കരിക്കട്ടയിൽ തെളിഞ്ഞ മഹാരാജ്യം

-ജി. ഹസ്താമലകന്‍
മാധ്യമ പ്രവര്‍ത്തകന്‍

ഭൂപടം വരയ്ക്കാന്‍ അതിര്‍ത്തികള്‍ ഉള്ള ഒരു ചെറിയ നാട്ടു രാജ്യം രവിവര്‍മ്മയ്ക്ക് ഉണ്ടായിരുന്നില്ല. കൊട്ടാരത്തിൽ പിറന്നെങ്കിലും അധികാരത്തിന്റെ സിംഹാസനത്തിലും ആസനസ്ഥനായില്ല. എന്നാൽ വരച്ച്, ചായം ചേര്‍ത്ത് ചിത്രകലയില്‍ അതിരുകളില്ലാത്ത മഹാരാജ്യം സ്ഥാപിച്ചു. അവിടെ, അന്നും ഇന്നും ചക്രവര്‍ത്തി…

രവിവര്‍മ്മ എന്ന രാജാ രവിവര്‍മ്മയ്ക്ക് 58 വർഷമായിരുന്നു ആയുസ്സ്. കാലത്തിന്റെ തീരെ ചെറിയൊരു തുണ്ടായിരുന്നു അത്. അവിടെ നിന്നു കൊണ്ടാണ് രവിവര്‍മ്മ വര കൊണ്ട് ആസ്വാദകന് വരം തന്നത്. യഥാർത്ഥ (റിയലിസ്റ്റിക്) ചിത്രകലാ തൽപരനായിരുന്ന ഡാവിഞ്ചിയെ പോലെ റിയലിസത്തിലൂടെ മലയാളിയുടെ മനസ്സിലെ ദേവരൂപ സങ്കല്‍പ്പത്തെ, വേഷത്തെ ഒക്കെ മാറ്റി വരച്ചുള്ള നവോഥാനം.

ചുറ്റു മതിലിനു പുറത്തേക്ക്

കൊട്ടാരക്കെട്ടുകളിലും ക്ഷേത്ര ചുവരുകളിലും നിറഞ്ഞു നിന്ന ചിത്രകലയെ സാധാരണക്കാരിലേക്കു കൊണ്ടു വരികയായിരുന്നു രാജാ രവിവര്‍മ്മ. പാശ്ചാത്യ രചനാ ശൈലിയില്‍ പുരാണ കഥാപാത്രങ്ങളെ വരച്ചു കൊണ്ടായിരുന്നു അത് സാധ്യമാക്കിയത്. മ്യൂറല്‍ രചനാ സങ്കേതങ്ങളുടെ ലോകത്തു നിന്ന് അക്കാഡമിക് റിയലിസത്തിലൂടെയുള്ള വഴിത്തിരിവ്. അണു സമാനമായ സൂക്ഷ്‌മ തലങ്ങളിലേക്ക് അരിച്ചിറങ്ങുന്നതുമാണ് രവിവര്‍മ്മ ചിത്രങ്ങള്‍. അതാ അച്ഛന്‍ വരുന്നു എന്ന ചിത്രത്തില്‍ അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ കൃഷ്‌ണമണിയിൽ പടി കടന്നെത്തുന്ന, ചിത്രം തെളിയുന്നിടത്ത് സൂക്ഷ്‌മതയുടെ കയ്യടക്കം കാണാം. മഹാരാഷ്ട്രയിലെ വനിതകളുടെ വേഷം വരച്ച്, സാരിയെ മലയാളിയുടെ ‘ആചാര വേഷം’ ആക്കിയതും രവിവര്‍മ്മയാണ്.

കരിക്കട്ടയിൽ തുടക്കം

വിറക് എരിഞ്ഞു തീരുന്നതാണ് കരിക്കട്ട. അങ്ങനെ തീർന്നിടത്തു നിന്നാണ് രവിവര്‍മ്മ വരച്ചു തുടങ്ങിയത്. മൂന്നു വയസ്സ് ആകുന്നതിനു മുമ്പു തന്നെ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുവരുകളില്‍ കുഞ്ഞു വിരലുകളിലെ വലിയ ചിത്രങ്ങള്‍ നിറഞ്ഞിരുന്നു. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരന്‍ കൂടിയായ മാതുലന്‍ രാജരാജവര്‍മ്മ ആ പ്രതിഭ തിരിച്ചറിഞ്ഞതോടെ ഗുരുവായി മാറി. പതിനാലാം വയസ്സില്‍ തിരുവിതാംകൂര്‍ ഭരണാധികാരി ആയില്യം തിരുനാളിന്റെ അടുത്ത് എത്തിയതോടെ വരയുടെ വിശാല ലോകത്തേക്കാണ് കടക്കാനായത്.

ചിത്രങ്ങള്‍ കണ്ടും തിയോഡര്‍ ജാന്‍സന്‍ എന്ന വിദേശി ചിത്രങ്ങള്‍ വരയ്‌ക്കുന്നതും നോക്കി നിന്നാണ് എണ്ണച്ചായത്തിന്റെ കൂട്ടൊരുക്ക് രവിവര്‍മ്മ പഠിച്ചത്. പാശ്ചാത്യ ലോകത്തുവരെ ആ പെരുമ പടർന്നു. 2023 ഫെബ്രുവരി അവസാന വാരം മുംബൈ പുണ്ടോള്‍ ഗ്യാലറിയില്‍ നടന്ന ലേലത്തില്‍ രാജാ രവിവര്‍മ്മയുടെ ‘യശോദയും കൃഷ്‌ണനും’ വിറ്റു പോയത് 38 കോടി രൂപയ്ക്കാണ്. കരിക്കട്ടയിൽ തുടങ്ങിയ വരയുടെ വിലമതിക്കാനാകാത്ത വില.