‘എങ്കക്കൂട്ട’ത്തിന് പഠിപ്പിന്റെ തേന്‍ രുചി
‘എങ്കക്കൂട്ട’ത്തിന് പഠിപ്പിന്റെ തേന്‍ രുചി
സിന്ധു എസ് എസ്
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, സമഗ്ര ശിക്ഷ അഭിയാന്‍
സവിശേഷ പാരമ്പര്യമുള്ള ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് കേരളം. 1991-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടിക വർഗ ജന സംഖ്യ നാലര ലക്ഷത്തില്‍പരമാണ്. ആകെ ജന സംഖ്യയുടെ 1.5%. 37 വിഭാഗം ആദിവാസികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ചോലനായ്ക്കര്‍, കാട്ടു നായ്‌ക്കർ, കുറുമ്പന്‍, കാടര്‍, കൊറഗര്‍ എന്നീ വിഭാഗക്കാരെ പ്രിമിറ്റീവ് ട്രൈബല്‍ ഗ്രൂപ്പായി കണക്കാക്കുന്നു. ഗോത്ര സംസ്‌കൃതിയുടെ ഈടുവെപ്പുകളില്‍ ജീവിക്കുമ്പോഴും നിരവധിയായ ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയരാക്കപ്പെടുന്നുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇതിന് ഒരു പ്രധാന കാരണം. അക്ഷര ലോകത്തേക്കെത്താന്‍ വൈമുഖ്യം കാണിക്കുന്നവരാണ് അവിടുത്തെ കുട്ടികൾ. പരമ സ്വതന്ത്രരായി കാടിന്റെ മടിത്തട്ടിൽ കളിച്ചു രസിക്കുന്ന കുട്ടികൾക്ക് വിലക്കുകള്‍ നിറഞ്ഞ സ്‌കൂള്‍ അന്തരീക്ഷം അരോചകമായി തോന്നുന്നതാവാം. കാരണം. ഈ കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവയുടെ നേതൃത്വത്തില്‍ പട്ടിക വർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടപ്പിലാക്കി വരുന്നുണ്ട്. ഇവിടെ നടത്തുന്ന ഓരോ പ്രവര്‍ത്തനവും കൃത്യമായ പുരോഗതി അടയാളപ്പെടുത്താന്‍ സാധിക്കുന്നതാണ്.
വിദ്യാഭ്യാസ പശ്ചാത്തലം
വിവിധ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വർഗ വിഭാഗം കുട്ടികളുടെ എണ്ണം 1,33,662 ആണ്. സാധാരണ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികൾ, മലമ്പ്രദേശത്തും ഉള്‍വനത്തിലും താമസിക്കുന്ന കുട്ടികൾ എന്നിങ്ങനെ രണ്ട് വിഭാഗക്കാരായി കാണാം. ഹോസ്റ്റല്‍ താമസ സൗകര്യം നൽകിയിട്ടും അത് പ്രയോജനപ്പെടുത്താത്തവരുമുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസവും പ്രത്യേക പരിഗണന അർഹിക്കുന്നു. അവിടങ്ങളിലെ പ്രത്യേകതകള്‍ കണ്ടെത്തുന്നതിനായി സര്‍വെ നടത്തി വരുന്നു.
എങ്കെ എങ്കക്കൂട്ടം
ഏഷ്യയിലെ തന്നെ ഏറ്റവും ആദിമമായ ഗോത്ര വിഭാഗക്കാരാണ് ചോലനായ്ക്കര്‍. നിലമ്പൂരിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്ന ഈ വിഭാഗക്കാര്‍ പൊതു സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഉള്‍വലിഞ്ഞു ജീവിക്കുന്നവരാണ്. ജന സംഖ്യയില്‍ 350ഓളം വരുന്ന ചോലനായ്ക്കരുടെ എണ്ണം കുറഞ്ഞു വരികയാണ്. ചോലനായ്ക്കര്‍ വിഭാഗത്തിലെ 60ഓളം കുട്ടികൾ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നു. പൂച്ചപ്പാറ, മഞ്ചേരി, കുമ്പളപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയ സമഗ്ര ശിക്ഷാ കേരള 2023 അക്കാദമിക് വര്‍ഷം മഞ്ചേരിക്കടുത്തുള്ള പുലിമുണ്ട കോളനി കേന്ദ്രീകരിച്ച് ‘ഞാനും എന്റെ കൂട്ടരും’ (എങ്കെ എങ്കക്കൂട്ടം) എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഈ പദ്ധതി വിജയമായി. 2022 മേയില്‍ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി അവരുടെ വാസസ്ഥലം കേന്ദ്രീകരിച്ച് നടപ്പിലാക്കി. ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന പുലിമുണ്ട കോളനിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാധന സാമഗ്രികള്‍, കുട്ടികൾക്ക് കളിക്കാനായി കളിയുപകരണങ്ങള്‍, ഫുട്‌ബോള്‍, സ്‌കിപ്പിങ് റോപ്പ് തുടങ്ങിയവ എത്തിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, വിനോദോപാധികള്‍ സമ്മാനിച്ചു കൊണ്ട് അവരുമായി സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ചു. ഇവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ആദ്യ ചുവടു വയ്‌പ് ആയിരുന്നു ഇത്.
