ഇനികാണൂ വലിയ സ്വപ്‌നങ്ങള്‍

അഭിജിത്  ബാനര്‍ജി

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ സവിശേഷമായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. അതി ദരിദ്രരില്ലാത്ത ഉൽക്കൃഷ്‌ടമായ സാമൂഹിക വ്യവസ്ഥ കേരളത്തിന് കൈയെത്തും ദൂരത്താണെന്നത് ഏറെ അഭിമാനകരമാണ്. കൂടുതല്‍ മഹത്തായ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുള്ള സ്വാതന്ത്ര്യം ഇത് കേരളത്തിന് പകരുമെന്നാണ് എന്റെ വിശ്വാസം. വികസിത രാജ്യങ്ങള്‍ക്ക് സമാനമായ ജീവിത നിലവാരത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിക്കുകയുണ്ടായി. ഈ ദിശയിലേക്ക് തന്നെയാകട്ടെ കേരള സമൂഹത്തിന്റെ സഞ്ചാരം. ദാരിദ്ര്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ടഎന്റെ പഠനങ്ങളില്‍ നിന്ന്  ഉള്‍ക്കൊണ്ട ചില പാഠങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

ക്ഷേമ പദ്ധതികള്‍ അലസരാക്കില്ല

പാവപ്പെട്ടവര്‍ക്ക് നിരുപാധികമായി പണം നല്‍കിയാല്‍, അവര്‍ കൂടുതല്‍ അലസരായി മാറുമെന്നതാണ് സാമൂഹിക ക്ഷേമ നയങ്ങള്‍ക്കെതിരെ ഉയരുന്ന സ്ഥിരം വിമര്‍ശനം. സൈദ്ധാന്തിക തലത്തില്‍ ഇത് ശരിയായി തോന്നാം. എന്നാൽ, സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഭാഗമായി പാവപ്പെട്ടവർക്ക് പണം കൈമാറിയതിനാല്‍, അവര്‍ കൂടുതല്‍ മടിയന്‍മാരായി എന്ന വാദത്തിന് തെളിവിന്റെ യാതൊരു പിന്‍ബലവും നാളിതുവരെ കിട്ടിയിട്ടില്ല. 13 രാജ്യങ്ങളില്‍ നടത്തിയ റാൻഡമൈസ്‌ഡ് കൺട്രോൾ ട്രയലുകളില്‍ ഇത് വ്യക്തമായതാണ്. ഈ പഠനത്തെ അധികരിച്ച് ‘അലസനായ ഗുണഭോക്താവെന്ന മിഥ്യ’ എന്ന പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ചില പോരായ്‌മകൾ കണ്ടില്ലെന്ന് നടിക്കാം

പരിപൂര്‍ണതയെന്ന ആശയം പലപ്പോഴും ശരിയ്ക്ക് എതിരായി വരാറുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികളെല്ലാം വിമർശിക്കപ്പെടുന്നത് അതിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയാണ്. പദ്ധതിയിലെ പഴുതുകള്‍ മുതലാക്കി, അനര്‍ഹര്‍ സൗജന്യങ്ങള്‍ കൈക്കലാക്കുന്നുവെന്ന വിമര്‍ശനമാണ് ഉന്നയിക്കപ്പെടുന്നത്. ഇത് യാഥാര്‍ഥ്യമാണെന്നതില്‍ സംശയമില്ല. എന്നാൽ, ഈ ന്യൂനത, ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ക്ക് മാത്രമല്ല, ഒട്ടുമിക്ക പദ്ധതികള്‍ക്കും ഉണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുക  ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്തെന്നാൽ, ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ തന്നെ സങ്കീര്‍ണമാണ്. പക്ഷേ, ഈ പോരായ്‌മകളുടെ പേരില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ ഉപേക്ഷിക്കപ്പെടരുത് എന്നാണ് എന്റെ മതം. അടിയന്തര സാഹചര്യത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ദരിദ്രരിലേക്ക് സേവനങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അത്തരം സേവനങ്ങള്‍ സാര്‍വത്രികമാക്കുന്നതാണ് നല്ലത്. അപ്പോള്‍, ദരിദ്രര്‍ക്ക് ഉറപ്പായും അതിന്റെ ഗുണഫലം ലഭിക്കും. കോവിഡ് 19 മഹാമാരിക്കാലത്ത്  കേരള സര്‍ക്കാര്‍ ചെയ്‌തത് ഇതു തന്നെയാണ്.

