കവര്‍‌സ്റ്റോറി

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിലക്കുണ്ടാകില്ല

സ്വതന്ത്രവും നീതിപൂര്‍വവും ജനാധിപത്യപരവുമായ പത്ര പ്രവര്‍ത്തനത്തിനു കേരളത്തില്‍ ഒരു വിലക്കുമുണ്ടാകില്ല. പത്ര സ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നല്‍കും. സത്യം അറിയിക്കാനുള്ള പത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം പൂർണ്ണമാകുന്നത് സത്യം അറിയാനുള്ള വായനക്കാരന്റെ സ്വാതന്ത്ര്യം കൂടി ചേരുമ്പോഴാണ്. എന്നാൽ ഇതു മാധ്യമ പ്രവർത്തകരാൽത്തന്നെ ലംഘിക്കപ്പെടുന്നുണ്ടോ എന്നതിൽ പത്ര പ്രവര്‍ത്തക സമൂഹത്തിന്റെ പരിശോധന ആവശ്യമായ ഘട്ടമാണിത്. എത്ര കടുത്ത അസത്യം വിളിച്ചു പറഞ്ഞാലാണു കൂടുതല്‍ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു. ഇത്തരമൊരു ജീര്‍ണത മാധ്യമ രംഗത്തു പടരുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള സംസ്‌കാരം മാധ്യമ ലോകത്തുണ്ടാകണം. അതുണ്ടായാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അധികാര ശക്തികളുടെ ഏതു നീക്കത്തേയും ചെറുക്കാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കും.

–പിണറായി വിജയന്‍, മുഖ്യമന്ത്രി

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മാധ്യമ പ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ദേശാഭിമാനി ദിനപത്രം മുന്‍ അസോസിയേറ്റ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ്.ആര്‍. ശക്തിധരനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്‌ത ശില്‍പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം. 2020, 2021 വര്‍ഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020-ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്‌തു.

മാധ്യമപുരസ്‌കാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ‘കാവലാള്‍ – സത്യത്തിന്റെ സൂക്ഷിപ്പുകാര്‍’ എന്ന കൈപ്പുസ്‌തകം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്‌തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.