ചോലനായ്ക്കര്‍ ഭാഷയും മലയാളത്തിലെ പരിഭാഷയും
സ്‌കൂളില്‍ ചേർന്നു പഠിക്കാത്ത 13 കുട്ടികൾ ഈ കോളനിയില്‍ ഉണ്ടായിരുന്നു. ലിപിയില്ലാത്ത ഭാഷയാണ് ചോലനായ്ക്കര്‍ ഭാഷ. ഇത് ആശയ വിനിമയത്തിന് തടസ്സമായിരുന്നു. എന്നാൽ മലയാളം ലിപി ഉപയോഗിച്ച് അവരുടെ ഭാഷയില്‍ തന്നെ പാഠ ഭാഗങ്ങള്‍ രൂപപ്പെടുത്തി. ഓരോ പാഠവും അവരുടെ ജീവിത സന്ദര്‍ഭങ്ങളുമായി ബന്ധമുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2022 അക്കാദമിക വര്‍ഷത്തില്‍ ഈ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു. ഇവരില്‍ സുകുമാരന്‍, സുന്ദരി എന്നീ കുട്ടികൾ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായി. സുകുമാരന്‍ എസ്.എസ്.കെയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തുന്ന ഹോസ്റ്റലിലും സുന്ദരി മഹിളാ സമഖ്യയുടെ ഹോസ്റ്റലിലുമാണ് താമസിച്ചു പഠിച്ചു വന്നിരുന്നത്.
കേരളത്തിലെ 14 ജില്ലകളിലെയും പാർശ്വവൽക്കരിക്കപ്പെട്ട മേഖല/ജനങ്ങള്‍ ഉള്ള ഒരു പഞ്ചായത്ത് സേവാസ് പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ തിരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ക്കായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നൽകി വരുന്നു. പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ വിശദമായ ഒരു സര്‍വെ നടത്തി റിപ്പോർട്ട് ക്രോഡീകരിച്ചു, തുടര്‍ നടപടികള്‍ സ്വീകരിച്ചു.
‘തിരികെ’ പദ്ധതി
നിലമ്പൂരില്‍ കുമ്പളപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൊഴിഞ്ഞു പോയ 57 കുട്ടികളെ ‘തിരികെ’ പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ തിരിച്ചെത്തിച്ചു. ഈ മേഖലയില്‍ പഠനത്തില്‍ നിന്ന് കൊഴിഞ്ഞു പോയ കുട്ടികളെ തിരിച്ചു സ്‌കൂളില്‍ എത്തിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മലപ്പുറം അസിസ്റ്റന്റ് കളക്‌ടറുടെ നേതൃത്വത്തില്‍ നടത്തി വരുന്നു. സേവാസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ സ്വന്തമായി വീടുകള്‍ ഇല്ലാത്ത 18 പേര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്.
