജനപഥം 2026
മാർച്ച് 1 പുസ്തകം 12 ലക്കം 8

സാംസ്‌കാരിക രംഗത്ത് തിയേറ്റർ കലാരംഗത്തെ കരുത്തോടെ ചേർത്തു നിർത്താൻ നിരവധി ഇടപെടലുകളാണ് കേരളത്തിൽ നടക്കുന്നത്.
ആ ഇടപെടലുകൾക്ക് ചുക്കാൻ പിടിക്കുന്നതാവട്ടെ കേരളത്തിന്റെ സ്വന്തം അരങ്ങുകലാകളരിയെന്നു വിശേഷിപ്പിക്കാവുന്ന സ്‌കൂൾ ഓഫ് ഡ്രാമയും. തിയേറ്റർ സ്‌കൂളുകൾ, നാടക അധ്യാപകർ, നാടകവിദ്യാർഥികൾ, നാടക കലാകാരർ എന്നിവരെ ഒന്നിച്ചു കൊണ്ടുവരാൻ ഉതകുന്ന IFTS എന്ന അന്തർദേശീയ നാടകോത്സവം, സ്‌കൂൾതലത്തിൽ നാടകാഭിരുചിയുള്ള കുട്ടികളിൽ തിയേറ്ററിനെക്കുറിച്ച് കൃത്യമായ ധാരണ വളർത്തിയെടുക്കാൻ CART എന്ന പേരിൽ വേനൽക്കാല പരിശീലനക്യാമ്പ്, അക്കാദമിക പരിശീലനത്തിനു ശേഷം പുറത്തിറങ്ങുന്ന നാടകവിദ്യാർഥികൾക്ക് പുറംലോകത്തെ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ഉതകുന്ന പ്രൊഫഷണൽ സമീപനം രൂപപ്പെടുത്തിയെടുക്കുന്നതിനായി CULT എന്ന റെപ്പർട്ടറി കമ്പനി.

എഴുപതുകളിൽ കേരളത്തിൽ ആരംഭിച്ച നാടകകളരി പ്രസ്ഥാനത്തിന്റെ തുടർച്ചയായി നാടകത്തിന്റെ ശാസ്ത്രീയ പരിശീലനത്തിന് ഒരു സ്ഥാപനം വേണമെന്ന ആശയത്തിൽ നിന്നാണ് 1977 ൽ  പ്രൊഫ. ജി. ശങ്കരപ്പിളളയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒരു വിഭാഗമായി ഇന്ത്യയിലെ തന്നെ നാടകവിദ്യാലയങ്ങളിൽ പ്രഥമസ്ഥാനീയമായ സ്‌കൂൾ ഓഫ് ഡ്രാമ സ്ഥാപിതമാകുന്നത്. കേരളത്തിലെ ആദ്യത്തെ നാടക വിദ്യാലയം സ്ഥാപിക്കുന്നതിനുളള പദ്ധതിരേഖ സമർപ്പിച്ചത് അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഡോ. ഗനിയുടെ മുമ്പാകെ ആയിരുന്നു. പിന്നീട്  പ്രൊ വി സി യും ആക്ടിങ് വൈസ് ചാൻസലറും ആയിരുന്ന കേരളത്തിന്റെ മികച്ച വാഗ്മിയും സാഹിത്യകാരനുമായിരുന്ന പ്രൊഫ. സുകുമാർ അഴിക്കോടിന്റെ നേതൃത്വത്തിലാണ് ഇതിന് ആരംഭം കുറിച്ചത്. സ്വാതന്ത്ര്യാനനന്തര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ഡോ. ജോൺ മത്തായി ഇഷ്ടദാനം നൽകിയ തൃശ്ശൂരിലെ അരണാട്ടുകരയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് സ്‌കൂൾ ഓഫ് ഡ്രാമയും ഇക്കണോമിക്‌സ് വിഭാഗവും പ്രവർത്തനം ആരംഭിച്ചത്. പിന്നീടാണ് ലോക പ്രശസ്ത ജർമ്മൻ ആർക്കിടെക്റ്റ് ലാറി ബേക്കർ ഡിസൈൻ ചെയ്ത് നിർമ്മിച്ച വളരെ വ്യത്യസ്തമായ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഇപ്പോഴത്തെ തിയേറ്റർ സ്റ്റുഡിയോയിലേക്ക് പ്രവർത്തനം മാറിയത്. 18 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കോൾപ്പാടത്താൽ ചുറ്റപ്പെട്ട പ്രകൃതിമനോഹരമായ ഈ സ്ഥലം നാടക കലാകാരൻമാരുടെ പറ്റിയ വിളഭൂമിയായി മാറി. പ്രകൃതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും അനുഭവിക്കാനും ഉതകുന്ന തരത്തിലുള്ള പഠന പരിശീലനപദ്ധതിയും നാടകപ്രവർത്തനവും ജീവിതവുമായിരുന്നു ഇന്ത്യയിലെ മറ്റു നാടക വിദ്യാലയങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കിയത്.

