കവര്‍‌സ്റ്റോറി

കൃഷി സംരംഭകര്‍ക്ക് ഒരു ക്ലിനിക്

അപര്‍ണ. ബി
ബിരുദ വിദ്യാര്‍ഥി
കാര്‍ഷിക കോളജ്, വെള്ളായണി

പരമ്പരാഗത രീതികളുടെ നുകത്തില്‍ കെട്ടിയ കാര്‍ഷിക വൃത്തിയെ ആധുനികതയിലേക്ക് നയിക്കുക ഏറെ പ്രധാനമാണ്. ആ ദൗത്യം ഏറ്റെടുത്ത് യുവതലമുറയെ കൃഷിയോട് ചേർക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്നത്. ആ ശ്രേണിയിലെ പുതുമയാണ് ‘വൈഗ’  അഥവാ വാല്യൂ അഡിഷന്‍ ഫോര്‍ ഇന്‍ യങ്ങ് ജനറേഷന്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണനമേള. മേളയില്‍ കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും കാര്‍ഷിക ഉൽപന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും മൂല്യവര്‍ധനവും ശരിയായ വിപണി ഇടപെടലുമെല്ലാം ചര്‍ച്ചയായി. എന്നാൽ ഇത്തവണ വൈഗയില്‍ ഒരു പുതുമ കൂടിയുണ്ടായിരുന്നു. പുതിയ കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുവരെ സഹായിക്കാനായി സംഘടിപ്പിച്ച ഡിപിആര്‍ ക്ലിനിക്കുകള്‍.

പുതിയ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും  സംരംഭകര്‍ക്കും വായ്‌പ ലഭിക്കാന്‍ വിശദ പദ്ധതി രേഖ അനിവാര്യമാണ്. അനുഭവ പരിചയവും പ്രൊഫഷണല്‍ യോഗ്യതയും ഉള്ള ഏജന്‍സികളാണ് ഇത് തയ്യാറാക്കി നൽകുന്നത് ഇവര്‍ക്ക്  സാധാരണയായി വായ്‌പത്തുകയുടെ ഒരു ശതമാനമോ അതിലധികമോ നല്‍കേണ്ടി വരുന്നു. ധനകാര്യ സ്ഥാപനത്തിന് ഡി.പി.ആര്‍ ബോധ്യപ്പെട്ടില്ലെങ്കിൽ വായ്‌പ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും. മികച്ച ആശയങ്ങള്‍ക്കും  നൂതന സംരംഭങ്ങള്‍ക്കും  അർഹതപ്പെട്ട വായ്‌പ ഡി.പി.ആറിലെ ന്യൂനത മൂലം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ഡി.പി.ആര്‍ ക്ലിനിക്കുകള്‍ വൈഗയിലുള്‍പ്പെടുത്തിയത്. കേരളത്തിലുട നീളമുള്ള തിരഞ്ഞെടുക്കപ്പെട്ട 50 കര്‍ഷക സംരംഭകര്‍ക്കു ആവശ്യമായ ഡി.പി.ആര്‍ സൗജന്യമായി തയ്യാറാക്കി നല്‍കാനായത് ഈ വര്‍ഷത്തെ വൈഗ മേളയുടെ ശ്രദ്ധേയ നേട്ടമായി.

വൈഗയ്ക്ക് മുന്നോടിയായി നടന്ന ശില്‍പ ശാലയില്‍ കര്‍ഷകരുടെയും സംരംഭകരുടെയും പദ്ധതികളുടെ പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു. ബാങ്കുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വകുപ്പ്, മറ്റ് കാര്‍ഷിക ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവയിൽ ഉള്ള വിദഗ്‌ധരും സംരംഭകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 20 പേരും ക്ലിനിക്കിൽ അംഗങ്ങളായിരുന്നു. വിളകളുടെ പ്രാധാന്യം, പോഷക ഗുണം, ഉപയോഗങ്ങള്‍, അന്തര്‍ ദേശീയ-ദേശീയ സ്ഥിതി വിവരക്കണക്കുകള്‍, കേരളത്തിലെ ഉല്‍പാദനം, കയറ്റുമതി, ഇറക്കുമതി എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്. എഫ്. എ. സി കേരളയുടെ നേതൃത്വത്തിലാണ് പദ്ധതി രേഖകള്‍ തയ്യാറാക്കിയത്.

കൃഷിയെ മറന്നു കൊണ്ടുള്ള വികസനം സുസ്ഥിരമല്ല എന്ന ബോധ്യം കേരളീയര്‍ക്ക് ഉണ്ടായിട്ടുണ്ട്. പുത്തന്‍ ആശയങ്ങളുടെയും നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കാര്‍ഷിക മേഖലയ്ക്ക് നവോര്‍ജം പകർന്നു നല്‍കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് വൈഗ പകർന്നു നൽകുന്നത്.