പഠിപ്പുറുസി പദ്ധതി
മുതുവാന്‍ ഭാഷയിലെ പഠിപ്പുറുസി എന്ന പദത്തിന്റെ അര്‍ഥം ‘പഠിപ്പിന്റെ രുചി’ എന്നാണ്. കേരളത്തിലെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയാണ് പഠിപ്പുറുസി. മുതുവാന്‍ ഭാഷ മാതൃ ഭാഷയായുള്ള കുട്ടികൾ സ്‌കൂളില്‍ പഠിക്കുന്നത് അധ്യയന ഭാഷയായ മലയാളത്തിലാണ്. ഇത് കുട്ടിക്കും രക്ഷിതാവിനും വിദ്യാലയവുമായി ഒരു ആശയ വിനിമയ വിടവ് ഉണ്ടാക്കുന്നു. ഇതിനു പരിഹാരം എന്ന നിലയ്ക്കാണ് പഠിപ്പുറുസി എന്ന പരിപാടി എസ്.എസ്.കെയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നത്. കുട്ടിയുടെ പരിചിതമായ ചുറ്റുപാടില്‍ നിന്ന് കാട്, മഴ, വനം, പൂവ്, ഭക്ഷണം, ആഭരണം, ആഘോഷങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ ഭാഗങ്ങള്‍ തയ്യാറാക്കുന്നു. ലിപി ഇല്ലാത്ത ഭാഷ ആയതിനാല്‍ മലയാള ലിപി ഉപയോഗിച്ചാണ് മുതുവാന്‍ ഭാഷയിലെ പാഠ ഭാഗങ്ങള്‍ തയ്യാറാക്കുന്നത്.
ഇടമലക്കുടി
വിദ്യാലയത്തിലെ സ്ഥിരാധ്യാപകന്‍ സ്‌കൂളിലെ പ്രഥമാധ്യാപകനാണ്. ദിവസ വേതന നിലയ്ക്കും കരാര്‍ അടിസ്ഥാനത്തിലും എസ്.എസ്.കെയും പൊതു വിദ്യാഭ്യാസ വകുപ്പും യോഗ്യരായ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. എല്ലാ അധ്യാപകര്‍ക്കും പഠിപ്പുറുസി പാക്കേജിന്റെ പരിശീലനം നല്‍കി. എസ്.എസ്.കെയുടെ ട്രെയിനര്‍മാര്‍ ഇടമലക്കുടി വിദ്യാലയത്തില്‍ താമസിച്ച് കുട്ടികൾക്ക് പിന്തുണ നല്‍കുകയും ചെയ്‌തു. വിദ്യാലയത്തില്‍ ക്ലാസ് ലൈബ്രറി, ജനറല്‍ ലൈബ്രറി എന്നിവ ക്രമീകരിച്ചു. വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാനായി സോളാര്‍ പാനലുകള്‍ സജ്ജീകരിച്ചു.
പഠിപ്പുറുസി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പഠന യാത്ര നടത്തി. ആദ്യമായി കുട്ടികൾ ട്രെയിനിലും മെട്രോയിലും യാത്ര ചെയ്‌തു. ആദ്യമായി കടലു കണ്ടു. തുടർന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കുട്ടികൾ വായനാ കാര്‍ഡുകളും കഥാ പുസ്‌തകങ്ങളും വായിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി പഠിപ്പുറുസി പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തിയതിനൊപ്പം ഇടമലക്കുടി എല്‍.പി സ്‌കൂളിനെ യു.പി സ്‌കൂള്‍ ആയി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. പഠിപ്പുറസി പദ്ധതിയുടെ ഭാഷ അനുരൂപീകരണം പൂര്‍ത്തീകരിച്ചു. ഗണിത പരിപോഷണ പദ്ധതിയുടെ മൊഡ്യൂള്‍ തയ്യാറാക്കി.
കുട്ടികളുടെ ഹാജര്‍ ഇല്ലായ്‌മ പഠന പിന്നാക്കാവസ്ഥയ്‌ക്ക് ഒരു കാരണമാണ്. ഇത് പരിഹരിക്കാനായി അടുത്തടുത്ത രണ്ടു കുടികളിലെ കുട്ടികളെ നിത്യേന സ്‌കൂളില്‍ കൊണ്ടെത്തിക്കാനും തിരിച്ചെത്തിക്കാനും ഒരാള്‍ എന്ന കണക്കില്‍ മൂന്നുപേരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ചു. അങ്ങനെ കുട്ടികളെ ഹാജര്‍ നില കൂട്ടാൻ സാധിച്ചിട്ടുണ്ട്. 2025-26 അക്കാദമിക വര്‍ഷം ഇടമലക്കുടിയില്‍ എല്ലാ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുവാനുള്ള ശ്രമം നടന്നു വരുന്നു.
