കവര്‍‌സ്റ്റോറി

കാലത്തോട് കലഹിച്ച ആയിഷ

സമകാലിക ജനപഥം 2026
മാർച്ച് 1 പുസ്തകം 12 ലക്കം 8

നാടകരംഗത്തെ തുടക്കം
1953-ൽ ഇ.കെ.അയമു എഴുതിയ ‘ഇജ്ജ് നല്ലൊരു മനുഷ്യനാവാൻ നോക്ക്’ എന്ന നാടകത്തിലെ ‘ജമീല’ എന്ന കഥാപാത്രമായാണ് അരങ്ങേറ്റം. ഒരിക്കൽ ഇ.കെ.അയമുവും തന്റെ സഹോദരൻ മാനു മുഹമ്മദും വീട്ടിലേക്ക് കഞ്ഞി കുടിക്കാൻ വരുമ്പോൾ ഞാൻ ഉമ്മയുടെ ഗ്രാമഫോണിൽ പാട്ട് കേൾക്കുകയായിരുന്നു. കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അതുവഴി വന്ന ഒരാൾ ചോദിച്ചു, എന്തുകൊണ്ട് നിങ്ങൾക്ക് ഒരു നാടകം കളിച്ചുകൂടാ എന്ന്. അങ്ങനെ ഞങ്ങൾ നാടകം കളിക്കാൻ തീരുമാനിച്ചപ്പോൾ നൂറുദ്ദീൻ എന്ന ആൾ പറഞ്ഞു നാടകം കളിക്കുന്നതിന് മുൻപ് നിങ്ങൾ ആദ്യം നല്ലൊരു മനുഷ്യനാകാൻ നോക്ക് എന്ന്. അപ്പോൾ ഇ.കെ.അയമു പറഞ്ഞു, എന്റെ നാടകത്തിന്റെ പേരും അതുതന്നെ- ഇജ്ജ് നല്ല മനുസനാകാൻ നോക്ക്. 20 വർഷത്തോളം നാടകം വേദികളിൽ നിറഞ്ഞുനിന്നു.

സാമൂഹിക മാറ്റം
അക്കാലത്ത് സ്ത്രീവേഷങ്ങൾ പോലും പുരുഷന്മാർ ചെയ്തിരുന്ന നാടകവേദിയിലേക്ക് ഒരു മുസ്ലിം സ്ത്രീ കടന്നുവന്നത് വലിയൊരു സാമൂഹിക വിപ്ലവത്തിന് വഴിവെച്ചു. ‘മുസ്ലിം സ്ത്രീ നാടകവേദിയിലേയ്ക്കല്ല, നരകത്തിലേക്കാണ്’ എന്ന് എതിരാളികൾ വിളിച്ചുപറഞ്ഞു. പക്ഷേ, എതിർപ്പുകളെ മുന്നോട്ടുള്ള ഊർജമാക്കി മുന്നേറി. സ്ത്രീകൾക്ക് രണ്ടു കാലിൽ അഭിമാനത്തോടെ നിൽക്കാൻ ഉശിരേകണം എന്നാണ് അപ്പോൾ തോന്നിയത്.

പതറാത്ത പോരാട്ടം
മഞ്ചേരി മേലാക്കത്ത് നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ യാഥാസ്ഥിതികർ വേദിയിലേക്ക് വെടിയുതിർത്തു. അന്ന് വെടിയുണ്ടയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉന്നം തെറ്റിയ വെടിയുണ്ട സ്റ്റേജിന്റെ കർട്ടനിൽ പതിച്ചു. ഒരിക്കലും ഭയപ്പെട്ടിട്ടില്ല, എല്ലാം അല്ലാഹുവിന്റെ സാക്ഷ്യം… അതിൽനിന്നും സ്വയം ഉണ്ടായ ധൈര്യം. ഇതല്ലാതെയും രണ്ടുമൂന്നുതവണ അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നു.

നാടകം കളിക്കുന്നതിനിടയിൽ നിരവധി തവണ കല്ലേറുകളും ശാരീരിക മർദനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ നാടകം കളിക്കുമ്പോൾ സ്റ്റേജിലേക്ക് കല്ലേറുണ്ടായി. നെറ്റി പൊട്ടി ചോര ഒഴുകി. പക്ഷേ ചോരയിൽ തൊട്ടുനോക്കുക പോലും ചെയ്യാതെ, അഭിനയം നിർത്താതെ ഡയലോഗുകൾ പൂർത്തിയാക്കി നാടകം കളിച്ച അനുഭവവുമുണ്ട്. ഈ ആക്രമണങ്ങളോടൊക്കെ മല്ലടിച്ച് ജീവിച്ചാണ് ഇവിടംവരെ എത്തിനിൽക്കുന്നത്. ഒരു കലാകാരിയെന്ന നിലയിലുള്ള മനസ്സിന്റെ ശക്തിയാണ് മുന്നോട്ടു നയിക്കുന്നത്.