സമ്പന്നരെന്നോ ദരിദ്രരെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനുള്ള തീരുമാനം ശ്ലാഘനീയമാണ്.

പാവപ്പെട്ടവരെ വിശ്വസിക്കുക

പണം നേരിട്ട് പാവപ്പെട്ടവർക്ക് കൈമാറിയാല്‍, അവര്‍ അത് മദ്യപിച്ചും മറ്റും ദുര്‍വ്യയം ചെയ്യുമെന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാൽ, ഈ വാദത്തിലും കഴമ്പില്ല എന്നു തന്നെയാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഇന്തോനേഷ്യയില്‍ ക്രെഡിറ്റ് കാര്‍ഡിന് സമാനമായ കാര്‍ഡ് ജനങ്ങള്‍ക്ക് നേരിട്ടു നല്‍കിയപ്പോള്‍ അവര്‍ കാര്‍ഡുപയോഗിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങുകയും കാലക്രമേണ ദാരിദ്ര്യ നിരക്ക് 20 ശതമാനം കുറയുകയും ചെയ്‌തു. മാത്രമല്ല, സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായ പദ്ധതികള്‍ ഇത്തരം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന്  കരകയറാന്‍ സഹായിച്ചിട്ടുണ്ടെന്നത് തെളിയിക്കപ്പെട്ടതാണ്.

അതി ദരിദ്രര്‍ക്ക് കന്നുകാലികൾ, മറ്റ് ജീവനോപാധികള്‍ എന്നിവ വിതരണം ചെയ്‌ത ശേഷം 10 വര്‍ഷം കഴിഞ്ഞ് തിരക്കിയപ്പോള്‍ അവരില്‍ പലരും സമ്പരായി മാറിയിരുന്നു. അവര്‍ക്ക് നല്‍കിയ പശു അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും അത് മൂലധനമായി നടത്തിയ നിരവധി ക്രയ വിക്രയങ്ങളിലൂടെ ദാരിദ്ര്യം തുടച്ചു നീക്കപ്പെട്ടു. ഏതെങ്കിലും രൂപത്തിലുള്ള മൂലധനം കൈവരുന്നതിലൂടെ ഉണ്ടാകുന്ന ആത്മവിശ്വാസവും ഉണര്‍വും പാവപ്പെട്ടവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നു.

അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം

ദരിദ്ര ജന വിഭാഗങ്ങളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മൈക്രോ ക്രെഡിറ്റ് സംവിധാനം നിലവില്‍ വന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തി ദരിദ്രര്‍ നിരവധി ആവശ്യങ്ങള്‍ നിവർത്തിക്കുന്നുണ്ടെങ്കിലും സംരംഭകര്‍ സൃഷ്‌ടിക്കപ്പെടുന്നില്ല. എന്തു കൊണ്ട്?  സംരംഭകരാകാന്‍ താല്‍പര്യമില്ല എന്നതാണ് ദരിദ്രര്‍ ഇതിനു നൽകുന്ന ഉത്തരം. അതിനാല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് മൈക്രോ ക്രെഡിറ്റ് സംവിധാനം പര്യാപ്‌തമാണെന്ന് കരുതുന്നില്ല. ഏതൊരു ഭരണ സംവിധാനവും ദരിദ്രര്‍ക്ക് വേണ്ടതുണ്ടെന്ന് മനസ്സിലാക്കി ഇടപെടുമ്പോള്‍, കൂടുതല്‍ ക്രിയാത്മകമായ പരിഹാരങ്ങള്‍ ഉയര്‍ന്നു വരും.

‘എങ്ങനെ ദാരിദ്ര്യം തുടച്ചു നീക്കാം  കേരളവും ഇന്ത്യയും ലോകവും’ എന്ന വിഷയത്തില്‍  മാര്‍ച്ച് 9നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

പരിഭാഷ: ആരതി കെ.ആര്‍