മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കുറ്റകരം

മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കുറ്റകരം
മുഹമ്മദ് ഹുവൈസ് എം
ജോയിന്റ് ഡയറക്‌ടർ,  തദ്ദേശ സ്വയം ഭരണ വകുപ്പ്

ഭാരതീയ ന്യായ സംഹിത അനുസരിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന പ്രവൃത്തികളെക്കുറിച്ചും അവയില്‍ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷയെ സംബന്ധിച്ചും വ്യക്തമായി വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഇവ പ്രധാനമായും 271, 272, 279, 280 എന്നീ വകുപ്പുകളിലാണ് ഉൾപ്പെടുന്നത്.

ഖര മാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരം കുറ്റകരമായ പ്രവൃത്തികള്‍

  • ഖരമാലിന്യം തരം തിരിച്ചു സൂക്ഷിക്കാതെയും തദ്ദേശ സ്വയം ഭരണ സ്ഥാപനം നിര്‍ദേശിക്കും വിധം അല്ലാതെ ഉപേക്ഷിക്കുകയും ചെയ്യുക.

  • വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതിരിക്കല്‍.

  • ഖരമാലിന്യം കത്തിക്കല്‍, വലിച്ചെറിയല്‍.

  • ഗേറ്റഡ് കോളനികള്‍, സ്ഥാപനങ്ങള്‍ ഇവയില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാതിരിക്കല്‍.

  • ഹോട്ടലുകൾ, റെസ്റ്റോറന്റുകള്‍ എന്നിവയിൽ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാതിരിക്കല്‍.

  • മാലിന്യം പൊതു സ്ഥലത്ത് ഇടുന്നത്.

  • ജലാശയങ്ങള്‍, ജല സ്രോതസ്സുകള്‍, ജല വിതരണ സംവിധാനങ്ങള്‍ മലിനപ്പെടുത്തുന്ന വിധം മാലിന്യം നിക്ഷേപിക്കലോ ഒഴുക്കിക്കളയുകയോ ചെയ്യല്‍.

  • നിക്ഷേപിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തല്ലാതെ ഇറച്ചി മാലിന്യം കുഴിച്ചിടുക, ഒഴുക്കി വിടുക.

അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം

മാലിന്യ നിക്ഷേപത്തിനും മാലിന്യം സംസ്‌കരിക്കാത്തതിനും കടുത്ത ശിക്ഷ നിർദ്ദേശിക്കുന്ന നിയമങ്ങളാണ് നമുക്കുള്ളത്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 15 ദിവസത്തിനകം നിക്ഷേപിച്ചയാള്‍ പിഴയൊടുക്കണം. ഇത് ചെയ്യാത്ത പക്ഷം, നിയമ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയുണ്ട്. നിയമം പാലിക്കാത്തതിന് അഞ്ചു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേർന്ന ശിക്ഷയോ ലഭിക്കാം.

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതു മൂലം അസുഖം പടർന്നു പിടിക്കുന്ന സ്ഥിതിയുണ്ടായാല്‍ ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. മറ്റുള്ളവര്‍ക്ക് ഹാനികരമാകുമെന്ന ബോധ്യത്തോടെ തന്നെ മാലിന്യം വലിച്ചെറിഞ്ഞ് സാംക്രമിക രോഗങ്ങള്‍ പടർന്നു പിടിക്കുന്നതിന് ഇടയാക്കിയാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ചേർന്നുള്ള ശിക്ഷയോ ലഭിക്കാം.

പാലിക്കാം ഈ നിയമങ്ങള്‍

കേരളത്തെ സംബന്ധിച്ച് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ വ്യവസ്ഥകള്‍ ഉൾക്കൊള്ളുന്ന ഒന്നാണ് 1994-ലെ കേരള പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും അതിനു കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളും. മാലിന്യ നിര്‍മ്മാര്‍ജനവും ശാസ്ത്രീയ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്.

 1989 ലെ പരിസ്ഥിതി സംരക്ഷണ നിയമം

1981 ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) നിയമം

1974 ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും) ആക്‌ട്

1982 ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ചട്ടങ്ങൾ

1983 ലെ ബാറ്ററികള്‍ (നടത്തിപ്പും കൈകാര്യം ചെയ്യലും) ചട്ടങ്ങൾ

1989 ലെ ബയോ മെഡിക്കല്‍ വേസ്റ്റ് (നടത്തിപ്പും കൈകാര്യം ചെയ്യലും) ചട്ടങ്ങൾ

1989 ലെ മാരക മാലിന്യം (നടത്തിപ്പും കൈകാര്യം ചെയ്യലും) ചട്ടങ്ങൾ

2000ത്തിലെ ഓസോ ഡെപ്ലെറ്റിംഗ് വസ്‌തുക്കൾ (റെഗുലേഷനും നിയന്ത്രണവും) ചട്ടങ്ങൾ

 2000ത്തിലെ ശബ്‌ദ മലിനീകരണം (റെഗുലേഷനും നിയന്ത്രണവും) ചട്ടങ്ങൾ

കേന്ദ്ര ചട്ടങ്ങളും മേല്‍പ്പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവുച്ചിട്ടുള്ള സംസ്ഥാന ചട്ടങ്ങളും നിലവിലുണ്ട്.

ഉൽപാദിപ്പിക്കുന്ന മാലിന്യം സംസ്‌കരിക്കേണ്ടത് അവരവരുടെ ചുമതലയാണെന്ന ഉത്തരവാദിത്വ ബോധമുണ്ടായാല്‍ മാലിന്യ പ്രശ്‌നം തുടങ്ങുന്നിടത്തു തന്നെ അവസാനിപ്പിക്കാനാകും. പൊതു ഇടം എന്നത് എല്ലാവരുടെയും ഇടം എന്ന ബോധ്യത്തിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.