ശാസ്താംകോട്ട ഡി.ബി. കോളേജിലെ മലയാളം വകുപ്പിലെ പ്രൊഫസറും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിളളയുടെ കൂടെ ആദ്യകാലങ്ങളിൽ ഡ്രാമ സ്‌കൂളിൽ അധ്യാപകരായി എത്തിയവർ മലയാള നാടകവേദിക്ക് പുതിയ ദിശാബോധം പകർന്നു നല്കി. പ്രൊഫ. എസ്. രാമാനുജം, വേണുജി, പി.കെ. വേണുക്കുട്ടൻ നായർ, ടി.വി. ഗോപിനാഥൻ, എ.കെ. നമ്പ്യാർ, കൃഷ്ണൻ നമ്പൂതിരി, ആർ. രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യകാല ക്ലാസ്സുകൾ നടന്നത്. ഇവരെ കൂടാതെ വിസിറ്റിങ് ഫാക്കൽട്ടി ആയി ഇന്ത്യയിലേയും വിദേശത്തേയും ഒട്ടേറെ പ്രമുഖർ ഡ്രാമ സ്‌കൂളിൽ എത്തിയിരുന്നു. എസ് പി ശ്രീനിവാസൻ, എൻ കൃഷ്ണപ്പിള്ള, അയ്യപ്പപ്പണിക്കർ, കെ പി നാരായണ പിഷാരോടി, കമലാദേവി ചതോപാദ്ധ്യായ, കപിലാ വാത്സ്യായനൻ, ബൻസി കൗൾ, അരവിന്ദൻ, എം വി ദേവൻ, അടൂർ ഗോപാലകൃഷ്ണൻ, അളകനന്ദ, ശിവരാമകാരന്ത്, കാവാലം നാരായണപ്പണിക്കർ, മൈക്കേൽ പാറ്റേഴ്‌സൺ എന്നിവരായിരുന്നു അവരിൽ പ്രധാനികൾ. ഇവരുടെ ശിക്ഷണത്തിൽ മൂന്ന് വർഷം പഠനം പൂർത്തിയാക്കി ഇറങ്ങിയ ആദ്യ ബാച്ച് വിദ്യാർഥികൾ മലയാള നാടക, സിനിമ, ടെലിവിഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

പ്രൊഫ. രാമാനുജത്തിന്റെ സംവിധാനത്തിൽ രൂപം കൊണ്ട ‘പിശുക്കന്റെ കല്ല്യാണ’വും, ‘കറുത്ത ദൈവത്തെ തേടി’യും ആ കാലഘട്ടത്തിലെ ശ്രദ്ധേയമായ നാടകങ്ങളായിരുന്നു. ഫിൻലൻഡിൽ നിന്നെത്തിയ ലോകപ്രശസ്ത നാടകസംവിധായകയും പരിശീലകയുമായ മായാ തൻബർഗ് സംവിധാനം ചെയ്ത ഗ്രീക്ക് നാടകമായ ‘ആന്റിഗണി’ മലയാള നാടകവേദിയുടെ തുടർന്നുള്ള ഗതിനിർണ്ണയത്തിന് മുഖ്യ സംഭാവനയാണ് നൽകിയത്. കേരളത്തിൽ അങ്ങോമിങ്ങോളമുള്ള നാടകപ്രവർത്തകരും. ലാലൂർ നിവാസികളും, തൃശ്ശൂരിലെ രാഷ്ട്രീയ-സാംസകാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നവരുടേയും സജീവസാന്നിധ്യം ഡ്രാമ സ്‌കൂളിലെ നാടക അവതരണങ്ങൾക്ക് വലിയ മുതൽക്കൂട്ട് തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് ഡോ. വയലാ വാസുദേവൻ പിള്ള, ഡോ. മൊകേരി രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്‌കൂൾ ഓഫ് ഡ്രാമ കാലികമായ ഒട്ടേറെ പരിവർത്തനങ്ങൾക്ക് വിധേയമായി.