സ്ത്രീ ശാക്തീകരണവും നാടകവും
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പൊതുരംഗത്തെ സാന്നിധ്യത്തിനും ഞാൻ നേരിട്ട പ്രതിസന്ധികൾ സഹായകമായെന്നാണ് വിശ്വാസം. ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളുണ്ടായിട്ടുണ്ട്. ഞാൻ അനുഭവിച്ചത് മറ്റൊരാൾക്കും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാറുമുണ്ട്. എന്തൊക്കെ സംഭവിച്ചാലും അതിനെ അതിജീവിച്ചു നാം മുന്നേറണം. എന്ത് വെല്ലുവിളികൾ നേരിടാനും തയ്യാറാവണം. ജീവിച്ചു കാണിക്കണം.

പണ്ട് കാലത്തെ ജീവിതമല്ല ഇന്നുള്ളത്. അന്ന് സ്ത്രീകൾക്ക് എവിടെയും പോകാൻ കഴിയില്ലായിരുന്നു. വീട്ടിൽനിന്നും പുറത്തിറങ്ങാൻ പോലും അനുവാദമില്ലായിരുന്നു. പുറത്തുള്ളവരോട് സംസാരിക്കാൻ പാടില്ല, പ്രത്യേകിച്ച് പുരുഷന്മാരോട്. ഇന്ന് അതല്ല സ്ഥിതി. എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ആർക്കും ആരോടും സ്വാതന്ത്ര്യത്തോടെ സംസാരിക്കാം. അത് കാലഘട്ടത്തിന്റെ വളർച്ചയാണ്. അതിന് കാരണമായത് നാടകങ്ങളും സ്ത്രീ കഥാപാത്രങ്ങളുമാണ്. തീർച്ചയായും അക്കാലത്തെ പുരുഷ കഥാപാത്രങ്ങൾക്കും അതിൽ പങ്കുണ്ട്.

ജീവിതം പോരാട്ടം

13-ാം വയസ്സിലായിരുന്നു വിവാഹം. ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ആ ജീവിതം സിംഗിൾ മദർ എന്ന പട്ടവും സമ്മാനിച്ച് അവസാനിച്ചു. ജീവിതം മടുത്ത ആ അവസ്ഥയിൽ നിൽക്കുമ്പോൾ ‘നീ ജീവിച്ചു കാണിക്ക്’ എന്ന് സഹോദരൻ പറഞ്ഞ ആ വാക്കിൽ നിന്നാണ് ഉയിർത്തെഴുന്നേൽക്കുന്നത്. പതിനാറാം വയസ്സിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികൾ, കല്ലേറിലേക്കും വെടിവയ്പ്പിലേക്കും വരെ എത്തിയ എതിർപ്പുകളെ നേരിട്ട് കലാരംഗത്ത് തുടർന്നതിനു പിന്നിലെ നിശ്ചയദാർഢ്യം, ഒക്കെ ആ വാക്കുകളായിരുന്നു. സമ്പന്ന കുടുംബത്തിലാണ് ജനനമെങ്കിലും പിന്നീട് ദാരിദ്ര്യം പിടിമുറുക്കി. സാമ്പത്തിക പ്രയാസം പിടിമുറുക്കിയപ്പോൾ ഇരുപതുവർഷത്തോളം ഗൾഫിലെ ഗദ്ദാമ ജീവിതവും നയിക്കേണ്ടിവന്നു.

ആദ്യ പിന്തുണ
മഞ്ചേരിയിൽ നാടകം കളിക്കാൻ പോയപ്പോൾ നാടകക്കാർക്ക് കുഴികുത്തി അതിൽ ഇലയിട്ട് കഞ്ഞി തന്നു. അപ്പോൾ നിലമ്പൂർ കോവിലകത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറഞ്ഞു- ഒരു രണ്ടു കുഴിയും കൂടെ അവിടെ കുത്ത്, ഞാനും അവിടെ ഇരുന്ന് കഴിക്കാം. അത് കേട്ടപ്പോൾ സംഘാടകർ കുഞ്ഞിക്കുട്ടൻ തമ്പുരാനോട് മാപ്പ് പറഞ്ഞു. ഞങ്ങൾക്ക് മാന്യമായ സ്വീകരണം ലഭിച്ചു.

സ്വയംപര്യാപ്തത
മരിക്കുന്നവരെ ഒരാളെയും ആശ്രയിക്കാതെ സ്വന്തം ചെലവിൽ ജീവിക്കണം. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം ജീവിച്ചാൽ അതിന്റെ പുണ്യം നമുക്ക് കിട്ടും. ഇതാണ് എന്നും എന്റെ ആപ്തവാക്യം. അങ്ങനെതന്നെയാണ് ജീവിച്ചതും.

അഭിനയം, ജീവിതം
അഭിനയം തന്നെയാണ് എക്കാലത്തെയും ആഗ്രഹം. ഇപ്പോഴും അഭിനയിക്കാൻ മടിയില്ല, ചെയ്യണം എന്ന് തോന്നിയാൽ ചെയ്യും.