പാട്ടിന്റെ പൊന്നരങ്ങിലെ വിശുദ്ധസാന്നിധ്യം
സമകാലിക ജനപഥം 2026
ഏപ്രിൽ 1 പുസ്തകം 12 ലക്കം 9

1939 ൽ തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാളിന്റെ ജന്മദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി നടത്തിയ സംഗീത മത്സരത്തിൽ നെയ്യാറ്റിൻകരയിൽ നിന്നുളള ഒരു പതിമൂന്നു വയസ്സുകാരിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നു. നിസാരൻമാരായിരുന്നില്ല വിധികർത്താക്കൾ; ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതരും. അന്ന് വൈകീട്ട് ഈ പെൺകുട്ടിയുടെ കച്ചേരിയുമുണ്ടായിരുന്നു. കച്ചേരി കേട്ടിട്ട് മുത്തയ്യാ ഭാഗവതർ പെൺകുട്ടിയോടും മാതാപിതാക്കളോടും പറഞ്ഞു; സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു പഠിക്കാൻ. അന്ന് തിരുവനന്തപുരത്തിന്റെ തെക്കേ അതിർത്തിയായിരുന്ന നെയ്യാറ്റിൻകരയിൽ നിന്ന് ഇവിടെ വന്ന് പഠിക്കാൻ ബുദ്ധിമുട്ടായിട്ടും മകളുടെ സംഗീതത്തിലെ ഉന്നതിക്കായി അച്ഛനമ്മമാർ അതിന് തയ്യാറാവുകയായിരുന്നു. എന്നും വന്ന് പോകാൻ അന്ന് ട്രെയിൻ മാത്രമായിരുന്നു ആശ്രയം.
അങ്ങനെ സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർഥിനിയാവുകയായിരുന്നു പാറശ്ശാല പൊന്നമ്മാൾ എന്ന പെൺകുട്ടി. 1940 ലായിരുന്നു അത്. ആദ്യത്തെ വിദ്യാർഥിനി അവിടെ നിന്ന് പാസായത് സ്വർണ്ണ മെഡലോടെ. ഇരുപതു വയസിന് മുമ്പുതന്നെ തുടർന്ന് സംഗീത അധ്യാപികയായി. കുറച്ചു കാലം സ്കൂളിൽ ജോലി ചെയ്ത ശേഷം പഠിച്ച സ്വാതിതിരുനാൾ അക്കാദമിയിൽതന്നെ അധ്യാപികയായി. അതും ചരിത്രത്തിന്റെ ഭാഗമായി. കാരണം അവിടത്തെ ആദ്യ വനിതാ അധ്യാപികയും തുടർന്ന് ആദ്യ വനിതാ പ്രിൻസിപ്പലും ആയി പാറശ്ശാല പൊന്നമ്മാൾ. സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ തുങ്ങിയ പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണമാണ് പൊന്നമ്മാളിന്റെ സംഗീതം ദക്ഷിണേന്ത്യയിലെ ഉന്നതരായ സംഗീതജ്ഞരുടെ ശ്രേണിയിലേക്ക് പൊന്നമ്മാളിനെയും എത്തിച്ചത്.
സാമ്പ്രദായിക സംഗീതമാണ് പാറശ്ശാല പൊന്നമ്മാൾ പിന്തുടർന്നുപോന്നത്. കർണാടക സംഗീതത്തിൽ പിതാമഹന്റെ സ്ഥാനമുള്ള ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യ എന്ന നിലയിൽ അവരുടെ സംഗീതം എന്തുകൊണ്ടും സാമ്പ്രദായികം തന്നെയായിരിക്കും. ശെമ്മാങ്കുടിയെ കൂടാതെ പാപനാശം ശിവൻ, ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ, കെ.എസ്. നാരായണസ്വാമി തുടങ്ങിയവരിൽ നിന്നും സംഗീതം അഭ്യസിക്കാനും അവരുടെയൊക്കെ അരുമ ശിഷ്യയാകാനും കഴിഞ്ഞു എന്നതാണ് പാറശ്ശാല പൊന്നമ്മാളിനെ വ്യത്യസ്തയാക്കുന്നത്.

ഒരേ സമ്പ്രദായം തുടരുന്നവർ തന്നെയാണ് ഒട്ടുമിക്ക പാട്ടുകാരും. എന്നാൽ ചിലരെ വ്യത്യസ്തരാക്കുന്നത് ദൈവീകമെന്ന് വിലിരുത്തപ്പെടുന്ന ചില ഘടകങ്ങളാണ്. അത്തരത്തിലുള്ള ദൈവാംശമുള്ള സംഗീത ഘടകങ്ങൾ ചേർന്ന അപൂർവം ഗായകമാരിലൊരാളായാണ് പാറശ്ശാല പെന്നമ്മാളിനെ വിശേഷിപ്പിക്കുന്നത്. അതായത് കച്ചേരിയുടെ തുടക്കത്തിൽ വർണ്ണം പാടുമ്പോൾ തന്നെ രാഗഭാവത്തിലലിഞ്ഞ ആ ദൈവാംശം വേദിയിൽ ഒരു സുഗന്ധമായി പടർത്താൻ അവരുടെ നൈസർഗികമായ സർഗശേഷിക്ക് കഴിയുന്നു. ഇങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിൽ ഒരുഭാവമാറ്റം വന്നുചേരുകയും അതുവഴി ആസ്വാദകരെ തന്നിലേക്ക് അടുപ്പിക്കാനും അവർക്ക് കഴിയുന്നു. ഇത്തരത്തിലുള്ള ഗായകർ അത്യപൂർവമാണ്. അത്തരത്തിലൊരാളാണ് പാറശ്ശാല പൊന്നമ്മാൾ.