പാഠ്യപദ്ധതി

ലോകമെമ്പാടും നാടകാവതരണത്തിന്റെ ആധുനിക ശീലുകൾ പ്രചരിപ്പിക്കുന്നതിന് സ്‌കൂൾ ഓഫ് ഡ്രാമയുടെ ഇതുവരെയുളള പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. 2000ത്തിൽ സംഗീതവിഭാഗത്തെ കുട്ടിച്ചേർത്ത് സ്‌കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് ആയി വികസിപ്പിച്ചു. ഇന്ത്യയുടെ മഹത്തായ നാടകപാരമ്പര്യത്തിലൂന്നിനിന്നുകൊണ്ട് ലോകനാടകവേദിയിലെ അവസാന മുന്നേറ്റങ്ങളെ വരെ ഉൾക്കൊളളുന്നതാണ് വിവിധ ബിരുദ-ബിരുദാനന്തര ഗവേഷണ പാഠ്യപദ്ധതികൾ. രംഗകലയുമായി ബന്ധപ്പെട്ട സമസ്ത വിഷയങ്ങളുടേയും നാടകരചന, അഭിനയം, സംവിധാനം, കുട്ടികളുടെ നാടകവേദി, സാങ്കേതിക വിഭാഗങ്ങൾ തുടങ്ങിയവയുടേയും താത്വിക പ്രായോഗികപഠനം തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയുടെ പ്രത്യേകതയാണ്.

കൾട്ട്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്റർ. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അക്കാദമിക പരിശീലനത്തിനുശേഷം പുറത്തിറങ്ങുന്ന നാടകവിദ്യാർഥികൾക്ക് പുറംലോകത്തെ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ഉതകുന്ന പ്രൊഫഷണൽ സമീപനം എങ്ങനെ രൂപപ്പെടുത്താം എന്ന ആശയത്തിൽ നിന്നാണ് 1981ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്റർ എന്ന പേരിൽ റെപർറ്റോറി കമ്പനി ആരംഭിക്കുന്നത്. പ്രേക്ഷകരുടെ ഇടയിലേക്ക് തുടർച്ചയായി പ്രൊഫഷണൽ സമീപനത്തോടെ നാടകാവതരണങ്ങൾ സാധ്യമാക്കുകയും അതിലൂടെ സാമ്പത്തിക ലാഭം നേടി അഭിനേതാക്കൾക്കും, സാങ്കേതിക വിദഗ്ധർക്കും കൃത്യമായി ശമ്പളം കൊടുത്തുകൊണ്ട് നാടക കമ്പനിയെ നിലനിർത്തുക എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഇത് ആരംഭിച്ചത്. ശ്രദ്ധേയമായ ഒട്ടനവധി പരീഷണാത്മകമായ നാടകാവതരണങ്ങൾ CULT ന്റേതായി മലയാള നാടകവേദിയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ കറുത്ത ദൈവത്തെ തേടി, പി ബാലചന്ദ്രന്റെ മേൽവിലാസം, ശ്യാമപ്രസാദ് സംവിധാനം ചെയ്ത മോസ്‌കോ 19 നോട്ട് സിക്സ് , കെജി കൃഷ്ണമൂർത്തി സംവിധാനം ചെയ്ത നാഗമണ്ഡല , ദിവ്യ ആൻ സുർജിന്റെ സംവിധാനത്തിൽ രാവുണ്ണി , ശരത് രേവതിയുടെ മരണമാച്ച്, നീലം മാൻസിങ്ങിന്റെ തമാശ തുടങ്ങിയ നാടകങ്ങൾ നിരവധി അവതരണങ്ങളിലൂടെ കേരളത്തിലും പുറത്തും നിരവധി അന്തർദേശീയ നാടക ഫെസ്റ്റിവലുകളിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