പഠിപ്പുറുസി പരിപാടി വയനാട് ജില്ലയിലെ ജി.എല്‍.പി.എസ്. ചെറുനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗോട്ടിയാർകണ്ടി ജി.ടി.എല്‍.പി.എസ്. എന്നീ വിദ്യാലയങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.
ഹോസ്റ്റലുകള്‍
പട്ടിക വർഗ വകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് പുറമേ ഉള്‍വനത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികൾ കൊഴിഞ്ഞു പോകാതിരിക്കാനും ഈ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും ആയി ആറ് റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകള്‍ കേരളത്തില്‍ പ്രവർത്തിക്കുന്നുണ്ട്. 50 ആൺ കുട്ടികൾക്ക് വീതം ഓരോ ഹോസ്റ്റലിലും താമസിച്ചു പഠിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊഴിഞ്ഞു പോയതും സ്‌കൂളില്‍ ചേരാത്തതുമായ കുട്ടികളെ സര്‍വെയിലൂടെ കണ്ടെത്തി വിദ്യാലയ പ്രവേശനം നടത്തുകയും പഠന പിന്തുണ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. പൊതു പരീക്ഷകളില്‍ 100% വിജയം ഈ കുട്ടികൾ കൈവരിക്കുന്നുണ്ട്.
യാത്രാസൗകര്യം ഒരുക്കല്‍
പൊതു ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ നിന്നും വിദ്യാലയങ്ങളിലേക്ക് ദിനം തോറും വന്നു പഠിക്കുന്ന കുട്ടികൾക്കായി യാത്രാ സൗകര്യം നൽകുന്നു. യാത്രാ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഒരു കുട്ടി പോലും കൊഴിഞ്ഞു പോകാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കി.
ഊരു വിദ്യാ കേന്ദ്രങ്ങള്‍
മലയോര പ്രദേശങ്ങളിലെ കുട്ടികളുടെ അക്കാദമിക നൈപുണി ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഊരു വിദ്യാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. 60 ഊരു വിദ്യാ കേന്ദ്രങ്ങളാണ് വിവിധ മലയോര പ്രദേശങ്ങളിലായി പ്രവർത്തിച്ചിരുന്നത്.കുട്ടികളുടെ ഹാജര്‍ നില കൂട്ടുന്നതിന് ഊരു വിദ്യാ കേന്ദ്രങ്ങളിലെ വിദ്യാ വോളന്റിയര്‍മാര്‍ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു.
ഔട്ട് ഓഫ് സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം
സ്‌കൂളില്‍ പ്രവേശനം നേടാത്തതും പല കാരണങ്ങളാലും കൊഴിഞ്ഞു പോയതുമായ കുട്ടികളെ കണ്ടെത്തി വിദ്യാലയ പ്രവേശനം നടത്തി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കുട്ടികൾക്ക് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററില്‍ വിദ്യാ വോളിയര്‍മാരുടെ സഹായത്തോടെ ബ്രിഡ്‌ജിങ്ങ് കോഴ്‌സ് സംഘടിപ്പിക്കുന്നു. 2025-26 അക്കാദമി വര്‍ഷത്തില്‍ ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പുതുക്കിയ പാഠ്യ പദ്ധതിയില്‍ പല ക്ലാസുകളിലും പാഠ പുസ്‌തകങ്ങളിൽ ആദിവാസി വിഭാഗങ്ങളുടെ സവിശേഷതകള്‍, സംസ്‌കാരം എന്നിവ പ്രതിഫലിപ്പിക്കുന്ന പാഠ ഭാഗങ്ങള്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പരിപാടികള്‍ വളരെ സാവധാനം മാത്രം വിജയത്തിലേക്ക് എത്തുന്നവയാണ്. ക്ഷമയോടെ ഇടപെട്ട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും ചെയ്‌തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചു കഴിഞ്ഞു. ഇനി കൃത്യമായ പരിപോഷണമാണ് ആവശ്യം. ഗോത്ര വിഭാഗങ്ങളുടെ സംസ്‌കാരത്തെ മാനിച്ചു കൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം. ഈ മേഖലയില്‍ സ്‌തുത്യർഹമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