ആസ്വാദകരെ ഒരു കച്ചേരിയിൽ മുഴുവനായി അടുപ്പിക്കണമെങ്കിൽ ഗായകർക്ക് വിശുദ്ധി, ധ്യാനം, പാരമ്പര്യം, സ്വഭാവശുദ്ധി, കാരുണ്യം, അച്ചടക്കം തുടങ്ങിയ ഘടകങ്ങൾ ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള എല്ലാ സ്വഭാവ സവിശേഷതകളും ഒത്തിണങ്ങിയ ഗായികയുമാണ് ഇവർ.
ജ്ഞാനവും അഗാധമായ ജീവിതാനുഭവങ്ങളും അളവറ്റ ശിഷ്യ സമ്പത്തും അനുഗ്രഹിക്കപ്പെട്ട ഒരു ജന്മം കൂടിയാണ്. ദക്ഷിണേന്ത്യയിൽ പാറശ്ശാല പൊന്നമ്മാളിന് സമശീർഷയായി അപൂർവം ഗായികമാരേ ഉള്ളൂ എന്നതും കേരളത്തിന്റെ ഒരു പുണ്യമായി വേണം കരുതാൻ. വളരെ വൈകിയാണ് പത്മശ്രീ 92-ാം വയസ്സിൽ ലഭിക്കുന്നത്.
അവതരണമികവും അധ്യാപനത്തിലെ പ്രാഗത്ഭ്യവും ഒന്നിച്ചുചേർന്ന ഗായകർ ചുരുക്കമാണ്. അത്തരത്തിൽ പൊന്നമ്മാൾ വേദികളിൽ സാധാരണക്കാരായ ആസ്വാദകരെപ്പോലും പിടിച്ചിരുത്തുന്ന ഗായികയായിരിക്കെയാണ് അറിവിന്റെ നിറകുംഭമായി അനേകം ശിഷ്യർക്ക് സംഗീതശാസ്ത്രം ഇണക്കിക്കൊടുത്തത്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ രാമചന്ദ്രൻ, കുമാരകേരളവർമ്മ, എം.ജി രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ ശിഷ്യൻമാർ ഉൾപ്പെടെ ആയിരത്തിലേറെ ശിഷ്യരാണ് പാട്ടിന്റെ ഈ അമ്മയിൽ നിന്ന് സ്വരപുഷ്പങ്ങൾ കൈനീട്ടി വാങ്ങിയത്.
മറ്റൊരു വിപ്ലവവും അവരുടെ ജീവിതത്തിൽ സംഗീതത്തിനു ചെയ്യാൻ കഴിഞ്ഞു എന്നത് സംഗീതലോകത്തിന്റെയും ഭാഗ്യമായി വേണം കരുതാൻ. സംഗീതജ്ഞർ വളരെ വിശിഷ്ടമായി കരുതുന്ന കുതിരമാളികയിലെ നവരാത്രി മണ്ഡപത്തിൽ നൂറ്റാണ്ടുകാലത്തോളം പുരുഷൻമാർ മാത്രമായിരുന്നു പാടിയിരുന്നത്. അവിടേക്ക് സ്ത്രീകളെ അടുപ്പിക്കാൻ മാമൂലുകൾ അനുവദിച്ചിരുന്നില്ല. എന്നാൽ പിന്നീട് 2006 ൽ അതിനുമാറ്റമുണ്ടായി. നൂറ്റാണ്ടുകൾ പഴകിയ ആ മാമൂൽ തിരുത്താനും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകാനും തിരഞ്ഞെടുത്തത് പാറശ്ശാല പൊന്നമ്മാൾ എന്ന സംഗീതത്തിലെ തറവാട്ടമ്മയെ ത്തന്നെയായിരുന്നു. ‘ദേവീ ജഗജനനീ’ എന്ന ശങ്കരാഭരണ രാഗത്തിലുള്ള കീർത്തനമാണ് അന്നത്തെ കച്ചേരിയിൽ പ്രധാനമായി പാടിയത്. 2021 ജുൺ 21ന് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും പൊന്നമ്മാൾ സംഗീതം അനേകം ശിഷ്യരിലൂടെ, ആയിരങ്ങളുടെ പാട്ടോർമ്മയിലൂടെ ഇന്നും അനശ്വരമാകുന്നു.