കുട്ടികളുടെ നാടക പരിശീലനക്കളരി
എല്ലാ വേനലവധിക്കാലത്തും സ്‌കൂൾ കുട്ടികളുടെ സർഗാത്മകശേഷി പോഷിപ്പിക്കുന്നതിനായും അരങ്ങുകലകളെക്കുറിച്ച് കൃത്യമായ ധാരണ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും ഉദ്ദേശിച്ച് സ്‌കൂൾ ഓഫ് ഡ്രാമയിൽ 2005 മുതൽ ആരംഭിച്ച കുട്ടികളുടെ നാടക പരിശീലനക്കളരിയാണ് CART Child Art and Recreation The-atre. ഓരോ വർഷവും തിരഞ്ഞെടുക്കുന്ന 50 മുതൽ 100 വരെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നത്.

അന്തർദേശീയ നാടകോത്സവം
സ്‌കൂൾ ആൻഡ് ഫൈൻ ആർട്സ് ഡയറക്ടറായി നിയമിതനായ അന്തർദേശീയ നാടക കലാകാരൻ ഡോ.അഭിലാഷ് പിള്ള വിഭാവനം ചെയ്ത് 2023 മുതൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഐ.എഫ്.ടി.എസ്. നാടക വിദ്യാലയങ്ങളുടെ അന്തർദേശീയ നാടകോത്സവം. തിയേറ്റർ സ്‌കൂളുകൾ, നാടക അധ്യാപകർ, നാടക വിദ്യാർഥികൾ, നാടക കലാകാരർ എന്നിവരെ ഒന്നിച്ചു കൊണ്ടുവരാൻ ഉതകുന്ന സൈദ്ധാന്തികമായ ഇടമായാണ് മൂന്ന് എഡിഷനുകൾ വിജയകരമായി പൂർത്തിയാക്കിയ ഈ നാടകോത്സവത്തിനെ വിഭാവനം ചെയ്തിരിക്കുന്നത് . നാടക അധ്യാപനവും, പരിശീലനവുമായി ലോകമെമ്പാടും രൂപപ്പെടുന്ന പുത്തൻ ആശയങ്ങളെ പരസ്പരം കൈമാറുക, വിവിധ സംസ്‌കാരങ്ങളും കലാരൂപങ്ങളും പങ്കുവെച്ച് നാടക വിദ്യാർഥികളുടെ ആഗോള ഇടപെടൽ സാധ്യമാക്കുക, അന്തർദേശീയ തലത്തിലുള്ള വിവിധ നാടക സ്‌കൂളുകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ തുടങ്ങി ഒട്ടനവധി ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നുണ്ട്. പ്രധാനമായും 12ലധികം നാടക സ്‌കൂളുകളും, പതിനാറോളം അന്തർദേശീയ നാടക പ്രയോക്താക്കളും അധ്യാപകരും പത്തോളം തദ്ദേശീയ യുവ നാടക കലാകാരും ഈ ഫെസ്റ്റിവലിൻറെ ഭാഗമായി എല്ലാവർഷവും സ്‌കൂൾ ഓഫ് ഡ്രാമയിൽ എത്തിച്ചേരുന്നു. IFTS ഒരു സാധാരണ നാടകമേളയല്ല. നാടകത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ നവസാധ്യതകളെ അന്വേഷിക്കാനും കൂട്ടിയിണക്കാനും ആഗോളവും പ്രാദേശികവുമായ സംസ്‌കാരങ്ങളെ ഒരുമിച്ച് ചേർക്കാനും അനുഭവിക്കാനും കഴിയുന്ന അതുല്യമായ അന്താരാഷ്ട്ര നാടകവേദിയാണ്.